കൊച്ചി: ബിനീഷ് കോടിയേരിയെച്ചൊല്ലി താരസംഘടനയായി 'അമ്മ'യിൽ തർക്കം രൂക്ഷമാകുന്നു. ലഹരിമരുന്നുകേസിൽ പ്രതിയായ ആളെ സസ്‌പെൻഡ് ചെയ്യണമെന്ന് അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ നടൻ സിദ്ദിഖ് ആവശ്യപ്പെട്ടു. എന്നാൽ നടപടി ഉടൻ വേണ്ടെന്നാണ് മുകേഷിന്റെ വാദം. സസ്‌പെൻഷൻ വേണമെന്ന് എക്‌സിക്യൂട്ടീവ് യോഗത്തിൽ നടിമാരും ആവശ്യപ്പെട്ടു. ദിലീപിനോട് അമ്മ അതിശക്തമായ നിലപാട് എടുത്തു. എന്നാൽ മയക്കുമരുന്ന് കേസിലെ പ്രതിക്ക് വേണ്ടി വാദിക്കാൻ ചിലരെത്തിയത് ദിലീപ് ക്യാമ്പിനെ അസ്വസ്ഥമാക്കിയിട്ടുണ്ട്. വിഷയത്തിൽ മൗനമാണ് അമ്മയുടെ പ്രസിഡന്റ് കൂടിയായ മോഹൻലാൽ എടുത്തത്.

മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ സാഹചര്യത്തിൽ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാൻ അമ്മ യോഗത്തിൽ തീരുമാനം. യോഗം ആരംഭിച്ചപ്പോൾ തന്നെ ബിനീഷ് കോടിയേരിയെ അമ്മയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയ സാഹചര്യം ഉണ്ടായിരുന്നു. സംഘടനയിലെ രണ്ട് അംഗങ്ങൾക്ക് രണ്ട് നീതി എന്ന നിലയിൽ മുന്നോട്ട് പോകാൻ കഴിയില്ല. അതുകൊണ്ടുതന്നെ ദിലീപിനെതിരേ സ്വീകരിച്ച അതേ നടപടി ഇ.ഡി. അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ ബിനീഷിനെതിരേയും സ്വീകരിക്കണമെന്നാണ് യോഗത്തിൽ ഉയർന്നുവന്ന ആവശ്യം. ഇതിനെ മുകേഷ് അതിശക്തമായി എതിർത്തു. പിന്തുണയുമായി ഗണേശും എത്തി.

മുകേഷും ഗണേശും ഇടതുപക്ഷ എംഎൽഎമാരാണ്. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന് വേണ്ടി ഇരുവരും അതിശക്തമായ വാങ്ങൾ ഉയർത്തി. ഇത് എക്‌സിക്യൂട്ടീവിലുള്ളവരെ പോലും ഞെട്ടിച്ചു. അമ്മയിൽ ഏറെ സ്വാധീനമുള്ള വ്യക്തിയാണ് സിദ്ദിഖ്. സിദ്ദിഖിന്റെ വാക്ക് പോലും ഇവർ കേട്ടില്ല. ബിനീഷിനെ സംഘടനയിൽനിന്ന് പുറത്താക്കണമെന്ന എക്‌സിക്യുട്ടീവ് യോഗത്തിലെ ഭൂരിപക്ഷ ആവശ്യം മുകേഷും ഗണേശ് കുമാറുമാണ് എതിർത്തത്. എന്നാൽ അംഗങ്ങൾക്ക് രണ്ടു നീതി പാടില്ലെന്നും അതിനാൽ ബിനീഷിനെ ഉടനെ പുറത്താക്കണമെന്നും നടിയെ ആക്രമിച്ച കേസിനെ തുടർന്നുണ്ടായ നടപടികളെ ചൂണ്ടിക്കാട്ടി ചില അംഗങ്ങൾ പറഞ്ഞു.

ബംഗളുരു ലഹരി മരുന്നു ഇടപാട് കേസിൽ ബിനീഷ് കോടിയേരിയെ ഇതുവരെ പ്രതി ചേർത്തിട്ടില്ലെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറിയിച്ച കാര്യം ഉയർത്തിയായിരുന്നു മുകേഷിന്റെ പ്രതികാരം. സാമ്പത്തിക കുറ്റകൃത്യത്തിന്റെ പേരിൽ സിനിമാക്കാരെ സംഘടനയിൽ നിന്ന് പുറത്താക്കുന്നത് ശരിയല്ല. ആനക്കൊമ്പിന്റെ കേസിൽ മോഹൻലാലിനെതിരേയും കേസില്ലേയെന്ന പരോക്ഷ ചർച്ചയിലേക്ക് പോലും കാര്യങ്ങൾ എത്തിച്ചു. ഇഡി എടുത്ത സാമ്പത്തിക കുറ്റകൃത്യത്തിന് അപ്പുറം ബിനീഷിനെതിരെ ഒന്നും ചുമത്തിയിട്ടില്ലെന്നാണ് സിദ്ദിഖും മുകേഷും പറഞ്ഞത്. ഈ സാഹചര്യത്തിലാണ് ബിനീഷിന്റെ കാര്യത്തിൽ തീരുമാനം എടുക്കാനാവാത്തത്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ കണ്ടെത്തിയ വസ്തുകളുടെ അടിസ്ഥാനത്തിൽ ബിനീഷിനെ എൻസിബി കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്. ബംഗളുരു ലഹരി മരുന്ന് ഇടപാട് കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്കു അമ്പതു ലക്ഷത്തിലേറെ രൂപ ബിനീഷ് കൈമാറിയിട്ടുണ്ട്. ഇതിന് ലഹരി മരുന്ന് ഇടപാടുമായി ബന്ധമുണ്ടോയെന്നായിരുന്നു തിരക്കിയതെന്നും എൻ.സി.ബിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബിനീഷിനെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്കു അയച്ചത്. അതുകൊണ്ട് തന്നെ ബിനീഷിനെ ലഹരികടത്തിലെ പ്രതിയായി കാണാനാകില്ലെന്നും വാദമെത്തി.

