ബംഗളൂരു: ഇടതു തുടർഭരണത്തിന്റെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ബിനീഷ് കോടിയേരിക്കും കഴിഞ്ഞേക്കും. ബംഗളൂരുവിൽ ജയിലിലുള്ള ബിനീഷിന് നാട്ടിലെത്താൻ കോടതി അവസരം ഒരുക്കുമെന്നാണ് സൂചന. അർബുദം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ള പിതാവ് കോടിയേരി ബാലകൃഷ്ണനെ കാണാൻ ബിനീഷ് കോടിയേരി ഒരു ദിവസത്തേക്ക് കേരളത്തിലേക്കു പോകുന്ന കാര്യം പരിഗണിച്ചുകൂടേ എന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോടു (ഇഡി) ഹൈക്കോടതി ചോദിച്ചു. എന്നാൽ ഇതിനെ ഇഡി എതിർത്തു. ഒക്ടോബർ 29ന് അറസ്റ്റിലായ ബിനീഷ് നിലവിൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ്.

ഇഡി എതിർത്തതിനെ തുടർന്ന് ഹർജി 12നു പരിഗണിക്കാനായി മാറ്റി. ലഹരിമരുന്ന് ഇടപാടുമായി ബന്ധമുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയായ ബിനീഷ് സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം. പിതാവിനെ സന്ദർശിക്കാൻ ഒരാഴ്ച ഇടക്കാല ജാമ്യമെങ്കിലും അനുവദിക്കണമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാർ മുൻപാകെ ബിനീഷ് അപേക്ഷിച്ചു. ഇതോടെയാണ് നാട്ടിലേക്ക് വിട്ടുകൂടെ എന്ന് കോടതി ചോദിച്ചത്.

എന്നാൽ തെളിവു നശിപ്പിക്കുന്നതിനും സാക്ഷികളെ സ്വാധീനിക്കുന്നതിനും സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി ഇഡി അഭിഭാഷകനും അഡീഷനൽ സോളിസിറ്റർ ജനറലുമായ എസ്.വി. രാജു എതിർത്തു. ജാമ്യാപേക്ഷ നേരത്തേ 2 തവണ ഇഡി പ്രത്യേക കോടതി തള്ളിയിരുന്നു. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസായതിനാൽ ഇടക്കാലജാമ്യം നൽകാൻ നിയമമില്ലെന്നായിരുന്നു ഇഡിയുടെ വാദം. ബിനീഷിന്റെ ഡ്രൈവറടക്കം കേസിലുൾപ്പെട്ട ചിലർ ഇപ്പോഴും ഒളിവിലാണെന്നും കോടതിയെ അറിയിച്ചു. തുടർന്ന് കേസ് മെയ് 12ന് ആദ്യത്തെതായി പരിഗണിക്കാൻ മാറ്റി. കഴിഞ്ഞ ഒക്ടോബറിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി കഴിഞ്ഞ 7 മാസമായി റിമാൻഡിലാണ്.

കോടിയേരി ബാലകൃഷ്ണൻ കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ സജീവമാണ്. ഇടതുപക്ഷത്തിന്റെ മന്ത്രിസഭാ രൂപീകരണത്തിൽ വരെ സജീവമായി ഇടപെടുന്നു. എന്നിട്ടും പിതാവ് കോടിയേരി ബാലകൃഷ്ണന്റെ രോഗാവസ്ഥ ഗുരുതരമാണെന്നും മകനെന്ന നിലയിൽ തന്റെ സാമീപ്യം വേണമെന്നും ബിനീഷ് വാദിക്കുന്നു. താൻ രോഗമുക്തനാണെന്നും മറ്റും പ്രചരണ യോഗങ്ങളിൽ കോടിയേരി വിശദീകരിച്ചിരുന്നു. ഇതിന് ശേഷമാണ് ബിനീഷ് അച്ഛന്റെ രോഗാവസ്ഥ കോടതിയിൽ ചർച്ചയാക്കുന്നത്. ഇടതുപക്ഷത്തിന് അധികാരം കിട്ടിയ ശേഷം കോടിയേരി വീണ്ടും സജീവമാണു താനും.

എന്നാൽ ഇത് ഇഡി കോടതിയെ ബോധിപ്പിക്കുന്നുമില്ല. കോടിയേരിക്ക് ഗുരതരാവസ്ഥയിലുള്ള രോഗമില്ലെന്ന് കോടതിയെ അറിയിക്കാത്ത പക്ഷം ബിനീഷിന് നാട്ടിൽ വരാൻ ഇടക്കാല ജാമ്യം അനുവദിച്ചേക്കും. അതുകൊണ്ട് അസുഖമില്ലെന്ന പൊതുചിത്രം പുറംലോകത്തിന് നൽകിയാൽ ബിനീഷിന്റെ ജാമ്യ പ്രതീക്ഷകളെ അത് സ്വാധീനിക്കും. അതിനാൽ കോടിയേരിക്ക് ഇനി കുറച്ചു കാലം പുറത്ത് സജീവമാകാൻ കഴിയുമോ എന്ന ആശങ്ക ശക്തമാണ്്.

അച്ഛന്റെ അസുഖ കാരണത്താൽ ജാമ്യം കിട്ടിയാലും പ്രശ്നമുണ്ട്. ബിനീഷ് പുറത്തിറങ്ങിയ ശേഷം കോടിയേരി രാഷ്ട്രീയത്തിൽ സജീവമായാൽ ഇത് ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കാനും കേന്ദ്ര ഏജൻസികൾ ശ്രമം നടത്തും. ഇതും ബിനീഷിന് തിരിച്ചടിയാകും. അതുകൊണ്ടാണ് ഇടക്കാല ജാമ്യത്തിന് ശ്രമിക്കുന്നത്. പിണറായി വീണ്ടും അധികാരത്തിൽ എത്തിയതിനാൽ സിപിഎം സെക്രട്ടറിയായി തിരിച്ചെത്തണമെന്നതാണ് കോടിയേരിയുടെ ആഗ്രഹം.

ഇതിന് ബിനീഷിന്റെ ജാമ്യ ഹർജി തടസ്സമാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. കോടിയേരി ബാലകൃഷ്ണന്റെ രോഗം ഗുരുതരമാണെന്നും മകനായ താനുൾപ്പടെയുള്ളവരുടെ സാമീപ്യം ആവശ്യമാണെന്നും ബിനീഷ് ജാമ്യാപേക്ഷയിൽ കോടതിയെ ധരിപ്പിച്ചിക്കുന്നു. എന്നാൽ കോടിയേരി ഇപ്പോഴും സിപിഎം യോഗത്തിൽ അടക്കം പങ്കെടുക്കുന്നുണ്ട്. ഇതൊന്നും ഇഡി കോടതിയെ ബോധിപ്പിക്കുന്നുമില്ല.