- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗളൂരു മയക്കുമരുന്ന് കേസ് പ്രതിക്ക് ബിനീഷ് കോടിയേരി കൈമാറിയത് ലക്ഷങ്ങൾ; നാലുവർഷത്തെ ബാങ്കിടപാടുകൾ പരിശോധിച്ചതിൽ നിന്നും ഇടപാടുകൾ വ്യക്തം; അക്കൗണ്ടുകളിലേക്ക് ലക്ഷക്കണക്കിനു രൂപ എത്തുകയും വിവിധ അക്കൗണ്ടുകളിലേക്കു മാറ്റുകയും ചെയ്തു; താൻ ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആണെന്നും അത്തരത്തിലാണ് പണം ലഭിക്കുന്നതെന്നുമായിരുന്നു ഉത്തരം; ഇതൊന്നും വിശ്വസിക്കാതെ ഇഡി; നർക്കോട്ടിക് ബ്യൂറോയും മൊഴിയെടുക്കും; കോടിയേരി പുത്രന് ഇനിയുള്ള ദിവസങ്ങൾ അതിനിർണ്ണായകം
കൊച്ചി : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ കേന്ദ്ര ലഹരിവിരുദ്ധ അന്വേഷണ ഏജൻസിയായ നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അടുത്തയാഴ്ച ബിനീഷ് കോടിയേരിയുടെ മൊഴിയെടുക്കും. ബംഗളൂരു സിനിമാ ലഹരിമരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. തന്റെ ബോസ് ബിനീഷാണെന്ന് അനൂപ് മുഹമ്മദ് മൊഴി നൽകിയതായാണ് സൂചന. ബിനീഷ് കഴിഞ്ഞ ദിവസം എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റിനു (ഇഡി) നൽകിയ മൊഴിയുടെ പകർപ്പ് എൻസിബി ആവശ്യപ്പെട്ടു.
ബംഗളൂരു മയക്കുമരുന്ന് കേസ് പ്രതിക്ക് ബിനീഷ് കോടിയേരി കൈമാറിയത് ലക്ഷങ്ങൾ ആണെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ബിനീഷിന്റെ നാലുവർഷത്തെ ബാങ്കിടപാടുകൾ പരിശോധിച്ചതിൽനിന്നാണ് ഇ.ഡി. ഇതു കണ്ടെത്തിയത്. ബിനീഷിന്റെ അക്കൗണ്ടുകളിലേക്ക് ലക്ഷക്കണക്കിനു രൂപ എത്തുകയും വിവിധ അക്കൗണ്ടുകളിലേക്കു മാറ്റുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് ചോദിച്ചപ്പോൾ, താൻ ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആണെന്നും അത്തരത്തിലാണ് പണം ലഭിക്കുന്നതെന്നുമായിരുന്നു ഉത്തരം. ഇത് പൂർണമായി ഇ.ഡി. വിശ്വസിച്ചിട്ടില്ല. റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഏതൊക്കെയെന്നും എത്ര തുക കിട്ടിയെന്നും ഉൾപ്പെടെയുള്ള കണക്കുകൾ ബിനീഷ് ഇനി വ്യക്തമാക്കേണ്ടിവരും. ചോദ്യംചെയ്യൽ പൂർത്തിയായിട്ടില്ലെന്നും മൊഴികൾ അവലോകനം ചെയ്തശേഷം വീണ്ടും വിളിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ബിനീഷുമായി ബന്ധമുള്ള ചിലരെക്കൂടി ചോദ്യംചെയ്ത് കൂടുതൽ രേഖകൾ ശേഖരിച്ച ശേഷമാവുമിത്.