അമ്മയിലെ ആജീവനാന്ത അംഗമായ ബിനീഷ് കോടിയേരിക്ക് എതിരെ നടപടി വേണം എന്നാണ് സംഘടനാ സെക്രട്ടറിയായ സിദ്ദിഖ് യോഗത്തിൽ ആവശ്യപ്പെട്ടത്. നേരത്തെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പുറത്താക്കിയത് ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയായ സിദ്ദിഖ് വാദം ഉന്നയിച്ചത്. എക്സിക്യൂട്ടിവിലെ അംഗങ്ങളായ നടിമാരും ബിനീഷിനെതിരെ നടപടി ആവശ്യപ്പെട്ടു. സംഘടനയിൽ രണ്ട് നീതി പാടില്ലെന്നും ബിനീഷിനെ പുറത്താക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ദിലീപിനെതിരെ സ്വീകരിച്ച നടപടി തന്നെ ബിനീഷിനെതിരെയും വേണമെന്നും ആവശ്യം ഉയർന്നു. എന്നാൽ ബിനീഷിനെ പുറത്താക്കണം എന്ന ആവശ്യത്തെ ഇടത് എംഎൽഎമാരും അമ്മ സംഘടനയിലെ വൈസ് പ്രസിഡണ്ടുമാരുമായ കെബി ഗണേശ് കുമാറും മുകേഷും ശക്തമായി എതിർത്തു.

അമ്മ പ്രസിഡണ്ട് മോഹൻലാലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ എട്ട് പേരാണ് പങ്കെടുത്തത്. ബിനീഷിനെതിരെയുള്ള നടപടിയെച്ചൊല്ലി യോഗത്തിൽ വാക്കേറ്റമുണ്ടായി. ബിനീഷിനെ പുറത്താക്കേണ്ടതില്ലെന്നും താൽക്കാലം വിശദീകരണം തേടിയാൽ മതിയെന്നുമുള്ള നിർദ്ദേശമാണ് മുകേഷ് മുന്നോട്ട് വെച്ചത്. ഈ നിർദ്ദേശം അമ്മ പ്രസിഡണ്ട് മോഹൻലാൽ അംഗീകരിച്ചു. എന്നാൽ ഈ തീരുമാനത്തെ സിദ്ദിഖ് ശക്തമായി എതിർത്തു. വിശദീകരണം തേടാൻ അമ്മയ്ക്ക് എന്ത് അവകാശമെന്ന് സിദ്ദിഖ് ചോദിച്ചതായാണ് വിവരം. മാത്രമല്ല ബിനീഷിനെതിരെ നടപടിയില്ലെന്ന് വന്ന ഘട്ടത്തിൽ സിദ്ദിഖ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി എന്നും സൂചനയുണ്ട്. യോഗത്തിന് ശേഷം പുറത്തേത്ത് ഇറങ്ങിയ മോഹൻലാലും ഇടവേള ബാബുവും അടക്കമുള്ളവർ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.

ആക്രമിക്കപ്പെട്ട നടിക്കെതിരെ അമ്മ ജനറൽ സെക്രട്ടറിയായ നടൻ ഇടവേള ബാബു നടത്തിയ വിവാദ പരാമർശങ്ങളും അമ്മ എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ചയായി. അമ്മ അംഗങ്ങളായ രേവതിയും പത്മപ്രിയയും ഇടവേള ബാബുവിനെതിരെ പരാതി നൽകിയിരുന്നു. ഈ പരാതി അമ്മ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. എന്നാൽ ഇടവേള ബാബുവിനെതിരെ നടപടി വേണ്ടെന്നാണ് അമ്മയുടെ തീരുമാനം. അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ചേർന്ന എക്സിക്യുട്ടീവ് യോഗം ബിനീഷിനോട് വിശീകരണം തേടാനാണ് ഒടുവിൽ തീരുമാനിച്ചത്. യോഗം നടി പാർവതി തിരുവോത്തിന്റെ അമ്മയിൽ നിന്നുള്ള രാജിയും അംഗീകരിച്ചു.

ബിനീഷ് കോടിയേരിയുടെ അംഗത്വം റദ്ദാക്കൽ, ഇടവേള ബാബു അക്രമത്തിനിരയായ നടിക്കെതിരായി നടത്തിയ പരാമർശം, പാർവതിയുടെ രാജി, ഗണേശ് കുമാർ എംഎ‍ൽഎയുടെ പി.എയുമായി ബന്ധപ്പെട്ട വിഷയം എന്നിവ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് യോഗത്തിന് മുമ്പ് എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജ് വ്യക്തമാക്കിയിരുന്നു. 2009 മുതൽ ബിനീഷ് കോടിയേരിക്ക് 'അമ്മ'യിൽ അംഗത്വമുണ്ട്. ആജീവനാന്ത അംഗത്വമാണ് ഉള്ളത്. 'അമ്മ'യുടെ നിയമാവലി അനുസരിച്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കാണ് അംഗങ്ങളെ പുറത്താക്കാൻ അനുവാദമുള്ളത്.