- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്നിൽ നിന്ന് നയിക്കുന്നത് ബിനീഷ് കോടിയേരി; എസ് കെ നായരെ വെട്ടി ഉപദേശകന്റെ റോളിൽ തിളങ്ങുന്നത് ശിവൻകുട്ടിയും; ടിസിയുടെ കാലം കഴിഞ്ഞതോടെ ക്രിക്കറ്റിൽ പിടിമുറുക്കാൻ കരുതലോടെ കരുനീക്കി സി.പി.എം; മാത്യുവിനും ശ്രീശാന്തിനും കളി വീട്ടിലിരുന്ന് ടിവിയിൽ കാണേണ്ടി വരും; തിരുവനന്തപുരത്തെ ട്വന്റി ട്വന്റിയിലെ കാണാകാഴ്ചകൾ ഇങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്രിക്കറ്റ് മഹോൽസവമെത്തുമ്പോൾ കരുത്തു കാട്ടുന്നത് സിപിഎമ്മോ? അങ്ങനൊരു സംശയം ഉയർത്തുന്നത് കോൺഗ്രസുകാരടങ്ങുന്ന പ്രതിപക്ഷമാണ്. ക്രിക്കറ്റിനെ സിപിഎമ്മുകാർ കൈയടക്കിയതിൽ അവർക്ക് നീരസവുമുണ്ട്. ക്രിക്കറ്റ് മത്സരത്തിന്റെ പ്രധാന രണ്ട് ചുമതലകളിൽ സിപിഎമ്മുകാരാണ്. റിസപ്ഷൻ കമ്മറ്റിയുടെ ചെയർമാൻ ബിനീഷ് കോടിയേരി. സി.പി.എം സെക്രട്ടറിയുടെ മകൻ. ഉപദേശക സമിതിയെ നയിക്കുന്നത് വി ശിവൻകുട്ടിയും. നിലവിൽ ജനപ്രതിനിധി പോലുമല്ലാത്ത ശിവൻ കുട്ടിയെ മുഖ്യസംഘാടകന്റെ റോളിലെത്തിച്ചതാണ് വിമർശന വിധേയമാകുന്നത്. ഇതിൽ കേരളാ ക്രിക്കറ്റ് അസോസിയേഷനിലെ ഒരു വിഭാഗത്തിനും അതൃപ്തിയുണ്ട്. ബിനീഷിന് ക്രിക്കറ്റുമായി ബന്ധമുണ്ട്. അതുകൊണ്ടാണ് ബിനീഷിനെ റിസപ്ഷൻ കമ്മറ്റിയുടെ ചെയർമാനാക്കിയതെന്ന് കെസിഎ വിശദീകരിക്കുന്നുണ്ട്. കണ്ണൂരിലെ ഒരു ക്ലബ്ബിന്റെ ഭാരവാഹിയാണ് ബിനീഷ്. രണ്ട് വർഷമായി കണ്ണൂരിലെ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ മീറ്റിങിൽ പങ്കെടുക്കാറുണ്ട്. കെസിഎയിലെ സ്ഥാനമാനമാണ് ബിനീഷ് ലക്ഷ്യമിടുന്നതെന്ന് ഏവർക്കും അറിയാം. ഇത
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്രിക്കറ്റ് മഹോൽസവമെത്തുമ്പോൾ കരുത്തു കാട്ടുന്നത് സിപിഎമ്മോ? അങ്ങനൊരു സംശയം ഉയർത്തുന്നത് കോൺഗ്രസുകാരടങ്ങുന്ന പ്രതിപക്ഷമാണ്. ക്രിക്കറ്റിനെ സിപിഎമ്മുകാർ കൈയടക്കിയതിൽ അവർക്ക് നീരസവുമുണ്ട്. ക്രിക്കറ്റ് മത്സരത്തിന്റെ പ്രധാന രണ്ട് ചുമതലകളിൽ സിപിഎമ്മുകാരാണ്. റിസപ്ഷൻ കമ്മറ്റിയുടെ ചെയർമാൻ ബിനീഷ് കോടിയേരി. സി.പി.എം സെക്രട്ടറിയുടെ മകൻ. ഉപദേശക സമിതിയെ നയിക്കുന്നത് വി ശിവൻകുട്ടിയും. നിലവിൽ ജനപ്രതിനിധി പോലുമല്ലാത്ത ശിവൻ കുട്ടിയെ മുഖ്യസംഘാടകന്റെ റോളിലെത്തിച്ചതാണ് വിമർശന വിധേയമാകുന്നത്. ഇതിൽ കേരളാ ക്രിക്കറ്റ് അസോസിയേഷനിലെ ഒരു വിഭാഗത്തിനും അതൃപ്തിയുണ്ട്.
