തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഒരു വർഷത്തിനു ശേഷം ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി തിരുവനന്തപുരത്തെ വീട്ടിൽ മടങ്ങിയെത്തിയെങ്കിലും പ്രതികരണങ്ങൾക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. ജാമ്യ വ്യവസ്ഥ സസൂക്ഷ്മം പരിശോധിച്ച് മാത്രമേ പ്രതികരണങ്ങളിലേക്ക് ബിനീഷ് കടക്കൂ. പഴയതു പോലെ എല്ലാ വിഷയത്തിലും സജീവമാകാനാണ് ബിനീഷിന്റെ തീരുമാനം. കോടിയേരി ബാലകൃഷ്ണനും ഇനി സിപിഎം ചുമതലകൾ ഏറ്റെടുക്കും. താമസിയാതെ പാർട്ടി സംസ്ഥാന സെക്രട്ടറിയായി കോടിയേരി മാറും.

ബിനീഷിന്റെ മടങ്ങി വരവിൽ ആശ്വാസവും സന്തോഷവുമുണ്ടെന്നു മകനെ സ്വീകരിച്ചു കൊണ്ടു കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഭീഷണികൾക്കു വഴങ്ങിക്കൊടുക്കാത്തതിന്റെ പേരിലുണ്ടായ കേസാണെന്നായിരുന്നു ബിനീഷിന്റെ പ്രതികരണം. അതിന് അപ്പുറത്തേക്ക് പ്രതികരണങ്ങളിലേക്ക് ബിനീഷ് കടക്കില്ല. വിശദ വാർത്താ സമ്മേളനം ഉൾപ്പെടെ പദ്ധതി ഇട്ടിരുന്നുവെങ്കിലും കോടിയേരി അത് വേണ്ടെന്ന് പറയുകയായിരുന്നു. ജാമ്യം റദ്ദാക്കാനുള്ള കാരണമായി അത് മാറുമെന്നതിനാലാണ് ഇത്.

കെട്ടിപ്പിടിച്ചു കരഞ്ഞാണ് അമ്മ വിനോദിനിയും ഭാര്യ റെനീറ്റയും ബിനീഷിനെ സ്വീകരിച്ചത്. മക്കളായ ഭദ്രയെയും ഭാവ്‌നിയെയും ബിനീഷ് ചേർത്തണച്ചു. കേസ് കോടതിയിലായതിനാൽ മറ്റൊന്നും പ്രതികരിക്കുന്നില്ലെന്നു കോടിയേരി പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരിച്ചുവരുമെന്ന അഭ്യൂഹം സംബന്ധിച്ച്, അതെല്ലാം തീരുമാനിക്കേണ്ടതു പാർട്ടിയാണെന്നും കോടിയേരി പറഞ്ഞു. ബെംഗളൂരു പാരപ്പന അഗ്രഹാര ജയിലിൽ നിന്നു ശനിയാഴ്ച രാത്രിയാണു ബിനീഷ് പുറത്തിറങ്ങിയത്. സഹോദരൻ ബിനോയിയും സുഹൃത്തുക്കളും ചേർന്നു കൂട്ടിക്കൊണ്ടു പോയി. രാത്രി ഹോട്ടലിൽ തങ്ങിയ ശേഷം ഇന്നലെ രാവിലെയാണു തിരുവനന്തപുരത്തെത്തിയത്.

കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ജാമ്യം ലഭിച്ചതിനെ തുടർന്ന് തിരുവനന്തപുരം മരുതംകുഴിയിലെ വീട്ടിലെത്തിയ ബിനീഷ് കോടിയേരിക്ക് ഭക്ഷണം വിളമ്പിയാണ് വീട്ടുകാർ സ്വീകരിച്ചത്. പുട്ടും കടലയുമാണഅ നൽകിയത്. കഴിഞ്ഞ ഒരു വർഷമായി പുട്ട് കഴിച്ചിട്ടില്ലാത്തതിനാൽ പുട്ട് കണ്ട സന്തോഷം ബിനീഷ് മറിച്ചുവച്ചില്ല. അച്ഛൻ കോടിയേരി ബാലകൃഷ്ണൻ, സഹോദരൻ ബിനോയ്, ഭാര്യാമാതാവ് മിനി പ്രദീപ്, മക്കളായ ഭദ്ര, ഭാവിനി എന്നിവർക്കൊപ്പം ഭക്ഷണം കഴിച്ചു. അതിന് ശേഷം വിശദമായി കോടിയേരിയുമായി കാര്യങ്ങൾ സംസാരിച്ചു. അതിന് ശേഷമാണ് പ്രതികരണങ്ങൾ വേണ്ടെന്ന് വച്ചത്.

