കൊച്ചി: സ്വർണക്കടത്ത് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കും ക്ലീൻ ചിറ്റില്ല. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 12 മണിക്കൂർ ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി അറിയിച്ചു. ബെംഗളൂരു ലഹരിമരുന്ന് കേസ് പ്രതികൾ സ്വർണക്കടത്തിന് സഹായിച്ചിട്ടുണ്ടോ എന്നതാണ് അന്വേഷിക്കുന്നത്. അതിനിടെ നർകോട്ടിക് കൺട്രോൾ ബ്യൂറോയും ബിനീഷിനെ ചോദ്യം ചെയ്യാൻ സാധ്യത ഏറെയാണ്. ഈ കേസ് അന്വേഷിച്ച നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഇഡിയിൽ നിന്ന് വിവരങ്ങൾ തേടി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്കു പ്രതികളുമായുള്ള ബന്ധം സർക്കാരിനെ പ്രതിരോധത്തിലാക്കിയെങ്കിൽ പാർട്ടി സെക്രട്ടറിയുടെ മകനെ ചോദ്യം ചെയ്യുന്നത് സിപിഎമ്മിനു തലവേദനയാണ്.

ആദ്യ ഘട്ട ചോദ്യം ചെയ്യലിലെ മൊഴികൾ എൻഫോഴ്സ്മെന്റ് വിശദമായി വിലയിരുത്തും. ഒരാഴ്ചയ്ക്ക് ശേഷം ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് വിവരങ്ങൾ.രാവിലെ 10 മണിക്കായിരുന്നു ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യൽ ആരംഭിച്ചത്. രാത്രി 10 മണിയോടെയാണ് ചോദ്യം ചെയ്യൽ പൂർത്തിയായത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് (പി.എംഎ‍ൽഎ.) ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 12 മണിക്കൂർ ചോദ്യംചെയ്തത്. ഒരാളുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കാനുള്ള വിപുലമായ അധികാരമാണ് ഈ നിയമം ഇ.ഡി.ക്കു നൽകുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻ.ഐ.എ. അറസ്റ്റുചെയ്ത സ്വപ്നാ സുരേഷിന് കമ്മിഷൻ ലഭിച്ചതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായുള്ള ബന്ധത്തെ സംബന്ധിച്ചാണ് ബിനീഷിനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചതെങ്കിലും മയക്കുമരുന്നും ബിസിൻസ് ബന്ധവുമെല്ലാം ചർച്ചയായി. കള്ളപ്പണം നിരോധന നിയമപ്രകാരം കേസെടുത്താൽ താൻ തെറ്റുകാരനല്ലെന്നു തെളിയിക്കേണ്ട ബാധ്യത പ്രതിയുടേതാകും.

മുൻ ധനമന്ത്രി പി. ചിദംബരത്തിനെയടക്കം ഇ.ഡി. അറസ്റ്റുചെയ്തതും ഈ നിയമത്തിന്റെ പിൻബലത്തിലാണ്. 2002-ൽ എൻ.ഡി.എ. സർക്കാരിന്റെ കാലത്താണ് കള്ളപ്പണം വെളുപ്പിക്കൽ നിയമം പാസാക്കുന്നത്. കസ്റ്റംസ് നിയമംപോലെ ഒരാൾ നൽകുന്ന മൊഴിയാണ് പി.എംഎ‍ൽഎ. ആക്ടിലും നിർണായകം. പി.എംഎ‍ൽഎ. ആക്ടിന്റെ സെക്ഷൻ 50 പ്രകാരമാണ് മൊഴിയെടുക്കുന്നത്. ഒരാളുടെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് വ്യക്തമായ വിശദീകരണം നൽകാനായില്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടും. കള്ളപ്പണക്കേസിൽ പ്രതിയായ ആളെ മൂന്നുമുതൽ ഏഴുവരെ വർഷം തടവിനു ശിക്ഷിക്കാമെന്നും നിയമം പറയുന്നു.

വിശദ ചോദ്യം ചെയ്യലിന് ശേഷം ബിനീഷിന് ക്ലീൻ ചിറ്റ് ഇഡി നൽകിയില്ലെന്നതാണ് വസ്തുത. സ്വപ്ന സുരേഷിനു കമ്മിഷൻ ലഭിച്ച സ്ഥാപനങ്ങളിൽ ബിനീഷിനുള്ള പങ്കും ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളാണ് ഇഡി തിരക്കിയത്. രാവിലെ ഒൻപതരയോടെ ബിനീഷ് കൊച്ചി എൻഫോഴ്‌സ്‌മെന്റ് ഓഫിസിലെത്തി. എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ പി.രാധാകൃഷ്ണൻ പത്തു മണിക്ക് ഓഫിസിൽ എത്തിയതോടെ ചോദ്യം ചെയ്യൽ തുടങ്ങി. സ്വപ്ന സുരേഷടക്കമുള്ള പ്രതികളുടെ റിമാൻഡ് നീട്ടാൻ ഇഡി കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നതിന്റെ സൂചന തുറന്നിട്ടത്. ബെംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികൾ സ്വർണക്കടത്ത് കേസിലെ പ്രതികളെ സഹായിച്ചു എന്നു സംശയമുണ്ട്.