ബിനീഷിന് ക്രിക്കറ്റുമായി ബന്ധമുണ്ട്. അതുകൊണ്ടാണ് ബിനീഷിനെ റിസപ്ഷൻ കമ്മറ്റിയുടെ ചെയർമാനാക്കിയതെന്ന് കെസിഎ വിശദീകരിക്കുന്നുണ്ട്. കണ്ണൂരിലെ ഒരു ക്ലബ്ബിന്റെ ഭാരവാഹിയാണ് ബിനീഷ്. രണ്ട് വർഷമായി കണ്ണൂരിലെ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ മീറ്റിങിൽ പങ്കെടുക്കാറുണ്ട്. കെസിഎയിലെ സ്ഥാനമാനമാണ് ബിനീഷ് ലക്ഷ്യമിടുന്നതെന്ന് ഏവർക്കും അറിയാം. ഇതിന് തടസ്സം ടിസി മാത്യുവായിരുന്നു. മാത്യുവിനെ അഴിമകതി കഥകളിലൂടെ കെസിഎയിൽ നിന്ന് മാറ്റി നിർത്തിയതോടെയാണ് ബിനീഷ് ക്രിക്കറ്റ് സംഘാടകനായി കളം നിറയുന്നത്. സെലിബ്രട്ടി ക്രിക്കറ്റിന്റെ ഭാഗമായി ബിനീഷ് എത്തിയതു പോലും കെസിഎയിൽ സ്ഥാനങ്ങൾ ലക്ഷ്യമിട്ടാണ്. കണ്ണൂരിൽ കരുത്തനാകാനുള്ള ബിനീഷിന്റെ ശ്രമങ്ങളെ ടിസി വെട്ടിയൊതുക്കിയിരുന്നു. എന്നാൽ ടിസി പുറത്താകുമ്പോൾ അകത്തേക്ക് നുഴഞ്ഞു കയറാനാണ് ബിനീഷിന്റെ ശ്രമം.
ക്രിക്കറ്റ് അസോസിയേഷനിലെ ചിലർക്കെതിരെ അഴിമതി ആരോപണം സജീവമാണ്. സിപിഎമ്മാണ് ഈ ആക്ഷേപം ചർച്ചയാക്കിയത്. ഈ സാഹചര്യത്തിൽ ചിലരുടെ ഭയമാണ് ബിനീഷിനെ സംഘാടനത്തിൽ സുപ്രധാന പദവിയിൽ എത്തിച്ചത്. റിസപ്ഷൻ കമ്മറ്റിയുടെ ചെയർമാനാണ് കളിയുമായി ബന്ധപ്പെട്ട വാഹന സൗകര്യങ്ങളും മറ്റും ഒരുക്കുന്നത്. ആഡംബര വാഹനങ്ങളടക്കം തലസ്ഥാനത്ത് എത്തുന്ന വിവിഐപികൾക്ക് എല്ലാ സൗകര്യവും ഒരുക്കുന്നതും ബിനീഷാണ്. ടിസി മാത്യു മാറിയതോടെ കെസിഎയുടെ തലപ്പത്തുള്ളവർക്ക് ചെറിയ ആശയക്കുഴപ്പങ്ങളുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ബിനീഷിനെ ക്രിക്കറ്റ് സംഘാടനത്തിൽ സജീവമാക്കുന്നത്. ഇതിൽ കെസിഎയിലെ ടിസി മാത്യുവിനെ അനുകൂലിക്കുന്നവർ അതൃപ്തരാണ്. പക്ഷേ കോടിയേരിയെ ശത്രുവാക്കാൻ ആരും ആഗ്രഹിക്കുന്നുമില്ല.
ശിവൻകുട്ടി സംഘാടകനായതാണ് ഏവരേയും അത്ഭുതപ്പെടുത്തുന്നത്. ഫുട്‌ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റാണ് ശിവൻകുട്ടി. നിലവിൽ എംഎൽഎ പോലുമല്ല. എന്നിട്ടും ഉപദേശക സമിതിയുടെ അധ്യക്ഷനാക്കി. ഇതേ കുറിച്ച് കെസിഎ അംഗം മറുനാടനോട് സംസാരിച്ചത് ഇങ്ങനെയാണ്. സംഘാടക സമിതി യോഗത്തിലേക്ക് ശിവൻകുട്ടിയെ ആരും വിളിച്ചിരുന്നില്ല. മന്ത്രി കടകംപള്ളിക്കായിരുന്നു ക്ഷണം. സമയമായിട്ടും കടകംപള്ളി എത്തിയില്ല. ഈ സമയം കെസിഎ ഭാരവാഹി കടകംപള്ളി എത്തുന്നുണ്ടോ എന്നറിയാൻ ഫോൺ വിളിച്ചു. ഈ സമയം താനടുത്തെത്തിയെന്നും ശിവൻകുട്ടിയുണ്ടെന്നും ഈ ഭാരവാഹിയെ അറിയിക്കുകയായിരുന്നു. ശിവൻകുട്ടി വരുന്നതിനാൽ അദ്ദേഹത്തിനും ചുമതല നൽകണമെന്ന് കെസിഎ തീരുമാനിച്ചു. ഇതോടെ ഏത് സ്ഥാനം നൽകണമെന്നതിനെ കുറിച്ച് ആലോചിച്ചു.
