തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ ചിത്രം മുതുകിൽ പച്ച കുത്തിയ ബിനീഷിന്റെ വിഡിയേ. അരിവാൾ ചുറ്റിക നക്ഷത്രത്തിനൊപ്പം ഉടുക്കിന്റെയും പുലിനഖത്തിന്റെയും ചിത്രവും-അടിപൊളി ലൈഫായിരുന്നു ബിനീഷ് കോടിയേരിയുടേത്. നയിച്ചത് എല്ലാ അർത്ഥത്തിലും ആർഭാട ജീവിതം. ഗൾഫിലും ബിസിനസ്. സ്വന്തം കാറിന്റെ കെഎൽ01 ബികെ 0001 എന്ന നമ്പർ ആഡംബരത്തിന്റെ തെളിവ്ു. ബികെ 47 എന്ന പേരിൽ ഷർട്ട് ബ്രാൻഡ് തുടങ്ങിയെന്ന് അനൂപ് മുഹമ്മദ് മൊഴി നൽകിയിരുന്നു. എന്നാൽ ഇതൊന്നും സ്വത്ത് കണക്കിൽ പ്രതിഫലിക്കുന്നുമില്ല.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാന റജിസ്‌ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ബിനീഷ് കോടിയേരിയുടെ പേരിൽ സംസ്ഥാനത്തു കണ്ടെത്തിയത് 2 സമ്പാദ്യം മാത്രമായിരുന്നു. രേഖയിൽ രണ്ടിടത്തേ ഭൂമിയുള്ളൂവെങ്കിലും ബെനാമി പേരുകളിൽ നിക്ഷേപങ്ങൾ ഉണ്ടാകാമെന്ന സംശയത്തിലാണ് ഇഡി. തിരുവനന്തപുരം നഗരത്തിൽ മരുതംകുഴിയിലാണു വീടുള്ളത്. കോടിയേരിയിലെ തറവാട്ടുസ്വത്ത് ഭാഗം വച്ചുകിട്ടിയ ഭൂമിയാണു മറ്റൊരുസമ്പാദ്യമായി രേഖയിലുള്ളത്. ബാക്കിയൊന്നും കണ്ടെത്താനാകുന്നില്ല. വിശദ ചോദ്യം ചെയ്യലിലൂടെ ഇത് കണ്ടെത്താനാണ് നീക്കം.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ബിസിനസ് മറയാക്കി കള്ളപ്പണം വെളുപ്പിച്ചുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നു. മുഹമ്മദ് അനൂപിന്റെ ബിനാമിയാക്കി കമ്പനികൾ തുടങ്ങിയത് ബിനീഷ് കോടിയേരിയാണെന്ന് എൻഫോഴ്സ്മെന്റ് കണ്ടെത്തി. കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകൾ ചേർത്താണ് എൻഫോഴ്സ്മെന്റ് ബിനീഷ് കോടിയേരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവിധ അക്കൗണ്ടുകളിൽ നിന്നായി നിരവധി തവണ അനൂപിന്റെ അക്കൗണ്ടിലേക്ക് പണമെത്തിയതായി എൻഫോഴ്സ്മെന്റ് കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകളിൽ പലതും ഇപ്പോൾ നിർജീവമാണ്.

ബിനീഷുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നു കേട്ട 5 ബിസിനസ് ഗ്രൂപ്പുകളിലേക്കാണ് അന്വേഷണം നടക്കുന്നത്. കൂടാതെ സംസ്ഥാന ആരോഗ്യവകുപ്പിനായി മരുന്നു വാങ്ങുന്ന മെഡിക്കൽ സർവീസസ് കോർപറേഷന് അവ വിതരണം ചെയ്യുന്ന ചില കമ്പനികളിലേക്കും അന്വേഷണമെത്തി. സ്വർണക്കടത്തു കേസിലും അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്ത കമ്പനിക്കും ബിനീഷ് ബന്ധം കണ്ടതോടെ അതിന്റെ മേധാവിയെ ഇഡി തിരുവനന്തപുരത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തു. അവിടെ നിന്നു വഴി തെളിഞ്ഞത് മറ്റു 4 കമ്പനികളിലേക്കാണ്. മാർബിൾ, ഇലക്ട്രിക്കൽ, ഫർണിച്ചർ, ഹോട്ടൽ, കാർ ആക്‌സസറീസ്, ക്വാറി വ്യവസായികളുടെ സാമ്പത്തിക ബന്ധത്തിലേക്കും അന്വേഷണം കടന്നു. ഇവരുടെ സാമ്പത്തിക ഇടപാടു മുഴുവൻ ഇഡി നിരീക്ഷണത്തിലാണ്. കാർ പാലസ് ഉടമയുമായുള്ള ബന്ധവും പരിശോധിക്കുന്നുണ്ട്.

