കോഴിക്കോട്: സ്വർണ്ണ കടത്തിലെ അന്വേഷണവും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയിലേക്ക് നീളുമെന്ന് സൂചന. എന്നാൽ സ്വർണ്ണ കടത്തിൽ ബിനീഷിനെ ബന്ധിപ്പിക്കുന്ന ഒരു തെളിവും കേന്ദ്ര ഏജൻസികൾക്ക് കിട്ടിയിട്ടില്ല. തിരുവനന്തപുരത്തെ യുഎഎഫ്എക്‌സ് കമ്പനിയുമായുള്ള ബിനീഷിന്റെ ബന്ധമാണ് അന്വേഷിക്കുന്നത്. ഈ കമ്പനിയിൽ നിന്ന് തനിക്ക് കമ്മീഷൻ കിട്ടിയെന്ന് സ്വപ്‌നാ സുരേഷ് മൊഴി നൽകിയിരുന്നു. വിസാ സ്റ്റാമ്പിംഗുമായി ബന്ധപ്പെട്ട കരാർ നൽകിയതിനാണ് ഇതെന്നാണ് സൂചന. ഇതിനിടെയാണ് ബംഗളൂരുവിൽ മയക്കുമരുന്ന് കേസിൽ മലയാളികൾ പിടിക്കപ്പെടുന്നതും ചർച്ചകൾക്ക് പുതുമാനം വരുന്നതും. ഇതോടെയാണ് ബിനീഷ് കോടിയേരിയിലും അന്വേഷണം എൻഐഎ തുടങ്ങുന്നത്.

ബിനീഷിനെ കുറിച്ച് ഇഡിയും അന്വേഷിക്കും. ബംഗളൂരു കേന്ദ്രീകരിച്ച് ബിനീഷ് കോടിയേരിയുടെ പങ്കാളിത്തത്തിൽ ആരംഭിച്ച 2 സ്ഥാപനങ്ങളും കമ്പനി രജിസ്റ്റ്രാർ മരവിപ്പിച്ചതാണ് ഇതിന് കാരണം. കമ്പനിയുടെ വാർഷിക റിപ്പോർട്ട് ഒരിക്കൽ പോലും സമർപ്പിച്ചില്ലെന്നതാണ് ഇതിന് കാരണം. അതിലേക്കു നയിച്ച സാഹചര്യമാകും ഇഡി പരിശോധിക്കുക. 2015 ജൂൺ 2ന് ബി ക്യാപ്പിറ്റൽ ഫിനാൻഷ്യൽ സർവീസസും 15ന് ബി ക്യാപ്പിറ്റൽ ഫോറെക്‌സ് ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡും തുടങ്ങി. രണ്ടിലും പങ്കാളി തലശ്ശേരി ധർമടം സ്വദേശി അനസ് വലിയപറമ്പത്ത്. കമ്പനിയിൽ 5000 വീതം ഷെയറുകളാണ് ബിനീഷിനും അനസിനുമുള്ളത്.

2 കമ്പനികളുടെയും ഒറ്റ വാർഷിക റിപ്പോർട്ട് പോലും രജിസ്റ്റ്രാർക്കു സമർപ്പിച്ചിട്ടില്ല. ബാലൻസ് ഷീറ്റ് പരിശോധിച്ചാൽ ഏതൊരു കമ്പനിയുടെയും നിക്ഷേപകർ, ഇടപാടുകൾ എന്നിവ സംബന്ധിച്ചു വിവരം ലഭിക്കും. ഇത് പുറത്തുവരാതിരിക്കാനാണോ വിവരങ്ങൾ നൽകാത്തതെന്ന സംശയം സജീവമാണ്. കമ്പനി രജിസ്റ്റർ ചെയ്ത ആർഒസി നമ്പർ ഉണ്ടെങ്കിൽ ബാങ്കുകൾ വൻ തുകയുടെ ഇടപാടുകൾ പോലും നടത്താൻ അനുമതി നൽകാറുണ്ട്. ഇതിന് വേണ്ടിയായിരുന്നോ ഇത്തരത്തിലെ കള്ളക്കളിയെന്നും സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് ഇഡിയുടെ അന്വേഷണം.

രഹസ്യസ്വഭാവത്തോടെ വിവരങ്ങൾ ഇഡി ശേഖരിക്കും. എന്തെങ്കിലും അസ്വാഭാവികത കണ്ടെത്തിയാൽ മാത്രമാകും ബിനീഷിനെതിരെ നേരിട്ടുള്ള അന്വേഷണം നടത്തുക. ബാങ്കുകൾ വഴി വൻ ഇടപാടുകൾ നടത്താനായി 25,000 മുതൽ ഒരു ലക്ഷം രൂപ വരെ ചെലവിൽ കമ്പനികൾ രജിസ്റ്റർ ചെയ്യുന്നതും പതിവാണ്. ഇടപാടുകൾക്കു ശേഷം കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കും. എന്നാൽ കമ്പനി ഐഡന്റിഫിക്കേഷൻ നമ്പർ (സിഐഎൻ) ഉപയോഗിച്ച് തുടങ്ങിയ ബാങ്ക് അക്കൗണ്ടുകളുണ്ടെങ്കിൽ അതിലൂടെ നടന്ന ഇടപാട് സംബന്ധിച്ച വിവരങ്ങൾ വീണ്ടെടുക്കാനാകും. ഇതിനുള്ള ശ്രമമാകും ഇഡി നടത്തുക.