ഈ സമയത്ത് പ്രധാന സ്ഥാനങ്ങളിലേക്കെല്ലാം ആളുകളെ കെസിഎ നിശ്ചയിച്ചിരുന്നു. ശിവൻകുട്ടിയെ ഉൾപ്പെടുത്താനായി അതിൽ ചില മാറ്റം വരുത്തി. ഉപദേശക സമിതിയുടെ അധ്യക്ഷനായി നിശ്ചയിച്ചിരുന്നത് ബിസിസിഐയുടെ മുൻ സെക്രട്ടറിയും ക്രിക്കറ്റ് ലോകകപ്പ് സംഘാടനത്തിൽ പോലും പരിചയമുണ്ടായിരുന്ന എസ് കെ നായരെയാണ്. ശിവൻകുട്ടിക്ക് വേണ്ടി എസ് കെ നായരെ ചെയർമാൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയായിരുന്നുവെന്നാണ് കെസിഎ അംഗം മറുനാടനോട് വിശദീകരിച്ചു. സാധാരണ മന്ത്രിമാരും ജനപ്രതിനിധികളും മാത്രമാണ് രാഷ്ട്രീക്കാരായി ക്രിക്കറ്റ് സംഘാടനായി എത്താറുള്ളൂ. ഈ പതിവാണ് ശിവൻകുട്ടിയിലൂടെ തെറ്റുന്നത്. ഇത്രയും പ്രധാനപ്പെട്ട പദവി എസ് കെ നായരെ വെട്ടി ശിവൻകുട്ടിക്ക് നൽകിയത് എന്തിനാണെന്ന ചോദ്യം കെസിഎയിലും സജീവമാണ്.
അതിനിടെയ ടിസി മാത്യു കളികാണാൻ പോലും എത്തുന്നില്ലെന്ന പ്രത്യേകതയും ഉണ്ട്. കെസിഎയിൽ എസ് കെ നായരെ അട്ടിമറിച്ചാണ് ടിസി മാത്യു ആധിപത്യം നേടിയത്. എസ് കെ നായർ പുറത്തുപോയപ്പോഴും അന്താരാഷ്ട്ര മത്സരങ്ങൾക്ക് അദ്ദേഹത്തെ കെസിഎ ക്ഷണിക്കാറുണ്ടായിരുന്നു. അദ്ദേഹം എത്തുകയും ചെയ്യുമായിരുന്നു. എന്നാൽ ഇത്തവണ ടിസിക്ക് സ്‌റ്റേഡിയത്തിൽ പ്രവേശിക്കാൻ പോലും കഴിയുമോ എന്ന സംശയം സജീവമാണ്. അഴിമതി ആരോപണവും സിഡി ഭീഷണിയും കെസിഎയെ പിടിച്ചുലയ്ക്കുകയാണ്. ഇതിനിടെയാണ് ടിസി മാത്യു ക്രിക്കറ്റിലെ ഭാരവാഹിത്വങ്ങൾ രാജിവച്ചത്. ഇതിനിടെ ലോധാ സമിതിയുടെ ശുപാർശ പ്രകാരം നിയോഗിച്ച ക്രിക്കറ്റ് ഓംബുഡ്‌സ്മാന്റെ വിധിയും വന്നു. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ ഓഫീസുകളിൽ ടിസി പ്രവേശിക്കരുതെന്നായിരുന്നു ആ തീരുമാനം.
ടിസിക്കെതിരെ ഉയർന്ന അഴിമതിയുടെ രേഖകൾ കെസിഎ ഓഫീസിലാണ് ഉള്ളത്. ഈ സാഹചര്യത്തിലായിരുന്നു ടിസിയോട് മാറി നിൽക്കാൻ ഓംബുഡ്‌സ് മാൻ ആവശ്യപ്പെട്ടത്. അതുകൊണ്ട് സാങ്കേതികമായി ക്രിക്കറ്റ് കാണാൻ ടിസിക്ക് കഴിയില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ കളി നടക്കുന്നത് സ്റ്റേഡിയത്തിലാണെന്നും ടിസിക്ക് അതുകൊണ്ട് തന്നെ പങ്കെടുക്കാനാകുമെന്നും വാദിക്കുന്നവർ ഉണ്ട്. പക്ഷേ ടിസി സ്റ്റേഡിയത്തിലേക്ക് ഇല്ലെന്ന സൂചനയാണ് മറുനാടന് ലഭിച്ചത്. ക്രിക്കറ്റിൽ കേരളപെരുമയായ എസ് ശ്രീശാന്തിനും കളികാണാനെത്താനാകില്ല. ബിസിസിഐയുടെ ആജീവനാന്ത വിലക്കുള്ളതുകൊണ്ടാണ് ഇത്.
ടിസി മാത്യു സ്ഥാനം ഒഴിഞ്ഞെങ്കിലും അദ്ദേഹത്തെ വിശ്വസ്തനായ ജയേഷ് ജോർജാണ് കെസിഎയുടെ ജനറൽ സെക്രട്ടറി. ഇടുക്കിയിൽ നിന്നുള്ള വിനോദാണ് പ്രസിഡന്റ്. അതുകൊണ്ട് തന്നെ ടിസിക്ക് ഇപ്പോഴും ക്രിക്കറ്റിൽ സ്വാധീനമുണ്ട്.