കൊച്ചി: അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിൽ മിണ്ടാതിരിക്കുന്നതാണ് മോഹൻലാലിന്റെ പതിവ്. ഇന്നലേയും അതു തന്നെ സംഭവിച്ചു. അതിന് ശേഷം ചർച്ചയിൽ ഒറ്റപ്പെടുന്നവരെ സമാധാനിപ്പിക്കും. അങ്ങനെ സിദ്ദിഖിന്റെ രോഷം തണുപ്പിക്കാൻ എല്ലാവരും ശ്രമിച്ചു. ബിനീഷ് കോടിയേരിയെ സസ്‌പെന്റ് ചെയ്യേണ്ടതില്ലെന്ന് താര സംഘടനയായ അമ്മ തീരുമാനിച്ചത് കടുത്ത വാദപ്രതിവാദങ്ങൾക്കൊടുവിലാണ്. കൊല്ലം എംഎൽഎ കൂടിയായ നടൻ മുകേഷിന്റെ രാഷ്ട്രീയമാണ് എക്‌സിക്യൂട്ടീവിൽ ജയിച്ചത്.

ബിനീഷായിരുന്നു അജണ്ടയിലെ മുഖ്യ വിഷയം. മയക്കുമരുന്ന് കേസിൽ കുടുങ്ങിയ ഒരാളെ സംരക്ഷിക്കേണ്ട ബാധ്യത നമുക്കില്ലെന്ന് നടൻ സിദ്ദിഖാണ് യോഗത്തെ അറിയിച്ചത്. തുടക്കത്തിൽ ഇതിന് പിന്തുണയും കിട്ടി. ഇതോടെ മുകേഷ് കത്തികയറി. ബീനീഷിന് പ്രതിരോധം തീർത്ത് നടൻ ഗണേശ് കുമാറും ഫോൺ എത്തിയതോടെ സിദ്ദിഖ് ഒറ്റപ്പെട്ടു. മോഹൻലാലും മുകേഷും ഇടവേള ബാബുവും ശ്വേതാ മേനോനും രചനാ നാരായണൻ കുട്ടിയും സുധീർ കരമനയും സിദ്ദിഖും ബാബുരാജുമായിരുന്നു. ഹണി റോസും അജുവർഗ്ഗീസും ആസിഫലിയും ജയസൂര്യയും ഇന്ദ്രൻസും തന്ത്രപരമായി യോഗത്തിൽ നിന്ന് മാറി നിന്നു.

ബിനീഷിനോടു വിശദീകരണം ചോദിക്കും. അതിനുശേഷം നടപടി സ്വീകരിക്കാനാണ് മോഹൻലാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാനം. ഇക്കാര്യത്തിൽ യോഗത്തിൽ രൂക്ഷമായ ഭിന്നാഭിപ്രായം ഉയർന്നു. ബിനീഷിനെ സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യത്തെ സംഘടനയുടെ വൈസ് പ്രസിഡന്റുമാരും എൽഡിഎഫ് എംഎൽഎമാരുമായ മുകേഷും കെ.ബി. ഗണേശ് കുമാറും എതിർത്തുവെന്നാണു സൂചന. സിദ്ദിഖ് ഉൾപ്പെടെയുള്ള അംഗങ്ങളാണു ബിനീഷിന്റെ സസ്‌പെൻഷൻ ആവശ്യപ്പെട്ടത്. വനിത അംഗങ്ങളും പിന്തുണച്ചു. നടിയെ ആക്രമിച്ച കേസിൽ പ്രതിയാക്കപ്പെട്ട ദിലീപിനെ സസ്‌പെൻഡ് ചെയ്തതും അവർ ചൂണ്ടിക്കാട്ടി. ഇരട്ട നീതി പാടില്ലെന്നും അവർ വാദിച്ചു. ഈ ചർച്ചയുടെ വിശദാംശങ്ങളിലാണ് രൂക്ഷമായ തർക്കങ്ങളുണ്ടായത്.

അമ്മയിൽ ദിലീപ് വിഭാഗത്തിന് വ്യക്തമായ മുൻതൂക്കമുണ്ട്. എക്‌സിക്യൂട്ടീവിലും അതായിരുന്നു സ്ഥിതി. എന്നാൽ ഇന്നലത്തെ ചർച്ചയിൽ ഇതെല്ലാം ആകെ പാളി. എന്നാൽ അമ്മയിലെ ബഹുഭൂരിഭാഗവും പ്രതീക്ഷിച്ചതല്ലെ തീരുമാനമായി വന്നതെന്ന് പ്രമുഖ നടൻ മറുനാടനോട് പറഞ്ഞു. മയക്കുമരുന്ന് കേസിലെ ഗൗരവത്തെ കുറയ്ക്കുന്നതാണ് തീരുമാമെന്നും അദ്ദേഹം പ്രതികരിച്ചു. ദിലീപിനെ അനുകൂലിക്കുന്നവർ കടുത്ത അമർഷത്തിലുമാണ്.

