- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിനീഷിന് ഉടനൊന്നും ജാമ്യം കിട്ടാൻ സാധ്യതകൾ അടയുന്നു; രോഗമില്ലെന്ന സൂചന നൽകി അച്ഛൻ പുറത്തിറങ്ങിയാൽ അതും കേന്ദ്ര ഏജൻസി ആയുധമാക്കും; മകനെ ജയിലിന് പുറത്തെത്തിക്കാൻ നേതാവിന് വീട്ടിനുള്ളിൽ കഴിയേണ്ടി വരും; ഭരണ തുടർച്ച കിട്ടിയാലും കോടിയേരിക്ക് തിരിച്ചു വരവിന് തടസ്സമായി ബംഗളൂരു കോടതിയിലെ അസുഖ വാദം
ബംഗളൂരു: ഇടതുപക്ഷം വീണ്ടും ഭരണ തുടർച്ചയിൽ അധികാരത്തിൽ എത്തിയാലും വിജയാഹ്ലാദത്തിലും സർക്കാർ രൂപീകരണ ചർച്ചകളിലും ഇനി കോടിയേരി ബാലകൃഷ്ണന് പ്രത്യക്ഷത്തിൽ സജീവമാകാൻ കഴിയില്ലെന്ന് വിലയിരുത്തൽ. ലഹരി ഇടപാടിനു കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലെ ജാമ്യാപേക്ഷയുമായി അവധിക്കാല ബെഞ്ചിനെ സമീപിക്കാൻ ബിനീഷ് കോടിയേരിയോടു കർണാടക ഹൈക്കോടതി നിർദേശിച്ച സാഹചര്യത്തിലാണ് ഇത്. 26 മുതൽ മെയ് 24 വരെ കോടതി അവധിയായതിനാലാണിത്. ബിനീഷ് 6 മാസമായി ജയിലിലാണ്.
അവധിക്കാല ബഞ്ച് ഈ ഹർജിയിൽ ഉടൻ തീരുമാനം എടുക്കാൻ സാധ്യതയില്ല. പിതാവ് കോടിയേരി ബാലകൃഷ്ണന്റെ രോഗാവസ്ഥ ഗുരുതരമാണെന്നും മകനെന്ന നിലയിൽ തന്റെ സാമീപ്യം വേണമെന്നും ബിനീഷ് വാദിച്ചിരുന്നു. തടസ്സവാദം അവതരിപ്പിക്കാൻ 2 മണിക്കൂറെങ്കിലും വേണമെന്ന് ഇഡി അറിയിച്ചതിനെത്തുടർന്നാണു കേസ് മാറ്റിയത്.ഒക്ടോബർ 29ന് ഇഡി അറസ്റ്റ് ചെയ്ത ബിനീഷ് നവംബർ 14 മുതൽ പാരപ്പന അഗ്രഹാര ജയിലിൽ വിചാരണത്തടവിലാണ്. താൻ രോഗമുക്തനാണെന്നും മറ്റും പ്രചരണ യോഗങ്ങളിൽ കോടിയേരി വിശദീകരിച്ചിരുന്നു. ഇതിന് ശേഷമാണ് ബിനീഷ് അച്ഛന്റെ രോഗാവസ്ഥ കോടതിയിൽ ചർച്ചയാക്കുന്നത്.
അതുകൊണ്ട് അസുഖമില്ലെന്ന പൊതുചിത്രം പുറംലോകത്തിന് നൽകിയാൽ ബിനീഷിന്റെ ജാമ്യ പ്രതീക്ഷകളെ അത് സ്വാധീനിക്കും. അതുകൊണ്ടാണ് കോടിയേരിക്ക് ഇനി കുറച്ചു കാലം പുറത്ത് സജീവമാകാൻ കഴിയുമോ എന്ന ആശങ്ക ശക്തമാകുന്നത്. അച്ഛന്റെ അസുഖ കാരണത്താൽ ജാമ്യം കിട്ടിയാലും പ്രശ്‌നമുണ്ട്. ബിനീഷ് പുറത്തിറങ്ങിയ ശേഷം കോടിയേരി രാഷ്ട്രീയത്തിൽ സജീവമായാൽ ഇത് ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കാനും കേന്ദ്ര ഏജൻസികൾ ശ്രമം നടത്തും. ഇതും ബിനീഷിന് തിരിച്ചടിയാകും. അതുകൊണ്ട് തന്നെ കോടിയേരിയുടെ ഓരോ നീക്കവും ബിനീഷിന് നിർണ്ണായകമാണ്.
