ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഈ മാസം 19-ലേക്ക് മാറ്റി. ഏഴുമാസത്തെ ജയിൽവാസം ബിനീഷിന് ജാമ്യം നൽകാനുള്ള കാരണമല്ലെന്ന് കോടതി നിരീക്ഷിച്ചു. കോടതിയുടെ അവധിക്കാല ബഞ്ചാണ് ഹർജി പരിഗണിച്ചത്. നേരത്തേ വാദം കേട്ടിരുന്നുവെങ്കിലും ഹൈക്കോടതി അവധിക്ക് പിരിഞ്ഞതിനാൽ പുതിയ ജഡ്ജിയുടെ മുന്നിലാണ് ഇന്ന് അപേക്ഷ എത്തിയത്.

ഏഴു മാസത്തെ ജയിൽവാസം ജാമ്യം നൽകാനുള്ള കാരണമല്ലെന്നും വിശദമായ വാദം ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. പച്ചക്കറി വ്യാപാരത്തിലാണ് അക്കൗണ്ടിൽ കൂടുതൽ പണം വന്നതെന്നാണു ബിനീഷിന്റെ വാദം. കാൻസർ ബാധിതനായ അച്ഛൻ കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാൻ നാട്ടിൽപോകാൻ ജാമ്യം അനുവദിക്കണമെന്നാണ് ബിനീഷിന്റെ പ്രധാന ആവശ്യം.

വിശദമായ വാദം കേൾക്കാനായി ഹർജി 19-ലേക്ക് മാറ്റിയത്. പച്ചക്കറി വ്യാപാരം അടക്കം നടത്തിയിരുന്നതിനാലാണ് ബിനീഷ് കോടിയേരിയുടെ അക്കൗണ്ടിൽ കൂടുതൽ പണമെത്തിയതെന്നും പിതാവ് കോടിയേരി ബാലകൃഷ്ണന് ഗുരുതര രോഗമുള്ളതിനാൽ ശുശ്രൂഷിക്കാൻ നാട്ടിൽ പോകാൻ അനുവദിക്കണമെന്നുമുള്ള വാദങ്ങൾ ബിനീഷ് കോടിയേരിയുടെ അഭിഭാഷകൻ കോടതിയിൽ ആവർത്തിച്ചു.

എന്നാൽ കേസിൽ വിശദമായ വാദം കേൾക്കാതെ തീരുമാനമെടുക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 200 ദിവസമായി ജയിലിലാണെന്നും അഞ്ചു മിനിറ്റിനകം വാദം പൂർത്തിയാക്കാമെന്നും അറിയിച്ചുവെങ്കിലും കൂടുതൽ കേസുകൾ പരിഗണിക്കാനുള്ളതുകൊണ്ടാണ് അവധിക്കാല ബഞ്ച് രൂപീകരിച്ചതെന്ന് കോടതി വ്യക്തമാക്കി.

കോടിയേരി ബാലകൃഷ്ണന്റെ അർബുദാവസ്ഥ ഗുരുതരമാണെന്നും മകനായ താനുൾപ്പെടെയുള്ള അടുത്ത കുടുംബാംഗങ്ങളുടെ സാമീപ്യം വേണ്ടതുണ്ടെന്നുമാണു ബിനീഷ് നേരത്തെ കേസെടുത്തപ്പോൾ ഹൈക്കോടതിയെ ധരിപ്പിച്ചത്. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെടുത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നാലാം പ്രതിയാണ് ബിനീഷ്.
കോടിയേരിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റും അന്നു ഹാജരാക്കിയിരുന്നു.

ബിനീഷിന്റെ ജാമ്യാപേക്ഷ ഇഡി പ്രത്യേക കോടതി ഫെബ്രുവരി 22ന് തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കേരളത്തിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകളിൽ വരെ കോടിയേരി സജീവമാണ്. ഇത് കോടതിയെ ഇഡി അറിയിച്ചാൽ ബിനീഷിന് അത് തിരിച്ചടിയാകും. അതിനുള്ള സാധ്യത ഏറെയാണ്.

പിണറായിയുടെ രണ്ടാം സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് നാട്ടിലെത്തുകയായിരുന്നു ബിനീഷിന്റെ ലക്ഷ്യം. ഹർജിയിൽ വാദം തുടരനായി മാറ്റുമ്പോൾ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് കേരളത്തിൽ എത്താൻ ബിനീഷിന് കഴിയില്ലെന്ന് വ്യക്തമാകുകയാണ്.