കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യുമെന്ന് ഉറപ്പായി. ഇതിനുള്ള നടപടിക്രമങ്ങൾ അവർ തുടങ്ങി കഴിഞ്ഞു. ബിനീഷ് കോടിയേരിയെ കുരുക്കിലാക്കുന്നതാണ് ബെംഗളുരുവിൽ ലഹരി മരുന്നു കേസിൽ പിടിയിലായ എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് അനൂപിന്റെ മൊഴി. ബെംഗളുരു കമ്മനഹള്ളിയിൽ ഹയാത്ത് എന്ന ഹോട്ടൽ തുടങ്ങുന്നതിന് ബിനീഷ് പണം നൽകി സഹായിച്ചിരുന്നു എന്നാണ് വെളിപ്പെടുത്തൽ. ലഹരി ഇടപാട് വിഷയത്തിൽ മലയാള സിനിമയിലെ ഏതാനും നടന്മാരിലേയ്ക്കും വരും ദിവസങ്ങളിൽ അന്വേഷണം നീളുമെന്നാണ് വ്യക്തമാകുന്നത്.

പ്രതികൾക്കെതിരായി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച പരാമർശങ്ങൾ ഉണ്ട്. 2015ലാണ് പണം നൽകിയിരിക്കുന്നത്. 2018ൽ അനൂപ് ബിസിനസിൽ തകർച്ച നേരിട്ടതോടെ ഹോട്ടൽ നടത്തിപ്പ് മറ്റൊരു ഗ്രൂപ്പിന് കൈമാറിയെന്നും പറയുന്നുണ്ട്. എന്നാൽ ഹോട്ടൽ നടത്തിപ്പിൽ ബിനീഷിന് പങ്കാളിത്തമുണ്ടെന്ന് മൊഴിയിൽ ഇല്ല. അനൂപിനെ പലപ്രാവശ്യമായി ആറു ലക്ഷം രൂപയോളം കടം നൽകി സഹായിച്ചിട്ടുണ്ടെന്ന് ബിനീഷ് കോടിയേരിയും സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ. അതിന് ശേഷം മൊഴിയിൽ അവ്യക്തതയുണ്ടെങ്കിൽ ബിനീഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്യും.

കൊച്ചിയിലെ വസ്ത്രവ്യാപാരം പരാജയപ്പെട്ട സമയത്ത് അടുത്ത സുഹൃത്തെന്ന നിലയിൽ ബിനീഷ് കോടിയേരി സഹായിച്ചിട്ടുണ്ടെന്നും അതിനുള്ള നന്ദിയായി ബിനീഷിന്റെ ചുരുക്കപ്പേരു വച്ച് 'ബികെ-47' എന്ന ബ്രാൻഡിൽ ഷർട്ടുകൾ ഇറക്കിയതായും ലഹരിമരുന്നു കേസിൽ അറസ്റ്റിലായ അനൂപ് മൊഴി നൽകി. വസ്ത്രവ്യാപാരവും ഹോട്ടൽ ബിസിനസും പരാജയപ്പെട്ടു തുടങ്ങിയപ്പോഴാണു ലഹരിമരുന്നു വിൽപനയിലേക്കു കടന്നതെന്നാണ് അനൂപിന്റെ കുറ്റസമ്മത മൊഴി. അടുത്ത ബന്ധുക്കൾക്കും ബിനീഷ് അടക്കമുള്ള സുഹൃത്തുക്കൾക്കും ഇക്കാര്യം അറിയില്ലെന്നും അനൂപ് മൊഴി നൽകിയിട്ടുണ്ട്. ഇത് ബിനീഷിന് അശ്വാസമാണ്. എങ്കിലും ബിനീഷിനെ ചോദ്യം ചെയ്യാനാണ് അന്വേഷണ ഏജൻസിയുടെ തീരുമാനം.

