ബംഗളൂരു: കേരളത്തിൽ 10 കേസുകളും ദുബായിയിൽ ഒരു കേസുമുള്ള ബിനീഷ് കോടിയേരി സ്ഥിരം കുറ്റവാളി! ഇവന്റ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് കേരളത്തിലും പുറത്തുമായി ബിനീഷ് രണ്ടു ബെനാമി കമ്പനികൾ തുടങ്ങിയിരുന്നുവെന്നും എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തൽ. ഈ വാദങ്ങൾ ഉയർത്തുന്നത് ബിനീഷിനെ ദീർഘകാലം ജയിലിൽ അടയ്ക്കാനാണ്. പുതിയ അന്വേഷണങ്ങളും ബിനീഷിനെതിരെ തുടങ്ങും. 2012 മുതൽ 2019 വരെ വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് അനൂപിന് കൈമാറിയത് അഞ്ച് കോടിയിലധികം രൂപയാണെന്ന് ഇ.ഡിയുടെ റിപ്പോർട്ട്. ഈ തുക സമാഹരിച്ചത് മയക്കുമരുന്ന് ഇടപാടുകളിലൂടെയാണെന്നും ഇ.ഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ലഹരി ഇടപാടു കേസിൽ അറസ്റ്റിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദുമായി ബിനീഷ് കോടിയേരി 3.5 കോടിയിലധികം രൂപയുടെ ഹവാല പണമിടപാട് നടത്തിയതിന്റെ തെളിവുണ്ടെന്നും ഇഡി പറയുന്നു. ഗുരുതര ആരോപണങ്ങളാണ് ഇഡി ഉന്നയിക്കുന്നത്. 2012 മുതൽ 2019 വരെ വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് അനൂപിന് കൈമാറിയത് അഞ്ച് കോടിയിലധികം രൂപയാണെന്ന് ഇ.ഡിയുടെ റിപ്പോർട്ട്. ഈ തുക സമാഹരിച്ചത് മയക്കുമരുന്ന് ഇടപാടുകളിലൂടെയാണെന്നും ഇ.ഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇതോടെ നർകോട്ടിക് കൺട്രോൾ ബ്യൂറോയും ബിനീഷിനെതിരെ കേസെടുക്കുമെന്ന് ഉറപ്പായി.

ബിനീഷ് ലഹരിമരുന്ന് കച്ചവടം നടത്തിയെന്ന് മൊഴികളുണ്ടെന്നും ഇഡി പറയുന്നു. നേരത്തെ ദുബായിൽ ബിനീഷ് പ്രതിയായ ബാങ്ക് തട്ടിപ്പ് കേസിനെ കുറിച്ചും അന്വേഷിക്കണം. സ്വർണക്കടത്ത് കേസിൽ പ്രതി ചേർത്ത അബ്ദുൾ ലത്തീഫ് ബിനീഷിന്റെ ബിനാമിയാണ്. ഇത്തരത്തിൽ നിരവധി ആളുകളെ ബിനാമിയാക്കി ധാരാളം സ്വത്തുക്കൾ ബിനീഷ് മറച്ചുവെച്ചിട്ടുണ്ടെന്നും ഇ.ഡിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇങ്ങനെ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളാണ് ബിനീഷിനെതിരെ ഇഡി ഉയർത്തുന്നത്.

2012-19 കാലത്ത് ബിനീഷും അനൂപും തമ്മിൽ 5 കോടിയിലധികം രൂപയുടെ അനധികൃത പണമിടപാട് നടന്നു. ഈ തുകയിലേറെയും ലഹരി ഇടപാടിലൂടെ സ്വരൂപിച്ചതാണ്. എന്നാൽ, ഇതെക്കുറിച്ച് വിശദീകരണം നൽകാൻ ബിനീഷ് തയാറാകുന്നില്ല. റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്ന് പ്രത്യേക കോടതിയിൽ ബിനീഷിനെ ഹാജരാക്കിയപ്പോഴായിരുന്നു ഇഡിയുടെ വെളിപ്പെടുത്തലുകൾ. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമുള്ള ബിനീഷിന്റെ വാദം കോടതി അംഗീകരിച്ചില്ല. തുടർന്ന് ശനി വരെ 5 ദിവസം കൂടി ഇഡി കസ്റ്റഡിയിൽ വിട്ടു. ഇഡി 10 ദിവസമാണ് ആവശ്യപ്പെട്ടിരുന്നത്.

