ബംഗളൂരു: കേരള സർക്കാരിന്റെ ചില കരാർ ജോലികൾ 3-4% കമ്മിഷന് തരപ്പെടുത്തുന്നതു സംബന്ധിച്ച് ബിനീഷ് കോടിയേരിയും ലഹരിക്കേസ് പ്രതികളുമായി ചർച്ച നടന്നെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രത്തിൽ നിഴലിക്കുന്നത് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ വ്യക്തമായ തെളിവുണ്ടെന്ന വസ്തുത. തെളിവുകളും മൊഴികളും എതിരായാതിനാലാണ് ബിനീഷിനെ പിടികൂടിയതെന്ന് വ്യക്തം. 101 ദിവസമായി അഴിക്കുള്ളിലാണ് ബിനീഷ്. ഇപ്പോഴും ബിനീഷിന് ജാമ്യം കൊടുക്കുന്നതിനെ എതിർക്കുകയാണ് ഇഡി.

ലഹരിക്കടത്ത് കേസിലെ പ്രതികളെ ബിനീഷ് സഹായിച്ചത് കള്ളപ്പണം വെളുപ്പിക്കാനാണെന്ന് ഇ.ഡി. കുറ്റപത്രത്തിൽ പറയുന്നു. ലഹരിക്കടത്ത് കേസിലെ പ്രതി അനൂപ് മുഹമ്മദ് ബിനീഷിന്റെ ബിനാമിയാണെന്ന് നേരത്തെതന്നെ ഇ.ഡി. കോടതിയെ അറിയിച്ചിരുന്നു. അനൂപ് മുഹമ്മദ്, ബിജേഷ് രവീന്ദ്രൻ എന്നീ പ്രതികളുമായി ബിനീഷ് ബന്ധം സ്ഥാപിച്ചത് കള്ളപ്പണം വെളുപ്പിക്കുക എന്ന ഉദ്ദേശത്തത്തോടെയാണെന്നും ഇഡി കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കലിന്റെ ക്ലാസിക് ഉദാഹരണമാണ് ഈ കേസെന്നാണ് ഇഡി പറയുന്നത്.

ബിനീഷിന്റെ ബെനാമിയെന്നു വെളിപ്പെടുത്തിയ ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദിന്റെ സുഹൃത്ത് സുഹാസ് കൃഷ്ണ ഗൗഡയാണ് (32) ബിനീഷിനെതിരെ നിർണ്ണായക മൊഴി നൽകിയതെന്നും ഇഡി പറയുന്നു. അനൂപ് വാടകയ്‌ക്കെടുത്ത റോയൽ സ്വീറ്റ്‌സ് അപ്പാർട്‌മെന്റിൽ കൊക്കെയ്ൻ പാർട്ടിക്കിടെയാണ് 'കരാർ ചർച്ച' നടത്തിയത്. അനൂപിനൊപ്പം താമസിച്ചിരുന്ന എയർ ഏഷ്യ വിമാനക്കമ്പനി ജീവനക്കാരൻ സോണറ്റ് ലോബോ, എയർഹോസ്റ്റസ് പരിശീലനം പൂർത്തിയാക്കിയ രേഷ്മ തെസ്‌നി, മറ്റൊരു യുവതി തുടങ്ങിയവരും പാർട്ടിയിൽ പങ്കെടുത്തിരുന്നു.

ബിനീഷ് പലവട്ടം ഈ അപ്പാർട്‌മെന്റിൽ തങ്ങി. ഇവിടെ നിന്നാണ് ഓഗസ്റ്റിൽ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) ലഹരി മരുന്നു പിടിച്ചത്. ലഹരിക്കേസിൽ അനൂപ്, മലയാളിയായ റിജേഷ് രവീന്ദ്രൻ, കന്നഡ നടി അനിഖ, സുഹാസ് തുടങ്ങിയവരാണ് പിടിയിലായത്. 'ബോസ്' ആയ ബിനീഷ്, കരാർ ജോലികളും ചില ഈവന്റുകളുടെ സ്‌പോൺസർഷിപ്പും മറ്റും നേടാൻ തന്നെ മറയാക്കിയതായി അനൂപും മൊഴി നൽകി. ഇതും ബിനീഷിന് വിനയാണ്.

ബിനീഷിന്റെ വീട്ടിൽ നിന്ന് അനൂപിന്റെ ക്രെഡിറ്റ് കാർഡ് കണ്ടെത്തിയത് ഇതിനു തെളിവാണ്. ഹോട്ടൽ നടത്തിപ്പിനായി 35-40 ലക്ഷം രൂപയാണു ബിനീഷ് അനൂപിനു കൈമാറിയത്. ഇതിൽ 3 ലക്ഷം അനൂപിന്റെ ശസ്ത്രക്രിയയ്ക്കും 2 ലക്ഷം ഇയാളുടെ സഹോദരന്റെ വിവാഹത്തിനും നൽകിയെന്നാണു വിശദീകരണം. 2012-19 വരെയുള്ള 5.17 കോടി രൂപയുടെ വരുമാനത്തിൽ 3.95 കോടിയുടെ റിട്ടേൺ സമർപ്പിച്ചിട്ടില്ല.

ബിനീഷിന് കേരള സർക്കാരിൽ വൻ സ്വാധീനമുണ്ട്. അതിനാൽ സർക്കാരിന്റെ വിവിധ കരാറുകൾ ലഭിക്കാൻ കഴിയുമെന്ന് പലരോടും അവകാശപ്പെടുകയും കമ്മീഷൻ പറ്റുകയും ചെയ്തു. മൂന്ന് മുതൽ നാല് ശതമാനം വരെ കമ്മീഷൻ ബിനീഷ് വാഗ്ദാനം ചെയ്തിരുന്നതായി ചിലർ മൊഴി നൽകിയതായും കുറ്റപത്രത്തിലുണ്ട്.

കഴിഞ്ഞ വർഷം ഒക്ടോബർ 29-നാണ് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ബിനീഷ് ബെംഗളൂരുവിൽ അറസ്റ്റിലായത്. നിലവിൽ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയാണ് ബിനീഷ് കോടിയേരി.