- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗളുരുവിലെ ബി ക്യാപിറ്റൽ ഫിനാൻസ് സർവീസിന് പിന്നിൽ ബിനീഷ് കോടിയേരിയോ? അനൂപ് പിടിയിലാകുന്നതിനു 2 ദിവസം മുൻപു നാട്ടിലേക്കു വരാൻ പണമില്ലെന്നു പറഞ്ഞു വിളിച്ചെന്നും 15,000 രൂപ നൽകിയെന്നും കോടിയേരിയുടെ മകൻ തുറന്നു സമ്മതിച്ചതും സംശയങ്ങൾ ബലപ്പെടുത്തുന്നു; മയക്കുമരുന്ന് കള്ളക്കടത്തുകാരന്റെ കൈയിൽ 15,000 രൂപ പോലും ഇല്ലെന്നത് അവിശ്വസനീയം; അനൂപ് മുഹമ്മദ് ആരുടേയോ ജീവനക്കാരൻ എന്ന് സംശയിച്ച് അന്വേഷണം; മയക്കുമരുന്ന് കള്ളക്കടത്തിൽ സർവ്വത്ര ദുരൂഹത
കൊച്ചി: അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയെ പതിവായി വിളിക്കാറുണ്ടെന്നു ഫോൺ രേഖകളിലെ അന്വേഷണം നിർണ്ണായകമാകും. അനൂപ് മുഹമ്മദിനെ അടുത്തറിയാമെന്നും വർഷങ്ങളായുള്ള സൗഹൃദമുണ്ടെന്നും ബിനീഷ് വെളിപ്പെടുത്തിയിരുന്നു. പിടിയിലാകുന്നതിനു 2 ദിവസം മുൻപു നാട്ടിലേക്കു വരാൻ പണമില്ലെന്നു പറഞ്ഞു വിളിച്ചെന്നും 15,000 രൂപ നൽകിയെന്നും സമ്മതിച്ചു. ഇത് ഏറെ ദുരൂഹമാണ്. എന്തിനാണ് ബിനീഷ് പണം നൽകിയതെന്ന ചോദ്യമാണ് ഉയരുന്നത്. മയക്കുമരുന്ന് കള്ളക്കടത്തിൽ പെട്ട വ്യക്തിക്ക് 15000 രൂപ പോലും എടുക്കാനില്ലേ എന്ന ചോദ്യവും പ്രസക്തമാണ്. അനൂപ് ആരുടേയോ ജീവനക്കാരനായിരുന്നുവെന്ന സംശയമാണ് ഇത് ബലപ്പെടുത്തുന്നത്.
അനൂപ് മുഹമ്മദ് പിടിയിലാകുന്നതിന് രണ്ട് ദിവസം മുമ്പ് വരെ, സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷിനെ വിളിച്ചതായി രേഖകൾ. ഓഗസ്റ്റ് 21 നാണ് അനൂപ് മുഹമ്മദ് അറസ്റ്റിലാവുന്നത്. ഓഗസ്റ്റ് 19 ന് അഞ്ച് തവണയാണ് അനൂപ് ബിനീഷിനെ വിളിച്ചത്. ഓഗസ്റ്റ് 13 ന് എട്ട് മിനിറ്റിലേറെ ഇരുവരും സംസാരിച്ചു. അനൂപ് മുഹമ്മദിനെ അടുത്തറിയാമെന്നും വർഷങ്ങളായുള്ള പരിചയവും സൗഹൃദവുമുണ്ടെന്നും ബിനീഷ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ലഹരിക്കടത്ത് ബന്ധം ബിനീഷ് നിഷേധിക്കുകയും ചെയ്തു. എന്നാൽ പുറത്തുവരുന്ന രേഖകൾ സംശയം കൂടുതൽ ബലപ്പെടുത്തുകയാണ്.