മയക്കുമരുന്ന് കേസിൽ ബെംഗളൂരു നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി.)യുടെ പിടിയിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദിന് ബിനീഷ് തന്റെ അക്കൗണ്ടിൽനിന്ന് ഓരോതവണയും ലക്ഷണക്കണക്കിനു രൂപ കൈമാറിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ബിനീഷിന്റെ ബാങ്കിടപാട് രേഖകൾ മുന്നിൽവച്ചായിരുന്നു ഇ.ഡി.യുടെ 12 മണിക്കൂർ ചോദ്യംചെയ്യൽ.ബിനീഷ് കോടിയേരിയെ ചോദ്യംചെയ്ത ഇ.ഡി.യിൽനിന്ന് ബെംഗളൂരു എൻ.സി.ബി. വിവരങ്ങൾ തേടി. അനൂപിനു പണം നൽകിയെങ്കിലും ലഹരിക്കടത്തുമായി ബിനീഷിന് നേരിട്ടു ബന്ധമുള്ളതിന്റെ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് എൻ.സി.ബി. ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. ബന്ധമുണ്ടെന്നുകണ്ടാൽ എൻ.സി.ബി.യും ബിനീഷിനെ ചോദ്യംചെയ്യും. ലഹരിയിടപാട് ബന്ധം ബിനീഷിന് അറിയില്ലെന്നാണ് അനൂപ് മൊഴിനൽകിയത്.
നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസിലെ പ്രതികളുമായി അടുപ്പമില്ലെന്നാണ് ഇഡിക്കു മുന്നിൽ ബിനീഷ് ആവർത്തിച്ചത്. തിരുവനന്തപുരം യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട കമ്മിഷൻ ഇടപാടിൽ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ വീണ്ടും പരിശോധിക്കും. അതിന് ശേഷം ഇഡിയും വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യും. കോൺസുലേറ്റിന്റെ വീസ സ്റ്റാംപിങ് കേന്ദ്രത്തിന്റെ കരാർ ലഭിക്കാൻ സ്വപ്നയ്ക്കു കമ്മിഷൻ നൽകിയതായി മൊഴി നൽകിയ യുഎഎഫ്എക്‌സ് സൊലൂഷൻസിന്റെ നടത്തിപ്പുകാരെ വീണ്ടും വിളിപ്പിക്കും. ബിനീഷുമായി അടുപ്പമുള്ള തിരുവനന്തപുരത്തെ സംരംഭകരായ അരുൺ വർഗീസ്, അമ്പിളി സുജാതൻ, അബ്ദുൽ ലത്തീഫ് എന്നിവരുടെ മൊഴികളുമെടുക്കും. ബിനീഷ് നൽകിയ മൊഴിയിലെ പൊരുത്തക്കേട് കണ്ടെത്തുകയാണ് ലക്ഷ്യം.
സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ബിനീഷിന്റെ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. സ്വപ്ന സുരേഷിനു കമ്മിഷൻ നൽകിയ യുഎഎഫ്എക്‌സ് സൊലൂഷൻസ്, യൂണിടാക് എന്നീ സ്ഥാപനങ്ങളെ സംബന്ധിച്ചു ബിനീഷ് നൽകിയ ചില വിവരങ്ങൾ വസ്തുതാപരമല്ലെന്നും ഇഡി വിലയിരുത്തുന്നു. ബിനീഷിന് മറ്റുപലരുടേയും പേരിൽ കമ്പനികളുണ്ടെന്നും അതിലൊന്നാണ് തിരുവനന്തപുരം ആസ്ഥാനമായ യു.എ.എഫ്.എക്‌സ്. സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡെന്നുമാണ് അന്വേഷണസംഘം കരുതുന്നത്. സ്ഥാപനവുമായുള്ള ബന്ധം ചോദ്യംചെയ്യലിൽ ബിനീഷ് നിഷേധിച്ചു. സ്ഥാപനയുടമ അബ്ദുൾ ലത്തീഫുമായി സൗഹൃദമുണ്ടെന്നു സമ്മതിച്ചു.