ബെംഗളൂരു കേന്ദ്രമായ ലഹരിക്കടത്തിൽ പിടിയിലായ അനൂപ് മുഹമ്മദിന് കേരളത്തിന്റെയും റിജേഷ് രവീന്ദ്രനു ഗോവയുടെയും ചുമതലയായിരുന്നു. ഗോവയിൽ ഇടപാടുകൾ നടത്തിയിരുന്നത് വിദേശ കറൻസിയിലാണ്. ഈ കറൻസികൾ മാറിയെടുക്കാൻ വിദേശ കറൻസി മാറാനുള്ള കമ്പനിയെ പ്രയോജനപ്പെടുത്തിയെന്നാണ് ആരോപണം. ബിനീഷിന്റെ സാമ്പത്തിക സഹായത്തോടെയാണ് ബെംഗളൂരുവിൽ ഹോട്ടൽ ആരംഭിച്ചതെന്ന് അനൂപ് മുഹമ്മദ് മൊഴി നൽകിയിരുന്നു. ഈ റസ്റ്ററന്റ് കേന്ദ്രീകരിച്ചാണ് ലഹരി ഇടപാടുകൾ നടത്തിയിരുന്നതെന്നാണ് റിജേഷിന്റെ മൊഴി.

കമ്പനിയുടെ വാർഷിക റിപ്പോർട്ട് ഒരുതവണപോലും നൽകിയിട്ടില്ലെന്നതും ദുരൂഹമാണെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ആരോപിക്കുന്നു. മണി എക്‌സ്‌ചേഞ്ച് ലൈസൻസുള്ളയാൾക്ക് എത്ര വിദേശ കറൻസി വേണമെങ്കിലും കൈവശം വെക്കാമെന്നത് മുൻനിർത്തിയാണ് യൂത്ത് ലീഗ് ആരോപണം ഉയർത്തിയത്. ബിജെപി ഭരണകാലത്ത് സിപിഎം നേതാവിന്റെ മകന് മണിഎക്‌സ്‌ചേഞ്ച് ലൈസൻസ് ലഭിച്ചതും സ്ഥാപനം വഴി ഹവാല ഇടപാട് നടന്നോ വിദേശ കറൻസി വെളുപ്പിച്ചോ എന്നതടക്കം ചർച്ചയായതിനുപിന്നാലെ സംഭവത്തിൽ എൻഫോഴ്‌സ്‌ന്റെ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. കോഷി ജോസഫ് സുപ്രീം കോടതിയെ സമീപിച്ചിട്ടുമുണ്ട്.

അതിനിടെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിലും ബിനീഷിനെ പ്രതിരോധത്തിലാക്കി വേറെയും ആരോപണമുയർന്നു. യു.എ.ഇ കോൺസുലേറ്റ് വഴി ലഭിച്ച കമീഷൻ തുക നൽകിയത് തിരുവനന്തപുരത്തെ യു.എ.എഫ്.എക്‌സ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് എന്നാണ് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. ഇത് ബിനീഷ് കോടിയേരിയുടെ ബിനാമി സ്ഥാപനമാണെന്നാണ് പരാതി. 2018 ഏപ്രിൽ 17ന് തിരുവനന്തപുരത്ത് ആരംഭിച്ച സ്ഥാപനത്തിന്റെ രേഖകളിലെ ഡയറക്ടർമാർ അരുൺ വർഗീസ്, സുജാതൻ സരസ്വതി ചെല്ലാൻ, തെക്കുവിലയിൽ അമീൺകണ്ണ് റാവുത്തർ അബ്ദുൽ ലത്തീഫ് എന്നിവരാണെങ്കിലും ഇത് ബിനീഷിന്റെ ബിനാമി സ്ഥാപനമാണെന്നാണ് ആരോപണം.

അതിനിടെ ബെംഗളൂരു ലഹരിമരുന്നു കേസ് കേരള പൊലീസ് അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ബിനീഷ് കോടിയേരിക്കെതിരായ ആരോപണം സർക്കാർ അന്വേഷിക്കില്ല. ഇപ്പോഴത്തെ അന്വേഷണ ഏജൻസി ആവശ്യപ്പെട്ടാൽ സംസ്ഥാനത്തു നിന്ന് അന്വേഷണം വേണോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബിനീഷിനെതിരായ ആരോപണങ്ങൾ സംസ്ഥാന സർക്കാർ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നൽകിയിരുന്നു. ഇതിനൊപ്പമാണ് യൂത്ത് ലീഗിന്റെ ആരോപണങ്ങൾ.

കർണ്ണാടകത്തിലെ അന്വേഷണ ഏജൻസികൾ കേരളത്തിലേക്ക് വരാതിരിക്കാൻ ശ്രമം നടക്കുന്നു. ലഹരിക്കടത്തു കേസിൽ മാത്രമല്ല സ്വർണ്ണക്കടത്തു കേസിലും ബിനീഷ് കോടിയേരിയുടെ പങ്ക് അന്വേഷിക്കണമെന്നും ഫിറോസ് പറഞ്ഞു. ബിനീഷ് കോടിയേരി 2015ൽ ബംഗളൂരുവിൽ തുടങ്ങിയ മണി എക്സേഞ്ച് കമ്പനിയുടെ പ്രവർത്തനങ്ങൾ ദുരൂഹമാണ്. മയക്കുമരുന്നിനായി പണമിടപാടുകൾ നടത്തിയത് കമ്പനി വഴിയാണെന്നും ഫിറോസ് പറഞ്ഞു.