അനൂപ് മുഹമ്മദിന് ജൂലൈ 10ന് വന്ന കോളുകൾ പരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്. പ്രസ്തുത ദിവസമാണ് സ്വപ്ന സുരേഷ് ബെംഗളൂരുവിൽ പിടിക്കപ്പെട്ടത്. സ്വർണക്കടത്ത് പ്രതി റമീസുമായും അനൂപിന് ബന്ധമുണ്ട്. 2015-ൽ ബംഗളുരൂവിലെ കമ്മനഹള്ളിയിൽ അനൂബ് തുടങ്ങിയ ഹയാത്ത് ഹോട്ടലിന് ബിനീഷ് കോടിയേരി പണം മുടക്കിയിട്ടുണ്ട്. ഇക്കാര്യം അദ്ദേഹം തന്നെ സമ്മതിച്ചതാണ്. 2019-ൽ അനൂബ് തുടങ്ങിയ മറ്റൊരു ഹോട്ടലിന് ആശംസയർപ്പിച്ച് ബനീഷ് ഫേസ്ബുക്കിൽ ലൈവ് ഇടുകയും ചെയ്തിരുന്നു. ഈ ഹോട്ടലുകളിലാണ് ഇടപാടുകൾ നടന്നത്.
ലഹരിക്കടത്തിൽ പിടിയിലായവർക്കൊപ്പം ലോക്ക്ഡൗൺ കാലത്ത് ജൂൺ 19-ന് കുമരകത്തെ നൈറ്റ് പാർട്ടിയിൽ ബിനീഷ് കോടിയേരിയും പങ്കെടുത്തിരുന്നു എന്ന് ആരോപണമുണ്ട്. ബിനീഷ് കോടിയേരിയുടെ ബംഗളുരുവിലെ ബി ക്യാപിറ്റൽ ഫിനാൻസ് സർവീസ് എന്ന സ്ഥാപനം കള്ളപ്പണത്തിനും സ്വർണക്കടത്തിനും മയക്കുമരുന്ന് കടത്തിനും മറയായി ഉപയോഗിക്കുകയായിരുന്നുവെന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ ഇതും കേന്ദ്ര ഏജൻസികൾ പരിശോധിക്കും. കോൺഗ്രസ് പത്രമായ വീക്ഷണമാണ് ഈ ആരോപണം സജീവമായി ഉയർത്തുന്നത്. അനൂപ് മുഹമ്മദിനെ വളരെക്കാലം മുമ്പുതന്നെ പരിചയമുണ്ടെന്ന ബിനീഷിന്റെ വെളിപ്പെടുത്തൽ കേരളത്തിലും കർണാടകത്തിലും നടക്കുന്ന വൻതോതിലുള്ള കള്ളക്കടത്തിന്റെ ചുരുളഴിക്കുന്നതാണെന്നും വീക്ഷണം പറയുന്നു.
അനൂപ് മുഹമ്മദിന് പണംനൽകി സഹായിച്ചതല്ല. ബിസിനസ് പങ്കാളിത്തമാണ് ബിനീഷിനുള്ളതെന്ന് വ്യക്തമാകുന്നുവെന്ന വിലയിരുത്തലും സജീവമാണ്. ആദ്യം റിയൽ എസ്റ്റേറ്റും പിന്നീട് ഹോട്ടൽ വ്യാപാരവും പിന്നീട് വസ്ത്ര വ്യാപാരവും തുടങ്ങാൻ അനൂപിനെ സഹായിച്ചത് ബിനീഷായിരുന്നു. ഏഴുവർഷത്തിലേറെക്കാലം അടുത്ത ബന്ധമുണ്ടായിട്ടും അനൂപിന് മയക്കുമരുന്ന് കച്ചവടമുള്ള കാര്യം അറിയില്ലെന്ന ബിനീഷിന്റെ വെളിപ്പെടുത്തൽ പച്ചക്കള്ളമാണെന്ന അഭിപ്രായവും ഉയരുന്നു. നിരന്തര ബന്ധം വെറും സൗഹാർദ്ദമല്ലെന്നും കച്ചവട പങ്കാളി എന്ന നിലയിലുള്ള ബന്ധംകൂടി ഇതിന് പിന്നിലുണ്ട്. സിനിമാ ലോകത്തുള്ളവരെ അനൂപുമായി അടുപ്പിക്കുന്നതും ബിനീഷിന്റെ സൗഹൃദ കരുത്താണെന്നാണ് ഉയരുന്ന ആരോപണം. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അനൂപിനെ ചോദ്യംചെയ്തതിൽ ബിനീഷ്-അനൂപ് ബന്ധത്തിന്റെ ആഴം വ്യക്തമാണ്.
