- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻഫോഴ്സ്മെന്റുകാർക്കെതിരെ പൂജപ്പുര പൊലീസിന് പരാതി നൽകി ബിനീഷിന്റെ അമ്മാവൻ; കോടിയേരിയുടെ ഭാര്യാ സഹോദരിയും ബന്ധുക്കളും രണ്ടും കൽപ്പിച്ച് വീട്ടിന് മുമ്പിൽ പ്രതിഷേധം തുടരുന്നു; ബിനീഷിന്റെ ഭാര്യയേയും കുട്ടികളേയും വീട്ടു തടങ്കലിൽ ആക്കിയെന്ന് ആരോപണം; ഇഡിക്കെതിരെ കോടിയേരി കുടുംബം കോടതിയിലേക്ക്; മരുതംകുഴിയിലെ വീട്ടിന് മുമ്പിൽ നാടകീയതകൾ
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് റെയ്ഡ് നടക്കുന്ന ബിനീഷ് കോടിയേരിയുടെ വസതിക്ക് മുന്നിൽ നാടകീയ രംഗങ്ങൾ. വീടിനകത്തേക്ക് കയറണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ബന്ധുക്കൾ എത്തിയത് അപ്രതീക്ഷിത നീക്കമായിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയുടെ സഹോദരിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
അതിനിടെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്കെതിരെ പൂജപ്പുര പൊലീസിൽ ബിനീഷിന്റെ ബന്ധുക്കൾ പരാതി നൽകി. ബിനീഷിന്റെ ഭാര്യ വീട്ടു തടങ്കലിലാണെന്നാണ് ആരോപണം. ബിനീഷിന്റെ അമ്മാവനാണ് പരാതി നൽകിയത്. ബന്ധുക്കളെ വീട്ടിനുള്ളിൽ ഇഡി തടഞ്ഞു വച്ചിരിക്കുയാണെന്നാണ് ഉയരുന്ന ആരോപണം. രാത്രി മുഴുവൻ ഇഡി വീട്ടിൽ തുടർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇഡിക്കെതിരെ പരാതി നൽകിയത്. ഇതോടെ വിഷയത്തിൽ പൊലീസും ഇടപെടും. എന്നാൽ ബിനീഷിന്റെ ഭാര്യയ്ക്ക് ആരേയും കാണാൻ താൽപ്പര്യമില്ലെന്നാണ് ഇഡി പറയുന്നത്. പൊലീസിനെ ഇത് അറിയിച്ചിട്ടുമുണ്ട്.
വീടിനുള്ളിലുള്ള ബന്ധുക്കളെ കാണണമെന്നാവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധുക്കൾ വാക്കേറ്റമുണ്ടായി. അതേസമയം അകത്തേക്ക് പ്രവേശിക്കാൻ ഉദ്യോഗസ്ഥർ അനുമതി നൽകിയില്ല. അകത്തുള്ളവരെ കാണാൻ ഇപ്പോ സാധിക്കില്ലെന്നാണ് ഉദ്യോഗസ്ഥർ ബന്ധുക്കളെ അറിയിച്ചത്. അനുമതി നൽകുന്നതുവരെ ഗേറ്റിന് പുറത്ത് കുത്തിയിരിക്കുമെന്ന് ബന്ധുക്കൾ പ്രതികരിച്ചു. 'വീട്ടിനുള്ളിൽ എന്താണ് നടക്കുന്നതെന്ന് ഞങ്ങൾക്കറിയണം. രണ്ട് സ്ത്രീകളും രണ്ടര വയസ്സുള്ള കുട്ടി പോലും വീടിനുള്ളിലുണ്ട്. അവർക്ക് എന്ത് സംഭവിച്ചുവെന്ന് അറിയണം. വീട്ടുതടങ്കലിൽ വെച്ചത് പോലെയാണ് ഇപ്പോഴുള്ളത്. ഫോണിലൂടെ ബന്ധപ്പെടാൻ പോലും സാധിക്കുന്നില്ല. നിയമനടപടിയുമായി മുന്നോട്ടുപോവും. മനുഷ്യത്വത്തിന്റെ പേരിലെങ്കിലും ഉള്ളിലുള്ളവരെ കാണാൻ അനുവദിക്കണമെന്നും ബന്ധുക്കൾ പറഞ്ഞു. ക്രെഡിറ്റ് കാർഡ് അവർ കൊണ്ടുവച്ചതായിരിക്കും. കാർഡ് വീട്ടിൽ നിന്ന് കണ്ടെത്തിയതാണെന്ന് സമ്മതിക്കില്ലെന്ന് ബിനീഷിന്റെ അമ്മയുടെ സഹോദരി പറഞ്ഞത്.