കേസിൽ ഇഡി ഒരു ഉന്നത വ്യക്തിയെ ചോദ്യം ചെയ്തു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 20 പേരെ കൂടി ചോദ്യം ചെയ്യേണ്ടതുണ്ട്. ബെംഗളൂരു ലഹരിമരുന്ന് കേസിൽ പ്രധാന പ്രതി അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയുമായുള്ള അടുത്ത ബന്ധം പുറത്തുവന്ന സാഹചര്യത്തിൽ സ്വർണക്കടത്തും ലഹരിമരുന്ന് കേസുമായുള്ള ബന്ധമാണു ബിനീഷിൽനിന്നു പ്രധാനമായും തേടിയത്. യുഎഇ കോൺസുലേറ്റിലെ വീസ സ്റ്റാംപിങ്ങിനുള്ള കരാർ ലഭിച്ച യുഎഎഫ്എക്‌സ് സൊല്യൂഷൻസ് എന്ന സ്ഥാപനവുമായി ബിനീഷിന്റെ ബന്ധവും പരിശോധിച്ചു. ഈ സ്ഥാപനത്തിൽനിന്ന് സ്വപ്നയ്ക്ക് 70 ലക്ഷം രൂപ കമ്മിഷൻ ലഭിച്ചിരുന്നു. 2015ൽ തുടങ്ങിയ ശേഷം പ്രവർത്തനം നിലച്ച 2 കമ്പനികളിലെ ബിനീഷിന്റെ പങ്കാളിത്തവും പരിശോധിക്കും.

ഇ ഡിയുടെ കൈയിൽനിന്ന് വഴുതിമാറി രക്ഷപ്പെടാൻ ബിനീഷ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആറുദിവസത്തെ അവധി ചോദിച്ചെങ്കിലും ഇ ഡി ഇതനുവദിക്കാതെ ഇന്നലെതന്നെ ചോദ്യം ചെയ്യുകയായിരുന്നു. വ്യാജകമ്പനികൾ രജിസ്റ്റർ ചെയ്ത് നിയമവിധേയമല്ലാത്ത തരത്തിൽ നടത്തുന്ന ഹവാല ഇടപാടുകളുമായി ബിനീഷിന് നേരത്തെ ബന്ധമുണ്ടായിരുന്നുവെന്നും ഇ ഡി കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ രണ്ടിലേറെ സ്ഥാപനങ്ങൾ ബിനീഷിന്റെയും കൂട്ടാളികളുടെയും പേരിൽ രജിസ്റ്റർ ചെയ്തിരുന്നു. ഉദ്ദേശിച്ച ഇടപാടുകൾ നടത്തിക്കഴിഞ്ഞതിനുശേഷം ഇത്തരം കടലാസ് സ്ഥാപനങ്ങളെ സ്വമേധയാ പ്രവർത്തനരഹിതമാക്കുകയായിരുന്നു പതിവ്. ചിലത് സ്വന്തം പേരിലും മറ്റുചിലത് ബിനാമികളുടെ പേരിലുമാണ് രജിസ്റ്റർ ചെയ്തിരുന്നത്.

ഇടയ്ക്ക് തന്റെ താവളം തിരുവനന്തപുരത്തുനിന്നും ബംഗളുരുവിലേക്ക് ബിനീഷ് മാറ്റിയിരുന്നു. മയക്കുമരുന്ന് കേസിൽ ബംഗളുരുവിൽ അറസ്റ്റിലായ അനൂപ് മുഹമ്മദ് നൽകിയ മൊഴിയിലാണ് ബിനീഷുമായുള്ള ബന്ധം വെളിപ്പെട്ടത്. തനിക്ക് ഹോട്ടൽ ബിസിനസും വസ്ത്ര വ്യാപാരവും നടത്താൻ ബിനീഷ് സാമ്പത്തിക സഹായം നൽകിയിരുന്നുവെന്നുള്ള അനൂപിന്റെ മൊഴി ബിനീഷ് ശരിവെച്ചിട്ടുണ്ട്. സഹായമല്ല, ബിനീഷിന്റെ മുതൽമുടക്കാണിതെന്നും പറയപ്പെടുന്നു. ബിനീഷ് കോടിയേരി മുഖേന മലയാള സിനിമാ രംഗത്തുള്ളവർക്കും മയക്കുമരുന്ന് ഇടപാടിൽ പങ്കുണ്ടെന്നുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്. ബിനീഷ് തന്റെ ബോസാണെന്നും അനൂപ് മുഹമ്മദ് മൊഴി നൽകിയതായാണ് സൂചന.