അനൂപ് ലഹരിക്കടത്തിന് മുൻപ് റിയൽ എസ്റ്റേറ്റ് രംഗത്തും സജീവമായിരുന്നു. മൂന്നാറിൽ ഇരുനൂറ് ഏക്കർ ഭൂമി വാങ്ങിയതും മറിച്ച് വിറ്റതും അനൂപിന്റെ നേതൃത്വത്തിലായിരുന്നു. രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും പണമുപയോഗിച്ച് വാങ്ങിയ ഭൂമി പലയാളുകളുടെ പേരിലായിരുന്നു. മറിച്ചുവിറ്റ് കിട്ടുന്ന ലാഭം വീതംവെയ്ക്കുകയായിരുന്നു. ഇതിന്റെ പേരിലുണ്ടായ തർക്കം കാരണം റിയൽ എസ്റ്റേറ്റ് രംഗം വിടുകയായിരുന്നു. അനൂപിന്റെ 78299 44944 എന്ന നമ്പറിൽ നിന്ന് ബിനീഷ് കോടിയേരിയുടെ 456ൽ അവസാനിക്കുന്ന മൊബൈൽ നമ്പറിലേക്കായിരുന്നു കൂടുതൽ കോളുകൾ. ഓഗസ്റ്റ് 1ന് ഇരുവരും തമ്മിൽ 2 തവണ സംസാരിച്ചിട്ടുണ്ട്. ഇതിൽ രണ്ടാമത്തെ കോൾ 196 സെക്കൻഡ് നീണ്ടു. പിന്നീട് 13നു രാത്രി 11നു 488 സെക്കൻഡ് നേരം സംസാരിച്ചു. അറസ്റ്റിലാകുന്നതിനു 2 ദിവസം മുൻപ് ഓഗസ്റ്റ് 19ന് ഉച്ചയ്ക്ക് 12.53 മുതൽ 1.28 വരെയുള്ള സമയത്തിനിടെ 5 തവണ സംസാരിച്ചു. 8 സെക്കൻഡ് മുതൽ 1 മിനിറ്റ് വരെയാണ് സംസാര ദൈർഘ്യം. 21നാണ് അനൂപ് പിടിയിലാകുന്നത്.
അനൂപ് മുഹമ്മദിന് ബെംഗളൂരുവിൽ സാമ്പത്തിക സഹായം നൽകിയത് ബിനീഷ് കോടിയേരിയുടെ ബെംഗളൂരുവിലെ ധനകാര്യ സ്ഥാപനത്തിന്റെ മറവിലെന്ന് ആരോപണമുണ്ട്. ബിനീഷിന്റെ കമ്പനിയുടെ പാർട്ണർ ആയിരുന്ന അനസ് വലിയപറമ്പത്തുമായി ചേർന്നാണ് 2015ൽ സ്ഥാപനം ആരംഭിച്ചത്. മുഹമ്മദ് അനൂപിനു കൊച്ചി കേന്ദ്രീകരിച്ചു വൻ ലഹരിവിതരണ ശൃംഖലയുണ്ടായിരുന്നു. സിനിമാ ഷൂട്ടിങ് മുടങ്ങിയ ലോക്ഡൗൺകാലത്തു മലയാള സിനിമാരംഗത്തു പ്രവർത്തിക്കുന്ന യുവാക്കളെയടക്കം ലഹരിമരുന്നിന്റെ വിതരണക്കാരാക്കിയതായും സൂചന അന്വേഷണ ഏജൻസിക്ക് കിട്ടിയിട്ടുണ്ട്. കേന്ദ്ര ലഹരിവിരുദ്ധ അന്വേഷണ ഏജൻസിയായ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻസിബി)യുടെ അന്വേഷണം കേരളത്തിലേക്കും