- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറസ്റ്റിലായവരുടെ മൊഴികൾ നീളുന്നത് കേരളത്തിലെ ഉന്നതരിലേക്ക് തന്നെ; മലയാള സിനിമാ മേഖലയിലും അനൂപിന് ഇടപാടുകാരുള്ളതിനാൽ പഴയ ലഹരിമരുന്ന് കേസുകൾ വീണ്ടും കേന്ദ്ര ഏജൻസി പരിശോധിക്കും; ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ ഉടൻ; മൊഴിയിൽ വൈരുദ്ധ്യമുണ്ടെങ്കിൽ അറസ്റ്റിനും സാധ്യത; സ്വർണ്ണ കടത്ത് കേസിന് പിന്നാലെ രാഷ്ട്രീയ ഭൂകമ്പമുണ്ടാക്കാൻ മയക്കുമരുന്ന് കേസും; ബംഗളൂരുവിൽ നിന്ന് അന്വേഷണം കേരളത്തിലേക്ക്: നിയമോപദേശം തേടി കോടിയേരിയുടെ മകൻ
തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്നുകേസിൽ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി.)യുടെ അന്വേഷണം കേരളത്തിലേക്ക് വ്യാപിക്കുമ്പോൾ അറസ്റ്റ് ഭീഷണിയിൽ ബിനീഷ് കോടിയേരി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെ നർക്കോട്ടിക്‌സ് വിഭാഗം ചോദ്യം ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. കേസിൽ അറസ്റ്റിലായ എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് അനൂപിന് സാമ്പത്തികസഹായം നൽകിയവരെക്കുറിച്ചും ലഹരിമരുന്ന് വാങ്ങിയവരെക്കുറിച്ചും കൂടുതലന്വേഷണം നടത്തും.
കൂടുതൽപ്പേർ അറസ്റ്റിലാകാനുണ്ടെന്ന് എൻ.സി.ബി. ബെംഗളൂരു സിറ്റി സെഷൻസ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിനീഷും സംശയ നിഴലിൽ നിൽക്കുന്നത്. ബിനീഷ് ഇക്കാര്യങ്ങളിൽ നിയമോപദേശം തേടിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ എൻ സി ബി ചോദ്യം ചെയ്യലിന് വിളിച്ചാൽ ഹാജരാകേണ്ടി വരും. ഇതിനുള്ള തയ്യാറെടുപ്പുകളാണ് ബിനീഷ് നടത്തുന്നത്. കരുതലോടെ നീങ്ങാനാണ് കിട്ടിയ നിയമോപദേശവും.
സീരിയൽനടി അനിഘയാണ് ഒന്നാംപ്രതി. രണ്ടാംപ്രതി മുഹമ്മദ് അനൂപിനും മൂന്നാംപ്രതി പാലക്കാട് സ്വദേശി റിജേഷ് രവീന്ദ്രനും സിനിമാമേഖലയിലുൾപ്പെടെ കേരളത്തിലെ ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് എൻ.സി.ബി. ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു. അനൂപിന് ഹോട്ടൽ ബിസിനസിന് പണം നൽകിയവരെക്കുറിച്ചും അന്വേഷിക്കും. ബിനീഷ് കോടിയേരി പണം നൽകിയിട്ടുണ്ടെന്ന് അനൂപ് പറഞ്ഞിട്ടുണ്ട്. പണം നൽകിയവർക്ക് മയക്കുമരുന്നുകടത്തുമായി നേരിട്ട് ബന്ധമില്ലെന്നാണ് കണ്ടെത്തിയതെന്നും ആവശ്യംവന്നാൽ ചിലരെ ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അനൂപിനെ ഇനിയും ചോദ്യം ചെയ്യും. ഇതിൽ കൂടുതൽ വിവരങ്ങൾ കിട്ടിയാൽ അത് ബിനീഷിന് വിനയാകും.
കേരളത്തിലെ സ്വർണക്കടത്തുകേസിലെ പ്രതികളുമായി അനൂപിന് ബന്ധമുള്ളതിന്റെ തെളിവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും എൻ.സി.ബി. അറിയിച്ചു. എന്നാൽ, അറസ്റ്റിലായവർ നൽകിയ മൊഴികൾ കേരളത്തിലെ രാഷ്ട്രീയ ഉന്നതങ്ങളിലേക്ക് നീളുന്നു. മൊഴികൾ രേഖപ്പെടുത്തിയ ഏജൻസികൾ ഉടൻ കേരളത്തിലുള്ള പലർക്കും നോട്ടീസ് അയക്കും. ബെംഗളൂരുവിൽ നേരിട്ട് ഹാജരാവണമെന്നാവും നോട്ടീസ്. ബാക്കിനടപടികൾ തെളിവുകളുടെ അടിസ്ഥാനത്തിൽ ഉടനുണ്ടാവും. കേരളത്തിൽനിന്ന് അറസ്റ്റുണ്ടാവാനും സാധ്യതയുണ്ടെന്ന് അവർ പറയുന്നു. മലയാള സിനിമാമേഖലയിലും അനൂപിന് ഇടപാടുകാരുള്ളതായി സൂചന ലഭിച്ച സാഹചര്യത്തിൽ പഴയ ലഹരിമരുന്ന് കേസുകൾ നർക്കോട്ടിക്‌സ് ബ്യൂറോ വീണ്ടും പരിശോധിക്കുന്നുണ്ട്.
അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയെ പതിവായി വിളിക്കാറുണ്ടെന്നു ഫോൺ രേഖകൾ വ്യക്തമാക്കുന്നു. അനൂപിന്റെ 78299 44944 എന്ന നമ്പറിൽ നിന്ന് ബിനീഷ് കോടിയേരിയുടെ 456ൽ അവസാനിക്കുന്ന മൊബൈൽ നമ്പറിലേക്കായിരുന്നു കോളുകൾ. ഓഗസ്റ്റ് 1ന് ഇരുവരും തമ്മിൽ 2 തവണ സംസാരിച്ചിട്ടുണ്ട്. ഇതിൽ രണ്ടാമത്തെ കോൾ 196 സെക്കൻഡ് നീണ്ടു. പിന്നീട് 13നു രാത്രി 11നു 488 സെക്കൻഡ് നേരം സംസാരിച്ചു. അറസ്റ്റിലാകുന്നതിനു 2 ദിവസം മുൻപ് ഓഗസ്റ്റ് 19ന് ഉച്ചയ്ക്ക് 12.53 മുതൽ 1.28 വരെയുള്ള സമയത്തിനിടെ 5 തവണ സംസാരിച്ചു. 8 സെക്കൻഡ് മുതൽ 1 മിനിറ്റ് വരെയാണ് സംസാര ദൈർഘ്യം. 21നാണ് അനൂപ് പിടിയിലാകുന്നത്.
അനൂപ് മുഹമ്മദിന് ബെംഗളൂരുവിൽ സാമ്പത്തിക സഹായം നൽകിയത് ബിനീഷ് കോടിയേരിയുടെ ബെംഗളൂരുവിലെ ധനകാര്യ സ്ഥാപനത്തിന്റെ മറവിലെന്ന് ആരോപണമുണ്ട്. ബിനീഷിന്റെ കമ്പനിയുടെ പാർട്ണർ ആയിരുന്ന അനസ് വലിയപറമ്പത്തുമായി ചേർന്നാണ് 2015ൽ സ്ഥാപനം ആരംഭിച്ചത്. ബിനീഷ് കോടിയേരിയുടെ ബംഗളുരുവിലെ ബി ക്യാപിറ്റൽ ഫിനാൻസ് സർവീസ് എന്ന സ്ഥാപനം കള്ളപ്പണത്തിനും സ്വർണക്കടത്തിനും മയക്കുമരുന്ന് കടത്തിനും മറയായി ഉപയോഗിക്കുകയായിരുന്നുവെന്ന ആരോപണം കോൺഗ്രസ് മുഖപത്രമായ വീക്ഷണം ഉന്നയിച്ചു കഴിഞ്ഞു.
അതിനിടെ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ സുഹൃത്ത് മയക്കുമരുന്നുകേസിൽ ബെംഗളൂരുവിൽ അറസ്റ്റിലായ സംഭവത്തിൽ സംസ്ഥാന സർക്കാർ ഇടപെടേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്തെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങളുണ്ടായിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട ഏജൻസി നടപടിയെടുക്കും. കാര്യങ്ങളുമായി ബന്ധപ്പെട്ട വ്യക്തിതന്നെ വിശദീകരണം നൽകിയിട്ടുണ്ട്. അന്വേഷണം അതിന്റെവഴിക്ക് നീങ്ങും -മുഖ്യമന്ത്രി പറഞ്ഞു. ബിനീഷിനെ സർക്കാർ സംരക്ഷിക്കില്ലെന്ന സൂചനയാണ് മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത്.
2015-ൽ ബംഗളുരൂവിലെ കമ്മനഹള്ളിയിൽ അനൂബ് തുടങ്ങിയ ഹയാത്ത് ഹോട്ടലിന് ബിനീഷ് കോടിയേരി പണം മുടക്കിയിട്ടുണ്ട്. 2019-ൽ അനൂപ് തുടങ്ങിയ മറ്റൊരു ഹോട്ടലിന് ആശംസയർപ്പിച്ച് ബനീഷ് ഫേസ്‌ബുക്കിൽ ലൈവ് ഇടുകയും ചെയ്തിരുന്നു. ഈ ഹോട്ടലുകളിലാണ് ഇടപാടുകൾ നടന്നത്. ലഹരിക്കടത്തിൽ പിടിയിലായവർക്കൊപ്പം ലോക്ക്ഡൗൺ കാലത്ത് ജൂൺ 19-ന് കുമരകത്തെ നൈറ്റ് പാർട്ടിയിൽ ബിനീഷ് കോടിയേരിയും പങ്കെടുത്തിരുന്നു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബെംഗളൂരു നഗരത്തിൽ വിവിധയിടങ്ങളിലായി 47 പേരാണ് ഇന്നലെ മാത്രം ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. കേന്ദ്ര ഏജൻസിയായ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയുടെ ബെംഗളൂരു സോണും ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചുമാണ് കേസന്വേഷിക്കുന്നത്.
അതിനിടെ മയക്കുമരുന്ന് വിതരണംചെയ്തതുമായി ബന്ധപ്പെട്ട് കന്നഡ നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവിശങ്കറിനെ(32) സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. രാഗിണിയോടും രവിശങ്കറിനോടും ഹാജരാകാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഹാജരായില്ല. ഈ സാഹചര്യത്തിലാണ് അറസ്റ്റ്. ബെംഗളൂരുവിലും പരിസരത്തുമുള്ള ചൂതാട്ടകേന്ദ്രങ്ങളിലും ക്ലബ്ബുകളിലും നടത്തിയ പരിശോധനയിൽ 27 പേരെ പിടികൂടി. സംവിധായകനും കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ സഹോദരനുമായ ഇന്ദ്രജിത്ത് ലങ്കേഷിൽനിന്ന് ക്രൈംബ്രാഞ്ച് വീണ്ടും മൊഴിയെടുത്തു. സിനിമാരംഗത്ത് ലഹരിയുപയോഗം ശക്തമാണെന്ന് ഇന്ദ്രജിത്ത് ലങ്കേഷ് ആരോപിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