തിരുവനന്തപുരത്തെ ഒരു ഹോട്ടൽ ബിസിനസിൽ ഇരുവർക്കും പങ്കാളിത്തമുള്ളത് ഇ.ഡി. കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് വരുമ്പോൾ അബ്ദുൾ ലത്തീഫിന്റെ കാർ ഉപയോഗിക്കുന്നതിനു പിന്നിലും സൗഹൃദത്തിൽ കവിഞ്ഞൊന്നുമില്ലെന്നായിരുന്നു ബിനീഷിന്റെ മറുപടി. ഇരുവരും തമ്മിലുള്ള പണമിടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് ഇ.ഡി. ബെംഗളൂരുവിൽ തുടങ്ങി പൂട്ടിപ്പോയ ബിനീഷിന്റെ കമ്പനികൾവഴി കാര്യമായ പണമിടപാടുകളൊന്നും നടന്നിട്ടില്ല. ഇത് ബിനീഷിന് തുണയാണ്.വിദേശനാണ്യ വിനിമയ കമ്പനി തുടങ്ങിയെങ്കിലും പ്രവർത്തനത്തിന് റിസർവ് ബാങ്കിന്റെ രജിസ്ട്രേഷൻ എടുത്തിട്ടില്ല. ആർ.ബി.ഐ. അനുമതിയില്ലാതെ പ്രവർത്തിക്കാനുമാവില്ല. കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തിയുള്ള 12 മണിക്കൂർ ചോദ്യം ചെയ്യലിൽ എൻഫോഴ്‌സ്‌മെന്റിന് ബിനീഷിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചുവെന്നാണ് സൂചന. മൊഴികളിൽ വൈരുധ്യമുള്ളതിനാൽ വീണ്ടും ചോദ്യം ചെയ്യും.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഹവാല, ബിനാമി ഇടപാടുകളെക്കുറിച്ചായിരുന്നു ചോദ്യം ചെയ്യൽ. ലഹരിക്കടത്തു കേസിലെ പ്രതിയായ മുഹമ്മദ് അനൂപുമായി ബിനീഷിന് അടുത്ത ബന്ധമുണ്ടെന്ന് തെളിഞ്ഞിരുന്നു. ഹോട്ടൽ തുടങ്ങാൻ ബിനീഷ് ആറ് ലക്ഷം രൂപ നൽകി സഹായിച്ചിട്ടുണ്ടെന്നാണ് അനൂപിന്റെ മൊഴി. ബെംഗളൂരു കേന്ദ്രീകരിച്ച് ബിനീഷ് രണ്ട് ബിസിനസ് സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിരുന്നു. സ്വർണ്ണ കടത്ത് കേസിലെ മറ്റൊരു പ്രതിയായ കെ.ടി. റമീസ് ബെംഗളൂരുവിലുള്ള ബിനീഷിന്റെ കമ്പനിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നുവെന്നും എൻഫോഴ്സ്മെന്റ് സംശയിക്കുന്നു.
സ്വർണക്കടത്ത് സംഘം, ഫണ്ട് കണ്ടെത്താൻ മുഹമ്മദ് അനൂപ് ഉൾപ്പെട്ട ബെംഗളൂരുവിലെ മയക്ക് മരുന്ന് മാഫിയയുടെ സഹായം തേടിയിരുന്നതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. കെ.ടി റമീസ് വഴിയായിരുന്നു മയക്കു മരുന്നുമാഫിയയുമായി ബന്ധപ്പെട്ടത്. ബിനീഷ് നടത്തുന്ന ബി ക്യാപിറ്റൽ എന്ന പണമിടപാട് സ്ഥാപനം മയക്കുമരുന്നു ഇടപാടിലെ പണം സൂക്ഷിക്കാനുള്ള തട്ടിക്കൂട്ട് കമ്പനിയാണെന്നും സംശയിക്കുന്നു. പണം നൽകിയത് ഈ സ്ഥാപനം വഴിയാണെന്ന് സൂചനയുണ്ട്. സ്ഥാപനത്തിൽ ധർമടം സ്വദേശി അനസ് പങ്കാളിയാണ്.
മറുനാടന് മലയാളി ബ്യൂറോ