ബീനീഷിന് ബന്ധമുണ്ടെന്ന് സംശയിക്കുന്ന കമ്പനികളിൽ പലതും യുഎഇ കോൺസുലേറ്റിന്റെ സമീപമുള്ള വീസ പ്രോസസിങ് സഹായ സ്ഥാപനത്തിന്റെ ഉടമയായ കാർ പാലസ് മുതലാളിക്കാണ് ഇതിൽ 3 കമ്പനികളിലും പ്രധാന ഓഹരി. ഇദ്ദേഹവുമായി ബിനീഷിന് അടുത്ത ബന്ധം കണ്ടതോടെയാണു ചോദ്യം ചെയ്തത്. വീസ സ്റ്റാംപിങ്ങിനു മുന്നോടിയായി വേണ്ട രേഖകൾ തയാറാക്കുന്നതിനാണു കോൺസുലേറ്റിൽ സ്വപ്ന സുരേഷ് സ്വാധീനം ചെലുത്തി ഈ സ്ഥാപനം തുടങ്ങാൻ ഈ വ്യവസായിയെ സഹായിച്ചത്. സിനിമാ മേഖലയിൽ അടുത്തിടെയിറങ്ങിയ 14 സിനിമകളുടെ നിർമ്മാതാക്കളിലേക്കു വന്ന പണവും ഇവരുടെ ബന്ധങ്ങളും ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്.

കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ ഇന്ന് എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യും. ശാന്തി നഗറിലെ എൻഫോഴ്സ്മെന്റ് ആസ്ഥാനത്തേക്ക് എത്തിച്ചാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. അനൂപിന്റെ അക്കൗണ്ടിലേക്കെത്തിയ പണത്തെ കുറിച്ചും ബംഗളൂരുവിൽ ബിനീഷ് തുടങ്ങിയ കമ്പനികളെ കുറിച്ചും അന്വേഷണ സംഘം ചോദിച്ചറിയും. അതേസമയം മയക്കു മരുന്ന് ഇടപാടിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും കേസെടുക്കും. ബെംഗളൂരു ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിലായതോടെ അന്വേഷണം സ്വർണക്കടത്ത് കേസിലേക്കും സിനിമാ രംഗത്തേക്കും എത്തും. സ്വർണക്കടത്തിൽ ഉൾപ്പെട്ട ചിലർക്ക് ബെംഗളൂരു ലഹരിക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസികൾക്കു ലഭിച്ചിരിക്കുന്ന വിവരം.

മലയാള സിനിമാ മേഖലയിലും അനൂപിന് ഇടപാടുകാരുള്ളതായി സൂചന ലഭിച്ച സാഹചര്യത്തിലാണ് നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അന്വേഷണം ഇവിടേക്കു വ്യാപിപ്പിക്കുന്നത്. മലയാള സിനിമാരംഗത്ത് നേരത്തെയുണ്ടായ ലഹരിമരുന്ന് കേസുകൾ നർകോട്ടിക്‌സ് ബ്യൂറോ വീണ്ടും പരിശോധിക്കുന്നുണ്ടെന്നാണു സൂചന. ഇവരിലാർക്കെങ്കിലും അനൂപുമായി ബന്ധമുണ്ടായിരുന്നോയെന്ന കാര്യമാണ് അന്വേഷിക്കുന്നത്. ലോക്ഡൗൺ കാലത്താണ് അനൂപിന്റെ നേതൃത്വത്തിൽ സിനിമാ മേഖലയിലേക്ക് കൂടുതൽ ലഹരി ഒഴുകിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കന്നഡ സിനിമാ മേഖലയിൽ നടന്മാരെക്കാൾ കൂടുതൽ നടിമാരാണ് ഇവരുടെ വലയിൽ പെട്ടിരുന്നത്.

ബംഗളൂരു ദൂരവാണിയിൽ 2015 ൽ രജിസ്റ്റർ ചെയ്തതാണ് ബി കാപിറ്റൽ എന്ന ബിനീഷിന്റെ കമ്പനി. എന്നാലിത് 2018ൽ പൂട്ടുകയും ചെയ്തു. 2020 ഫെബ്രുവരിയിൽ കമ്മനഹള്ളിയിലാണ് എവിജെ ഹോസ്പിറ്റാലിറ്റീസ് എന്ന സ്ഥാപനം തുടങ്ങിയത്. പിന്നീട് മെയ് മാസത്തിൽ ഇതിന്റെയും പ്രവർത്തനം നിർത്തി.