ബെംഗ്‌ളൂരു: ബെംഗ്‌ളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിക്കെതിരെ ഉടൻ നടപടിയില്ലെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷൻ നിലപാട് എടുത്തു കഴിഞ്ഞു. ഇതിന് പിന്നിൽ കൂടുതൽ പേർ പിടിക്കപ്പെടുമെന്ന ആശങ്കയാണെന്നാണ് സൂചന. കേരളാ ക്രിക്കറ്റിലെ ഉന്നതന്റെ ഭാര്യയുടെ അക്കൗണ്ടിൽ നിന്ന് 20 ലക്ഷം രൂപ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ ക്രിക്കറ്റ് ഉന്നതന്റെ ഭാര്യയെ ഇഡി ചോദ്യം ചെയ്യും. അതിനിടെ കെസിഎയിലേക്ക് കേസ് എത്താതിരിക്കാനും നീക്കം സജീവമാണ്.

ബിസിസിഐയുടെ സെക്രട്ടറി കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായുടെ മകനാണ്. ഈ സ്വാധീനം ഉപയോഗിച്ച് ക്രിക്കറ്റ് ഉന്നതന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നത് ഒഴിവാക്കാനും നീ്ക്കം സജീവമാണ്. അതിനിടെ കേരളാ ക്രിക്കറ്റ് താരങ്ങളുടെ ജേഴ്‌സിൽ കള്ളകളികൾ നടന്നുവെന്ന ആരോപണം സജീവമാണ്. ഓസ്‌ട്രേലിയൻ ബ്രാൻഡ് ജേഴ്‌സി വാങ്ങാനായിരുന്നു തീരുമാനം. രഞ്ജി ട്രോഫി താരങ്ങൾക്ക് ഈ ബ്രാൻഡ് വാങ്ങി. ബാക്കിയുള്ളവ ബംഗളൂരുവിൽ പ്രിന്റ് ചെയ്ത ഡ്യൂപ്ലിക്കേറ്റാണെന്ന വാദവും സജീവമാണ്. ഇതിനെ ചൊല്ലി കരാർ എടുത്ത കമ്പനിയിലും തർക്കം സജീവമാണ്. മുൻ രഞ്ജി ട്രോഫി താരത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ വിവാദം പുകയുകയാണ്.

ബനീഷിന് കേരളാ ക്രിക്കറ്റിലെ എല്ലാ ഇടപാടുകളിലും പങ്കുണ്ടായിരുന്നു. കണ്ണൂരിൽ നിന്നുള്ള ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധി എന്ന നിലയിൽ എല്ലാ ഇടപാടുകളിലും പങ്കാളിയായി. താരങ്ങളുടെ ജേഴ്‌സി ബംഗളൂരുവിൽ ഡ്യൂപ്ലിക്കേറ്റുണ്ടാക്കിയത് അനൂപ് മുഹമ്മദാണെന്നാണ് സംശയം. ബനിയൻ നിർമ്മാണവും അനൂപിന്റെ ജോലിയായിരുന്നു.ഈ സാഹചര്യത്തിൽ കേരളാ ക്രിക്കറ്റിൽ നിന്ന് അനൂപ് മുഹമ്മദിന് പണം ഒഴുകിയത് ബിനാമി ഇടപെടലിന്റെ ഭാഗമാണെന്നാണ് ഉയരുന്ന ചർച്ച. അതിനിടെ ഒരു രഞ്ജി താരത്തിന് ഈ ലോബിയുടെ ക്വാറിയിൽ പങ്കാളിത്തമുണ്ടായിരുന്നുവെന്നും പുറത്തു വന്നിട്ടുണ്ട്. താരങ്ങളുടെ കഴക്കൂട്ടത്തെ ഹോട്ടൽ ബിസിനസും സംശയ നിഴലിലാണ്.