''ഒരുപാടു കാര്യങ്ങൾ പറയാനുണ്ട്. എല്ലാം വെളിപ്പെടുത്തും. സത്യത്തെ കള്ളമാക്കാൻ പറ്റുമെങ്കിലും കാലം എന്നൊന്നുണ്ടല്ലോ. അതു സത്യത്തോടു ചേർന്നു നിൽക്കും'' ബിനീഷ് പറഞ്ഞു. ശനിയാഴ്ച ജയിലിൽ നിന്നു പുറത്തിറങ്ങിയപ്പോൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ പറഞ്ഞെങ്കിലും ഇന്നലെ അത്തരം പ്രതികരണങ്ങളിലേക്കു ബിനീഷ് പോയില്ലെന്നതാണ് വസ്തുത. അതിനിടെ ബിനീഷ് കോടിയേരി ജയിലിൽ കിടന്നപ്പോൾ സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഒരു പിന്തുണയും കുടുംബത്തിന് ലഭിച്ചിട്ടില്ലെന്ന് ഭാര്യ റെനീറ്റ വെളിപ്പെടുത്തി.

ബിനീഷിനെതിരായ അന്വേഷണം രാഷ്ട്രീയമായിരുന്നു.പാർട്ടി ഇടപെട്ടിരുന്നുവെങ്കിൽ ഒരുവർഷം ജയിലിൽ കിടക്കേണ്ടി വരില്ലായിരുന്നു. ഇ.ഡി ആരുടെയൊക്കെയോ പേരുപറയാൻ നിർബന്ധിച്ചിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന് ഒരുതരത്തിലും ഇടപെടാൻ സാധിച്ചില്ല. അത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി എനിക്കുണ്ട്. അച്ഛൻ നിൽക്കുന്ന സ്ഥാനത്ത് നിന്നുകൊണ്ട് ഇടപെടാൻ കഴിയില്ല. ഇത്തരം ആരോപണം ഉയർന്നപ്പോഴും ബിനീഷിനെ ഒരിക്കൽ പോലും സംശയിച്ചിട്ടില്ലെന്നും കോടിയേരിയെന്നുള്ള പേര് കൊണ്ട് മാത്രമാണ് വേട്ടയാടുന്നതെന്നും റെനീറ്റ പറഞ്ഞു.

ബംഗളൂരുവിലെ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനും പൊലീസ് ജീവനക്കാരനുമാണ് ബിനീഷിന് ജാമ്യം നിന്നത്. ഇവരുടെ ശമ്പള സ്ലിപ്പുകളും തിരിച്ചറിയൽ രേഖകളും ഉൾപ്പെടെയുള്ള ജാമ്യ സത്യവാങ്മൂലം ഇരുവരും കോടതിയിൽ സമർപ്പിച്ചു. തുടർന്ന് സെഷൻസ് കോടതിയിൽനിന്നും ലഭിച്ച വിടുതൽ ഉത്തരവ് ജയിലിലെത്തിച്ചശേഷമാണ് പുറത്തിറങ്ങിയത്. ബിനീഷിനെ സ്വീകരിക്കാൻ സഹോദരൻ ബിനോയ് കോടിയേരിയും സുഹൃത്തുക്കളും എത്തിയിരുന്നു.

2020 ഒക്ടോബർ 29നാണ് ബിനീഷിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിലായി 14 ദിവസത്തെ ഇ.ഡി കസ്റ്റഡിക്കുശേഷം നവംബർ 11 മുതൽ ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ഏഴുമാസത്തെ വാദ പ്രതിവാദങ്ങൾക്കൊടുവിലായിരുന്നു ജാമ്യം. വ്യാഴാഴ്ച ഹൈക്കോടതിയിൽനിന്ന് ഉപാധികളോടെ ജാമ്യം ലഭിച്ചെങ്കിലും ജയിൽ മോചനം വൈകി. വെള്ളിയാഴ്ച വൈകിട്ടോടെ ബിനീഷ് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ജാമ്യം നിൽക്കാമെന്നേറ്റവർ അവസാന നിമിഷം ഉപാധികളെ തുടർന്ന് പിന്മാറി.

തുടർന്ന് മറ്റു രണ്ടു ജാമ്യക്കാരെ ഹാജരാക്കിയെങ്കിലും കോടതി സമയം വൈകിയതോടെ നടപടി പൂർത്തിയാക്കാനായിരുന്നില്ല. അഞ്ചു ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യത്തിന് പുറമെ സമാനമായ കുറ്റകൃത്യത്തിലേർപ്പെടരുത്, തെളിവുകൾ നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുത്, ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണം, വിചാരണ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടു പോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.