ബംഗളൂരു: ബിനീഷ് കോടിയേരിക്ക് എതിരായ എൻഫോഴ്‌സ്‌മെന്റ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നത് ബിനീഷിന്റെ മുൻ ഡ്രൈവർ സുനിൽ കുമാർ എന്ന മണികണ്ഠനും ഒരു രഞ്ജി ട്രോഫി താരവും ചേർന്നെന്ന് കണ്ടെത്തി കേന്ദ്ര ഏജൻസികൾ. കഴക്കൂട്ടത്തെ ഹോട്ടൽ ബിസിനസ് നടത്തുന്ന ക്രിക്കറ്റ് താരത്തിനെതിരേയും കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിലുള്ള ബിനീഷിന്റെ ജാമ്യാപേക്ഷ നാളെ ബെംഗളൂരു പ്രത്യേക കോടതി പരിഗണിക്കും. ഇതിൽ വിധി വന്ന ശേഷം അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കും.

മണികണ്ഠനും ക്രിക്കറ്റ് താരവും താരത്തിന്റെ ഭാര്യാ പിതാവും ചേർന്നാണ് അന്വേഷണം അട്ടിമറിക്കാൻ നീക്കം നടത്തുന്നതെന്നാണ് സൂചന. കഴക്കൂട്ടത്തെ ഹോട്ടലിൽ പങ്കാളിയായ മറ്റ് ക്രിക്കറ്റ് താരങ്ങൾ പതിയെ ഇടപാടുകളിൽ നിന്ന് പിന്മാറി. ബംഗളൂരുവിലെ അനൂപ് മുഹമ്മദിന്റെ ഹോട്ടലിൽ നിന്ന് തന്റെ ബൈക്ക് കണ്ടെത്തിയതോടെ ജാഫർ ജമാൽ എന്ന ക്രിക്കറ്ററും പ്രതിരോധത്തിലായി. അതിന് ശേഷം ബിനീഷുമായി എല്ലാവരും അകലം പാലിക്കാൻ തുടങ്ങി. എന്നാൽ എസ് ബി ഐയുടെ താരമായ ക്രിക്കറ്റർ ഇപ്പോഴും ഗൂഢാലോചനകളിൽ സജീവമാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ ബിനീഷിന്റെ ബിനാമികളെ കുറിച്ചുള്ള അന്വേഷണം പുതിയ തലത്തിലേക്ക് എത്തുകയാണ്. ബിനീഷ് കോടിയേരിക്കൊപ്പം തിരുവനന്തപുരം ശംഖുമുഖത്ത് ഓൾഡ് കോഫി ഹൗസ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പിൽ പങ്കാളിയായ ടോറസ് റെമഡീസ് ഉടമ ആനന്ദ് പത്മനാഭനെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും. 2004ൽ ആരംഭിച്ച മരുന്നു വിതരണ കമ്പനിയായ ടോറസ് റെമഡീഡിന്റെ ഡയറക്ടർമാരിൽ ഒരാളുമാണ് ബിനീഷ് എന്ന് ഇഡി നേരത്തെ പ്രത്യേക കോടതിയെ അറിയിച്ചിരുന്നു.

താൻ ഡയറക്ടറായുള്ള ബെംഗളൂരുവിലെ ബീ ക്യാപിറ്റൽ ഫോറെക്‌സ് ട്രേഡിങ്, കേരളത്തിലെ ബീ ക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസസ് എന്നിവയ്‌ക്കൊപ്പം ടോറസ് റെമഡീസിന്റെ മറവിലും ബിനീഷ് കള്ളപ്പണം വെളുപ്പിക്കാൻ ശ്രമം നടത്തിയെന്ന് ഇഡി സംശയിക്കുന്നു. മരുന്നു വ്യാപാരത്തിന്റെ മറവിൽ ലഹരി ഇടപാടു നടന്നിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഇതിനൊപ്പമാണ് ക്രിക്കറ്റ് താരത്തേയും കേന്ദ്ര ഏജൻസികൾ സംശയ നിഴലിൽ നിർത്തുന്നത്. വലിയ ഗൂഢാലോചനകൾ ഇപ്പോഴും നടക്കുന്നുണ്ടെന്നാണ് സൂചന.

ഓൾഡ് കോഫി ഹൗസിന്റെ പേരിൽ തിരുവനന്തപുരത്തെ ബാങ്കിൽ നിന്നു വായ്പയെടുത്തതിനെക്കുറിച്ച് ആനന്ദ് പത്മനാഭനിൽ നിന്നു വിശദീകരണം തേടിയേക്കും. വായ്പയെടുത്ത പണം ലഹരി ഇടപാടിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് കൈമാറിയെന്നാണ് ബിനീഷ് നേരത്തെ ഇഡിക്കു മൊഴി നൽകിയത്. അതുകൊണ്ട് കൂടിയാണ് ആനന്ദ് പത്മനാഭനെ ചോദ്യം ചെയ്യുന്നത്. കഴക്കൂട്ടത്തെ ക്രിക്കറ്റ് താരങ്ങളുടെ ഹോട്ടൽ നടത്തിപ്പിലും സംശയമുണ്ട്. രണ്ട് രഞ്ജി ട്രോഫി താരങ്ങൾ ഇതിൽ സജീവമായി പങ്കാളിയായിരുന്നു. ഇതിൽ ഒരാൾ സംഘവുമായി തെറ്റിപിരിഞ്ഞതായും സൂചനയുണ്ട്.

തിരുവനന്തപുരത്തെ ബിനീഷിന്റെ ഇടപാടുകൾ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കാനാണ് ഇഡിയുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് കാർ പാലസ് ഉടമയുടെ മൊഴി വിശദമായി ഇഡി പരിശോധിക്കുന്നത്. ഇതിന് ശേഷം തിരുവനന്തപുരത്ത് നേരിട്ടെത്തി അന്വേഷണം നടത്താനാണ് സംഘത്തിന്റെ തീരുമാനം.