ബെംഗളൂരു: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ അഴിക്കുള്ളിൽ കിടന്നത് 365 ദിവസം. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചത് അറസ്റ്റിലായി ഒരുവർഷം തികയാൻ ഒരുദിവസം ബാക്കിനിൽക്കെ. 2020 ഒക്ടോബർ 29-നാണ് കള്ളപ്പണ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്. ഇതിനുശേഷം ഇ.ഡി.യുടെ കസ്റ്റഡിയിലും ജുഡീഷ്യൽ കസ്റ്റഡിയിലുമായിരുന്നു. ആദ്യം സെഷൻസ് കോടതിയിൽ ജാമ്യഹർജി സമർപ്പിച്ചിരുന്നെങ്കിലും ഹർജി കോടതി തള്ളി. തുടർന്നാണ് കർണാടക ഹൈക്കോടതിയി ജാമ്യാപേക്ഷ നൽകിയത്. നീണ്ട ഏഴുമാസത്തെ വാദത്തിന് ശേഷമാണ് കർണാടക ഹൈക്കോടതി ബിനീഷിന്റെ ജാമ്യഹർജിയിൽ വിധി പറഞ്ഞിരിക്കുന്നത്.

പല വിവാദങ്ങളും ഇതിന് മുമ്പും ബിനീഷിനെതിരെ ഉയർന്നിട്ടുണ്ട്. ഇതെല്ലാം പുല്ലുപോലെ ബിനീഷ് ഊരിപ്പോയി. ഇതിനിടെയാണ് മയക്കുമരുന്ന് കേസ് വരുന്നത്. സ്വർണ്ണ കടത്തിലും ബിനീഷ് സംശയ നിഴലിലാണ്. എന്നാൽ കേസിൽ പ്രതിയായില്ല. ആരോപണങ്ങൾക്ക് തെളിവൊന്നും ഏജൻസികൾക്ക് കിട്ടിയില്ല. കവിയൂർ കേസിലെ വിഐപിയാണെന്നായിരുന്നു ബിനീഷിനെതിരെ ഉയർന്ന ആദ്യ ആരോപണം. റഷ്യൻ സുന്ദരികൾക്കൊപ്പമുള്ള ഫോട്ടോ ഉണ്ടാക്കിയതും വൻ വിവാദം ആയിരുന്നു. തിരുവനന്തപുരത്തെ എസ് എഫ് ഐ നേതാവ് ബിസിനസിൽ ഇറങ്ങിയയോടെ കോടീശ്വരനാവുകയും ചെയ്തു. അച്ഛൻ കോടിയേരിയുടെ മന്ത്രി പദവിയും മറ്റും ബിനീഷിന്റെ വളർച്ചയിൽ നിർണ്ണായകമായി എന്നായിരുന്നു ആരോപണം. അത്തരമൊരു കരുത്തനാണ് ബംഗളൂരുവിലെ ജയിലിൽ ഒരു വർഷം കിടന്നത്.

ബെംഗളൂരു മയക്കുമരുന്ന് കേസ് രണ്ടാം പ്രതി മുഹമ്മദ് അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം തുടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒക്ടോബർ 29 നാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്യുന്നത്. 7 വർഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നും, ഇതിൽ 1.22 കോടി രൂപയ്ക്ക് മാത്രമാണ് ആദായ നികുതി റിട്ടേൺ സമർപ്പിച്ചതെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. അനൂപ് മുഹമ്മദിനെ ബിനാമിയാക്കി കമ്പനികൾ തുടങ്ങിയത് ബിനീഷാണെന്നും എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകൾ ചേർത്താണ് എൻഫോഴ്‌സ്‌മെന്റ് ബിനീഷ് കോടിയേരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, കന്നഡ സീരിയൽ നടി ഡി.അനിഖ, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ എന്നിവരാണ് കേസിലെ ആദ്യ 3 പ്രതികൾ.

മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ബിനീഷിനെതിരെ കേസെടുക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ അത് ഇതുവരെ ഉണ്ടായിട്ടില്ല. ഹോട്ടൽ ബിസിനസ് നടത്തിയിരുന്ന അനൂപ് മുഹമ്മദ് എം.ഡി.എം.എ. അടക്കമുള്ള ലഹരിമരുന്നുകളുടെ വിൽപനയിൽ സജീവമായിരുന്നു. അനൂപിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ബിനീഷ് കോടിയേരിയുമായുള്ള ബന്ധം വെളിച്ചത്തുവന്നത്. ബംഗളുരു നഗരത്തിന്റെ ബിസിനസ് സാധ്യതകൾ തിരിച്ചറിഞ്ഞു കൊണ്ടായിരുന്നു മുഹമ്മദ് അനൂപ് എന്ന ബിനീഷ് കോടിയേരിയുടെ അടുത്ത സുഹൃത്ത് മയക്കുമരുന്നു കച്ചവടം തുടങ്ങിയത്. മയക്കുമരുന്ന് എങ്ങനെ വിൽപ്പന നടത്തണം എന്ന് കൃത്യമായ മാസ്റ്റർപ്ലാൻ തന്നെ തയ്യാറാക്കിയിരുന്നു.

സെലബ്രിറ്റികളുടെ സാന്നിധ്യം കൂടി ആയപ്പോൾ എല്ലാം ഉഗ്രനായി തന്നെ നടന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കായി ടെലഗ്രാം ഗ്രൂപ്പുകൾ അടക്കം ബംഗളുരുവിൽ സജീവമായിരുന്നു. അതുകൊണ്ട് തന്നെ കച്ചവടം കൊഴിപ്പിക്കാൻ ഈ സാധ്യതയാണ് മുഹമ്മദ് അനൂപ് ഉപയോഗിച്ചത്. ടെലഗ്രാമിലൂടെ ഡീലുറപ്പിച്ച് ആവശ്യമുള്ളത്ര ലഹരിമരുന്ന് പാർസലായി താമസ സ്ഥലത്തെത്തിക്കുന്ന ശൈലിയായിരുന്നു പിന്തുടർന്നത്. ബെംഗളൂരു പോലുള്ളയിടങ്ങളിൽ ഹോം ഡെലിവറി സർവ സാധാരണമായതിനാൽ പിടിക്കപ്പെടാൻ ഒരു സാധ്യതയുമില്ലാത്ത ബിസിനസ് പ്ലാനായിരുന്നു ഇത്.

ഹോട്ടൽ കൂടി നടത്തുന്ന വ്യക്തി ആയതോടെ ഇതും മയക്കുമരുന്നു കച്ചവടത്തിന് മറയായി. വാങ്ങുന്നതിനേക്കാൾ ഇരട്ടിയിലധികം വിലയ്ക്ക് വിൽപ്പന നടത്താമെന്നതിനാൽ പൊളിഞ്ഞു പോയ ബിസിനസ് ഒക്കെ തിരിച്ച് പിടിക്കാമെന്ന് കരുതിയിരുന്നു മുഹമ്മദ്. അനൂപ് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയ്ക്ക മുമ്പാകെ നൽകിയ മൊഴി ബിനീഷ് കോടിയേരിയെ ശരിക്കും വെട്ടിലാക്കുന്നതായിരുന്നു.സിനിമാ-സീരിയൽ നടി അനിഘയെ കുടുക്കിയതും അനൂപിന്റെ ഈ മൊഴികളാണ്.

അറസ്റ്റിലായതിന് പിന്നാലെ നവംബർ ആദ്യവാരം ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടിൽ ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനിടെ പല നാടകീയരംഗങ്ങളും അരങ്ങേറി. റെയ്ഡിനിടെ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ ആരോപിച്ചു. കുഞ്ഞുങ്ങൾക്ക് ഭക്ഷണംപോലും കൊടുക്കാൻ അനുവദിച്ചില്ലെന്നും ആരോപണമുയർന്നു. ബാലാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടു. സംഭവം ഏറെ വിവാദങ്ങൾക്കും കാരണമായി. എന്നാൽ ഈ റെയ്ഡിനിടെയുണ്ടായ സംഭവവികാസങ്ങൾ ബിനീഷിന്റെ രാഷ്ട്രീയ-സാമ്പത്തിക സ്വാധീനത്തിന് തെളിവാണെന്നായിരുന്നു ഇ.ഡി.യുടെ വാദം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യഹർജിയെ എതിർക്കുകയും ചെയ്തു.