ബിനീഷിന്റെ പഴയ ഡ്രൈവറായ സുനിൽ കുമാർ എന്ന മണികണ്ഠൻ ട്രാവൽ ഏജൻസി ബിസിനസ്സുണ്ട്. ഇവിടെ നിന്നാണ് കേരളാ ക്രിക്കറ്റിലേക്കും കാറുകൾ എത്തുന്നത്. ഇതെല്ലാം വലിയ ചർച്ചയാണ്. അന്വേഷണം കെസിഎയിലും ഉന്നതരിലേക്കും നീളുകയാണ്. ഈ സാഹചര്യത്തിലാണ് ബിനീഷിനേയും കണ്ണൂർ ജില്ലാ സെക്രട്ടറിയായ അനസ് വലിയപറമ്പലിനേയും തൽകാലം കെസിഎയിൽ നിന്നും മാറ്റേണ്ടതില്ലെന്ന തീരുമാനം എടുക്കുന്നത്. അമിത് ഷായുടെ മകനെ സ്വാധീനിച്ച് കേസ് ഒതുക്കാനാണ് നീക്കം. ജയ് ഷായെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി എങ്ങനേയും രക്ഷപ്പെടാനാണ് നീക്കം.

ബിനീഷിനെ ജനറൽ ബോഡി അംഗത്വത്തിൽ നിന്ന് ഉടൻ മാറ്റില്ല. കേസ് എടുത്താൽ മാത്രം നടപടി എടുക്കാനാകില്ലെന്നാണ് ചട്ടമെന്നും സുപ്രീം കോടതി തീരുമാനിച്ച ബൈലോ ആണ് കെസിഎ യ്ക്കുള്ളതെന്നും കെസിഎ സെക്രട്ടറി പ്രതികരിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ കണ്ണൂരിൽ നിന്നുള്ള പ്രതിനിധിയാണ് ബിനീഷ് കോടിയേരി. ഇന്നലെയാണ് ബെംഗ്‌ളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതി മുഹമ്മദ് അനൂപിന്റെ സാമ്പത്തിക സ്രോതസ്സ് ബിനീഷാണെന്നു വ്യക്തമായ സാഹചര്യത്തിലായിരുന്നു അറസ്റ്റ്.

ബിനീഷ് കോടിയേരി തന്റെ ബോസാണെന്നു ബെംഗളൂരു മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി അനൂപ് പറഞ്ഞതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അനൂപ് തുടങ്ങിയ ഹോട്ടൽ ബിസിനസിന്റെ യഥാർത്ഥ ഉടമ ബിനീഷ് കോടിയേരിയാണെന്നും അനൂപ് വെറും ബിനാമി മാത്രമാണെന്നും ഇഡി വാർത്താ കുറിപ്പിലൂടെയും വ്യക്തമാക്കി. കസ്റ്റഡിയിലുള്ള ബിനീഷിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇതിനിടെയിലും ബിനീഷിന് പിന്നിൽ ഉറച്ചു നിൽക്കുകയാണ് കെസിഎ. നടപടി എടുത്താൽ ഭാര്യയെ ചോദ്യം ചെയ്താൽ കെസിഎയിലെ ഉന്നതനും സ്ഥാനം രാജിവയ്‌ക്കേണ്ടി വരും. ഇതുകൊണ്ടാണ് ബിനീഷിന്റെ കാര്യത്തിലും ഒളിച്ചു കളി തുടരുന്നത്.

കണ്ണൂർ ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറി ബിനീഷ് കോടിയേരിയുടെ ബിസിനസ് പങ്കാളിയായ അനസ് വലിയപറമ്പത്ത് ആണ്. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ ജനറൽ ബോഡിയിലെ അംഗങ്ങളാണ് ബിനീഷും അനസും. കണ്ണൂർ സെക്രട്ടറിയായി അനസും കണ്ണൂരിൽ നിന്നുള്ള കെസിഎ മെമ്പറായി ബിനീഷും സംഘടനയിൽ എത്തി. കണ്ണൂർ സെക്രട്ടറിയായി അനസിനെ നിയോഗിച്ചത് ബിനീഷാണ്. എപ്പോൾ വണമെങ്കിലും ബിനീഷിന് മാറികൊടുക്കാമെന്ന ഉറപ്പും കൊടുത്തു. ടിസി മാത്യുവിനെതിരേയും മറ്റും അതിവേഗ നടപടിയെടുത്ത കെസിഎ ഈ രണ്ടു പേർക്കെതിരേയും നടപടി എടുത്തില്ല. ഈ ആഴ്ചയിൽ കണ്ണൂർ അസോസിയേഷൻ ജനറൽ ബോഡി ചേരുന്നുണ്ട്. ഈ യോഗം മാറ്റി വയ്ക്കാനും അനസ് നീക്കം നടത്തുന്നുണ്ട്. യോഗത്തിൽ വിമർശനങ്ങൾ ഉയരാൻ സാധ്യയുള്ളതു കൊണ്ടാണ് ഇത്.

