- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിനീഷ് അകത്തു കിടക്കുമ്പോഴും വാഗമണിലെ ഡിജെ പാർട്ടിയെ നിയന്ത്രിച്ചത് അടുത്ത സുഹൃത്ത്; കോടിയേരിയുടെ മകന്റെ കൂട്ടുകാരൻ ലഹരി പാർട്ടിയിൽ എത്തിയത് ഗൗരവത്തോടെ എടുത്ത് കേന്ദ്ര ഏജൻസികൾ; നിശാ പാർട്ടിയിൽ പങ്കെടുത്തവരുടെ രക്ത പരിശോധന നിർണ്ണായകമാകും; സിപിഐ നേതാവിന്റെ കള്ളക്കളി പൊളിച്ചത് അതീവ രഹസ്യമായി; ക്ലിഫ് ഇൻ റിസോർട്ടിൽ ലഹരി എത്തിയതും ബംഗളൂരു റൂട്ടിലോ?
വാഗമൺ: ഇടുക്കി വാഗമണിൽ നടന്ന വിവാദ നിശാപാർട്ടിയിലും കേന്ദ്ര ഏജൻസികളുടെ അന്വേഷണം വരും. ബിനീഷ് കോടിയേരിയുടെ കണ്ണൂർ സ്വദേശിയായ സൃഹൃത്തും ഈ പാർട്ടിയിൽ പങ്കെടുത്തിരുന്നതായി സൂചനയുണ്ട്. അനസ് സൂക്കാണ് നിശാപാർട്ടിയിൽ പങ്കെടുത്തത്. അനസിന്റെ സാന്നിധ്യം അന്വേഷണ സംഘം സ്ഥിരീകരിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷിന്റെ ബിനാമിയെന്ന സംശയത്തിൽ അനസ് സൂക്കിനെ എൻഫോഴ്സ് ഡയറക്ടറേറ്റ് നേരത്തേ ചോദ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം.
സമൂഹമാധ്യമമായ ടെലഗ്രാമിൽ പ്രത്യേക ഗ്രൂപ്പുണ്ടാക്കിയായിരുന്നെന്ന് പാർട്ടി സംഘടിപ്പിച്ചത്. പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയവരുടെ മൊബൈൽ ഫോണുകൾ സൈബർ സെൽ, സൈബർ ഡോം എന്നിവ വഴി പരിശോധിച്ചുവരികയാണ്. ലഹരിമരുന്ന് ഉപയോഗം കണ്ടെത്താൻ രക്തപരിശോധനയും നടത്തും. കോവിഡ് മാനദണ്ഡം ലംഘിച്ചതിനും ലഹരിമരുന്ന് ഉപയോഗം നടത്തിയതിനും ക്ലിഫ് ഇൻ റിസോർട്ടിന് ജില്ലാ കലക്ടർ സ്റ്റോപ് മെമോ നൽകി. ബംഗളൂരുവിലെ ലഹരി കടത്ത് കേസുമായി ഇതിന് ബന്ധമുണ്ടോ എന്നും കേന്ദ്ര ഏജൻസികൾ പരിശോധിക്കും.
കണ്ണൂർ സ്വദേശിയായ അനസ് സൂക്ക് ബിനീഷ് കോടിയേരിയുടെ അടുത്ത സുഹൃത്താണ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷിന്റെ ബിനാമിയെന്ന സംശയത്തിൽ അനസ് സൂക്കിനെ എൻഫോഴ്സ് ഡയറക്ടറേറ്റ് നേരത്തേ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നിശാപാർട്ടിയിൽ ഇയാൾ പങ്കെടുത്തത്. നിലവിൽ ബംഗലൂരുവിൽ ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയും മറ്റൊരു സുഹൃത്തായ അനൂപ് മുഹമ്മദും ജയിലിൽ കഴിയുകയാണ്. ഇതേ സമയത്ത് തന്നെ ബിനീഷിന്റെ വിശ്വസ്തൻ മുഹമ്മദ് സൂക്ക് അടക്കമുള്ളവർ പങ്കെടുത്ത നിശാപാർട്ടിയിൽ ബംഗലൂരുവിൽ നിന്നും ലഹരിമരുന്നുകൾ എത്തിച്ചു എന്നതും സംശയകരമാണ്.