''2013ൽ ബെംഗളൂരുവിൽ എത്തിയതു മുതൽ ആഫ്രിക്കൻ സംഘങ്ങളിൽ നിന്നു വിദ്യാർത്ഥികൾക്കു ലഹരി ഗുളികകൾ എത്തിച്ചിരുന്നു. 2015 ൽ റസ്റ്ററന്റ് തുടങ്ങി. സാമ്പത്തിക സഹായം നൽകിയത് ബിനീഷാണ്. 2018 ൽ പ്രതിസന്ധി മൂലം റസ്റ്ററന്റ് മറ്റൊരു ഗ്രൂപ്പിനു കൈമാറി. ഈ വർഷമാദ്യം വീണ്ടും ഹോട്ടൽ തുടങ്ങിയെങ്കിലും കോവിഡ് കാരണം നഷ്ടമായി. തുടർന്നാണ് വീണ്ടും ലഹരിമരുന്ന് എത്തിച്ചുതുടങ്ങിയത്.''-ഇതാണ് മുഹമ്മദ് അനൂപിന്റെ മൊഴി.

ഇതിനായി റിജേഷ് എന്നയാളുമായി ബന്ധപ്പെടുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. നേരത്തെ ഗോവയിൽ ഒരു മ്യൂസിക് പരിപാടിയിൽ പങ്കെടുത്തപ്പോഴുള്ള സൗഹൃദമാണ് ഈ ഇടപാടിലേയ്ക്ക് നയിച്ചത്. ഇതിനായി തന്റെ റസ്റ്ററന്റിന്റെ അടുക്കള ഉപകരണങ്ങൾ വിറ്റാണ് പണം കണ്ടെത്തിയത്. അനൂപിന്റെ ലഹരി ഇടപാട് സംബന്ധിച്ച വിവരങ്ങൾ അറിയില്ലെന്നാണ് ബിനീഷ് പറഞ്ഞിരിക്കുന്നത്. മുഹമ്മദ് അനൂപിന്റെ വീട്ടുകാരുമായും അടുത്ത ബന്ധമാണുള്ളത്. എന്നാൽ അനൂപിന്റെ ഈ ഒരു മുഖത്തെക്കുറിച്ച് അറിയില്ല.

അദ്ദേഹത്തിന്റെ വീട്ടുകാരും ഇതുവരെ ഇതൊന്നും അറിഞ്ഞിട്ടില്ല. ഇങ്ങനെ ഒരാളാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഇത്തരത്തിൽ ഒരു ബന്ധത്തിന് തയാറാകുകയില്ലായിരുന്നെന്നുമാണ് ബിനീഷ് പ്രതികരിച്ചത്. അതേസമയം അനൂപുമായി സാമ്പത്തിക ഇടപാടു നടത്തിയവരെക്കുറിച്ചു കൂടുതൽ വിവരങ്ങൾ എൻസിബി വരും ദിവസങ്ങളിൽ പരിശോധിക്കും.

ഓഗസ്റ്റ് 21-നാണ് നടി അനിഘയും എറണാകുളം സ്വദേശി മുഹമ്മദ് അനൂപും പാലക്കാട് സ്വദേശി റിജേഷ് രവീന്ദ്രനും പിടിയിലായത്. ലഹരിമരുന്ന് സംഘവുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ആരോപിച്ചിരുന്നു. അനൂപ് കുമരകത്ത് നടത്തിയ ലഹരി പാർട്ടിയിൽ ബിനീഷ് പങ്കെടുത്തു. ഫോൺ വിളികളും തെളിവാണ്. അനൂപിന്റെ ഹോട്ടലിന് ബിനീഷ് പണം മുടക്കിയിട്ടുണ്ടെന്നാണ് ഫിറോസിന്റെ ആരോപണം. അതിനിടെ ലഹരിമരുന്നു സംഘങ്ങളുമായി ബന്ധമുണ്ടെന്ന പി.കെ. ഫിറോസിന്റെ ആരോപണത്തെ പരിഹസിച്ച് ബിനീഷ് കോടിയേരി ഫെയ്‌സ് ബുക്കിൽ പോസ്റ്റിട്ടു.

ബിനീഷ് കോടിയേരിയുടെ സമൂഹമാധ്യമത്തിലെ കുറിപ്പ്:

അതുകൊണ്ട് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ വെഞ്ഞാറമൂടിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരെ ക്രൂരമായി വെട്ടിക്കൊന്ന വിഷയം ഇനി ആരും ചർച്ച ചെയ്യരുത് കേട്ടോ

ബിരിയാണി ചെമ്പിലെ ബുദ്ധി

പണ്ട് നട്ടുച്ചക്ക് നയനാർ സഖാവ് ലീഗുകാരോട് പറഞ്ഞതെ എനിക്കും ഫിറോസിനോടു പറയാനുള്ളൂ 'ഗുഡ്‌നൈറ്റ്'