എന്നാൽ ബന്ധുക്കളെ ഇപ്പോൾ കാണേണ്ടെന്നാണ് ബിനീഷിന്റെ ഭാര്യ പറഞ്ഞതെന്ന് ഇ.ഡി ഉദ്യോഗസ്ഥർ പൊലീസിനെ അറിയിക്കുകയും അത് ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു. ഇത് ഭീഷണിപ്പെടുത്തി പറയിച്ചതായാകാമെന്നും ബന്ധുക്കൾ പറയുന്നു. ഇ.ഡിക്കൊപ്പം കർണാടക പൊലീസും സിആർപിഎഫും ബിനീഷിന്റെ വീട്ടിലുണ്ട്. ബന്ധുക്കളുടെ പ്രതിഷേധത്തെ തുടർന്ന് പൂജപ്പുരയിൽ നിന്നുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. രാത്രിയോടെ റെയ്ഡ് അവസാനിച്ചെങ്കിലും കണ്ടെടുത്ത രേഖകളും മറ്റും രേഖപ്പെടുത്തി മഹസറിൽ ഒപ്പിടാൻ ബിനീഷിന്റെ ഭാര്യ വിസമ്മതിച്ചു. വീട്ടിൽ നിന്ന് ക്രെഡിറ്റ് കാർഡ് കണ്ടെടുത്തുവെന്നും ഇത് പ്രതി അനൂപ് മുഹമ്മദിന്റേതാണെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഈ ക്രെഡിറ്റ് കാർഡ് അന്വേഷണ ഉദ്യോഗസ്ഥർ കൊണ്ടുവച്ചതാണെന്നാണ് ബിനീഷിന്റെ ഭാര്യ പറയുന്നത്.
തുടർന്ന് ഇഡിക്കാർ വീട്ടിൽ തുടർന്നു. ഇന്ന് രാവിലെ ഭക്ഷണവും വസ്ത്രവുമായെത്തിയ ബന്ധുക്കളെ കർണാടക പൊലീസ് അകത്തേക്ക് കടത്തിവിട്ടില്ല. ബന്ധുക്കളും ഉദ്യോഗസ്ഥരും തമ്മിൽ കയർത്തതോടെ സംസ്ഥാന പൊലീസും പറന്നെത്തി. ബിനീഷിന്റെ രണ്ട് വയസായ കുഞ്ഞും ഭാര്യയും ഭാര്യയുടെ മാതാപിതാക്കളും അടക്കമുള്ളവർ വീട്ടിനുള്ളിലുണ്ട്. അവരെ കാണാതെ വീടിന് മുന്നിൽ നിന്ന് പോകില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ ഇഡി അനുവദിക്കുന്നില്ല. ഇതോടെയാണ് സംഘർഷാവസ്ഥയുണ്ടായത്. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഇഡി കരുതുന്നു. സർക്കാരിൽ സ്വാധീനമുള്ള വ്യക്തിയാണ് ബിനീഷ്. അതുകൊണ്ട് തന്നെ പൊലീസ് ഏതു തരത്തിൽ ഇടപെടുമെന്നതും നിർണ്ണായകമാണ്.
മഹസറിൽ ഒപ്പിടുന്നതിലെ തർക്കം കാരണമാണ് ഇഡി ഉദ്യോഗസ്ഥർ വീട്ടിൽ തുടർന്നത്. മയക്കുമരുന്ന് കേസിൽ ബംഗളൂരുവിൽ പിടിയിലായ മുഹമ്മദ് അനൂപിന്റെ പേരിലുള്ള എ ടി എം കാർഡിനെ ചൊല്ലിയാണ് തർക്കം തുടരുന്നത്. ഇത് ബിനീഷിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തതാണെന്ന് എൻഫോഴ്‌സ്മെന്റ് വാദിക്കുന്നു. എന്നാൽ കാർഡ് എൻഫോഴ്‌സ്മെന്റ് കൊണ്ടുവന്നതാണെന്ന വാദമാണ് ബിനീഷിന്റെ കുടുംബം ഉന്നയിക്കുന്നത്. ഉറച്ച നിലപാട് സ്വീകരിച്ച ബിനീഷിന്റെ ഭാര്യയും ബന്ധുക്കളും ഇ ഡിയുടെ രേഖകളിൽ ഒപ്പിടില്ലെന്ന് നിലപാടെടുത്തു.ഇ ഡിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിനീഷിന്റെ കുടുംബം.
ഇന്നലെ രാത്രി ഒമ്പത് മണിയോടെ റെയ്ഡ് അവസാനിച്ചെന്ന സൂചന വന്നെങ്കിലും വീണ്ടും ബിനീഷിന്റെ മൊഴികൾക്ക് ആധാരമായ രേഖകൾ കുടുംബത്തോട് ഇ ഡി ആവശ്യപ്പെട്ടു. ഇതിനിടയിൽ കുടുംബത്തിന്റെ നിർദേശ പ്രകാരം അഭിഭാഷകനെത്തി. വീട്ടിലേക്ക് പോകണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും ഇ ഡി അനുവദിച്ചില്ല. പിന്നീട് പുറത്തേക്കിറങ്ങിയ ബിനീഷിന്റെ ഭാര്യയുടെ അച്ഛനുമായി അഭിഭാഷകൻ സംസാരിച്ചു.
മറുനാടന് മലയാളി ബ്യൂറോ