- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമപ്രകാരം എൻസിബിയും കേസെടുക്കും; തെളിവെടുപ്പിന് കോടിയേരിയുടെ മകനെ കേരളത്തിലേക്കും കൊണ്ടു വരാൻ എൻസിബി; അമ്മായി അമ്മയുടെ മൊബൈൽ ഫോൺ പരിശോധനയും നിർണ്ണായകമാകും; ഡെബിറ്റ് കാർഡിൽ തെളിവ് ശേഖരണം തുടരുന്നു; ബിനീഷ് കോടിയേരി കൂടുതൽ പ്രതിസന്ധിയിലേക്ക്
ബംഗളുരു: മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരായ കേസിൽ അന്വേഷണം കേരളത്തിലേക്കു കൂടുതൽ വ്യാപിപ്പിക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. അതിനിടെ ഇഡി കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) രഹസ്യമായി ചോദ്യം ചെയ്യുന്നതായും സൂചനയുണ്ട്.
സാമ്പത്തിക ഇടപാടുകളെത്തുടർന്ന് അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ തുടർച്ചയായ 11-ാം ദിവസവും ചോദ്യം ചെയ്തിരുന്നു. കേരളത്തിൽ നടത്തിയ റെയ്ഡിൽ ശേഖരിച്ച ഇലക്ട്രോണിക് ഉപകരണങ്ങളിൽനിന്നു ലഭിച്ച ഡിജിറ്റൽ തെളിവുകളിൽ കൂടുതൽ അന്വേഷണം നടത്തും. റെയ്ഡിൽ ബിനീഷിന്റെ അടുത്ത ബന്ധുവിന്റെ മൊബൈൽ ഫോൺ അടക്കമുള്ള ഉപകരണങ്ങൾ ഇ.ഡി. ശേഖരിച്ചിരുന്നു. ഭാര്യയുടെ അമ്മയുടെ ഈ ഫോണിൽ നിന്ന് നിർണ്ണായക തെളിവുകൾ കിട്ടുമെന്നാണ് പ്രതീക്ഷ. മരുതംകുഴിയിലെ വീട്ടിൽ നിന്ന് കിട്ടിയ ഡെബിറ്റ് കാർഡ് അതിനിർണ്ണായകമായി കഴിഞ്ഞു.
ബിനീഷ് നേരിട്ടു നിയന്ത്രിച്ച അഞ്ചു കമ്പനികളെക്കുറിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. റിയാൻഹ ഇവന്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, യൗഷ് ഇവന്റ് മാനേജ്മെന്റ് ആൻഡ് പ്ര?ൃഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ബീകാപിറ്റൽ ഫോറക്സ് ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ്, ബീകാപിറ്റൽ ഫിനാൻഷ്യൽ സർവീസ് പ്രൈവറ്റ് ലിമിറ്റഡ്, ടോറസ് റെമഡീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി. പരിശോധിക്കുന്നത്. ഈ കമ്പനികളെല്ലാം നിയന്ത്രിച്ചതു ബിനീഷ് കോടിയേരിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ബിനാമികളെന്നു സംശയിക്കുന്നവരെ ബിനീഷിനൊപ്പം ഇരുത്തി ചോദ്യംചെയ്യും. ആവശ്യമെങ്കിൽ ബിനീഷിനെ കേരളത്തിലെത്തിച്ചും തെളിവെടുക്കും. ബുധനാഴ്ച വരെയാണു ബിനീഷിനെ ഇ.ഡി. കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. ബിനീഷ് സമർപ്പിച്ച ജാമ്യാപേക്ഷ അടക്കമുള്ള കാര്യങ്ങൾ അന്നു കോടതിയുടെ പരിഗണനയ്ക്കു വരും. അതിനിടെ ബിനീഷിനെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടു എൻ.സി.ബി കോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയെങ്കിലും ഇ.ഡി. ചോദ്യംചെയ്യൽ പൂർത്തിയായില്ലെന്ന് അറിയിച്ചപ്പോൾ എൻ.സി.ബി. അപേക്ഷ പിൻവലിക്കുകയായിരുന്നു.
ഇതിനിടെയാണ് എൻസിബി രഹസ്യ ചോദ്യം ചെയ്യൽ നടത്തുന്നതായി വാർത്ത വരുന്നത്. ലഹരി ഇടപാടിന് കൊച്ചി സ്വദേശി അനൂപ് മുഹമ്മദ് ഉപയോഗിച്ച പണം ബിനീഷ് നൽകിയതാണോ എന്നു കണ്ടെത്താനാണു ശ്രമം. ശനിയാഴ്ച ബെംഗളൂരു പ്രത്യേക കോടതിയിൽ ഹാജരാക്കിയ ശേഷം ശാന്തിനഗറിലെ ഇഡി സോണൽ ഓഫിസിലോ രാത്രി പാർപ്പിക്കാറുള്ള വിൽസൻ ഗാർഡൻ പൊലീസ് സ്റ്റേഷനിലോ ബിനീഷിനെ എത്തിച്ചില്ലെന്ന് അറിയുന്നു. എന്നാൽ, ഇന്നലെ പകൽ ഇഡി ഓഫിസിൽ എത്തിച്ചിരുന്നു. ഇതാണ് സംശയത്തിന് കാരണം. ബിനീഷിനെ രഹസ്യ കേന്ദ്രത്തിൽ കൊണ്ടു പോയി എന്നാണ് സൂചന.
എൻസിബി ബെംഗളൂരു യൂണിറ്റ് ഡയറക്ടർ അമിത് ഗവാത്തെ, ഇഡി ഓഫിസിൽ നേരിട്ടെത്തി ബിനിഷിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമുള്ള (പിഎംഎൽഎ) കേസിന്റെ വിശദാംശങ്ങൾ ശേഖരിച്ചിരുന്നു. നർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമപ്രകാരം എൻസിബി കൂടി കേസെടുത്താൽ നിയമക്കുരുക്കുകൾ കൂടുതൽ മുറുകും.
മറുനാടന് മലയാളി ബ്യൂറോ