ബിനീഷിന്റെ ജാമ്യ ഹർജിയും മറ്റും പൊതു സമൂഹത്തിൽ ചർച്ചയായി. അതുകൊണ്ട് തന്നെ പുറത്തേക്കിറങ്ങിയാൽ ഇതു സംബന്ധിച്ച ചോദ്യങ്ങളും കോടിയേരി നേരിടേണ്ടി വരും. ഇതും സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരിക്ക് ഉത്തരമില്ലാ പ്രശ്‌നമാകും. നിലവിൽ പാർട്ടിയിൽ അവധിയാണ് കോടിയേരി. പിണറായി വീണ്ടും അധികാരത്തിൽ എത്തിയാൽ സിപിഎം സെക്രട്ടറിയായി തിരിച്ചെത്തണമെന്നതാണ് കോടിയേരിയുടെ ആഗ്രഹം. ഇതിന് ബിനീഷിന്റെ ജാമ്യ ഹർജി തടസ്സമാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
പിതാവിന്റെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിനീഷ് കോടിയേരി ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. കോടിയേരി ബാലകൃഷ്ണന്റെ രോഗം ഗുരുതരമാണെന്നും മകനായ താനുൾപ്പടെയുള്ളവരുടെ സാമീപ്യം ആവശ്യമാണെന്നും ബിനീഷ് ജാമ്യാപേക്ഷയിൽ കോടതിയെ ധരിപ്പിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ ബെംഗളൂരു പ്രത്യേക കോടതി (സെഷൻസ് കോടതി) ജാമ്യാപേക്ഷ തള്ളിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമപ്രകാരം കഴിഞ്ഞ ഒക്ടോബർ 29-നാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. അറസ്റ്റുചെയ്തത്. നവംബർ 11-നുശേഷം പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) കുറ്റപത്രത്തിൽ ബിനീഷിനെ പ്രതിചേർക്കുമെന്നാണ് ഇ.ഡി. കരുതിയതെന്നും എന്നാൽ, നാലുദിവസം ചോദ്യം ചെയ്തിട്ടും ബിനീഷിനെ പ്രതിചേർത്തില്ലെന്നും അഭിഭാഷകരിലൊരാളായ രഞ്ജിത് ശങ്കർ പറഞ്ഞു. ഇ.ഡി. കുറ്റപത്രം നൽകിയശേഷമാണ് എൻ.സി.ബി. കുറ്റപത്രം സമർപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ജാമ്യത്തിനായി അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്ന് ബിനീഷിന്റെ അഭിഭാഷകനോട് കോടതി നിർദ്ദേശിച്ചു. അല്ലാത്തപക്ഷം മദ്ധ്യവേനൽ അവധി കഴിഞ്ഞ് കേസ് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
ബിനീഷ് കോടിയേരി ആറു മാസമായി ജയിലിലാണെന്ന് അഭിഭാഷകൻ കോടതിയെ ഓർമ്മിപ്പിച്ചുവെങ്കിലും കേസ് പരിഗണിക്കാതെ കോടതി പിരിയുകയായിരുന്നു. ഇക്കാര്യം കോടതിയെ അഭിഭാഷകൻ അറിയിച്ചപ്പോൾ മയക്കുമരുന്ന് കേസിൽ ഇതിലും കൂടുതൽ കാലമായി ജയിലിൽ കിടക്കുന്നവർ ഉണ്ടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