കണ്ണൂർ സ്വദേശിയായ സൂക്ക് എങ്ങനെ വാഗമണ്ണിൽ നടന്ന പാർട്ടിയിൽ എത്തി എന്നതും സംശയത്തിന് ഇട നൽകുന്നതാണ്. സൂക്ക് ഉൾപ്പെടെയുള്ളവരാണോ ലഹരി വസ്തുക്കൾ റിസോർട്ടിൽ എത്തിച്ചത് എന്നതിനെ കുറിച്ച് വിശദമായി അന്വേഷണം നടത്തും എന്നാണ് സൂചന. ബിനീഷ് കോടിയേരിയുടെ ബിനാമി ആണ് സൂക്ക് എന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി ജയിലിൽ കിടക്കുമ്പോൾ തന്നെ ബിനീഷിന്റെ ബിനാമി എന്നറിയപ്പെടുന്ന സുഹൃത്ത് സൂക്ക് ലഹരി പാർട്ടിക്കെത്തിയതാണ് ഇവരുടെ ലഹരി മാഫിയ ബന്ധത്തിലേക്ക് വിരൽ ചൂണ്ടുന്നത്. വരും ദിവസങ്ങിൽ അന്വേഷണ സംഘം ഇതേ കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നാണ് സൂചന. നേരത്തെ മുഹമ്മദ് അനൂപും ബിനീഷും കോട്ടയത്ത് നിശാ പാർട്ടി നടത്തിയെന്ന സംശയവും സജീവമായിരുന്നു.
നിശാ പാർട്ടിയിൽ പങ്കെടുക്കാൻ വട്ടപ്പതാലിലെ ക്ലിഫ് ഇൻ റിസോർട്ടിൽ എത്തിയത് 24 യുവതികൾ അടക്കം പ്രഫഷനലുകളുടെ വൻ നിരയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാർ, എൻജിനീയർമാർ, മാനേജ്മന്റ് വിദഗ്ദ്ധർ, ഫാഷൻ ഡിസൈനർമാർ എന്നിവരാണ് ഭൂരിപക്ഷവും. ഇതിൽ തന്നെ മലപ്പുറം, കോഴിക്കോട് പ്രദേശത്തു നിന്നുള്ളവരാണ് കൂടുതലും. ആകെ 59 പേർ നിശാ പാർട്ടിയിൽ പങ്കെടുത്തെങ്കിലും, പാർട്ടിയുടെ സംഘാടകയായ ഒരു സ്ത്രീ ഉൾപ്പെടെ 9 പേരെയാണ് പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്.
ജന്മദിനാഘോഷത്തിനായി സമൂഹമാധ്യമം വഴി യുവാക്കളെ സംഘടിപ്പിച്ച ശേഷം ഇവിടെ എത്തുന്നവർക്ക് ലഹരിമരുന്നുകൾ വിൽപന നടത്തുകയായിരുന്നു നിശാപാർട്ടിയുടെ പ്രധാന ലക്ഷ്യം. നിശാപാർട്ടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് മാത്രമായി ടെലഗ്രാമിൽ പ്രത്യേകം ഗ്രൂപ്പ് ഉണ്ടാക്കി. എന്നാൽ ഇവിടെ ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന് തങ്ങൾക്ക് അറിവില്ല എന്നാണ് പങ്കെടുക്കാൻ എത്തിയവരുടെ മൊഴി . ലഹരിമരുന്നുകൾ ഇവരുടെ പക്കൽ നിന്നു കണ്ടെത്താത്ത സാഹചര്യത്തിൽ സംഘാടകർ അല്ലാത്ത ആരെയും കേസിൽ ഇതുവരെ പ്രതിചേർത്തിട്ടില്ല.
