- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ നൂൽ ചേർത്തു നെയ്ത പട്ടു സാരിയും വൈരം പതിച്ച മാലയും മോതിരവും അടക്കം 35 ലക്ഷത്തിന്റെ ആഭരണങ്ങൾ അണിഞ്ഞ അമ്മ; ദാവൂദിന്റെ കൈയാളുകളും വിവാഹ മഹാമത്തിന് എത്തിയെന്ന് റിപ്പോർട്ട് ചെയ്തത് 2008ൽ ജനശക്തി മാസിക; പഴയ ആഭ്യന്തരമന്ത്രിയുടെ മൂത്ത മകന്റെ വിവാഹം വീണ്ടും ചർച്ചകളിൽ; കോടിയേരി കുടുംബത്തിനെ കുടുക്കാൻ പുതിയ ആയുധങ്ങൾ തേടി കേന്ദ്ര ഏജൻസി
കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വർണക്കള്ളക്കടത്തു കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുമ്പോൾ പന്ത്രണ്ടുവർഷം മുമ്പ് നടന്ന വിവാഹ മഹാമഹവും കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നുവെന്ന് റിപ്പോർട്ട്. കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കെ, മൂത്തമകൻ ബിനോയ് കോടിയേരിയുടെ, 2008 ഏപ്രിലിൽ നടന്ന ആഡംബര വിവാഹമാണിത്. ഈ വിവാഹവും സംശയ നിഴലിലാണെന്ന വാർത്ത ജന്മഭൂമിയാണ് നൽകുന്നത്.
വി എസ്. അച്യുതാനന്ദൻ സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരിക്കെ തിരുവനന്തപുരത്ത് ശ്രീമൂലം ക്ലബിൽ ഏപ്രിൽ 11 മുതൽ 13 വരെ മൂന്നു ദിവസമായാണ് കോടിയേരിയുടെ മകന്റെ വിവാഹാഘോഷങ്ങൾ നടന്നത്. വിദേശത്തുനിന്നുൾപ്പെടെ എത്തിയ വിശിഷ്ടാതിഥികളിൽ വൻബിസിനസുകാരും റിയൽ എസ്റ്റേറ്റ് ഇടപാടുകാരും സ്വർണ- വജ്ര വ്യാപാരികളും അടക്കം പങ്കെടുത്തിരുന്നു. കള്ളക്കടത്ത്-ലഹരി മാഫിയാ തലവൻ ദാവൂദ് ഇബ്രഹാമിന്റെ കൈയാളുകളും ചടങ്ങിൽ പങ്കെടുത്തുവെന്ന് ചില മാധ്യമങ്ങൾ എഴുതി. ആ വാർത്തകൾ നിഷേധിക്കാനോ മാധ്യമങ്ങൾക്കെതിരേ നടപടിക്കോ കോടിയേരി കുടുംബം മിനക്കെട്ടില്ല.
അന്ന് ഏറെ വിവാദമായ ആഡംബര വിവാഹം കോടിയേരി മക്കളുടെ വിപുലമായ ബന്ധവും വിദേശങ്ങളിലെയും ബിസിനസ് ലോകത്തേയും സ്വാധീനം തെളിയിക്കാൻ കൂടിയായിരുന്നുവെന്ന ആരോപണമാണ് ജന്മഭൂമി ഉയർത്തുന്നു. ബിനീഷായിരുന്നു അതിഥികളെ സ്വീകരിക്കാൻ മുന്നിൽ. വി എസ്. അച്യുതാനന്ദൻ 'ഭൂമാഫിയ' എന്നു മുദ്രകുത്തിയ വ്യക്തിയായിരുന്നു വിവാഹത്തിന്റെ സ്‌പോൺസർഷിപ്പും നടത്തിപ്പുമെന്ന് ജനശക്തി മാസിക എഴുതി-ഇതാണ് ജന്മഭൂമിയുടെ ആരോപണം.
ഗൾഫിലെ ഏറ്റവും വലിയ മദ്യ രാജാവായ ഒരുമലയാളിയും ചെലവു വഹിക്കാൻ പങ്കുചേർന്നു, കമ്യൂണിസ്റ്റ് നേതാക്കളുടെ ആഡംബര ജീവിതവും ധൂർത്തും പാർട്ടിയിൽ വിവാദമായപ്പോൾ തെറ്റുതിരുത്തൽ രേഖ തയാറാക്കാൻ 19 ാം പാർട്ടി കോൺഗ്രസ് ചുമതലപ്പെടുത്തിയ കോടിയേരിയുടെ മകന്റെ വിവാഹമായിരുന്നു അത്ര ആഡംബരമായി നടത്തിയതെന്നും മാസിക എഴുതി. ജനശക്തി മാസിക 2008 മെയ് രണ്ടിനിറക്കിയ പ്രത്യേക പതിപ്പ് ഈ വിവാഹത്തെക്കുറിച്ചായിരുന്നുവെന്നും ഇതാണ് അന്വേഷണത്തിന് കാരണമെന്ന തരത്തിലുമാണ് ജന്മഭൂമി വാർത്ത.
ബിനീഷ് കോടിയേരിയുടെ അമ്മ സ്വർണനൂൽ ചേർത്തു നെയ്ത പട്ടു സാരിയും വൈരം പതിച്ച മാലയും മോതിരവും അടക്കം 35 ലക്ഷത്തിന്റെ ആഭരണങ്ങൾ അണിഞ്ഞ് നിന്നിരുന്നുവെന്ന് ജനശക്തി എഴുതി. 80 ലക്ഷം രൂപ ചെലവഴിച്ചായിരുന്നത്രേ വിവാഹം. സ്വർണക്കള്ളക്കടത്തു കേസിലെ ബിനീഷിന്റെ ബന്ധം അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികൾക്ക് റിയൽ എസ്റ്റേറ്റ് മാഫിയയിലേക്കുമുള്ള അന്വേഷണത്തിന് വഴി തുറക്കുകയാണ് ഈ ജനശക്തി വാർത്തയെന്നാണ് ജന്മഭുമിയിലെ സൂചന.
സാമ്പത്തിക കുറ്റ കൃത്യങ്ങൾ വ്യക്തമാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ബോധ്യപ്പെട്ടാൽ ഭീകര ബന്ധവും തീവ്രവാദവും അന്വേഷിക്കുന്ന എൻഐഎയുടെ അന്വേഷണ പരിധിയിലേക്ക് ബിനീഷ് കോടിയേരിയുടെ പ്രവർത്തനങ്ങളുമെത്തുമെന്ന് ജന്മഭൂമി പറയുന്നു. ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കർണ്ണാകടയിൽ ജയിലിലാണ് ബിനീഷ് ഇപ്പോൾ. സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ബിനീഷിന്റെ അമ്മ വിനോദിനിയെ ചോദ്യം ചെയ്യാൻ ഇരിക്കുകയാണ്. ഇതിനിടെയാണ് പുതിയ വാർത്തകളും എത്തുന്നത്.
ലൈഫ് മിഷനിലെ കരാറുകാരൻ സ്വപ്‌നാ സുരേഷിന് വാങ്ങി കൊടുത്ത ഐഫോൺ എങ്ങനെ വിനോദിനിയുടെ കൈയിലെത്തിയെന്നതാണ് കസ്റ്റംസിന്റെ സംശയം.
മറുനാടന് മലയാളി ബ്യൂറോ