സെഷൻസ് കോടതി ജാമ്യഹർജികൾ തള്ളിയതോടെയാണ് ബിനീഷ് കോടിയേരി കർണാടക ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. അനൂപിന് വായ്പയായി പണം നൽകിയിട്ടുണ്ടെന്നും എന്നാൽ ലഹരിക്കടത്തിലോ കള്ളപ്പണ ഇടപാടിലോ പങ്കില്ലെന്നുമായിരുന്നു ബിനീഷിന്റെ വാദം. പച്ചക്കറി, മത്സ്യ മൊത്തക്കച്ചവടം വഴി ലഭിച്ച പണമാണ് അക്കൗണ്ടിലുള്ളത്, ബിസിനസ് സംരംഭങ്ങൾ വഴിയാണ് താൻ പണം സമ്പാദിച്ചതെന്നും അച്ഛൻ അർബുദബാധിതനായി ചികിത്സയിലാണെന്നും തന്റെ സാമീപ്യം ആവശ്യമാണെന്നും ജാമ്യഹർജിയിൽ പറഞ്ഞിരുന്നു.

2021 മാർച്ചിലാണ് ബിനീഷിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതിയിൽ വാദം തുടങ്ങിയത്. കേസിൽ ഒന്നാംപ്രതിയായ അനൂപ് മുഹമ്മദിന് ബിനീഷ് പണം നൽകിയതിന്റെ തെളിവ് ഹാജരാക്കാൻ ഇ.ഡി.ക്ക് സാധിച്ചിട്ടില്ല. ലഹരി ഇടപാടിന് ബിനീഷ് പണം ചെലവഴിച്ചുവെന്നത് സംശയം മാത്രമാണ്. മുഹമ്മദ് അനൂപ് ഉൾപ്പെട്ട ലഹരി വ്യാപാരത്തിലെ മുഖ്യ സൂത്രധാരനാണ് ബിനീഷ് എന്നായിരുന്നു ഇ.ഡി. ഇതുവരെ ആരോപിച്ചിരുന്നത്. എന്നാൽ, ലഹരി ഇടപാടിന് പണം ചെലവഴിച്ചെന്ന വാദത്തിനിപ്പോൾ ഇ.ഡി. പ്രാധാന്യം നൽകുന്നില്ല. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) വിശദമായി ചോദ്യം ചെയ്തിട്ടും ബിനീഷിന് ലഹരിബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടില്ല.

ഒരുകോടിയിൽ താഴെയുള്ള ഇടപാടുകൾ കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ പരിധിയിൽ വരില്ല. മുഹമ്മദ് അനൂപിന് ബിനീഷ് നൽകിയത് ഒരു കോടിയിൽ താഴെ മാത്രമാണ്. ബിനീഷിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന ഇ.ഡി.യുടെ വാദത്തിന് തെളിവുകൾ ഹാജരാക്കാനായിട്ടില്ല. കടലാസു കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്നും ബിനീഷിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ ശ്രമിക്കില്ല. ബിനീഷ് സമൂഹത്തിൽ നല്ല പ്രതിച്ഛായയുള്ള വ്യക്തിയാണെന്നും വരുമാനം സംബന്ധിച്ച തെളിവുകൾ സമർപ്പിച്ചിട്ടുണ്ടെന്നും ബിനീഷിന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചിരുന്നു.

എന്നാൽ ബിനീഷിന് ജാമ്യം നൽകുന്നതിനെ ഇ.ഡി. കോടതിയിൽ ശക്തമായി എതിർത്തു. പ്രതിയുടെ രാഷ്ട്രീയ-സാമ്പത്തിക സ്വാധീനവും തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യതയും ഇ.ഡി. ചൂണ്ടിക്കാട്ടി. ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്നും അനധികൃതമായി 5 കോടി രൂപയോളം സമാഹരിച്ചുവെന്നും ഇ.ഡി. കോടതിയെ അറിയിച്ചു. അനൂപിന് സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്നും ഈ പണം ഉപയോഗിച്ച് അനൂപ് ബിസിനസ് സംരംഭങ്ങളുടെ മറവിൽ ലഹരിക്കച്ചവടം അടക്കം നടത്തിയെന്നും ഇ.ഡി. വാദിച്ചിരുന്നു. മാർച്ചിൽ തുടങ്ങിയ ജാമ്യാപേക്ഷയിലെ വാദം ഏഴുമാസമെടുത്താണ് പൂർത്തിയായത്. ആറുതവണ ഹർജി പരിഗണിക്കുന്ന ബെഞ്ച് മാറി. സെപ്റ്റംബർ അവസാനത്തോടെ ഇരുവിഭാഗങ്ങളുടെയും വാദം പൂർത്തിയായി. വാദങ്ങളുടെ സംഗ്രഹം എഴുതിനൽകി. തുടർന്നാണ് ജസ്റ്റിസ് എം.ജി. ഉമ ബിനീഷിന്റെ ജാമ്യാപേക്ഷയിൽ വിധി പ്രസ്താവിച്ചത്.