ബംഗളൂരു: ലഹരിമരുന്നു കേസിലും ബിനീഷ് കോടിയേരി പ്രതിയാകും. ലഹരി കടത്തുമായി ബന്ധപ്പെട്ട പണമിടപാടു കേസിലാണ് സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തത്.

മയക്കുമരുന്നു കേസിൽ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്റ്റ് ചെയ്ത എറണാകുളം സ്വദേശി മുഹമ്മദ് അനൂപുമായുള്ള പണമിടപാടുകളാണു ബിനീഷിന് പ്രതിസന്ധിയാകുന്നത്. ബംഗളുരുവിലേക്കു വിളിച്ചുവരുത്തി നാലു മണിക്കൂറോളം ചോദ്യംചെയ്തിനു ശേഷമാണ് ആറാം പ്രതിയാക്കി അറസ്റ്റ് രേഖപ്പെടുത്തിയത്. മയക്കുമരുന്നു കേസിലെ പ്രതിയുമായുള്ള സാമ്പത്തിക ബന്ധം വ്യക്തമായ നിലയ്ക്ക് എൻ.സി.ബിയും ബിനീഷിനെതിരേ കേസെടുക്കും. എൻസിബി കേസു വന്നാൽ ബിനീഷിന് ജയിൽ മോചനവും അനിശ്ചിതമായി നീളും.

ബിനീഷിനെ അനൂപിനൊപ്പമിരുത്തി ചോദ്യംചെയ്യാനും ആലോചനയുണ്ട്. മയക്കുമരുന്നു കച്ചവടത്തിൽ ബിനീഷിനു പങ്കുണ്ടോയെന്ന് അന്വേഷിക്കും. അനൂപിനു പണം നൽകിയിയിട്ടുണ്ടെന്നു കണ്ടെത്തിയതോടെ ബിനീഷിനെ ഇ.ഡി. രണ്ടുവട്ടം ചോദ്യംചെയ്തിരുന്നു. മൊഴികളിൽ പൊരുത്തക്കേട് കണ്ടെത്തിയതോടെയാണ് ഇന്നലെ വീണ്ടും വിളിപ്പിച്ചത്. അനൂപിന്റെ ഹോട്ടൽ ബിസിനസ് ആവശ്യത്തിനായി പലപ്പോഴായി ആറു ലക്ഷം രൂപ നൽകിയെന്നു ബിനീഷ് പറഞ്ഞപ്പോൾ 50 ലക്ഷമെന്നായിരുന്നു അനൂപിന്റെ മൊഴി. ഇതാണ് കുരുക്കായത്.

ഓഗസ്റ്റ് 21-നാണ് മുഹമ്മദ് അനൂപ്, പാലക്കാട് സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ സിനിമ-സീരിയൽ നടി അനിഘ എന്നിവർ മയക്കുമരുന്നുകേസിൽ അറസ്റ്റിലായത്. അനൂപ് അടുത്ത സുഹൃത്താണെന്നും പണം നൽകി സഹായിച്ചിട്ടുണ്ടെന്നും മയക്കുമരുന്നിടപാടിനെപ്പറ്റി അറിവില്ലായിരുന്നെന്നുമായിരുന്നു ബിനീഷിന്റെ വിശദീകരണം. ലോക്ക്ഡൗണിനിടെ ഇരുവരും പങ്കെടുത്ത് കോട്ടയം കുമരകത്ത് ലഹരിപ്പാർട്ടി നടന്നെന്ന ആരോപണവുമുയർന്നു.

ബംഗളുരുവിൽ ബന്ധങ്ങളുണ്ടാക്കാൻ ബിനീഷ് കോടിയേരി ചെലവിട്ടതു രണ്ടു കോടി രൂപയെന്ന് ഇഡി പറയുന്നു. പാർട്ടികളിൽ സൗജന്യമായി മദ്യമൊഴുക്കി. ബിനീഷ് ബംഗളുരുവിലെത്തുന്ന ദിവസം പാർട്ടികളിലെ മദ്യം ബിനീഷിന്റെ വകയാണ്. ഡാൻസുകാരും സിനിമാക്കാരും കോളജ് വിദ്യാർത്ഥികളുമാണു പങ്കെടുക്കുന്നത്. ഇതിനിടയിലാണു മയക്കുമരുന്ന് ഇടപാട് നടക്കുന്നതെന്നാണു വിവരം. സിനിമാഷൂട്ടിങിനു ലൊക്കേഷൻ കിട്ടാൻ എളുപ്പമായതിനാലാണു സിനിമാക്കാർ ഒപ്പം കൂടുന്നതും ചെറിയ വേഷങ്ങൾ നൽകുന്നതും.

വമ്പൻ ഡീലുകളിൽ മധ്യസ്ഥനായി ഇടപെട്ടു ലക്ഷങ്ങൾ കമ്മീഷൻ വാങ്ങുന്നതാണു ബിനീഷിന്റെ മറ്റൊരു വരുമാനമെന്നും ഇ.ഡി. ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. കോടതികളിലും അഴിമതിക്കേസുകളിലും പ്രോസിക്യൂഷനെ സ്വാധീനിക്കുന്നതുൾപ്പെടെ നടത്തി വൻതുക വാങ്ങുന്നതായി ആരോപണമുണ്ട്. ഇതെല്ലാം ബിനീഷിന് കുരുക്കാകും. അതിനിടെ അനൂപിനെ എട്ട് വർഷമായി നേരിട്ടറിയാമെന്നും ബെംഗളൂരുവിൽ ഹോട്ടൽ ആരംഭിക്കാൻ പണം കടമായി നൽകിയിട്ടുണ്ടെന്നും ബിനീഷ് സമ്മതിച്ചു. അനൂപിന്റെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് തനിക്കറിയില്ലെന്നും വിശദീകരണം നൽകി. ഇത് ഇഡി വിശ്വസിച്ചിട്ടില്ല.

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് അറസ്റ്റിലായ ദിവസം ബിനീഷും അനൂപും നിരന്തരം ഫോണിൽ സംസാരിച്ചത് സംശയത്തിനിടയാക്കി. പിന്നാലെ അനൂപ് മുഹമ്മദും സ്വർണക്കടത്ത് കേസിലെ പ്രതി കെ.ടി. റമീസും തമ്മിലുള്ള ബന്ധം പുറത്തുവന്നു. സ്വർണക്കടത്തിന് ബെംഗളൂരു ലഹരിമാഫിയയിൽനിന്ന് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്നായിരുന്നു സൂചന. ഇതോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണത്തിനിറങ്ങി. ബെംഗളൂരുവിലെ ബി ക്യാപിറ്റൽ ഫിനാൻസ് സർവീസ് എന്ന സ്ഥാപനത്തിനെതിരെയായിരുന്നു ആദ്യ ആരോപണം. ഈ സ്ഥാപനത്തിന്റെ ഡയറക്ടറായിരുന്നു ബിനീഷ് കോടിയേരി.

സ്വർണക്കടത്ത് കേസ് സംബന്ധിച്ച അന്വേഷണത്തിൽ വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട് യുഎഇ എഫക്ട്‌സ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ ലാഭവിഹിതം ബിനീഷിന് ലഭിച്ചെന്നും മൊഴികളുണ്ടായി. ഇതോടെയാണ് ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സ്വത്ത് വിവരങ്ങളെക്കുറിച്ചും ഇ.ഡി. വിശദമായ അന്വേഷണം നടത്തിയത്.