ആരോഗ്യ പ്രശ്‌നം ചൂണ്ടിക്കാട്ടി ബിനീഷ് പല ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയാണെന്ന് സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.പ്രസന്നകുമാർ കോടതിയെ ധരിപ്പിച്ചു. നടുവേദനയും ഛർദിയും കാരണം ദേഹാസ്വാസ്ഥ്യമെന്നു പറഞ്ഞ് കഴിഞ്ഞ രണ്ടര ദിവസം തീർത്തും നിസ്സഹകരിച്ചു. കേരളത്തിലും പുറത്തുമായി ബിനീഷ് രണ്ടു ബെനാമി കമ്പനികൾ തുടങ്ങിയിരുന്നു. അനൂപിന്റെയും ഒപ്പം അറസ്റ്റിലായ മലയാളി റിജേഷ് രവീന്ദ്രന്റെയും പേരിലാണിത്. നികുതി റിട്ടേണുകളിലെ പൊരുത്തക്കേടും അന്വേഷിക്കേണ്ടതുണ്ട്.ബിനീഷുമായി ലഹരി ഉപയോഗം വഴിയാണ് സൗഹൃദത്തിലായതെന്ന് അനൂപ് മൊഴി നൽകിയെന്നും ഇഡി അറിയിച്ചു.

ബിനീഷിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച സർട്ടിഫിക്കറ്റും ഹാജരാക്കി. 24 മണിക്കൂർ തോറും ആരോഗ്യസ്ഥിതി വിലയിരുത്തണമെന്നു കോടതി നിർദേശിച്ചു. 5 ദിവസത്തിനിടെ ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്തത് 38 മണിക്കൂർ. ഇന്നലെ രാവിലെ 8.15ന് വിൽസൻ ഗാർഡൻ പൊലീസ് സ്റ്റേഷനിൽ നിന്ന് ശാന്തിനഗറിലെ ഇഡി സോണൽ ഓഫിസിലെത്തിച്ചു. ലിഫ്റ്റ് പ്രവർത്തിക്കാത്തതിനാൽ 2 നിലകൾ നടന്നു കയറേണ്ടിവന്ന ബിനീഷ് അവശനിലയിലായിരുന്നു. ക്ഷീണിതനാണോ, ഇഡി ബുദ്ധിമുട്ടിക്കുന്നുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അതെ എന്നു തലയാട്ടി.

രാവിലത്തെ ഭക്ഷണത്തിനു ശേഷം മാറ്റി ധരിക്കാനുള്ള വസ്ത്രങ്ങളുമെത്തിച്ചു. 10 മണിയോടെയാണു ചോദ്യം ചെയ്യൽ തുടങ്ങിയത്. 12ന് അവസാനിച്ചു. ഭക്ഷണം കഴിച്ച ശേഷം 12.48ന് ഇഡി ഓഫിസിനു പുറത്തേക്ക്. ഛർദിയെ തുടർന്ന് നാരങ്ങ മണത്തുകൊണ്ടാണു ബിനീഷ് പുറത്തേക്കു വന്നത്. കോടതിയിൽ ഹാജരാക്കുന്നതിനു മുന്നോടിയായി ഉച്ചയ്ക്ക് 1.20ന് കോവിഡ് ഉൾപ്പെടെയുള്ള പരിശോധനയ്ക്ക് ബൗറിങ് ആശുപത്രിയിലെത്തിച്ചു. ഇതിനിടെ ബിനീഷിനെ വിഡിയോ കോൺഫറൻസിങ്ങിലൂടെ ഹാജരാക്കാൻ ഇഡി ശ്രമം നടത്തി. എന്നാൽ, നേരിട്ടു ഹാജരാക്കാനായിരുന്നു കോടതി നിർദ്ദേശം.

4.10ന് ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിലേക്ക്. വീണ്ടും 5 ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു കോടതി നടപടി പൂർത്തിയായത് 5.45ന്. 6 മണിയോടെ വീണ്ടും പൊലീസ് സ്റ്റേഷനിലേക്ക്. ലോക്കപ്പിൽ വീണ്ടും താമസിപ്പിച്ചു. ബിനീഷ് കോടിയേരിയെ കാണാൻ അനുമതി തേടി സഹോദരൻ ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. ബിനീഷിനെ കാണാൻ അഭിഭാഷകരെപ്പോലും അനുവദിക്കുന്നില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.