നീളുന്നത് ഈ സാഹചര്യത്തിലാണ്. കേസിൽ ഇതുവരെ പുറത്തുവന്ന വിവരങ്ങൾ കേരള പൊലീസിന്റെ സ്പെഷൽ ബ്രാഞ്ച് വിഭാഗവും പരിശോധിക്കുന്നു. ബെംഗളൂരുവിലെ ചലച്ചിത്ര പ്രവർത്തകർക്കു ലഹരിമരുന്നു വിതരണം ചെയ്യുന്ന റാക്കറ്റിനെ കണ്ടെത്താൻ നടത്തിയ പരിശോധനയിലാണു കൊച്ചി വെണ്ണല സ്വദേശി അനൂപ്, തൃശൂർ സ്വദേശി റിജേഷ് രവീന്ദ്രൻ, സീരിയൽ നടി ഡി.അനിഖ എന്നിവർ പിടിക്കപ്പെട്ടത്.
ഇവരുടെ മൊബൈൽ ഫോണുകളും ടെലിഗ്രാം മെസഞ്ചറും അന്വേഷണസംഘം പരിശോധിച്ചു. ഇതിൽ നിന്നാണു മലയാള സിനിമാരംഗത്തെ 8 യുവാക്കൾക്കു പ്രതികൾ 3 വർഷമായി ലഹരിമരുന്ന് എത്തിച്ചതിന്റെ തെളിവുകൾ ലഭിച്ചത്. ഇവരുടെ സഹായത്തോടെയാണു കൂടുതൽ പേരെ ശൃംഖലയുടെ ഭാഗമാക്കിയത്. ലഹരികടത്തിൽ പങ്കാളികളായ കൊച്ചിയിലെ 3 യുവതികളുടെ വിവരങ്ങളും അനിഖയുടെ ഫോണിൽ നിന്നു ലഭിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ അറസ്റ്റിലായ പ്രതികളുടെ ചിത്രമെടുത്തപ്പോൾ മാസ്ക് മാറ്റാതിരിക്കാൻ അന്വേഷണ സംഘത്തിലെ ഒരുദ്യോഗസ്ഥനു 2 ലക്ഷം രൂപ അനൂപ് വാഗ്ദാനം ചെയ്തതായും ആരോപണം.
മാധ്യമങ്ങൾക്കു ലഭിച്ച ചിത്രങ്ങളിൽ അനിഖയും റിജേഷ് രവീന്ദ്രനും മാസ്ക് മാറ്റിയും അനൂപ് ധരിച്ചുമാണ് പ്രത്യക്ഷപ്പെട്ടത്.
അതിനിടെ സ്വന്തം ഇഷ്ടപ്രകാരം മുഹമ്മദ് അനൂപ് ലഹരിമരുന്നു വിൽപന നടത്തുമെന്നു വിശ്വസിക്കാൻ കഴിയുന്നില്ലെന്നു പിതാവ് ബഷീർ വെളിപ്പെടുത്തിയിട്ടുണ്ട്. ബെംഗളൂരുവിലെ ബിസിനസ് തകർന്നപ്പോൾ നഷ്ടം നികത്താൻ ആരെങ്കിലും തെറ്റായ ഉപദേശം നൽകിയതാകാമെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. ആരെങ്കിലും അനൂപിനെ ചതിച്ചതാണെങ്കിൽ അവരെ കണ്ടെത്തി ശിക്ഷിക്കണം, മകനെ വിട്ടയയ്ക്കണം. മകൻ കുറ്റക്കാരനാണെങ്കിൽ അർഹിക്കുന്ന ശിക്ഷ ലഭിക്കണമെന്നും ബഷീർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