ബിനീഷിന്റെ ഉടമസ്ഥതയിൽ ബെംഗളൂരുവിൽ പ്രവർത്തിച്ചിരുന്ന ബീ ക്യാപിറ്റൽസ് ഫോറെക്സ് ട്രേഡിങ് കമ്പനിയുടെ സാമ്പത്തിക ഉറവിടവും ഇഡി അന്വേഷിക്കുകയാണ്. 2015 ജൂൺ 15നു ധർമടം സ്വദേശി അനസ് വലിയപറമ്പത്തുമായി ചേർന്നു ബിനീഷ് ആരംഭിച്ച കമ്പനി, വാർഷിക റിപ്പോർട്ട് സമർപ്പിച്ചിരുന്നില്ല. ഇതു ചൂണ്ടിക്കാട്ടി രജിസ്റ്റ്രാർ ഓഫ് കമ്പനീസ് സ്ഥാപനത്തിന്റെ പ്രവർത്തനം മരവിപ്പിക്കുകയായിരുന്നു. നിക്ഷേപകരെയും ഇടപാടുകളെയും സംബന്ധിച്ച വിവരങ്ങൾ മറച്ചുവയ്ക്കാനാണു വാർഷിക റിപ്പോർട്ട് ഫയൽ ചെയ്യാതിരുന്നതെന്നാണു വിവരം. ഈ കമ്പനിയുടെ പേരിൽ അനസും സംശയ നിഴലിലാണ്.

ബി കാപിറ്റൽ ഫിനാൻഷ്യൽ സർവീസ് പ്രൈവറ്റ് ലിമിറ്റഡ് ധനകാര്യ കൺസൽട്ടൻസി സ്ഥാപനമായാണ് ആരംഭിച്ചത്. 2മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് അഫയേഴ്‌സിൽ ബി കാപിറ്റൽ ഫിനാൻഷ്യൽ സർവീസ് ബെംഗളൂരു ദൂരവാണി നഗറിൽ പ്രവർത്തിക്കുന്നതായാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒരുലക്ഷം രൂപവീതം മൂലധനത്തിൽ ബിനീഷ് കോടിയേരിയും അനസ് വലയിപറമ്പത്ത് എന്നയാളും ചേർന്നാണ് കമ്പനി രജിസ്റ്റർ ചെയ്തതെന്ന തെളിവുകൾ പുറത്തുവന്നു. രേഖകളിൽ രണ്ടുപേരും ഡയറക്ടർമാരാണ്. മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് അഫയേഴ്‌സിന്റെ വെബ്‌സൈറ്റിലെ വിവരങ്ങളനുസരിച്ച് 2015 ജൂൺ എട്ടിനാണ് കമ്പനി രജിസ്റ്റർചെയ്യുന്നത്.

2015-ലാണ് ബിനീഷ് കോടിയേരിയുടെ സാമ്പത്തികസഹായത്തോടെ മയക്കുമരുന്ന് വിതരണക്കേസ് പ്രതി മുഹമ്മദ് അനൂപ് കമ്മനഹള്ളിയിൽ റെസ്റ്റോറന്റ് തുടങ്ങുന്നത്. ഇതാണ് കമ്പനിയെപ്പറ്റി ആരോപണമുയരാൻ കാരണം. ഇതേ അനസ് വലിയപറമ്പത്ത് കേരളാ ക്രിക്കറ്റ് അസോസിയേഷനിൽ എത്തിയത് ദുരൂഹമാണെന്നാണ് ഉയരുന്ന ആരോപണം. ക്രിക്കറ്റിലെ മറ്റൊരു ഉന്നതനും അനൂപ് മുഹമ്മദിന് പണം നൽകിയതായി സൂചനയുണ്ട്. അതിനിടെ ഇരുവരേയും ബിസിസിഐ ജോയിന്റ് സെക്രട്ടറിയായ ജയേഷ് ജോർജ് പിന്തുണയ്ക്കുന്നുവെന്ന ആരോപണവും പുറത്തു വന്നു കഴിഞ്ഞു.