ബെംഗളൂരു: ബിനീഷ് കോടിയേരിക്ക് ജയിൽ വാസം തുടരും. ബിനീഷിന്റെ ജാമ്യാപേക്ഷ പുതിയ ബെഞ്ച് പരിഗണിക്കും. ഇതുവരെ വാദം കേട്ട ജഡ്ജി അവധിയിൽ പോകുന്നതിനാലാണ് നടപടി. ഇതോടെ കേസിൽ വീണ്ടും വാദം തുടരേണ്ട സ്ഥിതി വരും. ജാമ്യ ഹർജിയിൽ ബിനീഷിന്റെ വാദം കേൾക്കുന്നത് പൂർത്തിയാക്കിയ ജഡ്ജിയാണ് അവധിയിൽ പോകുന്നത്.

ഇത് 16-ാം തവണയാണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി പരിഗണിക്കുന്നത്. വാദം തുടങ്ങിയ ഉടനെ തന്നെ ജഡ്ജി താൻ അവധിയിൽ പോകുകയാണെന്നും പുതിയ ബെഞ്ചിന് മുൻപാകെ ജാമ്യാപേക്ഷ സംബന്ധിച്ച വാദങ്ങൾ അവതരിപ്പിക്കാമെന്നും അറിയിക്കുകയായിരുന്നു.

ഇത്രയും നാൾ കേസ് പരിഗണിച്ച ബെഞ്ച് തന്നെ തുടർന്നും വാദം കേൾക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകൻ അവശ്യപ്പെട്ടു. എത് ബെഞ്ചിന് മുൻപാകെയാണെങ്കിലും വാദം അവതരിപ്പിക്കാൻ തയ്യാറാണെന്ന് ഇ.ഡിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഫലത്തിൽ വാദം കേൾക്കൽ ആദ്യം മുതൽ തുടങ്ങേണ്ടി വരും. അതിനിടെ പരോളിനും ബിനീഷിന്റെ അഭിഭാഷകൻ ശ്രമം തുടങ്ങിയിട്ടുണ്ട്.

മാതാപിതാക്കളെ കാണാൻ ബിനീഷിന് രണ്ട് ദിവസത്തെ പരോൾ അനുവദിക്കണമെന്ന് അഭിഭാഷകൻ അവശ്യപ്പെട്ടെങ്കിലും ഇ.ഡിയുടെ അഭിഭാഷകൻ ഇതിനെ ശക്തമായി എതിർത്തു. കേസിൽ തുടർന്ന് വാദം കേൾക്കുന്നത് അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി. ഇ.ഡിക്കായി അഡീഷണൽ സോളിസിറ്റർ ജനറൽ അമൻ ലേഖി ഹാജരായി. പുതിയ ബെഞ്ചാകും എല്ലാം പരിശോധിക്കുക.

നേരത്ത ഡെബിറ്റ് കാർഡിന്റെ കാലാവധി സംബന്ധിച്ച് ബിനീഷ് കോടിയേരിയുടെ അഭിഭാഷകൻ കോടതിയിൽ ക്ഷമാപണം നടത്തിയിരുന്നു. ബിനീഷിന്റെ അഭിഭാഷകൻ ഗുരു കൃഷ്ണകുമാറാണ് കർണ്ണാടക ഹൈക്കോടതിയിൽ ക്ഷമാപണം നടത്തിയത്. ബിനീഷിന്റെ വാദം തെറ്റാണെന്ന് കാണിച്ച് ഇ.ഡി. തെളിവുകൾ കോടതിയിൽ ഹാജരാക്കിയതോടെയാണ് ബിനീഷിന്റെ അഭിഭാഷകൻ സമ്മർദ്ദത്തിലായത്.

ബിനീഷിന്റെ വീട്ടിൽ നിന്നും ഇ.ഡി കണ്ടെടുത്ത ഡെബിറ്റ് കാർഡ് കാലാവധി തീർന്നതാണെന്ന വാദമാണ് അഭിഭാഷകൻ തിരുത്തിയത്. തന്റെ കക്ഷിയായ ബിനീഷ് നൽകിയ തെറ്റായ വിവരത്തിൽ പിശകുണ്ടായെന്നാണ് അഭിഭാഷകൻ കർണ്ണാടക ഹൈക്കോടതിയെ അറിയിച്ചത്. തെറ്റായ വിവരം നൽകേണ്ടി വന്നതിൽ ക്ഷമാപണം നടത്തുന്നുവെന്നും ഗുരു കൃഷ്ണ കുമാർ പറഞ്ഞു.

ഇ.ഡി. കണ്ടെടുത്ത കാർഡ് കാലാവധി തീർന്നതല്ല മറിച്ച് പ്രവർത്തന രഹിതമാണെന്ന് (ഡീ- ആക്ടിവേറ്റഡ്) തിരുത്തിപറയുകയാണ് അഭിഭാഷകൻ ചെയ്തത്. തിരുത്ത് കോടതി സ്വീകരിക്ക ണമെന്നും അഭിഭാഷൻ ക്ഷമാപണത്തോടെ കോടതിയെ ബോധിപ്പിച്ചു. ഇതിനിടെ ഡീ ആക്ടിവേറ്റാക്കിയ തിയതി ഏതെന്ന കോടതിയുടെ മറുചോദ്യത്തിന് ഉത്തരം നൽകാൻ അഭിഭാഷകൻ കൂടുതൽ സമയം ചോദിച്ചു. തന്റെ കക്ഷിയായ ബിനീഷിനോട് കൃത്യമായ തിയതി ചോദിച്ചറിഞ്ഞ ശേഷം കോടതിയെ ബോധിപ്പിക്കാമെന്നും വീണ്ടും തെറ്റായ വിവരം കൈമാറാതിരിക്കാൻ ശ്രദ്ധിക്കാമെന്നും ഗുരു കൃഷ്ണകുമാർ പറഞ്ഞു. ഇതിനിടെയാണ് ജഡ്ജി അവധിയിൽ പോകുന്നത്.

പിതാവ് കോടിയേരി ബാലകൃഷ്ണൻ ഇടതുരാഷ്ട്രീയത്തിൽ മുഖ്യപദവി വഹിക്കുന്നതിനാലാണ്, തന്നെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുടുക്കിയതെന്ന് ബിനീഷ് കോടിയേരി കർണാടക ഹൈക്കോടതിയിൽ വാദിച്ചിരുന്നു. നയതന്ത്രപാഴ്‌സലിൽ സ്വർണം കടത്തിയ കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, കെ.ടി.റമീസ് എന്നിവരുമായി തനിക്കു ബന്ധമുണ്ടെന്നു സ്ഥാപിക്കാൻ ഇഡി ശ്രമിച്ചു. ചിലരുടെ പേരു പറയാൻ സമ്മർദം ചെലുത്തിയെന്നും ബോധിപ്പിച്ചിട്ടുണ്ട്.