ബെംഗളൂരു: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ അഴിക്കുള്ളിലായിട്ട് 96 ദിവസമായി. ആർക്കും തന്നെ ഒന്നും ചെയ്യാനാകില്ലെന്ന് പറഞ്ഞു നടന്ന ബിനീഷ് കോടിയേരി ബംഗളൂരുവിലെ ജയിലിൽ അതീവ ക്ഷീണിതനാണ്. സാമ്പത്തിക കുറ്റകൃത്യം മാത്രമാണ് ബിനീഷിനെതിരെ ഇതുവരെ ഉന്നയിച്ചിട്ടുള്ളത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസാണ് ഇത്. എന്നാൽ മയക്കുമരുന്ന് കേസിൽ പ്രതി ചേർത്തിട്ടുമില്ല. എന്നിട്ടും ഇത്രയും ദിവസമായിട്ടും ബിനീഷിന് ജാമ്യം കിട്ടുന്നില്ലെന്നതാണ് കോടിയേരി കുടുംബത്തേയും പ്രതിസന്ധിയിലാക്കുന്നത്.

പല വിവാദങ്ങളും ഇതിന് മുമ്പും ബിനീഷിനെതിരെ ഉയർന്നിട്ടുണ്ട്. ഇതെല്ലാം പുല്ലുപോലെ ബിനീഷ് ഊരിപ്പോയി. ഇതിനിടെയാണ് മയക്കുമരുന്ന് കേസ് വരുന്നത്. സ്വർണ്ണ കടത്തിലും ബിനീഷ് സംശയ നിഴലിലാണ്. എന്നാൽ കേസിൽ പ്രതിയാക്കിയിട്ടില്ല. കവിയൂർ കേസിലെ വിഐപിയാണെന്നായിരുന്നു ബിനീഷിനെതിരെ ഉയർന്ന ആദ്യ ആരോപണം. റഷ്യൻ സുന്ദരികൾക്കൊപ്പമുള്ള ഫോട്ടോ ഉണ്ടാക്കിയതും വൻ വിവാദം ആയിരുന്നു. തിരുവനന്തപുരത്തെ തല്ലുകൊള്ളി എസ് എഫ് ഐ നേതാവ് ബിസിനസിൽ ഇറങ്ങിയയോടെ കോടീശ്വരനാവുകയും ചെയ്തു. അച്ഛൻ കോടിയേരിയുടെ മന്ത്രി പദവിയും മറ്റും ബിനീഷിന്റെ വളർച്ചയിൽ നിർണ്ണായകമായി. അത്തരമൊരു കരുത്തനാണ് ബംഗളൂരുവിലെ ജയിലിൽ കിടക്കുന്നത്.

കള്ളപ്പണ കേസിൽ ബിനീഷിന്റെ ജാമ്യ ഹർജിയിൽ ബംഗളൂരു കോടതിയിൽ വാദം തുടരുകയാണ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യൽ കസ്റ്റഡി പ്രത്യേക കോടതി 12 വരെ നീട്ടി. ജാമ്യാപേക്ഷയെ എതിർത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തടസ്സവാദം ഉന്നയിച്ചതോടെ ഇതിന്മേലുള്ള വാദം ആരംഭിച്ചു. പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ റിമാൻഡിലുള്ള ബിനീഷിനെ വിഡിയോ കോൺഫറൻസിങ് വഴിയാണു ഹാജരാക്കിയത്. ലഹരി ഇടപാടുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കള്ളപ്പണ കേസിലെ നാലാം പ്രതിയാണ്. ഈ കേസിലെ മറ്റ് പ്രതികൾ ലഹരി കടത്ത് കേസിലും പ്രതിയാണ്.

ബെംഗളൂരു മയക്കുമരുന്ന് കേസ് രണ്ടാം പ്രതി മുഹമ്മദ് അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം തുടങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒക്ടോബർ 29 നാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ 7 വർഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നും, ഇതിൽ 1.22 കോടി രൂപയ്ക്ക് മാത്രമാണ് ആദായ നികുതി റിട്ടേൺ സമർപ്പിച്ചതെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. അനൂപ് മുഹമ്മദിനെ ബിനാമിയാക്കി കമ്പനികൾ തുടങ്ങിയത് ബിനീഷാണെന്നും എൻഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു. നിലവിൽ പരപ്പന അഗ്രഹാര ജയിലിൽ റിമാൻഡിലാണ് ബിനീഷ് കോടിയേരി.

കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകൾ ചേർത്താണ് എൻഫോഴ്സ്മെന്റ് ബിനീഷ് കോടിയേരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, കന്നഡ സീരിയൽ നടി ഡി.അനിഖ, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ എന്നിവരാണ് കേസിലെ ആദ്യ 3 പ്രതികൾ.

മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ബിനീഷിനെതിരെ കേസെടുക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ അത ഇതുവരെ ഉണ്ടായിട്ടില്ല. ഹോട്ടൽ ബിസിനസ് നടത്തിയിരുന്ന അനൂപ് മുഹമ്മദ് എം.ഡി.എം.എ. അടക്കമുള്ള ലഹരിമരുന്നുകളുടെ വിൽപനയിൽ സജീവമായിരുന്നു. അനൂപിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ബിനീഷ് കോടിയേരിയുമായുള്ള ബന്ധം വെളിച്ചത്തുവന്നത്. ബംഗളുരു നഗരത്തിന്റെ ബിസിനസ് സാധ്യതകൾ തിരിച്ചറിഞ്ഞു കൊണ്ടായിരുന്നു മുഹമ്മദ് അനൂപ് എന്ന ബിനീഷ് കോടിയേരിയുടെ അടുത്ത സുഹൃത്ത് മയക്കുമരുന്നു കച്ചവടം തുടങ്ങിയത്. മയക്കുമരുന്ന് എങ്ങനെ വിൽപ്പന നടത്തണം എന്ന് കൃത്യമായ മാസ്റ്റർപ്ലാൻ തന്നെ ഇവർ തയ്യാറാക്കിയിരുന്നു.

സെലബ്രിറ്റികളുടെ സാന്നിധ്യം കൂടി ആയപ്പോൾ എല്ലാം ഉഗ്രനായി തന്നെ നടന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കായി ടെലഗ്രാം ഗ്രൂപ്പുകൾ അടക്കം ബംഗളുരുവിൽ സജീവമായിരുന്നു. അതുകൊണ്ട് തന്നെ കച്ചവടം കൊഴിപ്പിക്കാൻ ഈ സാധ്യതയാണ് മുഹമ്മദ് അനൂപ് ഉപയോഗിച്ചത്. ടെലഗ്രാമിലൂടെ ഡീലുറപ്പിച്ച് ആവശ്യമുള്ളത്ര ലഹരിമരുന്ന് പാർസലായി താമസ സ്ഥലത്തെത്തിക്കുന്ന ശൈലിയായിരുന്നു ഇവർ പിന്തുടർന്നത്. ബെംഗളൂരു പോലുള്ളയിടങ്ങളിൽ ഹോം ഡെലിവറി സർവ സാധാരണമായതിനാൽ പിടിക്കപ്പെടാൻ ഒരു സാധ്യതയുമില്ലാത്ത ബിസിനസ് പ്ലാനായിരുന്നു ഇത്.

ഹോട്ടൽ കൂടി നടത്തുന്ന വ്യക്തി ആയതോടെ ഇതും മയക്കുമരുന്നു കച്ചവടത്തിന് മറയായി. വാങ്ങുന്നതിനേക്കാൾ ഇരട്ടിയിലധികം വിലയ്ക്ക് വിൽപ്പന നടത്താമെന്നതിനാൽ പൊളിഞ്ഞു പോയ ബിസിനസ് ഒക്കെ തിരിച്ച് പിടിക്കാമെന്ന് കരുതിയിരുന്നു മുഹമ്മദ്. അനൂപ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക മുമ്പാകെ നൽകിയ മൊഴി ബിനീഷ് കോടിയേരിയെ ശരിക്കും വെട്ടിലാക്കുന്നതായിരുന്നു.സിനിമാ-സീരിയൽ നടി അനിഘയെ കുടുക്കിയതും അനൂപിന്റെ ഈ മൊഴികളാണ്.