പരിശോധനയിൽ പിടിച്ചെടുത്തത് എട്ടിനം ലഹരി വസ്തുക്കളാണ്. ആരാണു ലഹരിമരുന്ന് എത്തിച്ചതെന്നോ ആരൊക്ക ഉപയോഗിച്ചെന്നോ വ്യക്തമാകാത്ത സാഹചര്യത്തിൽ സംഘാടകരെ മാത്രമാണു പ്രതിചേർത്തത്. സിപിഐ ലോക്കൽ സെക്രട്ടറി ഷാജി കുറ്റിക്കാടന്റേതാണു റിസോർട്ട്. ഷാജി കുറ്റിക്കാടനെ പാർട്ടിയിൽ നിന്നു പുറത്താക്കിയതായി സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമനും അറിയിച്ചു. ലഹരിമരുന്ന് മാഫിയയ്ക്കും നിശാപാർട്ടിക്കും സ്ഥാപനം വിട്ടു നൽകിയതു സാമൂഹികവിരുദ്ധവും കമ്യൂണിസ്റ്റ് മൂല്യങ്ങൾക്കു നിരക്കാത്തതുമാണെന്നു വ്യക്തമാക്കിയാണു നടപടി.
കോഴിക്കോട് രാമനാട്ടുകര കെഎൻഎച്ച് ഹൗസിൽ ഷൗക്കത്ത് ഹംസ (36), കൊമ്മേരി പലേക്കൊട്ട് അജയൻ അയ്യപ്പാസ് (35), ഫറോക്ക് പെരുമുഖം മീഖരാജാ വീട്ടിൽ സൽമാൻ (38), തൃശൂർ പൂവത്തൂർ കരയിൽ അമ്പലത്തിൽ വീട്ടിൽ നിഷാദ് മുഹമ്മദുണ്ണി (36), കാസർകോട് ഹോസ്ദുർഗ് ഫാത്തിമ മൻസിലിൽ മുഹമ്മദ് റാഷിദ് (31), എറണാകുളം കണ്ണാകുളങ്ങര ആകാശം നിവാസിൽ ബ്ലിസ്റ്റി വിശ്വസ് (23), ഇടുക്കി തൊടുപുഴ മങ്ങാട്ടുകവല അജ്മൽ സഹീർ (30), മലപ്പുറം തിരൂരങ്ങാടി കൂരംപ്ലാക്കൽ കെ.മെഹാർ ഷരീഫ് (27), എടപ്പാൾ കല്ലുങ്കൽ നബീൽ അബൂബക്കർ (36) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ ലഹരിമരുന്നുമായി പിടിയിലായ യുവാക്കളിൽ നിന്നാണു പൊലീസിനു വാഗമണ്ണിലെ ഒത്തുചേരലിനെപ്പറ്റി വിവരം ലഭിച്ചത്. കൊച്ചി പൊലീസ് ഈ വിവരം ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.കറുപ്പുസ്വാമിക്കു കൈമാറി. അദ്ദേഹം പരിശോധനയ്ക്ക് എഎസ്‌പി എച്ച്.സുരേഷ് കുമാറിനെ ചുമതലപ്പെടുത്തി. വിവരങ്ങൾ ചോരാതിരിക്കാൻ കട്ടപ്പന സബ് ഡിവിഷനു പുറത്തുള്ള 10 സ്റ്റേഷനുകളിലെ പൊലീസുകാരാണു പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. നാല് ഡിവൈഎസ്‌പിമാർക്കു മേൽനോട്ടച്ചുമതല നൽകി.
ഇവർ സംസ്ഥാനത്തു പലയിടത്തും ഇത്തരം പാർട്ടികൾ നടത്തിയെന്നു സംശയിക്കുന്നു. മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്നാണ് ലഹരിമരുന്നു സംഘടിപ്പിച്ചതെന്ന് പ്രതികൾ പൊലീസിനു മൊഴി നൽകി. കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിച്ചേക്കുമെന്നും പൊലീസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