ബിനീഷിനെതിരെ നടപടി വേണമെന്ന സിദ്ദിഖന്റെ നിലപാടിനെ ശ്വേതാ മേനോനും രചനയും സുധീർ കരമനയും തടുക്കത്തിൽ പിന്തുണച്ചു. ലാൽ മൗനത്തിലും. പിന്നീട് മുകേഷ് കടന്നാക്രമണം നടത്തിയപ്പോൾ സുധീർ കരമന അടക്കമുള്ളവർ പിന്മാറി. ഇതൊരു കൊലപാതകമൊന്നുമല്ലെല്ലോ ചെറിയൊരു മയക്കുമരുന്ന് കേസല്ലേ എന്ന് ബാബുരാജ് ചോദിച്ചതും ഏവരേയും ഞെട്ടിച്ചു. ബിനീഷ് ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും പിണറായിയെ പ്രതിസന്ധിയിലാക്കാനുള്ള കേസ് മാത്രമാണെന്ന സിപിഎം രാഷ്ട്രീയം പറഞ്ഞ മുകേഷ് പോലും ബാബുരാജിന്റെ വിശദീകരണം കേട്ട് ഞെട്ടിയെന്നതാണ് വസ്തുത. ബാബുരാജിന്റെ ചെറിയ കേസ് പരമാർശമാണ് യഥാർത്ഥത്തിൽ ബിനീഷിനെതിരായ സസ്‌പെൻഷനെ വിശദീകരണത്തിലേക്ക് ഒതുക്കിയത്.

നമുക്ക് ഒരാളെ സംരക്ഷിക്കേണ്ടതില്ല. സിനിമയിലേക്കുള്ള ഒരാപാട് പേരിലേക്ക് അന്വേഷണം വന്നേക്കും. ഇങ്ങനെയുള്ളവരെ സംരക്ഷിക്കുന്നത് ശരിയല്ല. സസ്‌പെൻഷന് എന്നത് ശിക്ഷയില്ല എന്ന നിലപാടാണ് സിദ്ദിഖ് യോഗത്തിൽ സ്വീകരിച്ചത്. സുധീർ കരമനയും ഇതിനെ അനുകൂലിച്ചു തുടക്കത്തിൽ. ഇതോടെ ലീഗൽ അഡൈ്വസറെ വിളിച്ചു ചോദിച്ചു. അദ്ദേഹവും സസ്‌പെൻഷനെ അനുകൂലിച്ചു. ഇതോടെയാണ് മുകേഷ് ന്യായങ്ങൾ കടുപ്പിച്ചത്. മോഹൻലാൽ കൃത്യമായ അകലം പാലിച്ചു. ഇടവേള ബാബുവും കരുതലോടെ ഇരുന്നു. സിദ്ദിഖും മുകേഷുമായുള്ള തർക്കമായി വിഷയം വളർന്നു. സസ്‌പെൻഷൻ അംഗീകരിക്കില്ലെന്ന് മുകേഷ് പറഞ്ഞപ്പോൾ ദിലീപ് വിഷയവും സിദ്ദിഖ് ചർച്ചയാക്കി.

ദിലീപിനെ സംഘടനയിൽ നിന്ന് തന്നെ പുറത്താക്കണമെന്ന് പറഞ്ഞ ആളെല്ലേ മുകേഷ് എന്നായി സിദ്ദിഖിന്റെ ചോദ്യം. ഇതൊന്നും മുകേഷിന്റെ നിലപാടിനെ സ്വാധീനിച്ചില്ല. രാഷ്ട്രീയ പ്രസംഗം പോലെ ന്യായീകരിക്കൽ തുടർന്നു. ഇതിനിടെയാണ് വെറുമൊരു മയക്കുമരുന്ന് കേസിന് ശിക്ഷ വേണമോ എന്ന ബാബുരാജിന്റെ ചോദ്യം എത്തിയത്. ഇതോടെ എല്ലാം മുകേഷിന് അനുകൂലമായി. എല്ലാവരും യോജിച്ച് വിശദീകരണമെന്ന തീരുമാനത്തിൽ എത്തി. സിദ്ദിഖിന്റെ എതിർപ്പോടെ എല്ലാം ്അംഗീകരിച്ചു. അങ്ങനെ ബിനീഷ് അമ്മയ്ക്കുള്ളിൽ തന്നെയായി. വിവാദം ആളിക്കത്തുമെന്നുള്ളതു കൊണ്ടാണ് ചിലർ യോഗത്തിന് എത്താത്തത്.

ജയസൂര്യയും ആസിഫലിയും അജു വർഗ്ഗീസും ഈ തീരുമാനത്തിന്റെ ഭാഗമാകാൻ ആഗ്രഹിച്ചിരുന്നില്ല. ഇടതു പക്ഷത്തോടെ ചേർന്ന് നിൽക്കുന്ന ആസിഫലിയും ബിനീഷിനെ ന്യായീകരിക്കുന്നതിലെ താൽപ്പര്യകുറവ് കാരണമാണ് വരാതിരുന്നത്. മയക്കുമരുന്നു കേസിലെ പ്രതികളുമായി ആസിഫലിക്ക് അടുപ്പമുണ്ടെന്ന ചർച്ചകളും ഉയർന്നിരുന്നു. ഏവരും ബഹുമാനിക്കുന്ന ഇന്ദ്രൻസും യോഗത്തിന് എത്തിയില്ല. അതുകൊണ്ട് തന്നെ സിദ്ദിഖിന്റേത് ഒറ്റപ്പെട്ട ശബ്ദമായി മാറുകയായിരുന്നു.