കൊച്ചി: ലഹരി ഇടപാടുള്ള മലയാള സിനിമാ പ്രവർത്തകർക്കു മൂന്നാറിൽ 50 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപം! നയതന്ത്ര സ്വർണക്കടത്ത് ലഹരിമരുന്നു കേസുകളിലെ കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്ന എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) പരിശോധന മൂന്നാറിലേക്കും നീളുകയാണ്. ബെംഗളൂരു ലഹരിമരുന്നു കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രൻ എന്നിവരുടെ മൊഴികളിൽ നിന്ന് മലയാള ചലച്ചിത്ര പ്രവർത്തകരുടെ മൂന്നാറിലെ വസ്തുക്കച്ചവടത്തിന്റെ വിവരങ്ങൾ ലഭിച്ചിരുന്നു. ഇത് ഉറപ്പിക്കാനാണ് ഇനിയുള്ള അന്വേഷണം. തെളിവ് കിട്ടിയാൽ സിനിമാക്കാരിലേക്കും അന്വേഷണം നീളും.

അനൂപിന്റെ മൊബൈൽ ഫോണിൽ കണ്ടെത്തിയ ടെലിഗ്രാം മെസഞ്ചറിൽ സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കുന്ന മലയാളത്തിലെ 8 സിനിമാക്കാരുടെ വിവരങ്ങളുണ്ട്. കേരളത്തിനു പുറത്തെ ലഹരിപാർട്ടികളിൽ സ്ഥിരമായി പങ്കെടുക്കുന്ന 20 പേരുടെ വിശദാംശങ്ങൾ ബെംഗളൂരുവിൽ അറസ്റ്റിലായ നിയാസിൽ നിന്നും ലഭിച്ചിട്ടുണ്ട്. ലഹരിമരുന്നു കേസിൽ കന്നട സിനിമലോകത്തെ അന്വേഷണവും അറസ്റ്റുകളും പൂർത്തിയാക്കിയ ശേഷം എൻസിബി മലയാള സിനിമാരംഗത്തേക്കും അന്വേഷണം വ്യാപിപ്പിക്കും. ഇതിന് മുന്നോടിയായാണ് മൂന്നാറിലേക്കുള്ള ഇഡിയുടെ അന്വേഷണം. മൂന്നാറിലെ വസ്തു ഇടപാടുകൾ സംബന്ധിച്ചു കേരള പൊലീസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗവും അന്വേഷണം തുടങ്ങി.

അനൂപിന്റെ അടുത്ത സുഹൃത്തും ചലച്ചിത്ര പ്രവർത്തകനുമായ ബിനീഷ് കോടിയേരിയുടെ മൊഴികളും വസ്തു വിൽപന ഇടപാടുകൾക്ക് തെളിവാണ്. ബെംഗളൂരു കേസിലെ പ്രതികളുടെ മൊഴികൾ കേന്ദ്ര നർകോട്ടിക് കൺട്രോൾ ബ്യൂറോയിൽ (എൻസിബി) നിന്ന് ഇഡി ശേഖരിച്ചിട്ടുണ്ട്. ലഹരി ഇടപാടുള്ള മലയാള സിനിമാ പ്രവർത്തകർക്കു മൂന്നാറിൽ 50 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപമുണ്ടെന്നും വിശദാംശങ്ങൾ ബിനീഷിനും സംസ്ഥാനത്തെ ഒരു മന്ത്രിയുടെ അടുപ്പക്കാരനായ ഹോട്ടലുടമയ്ക്കും നേരിട്ട് അറിയാമെന്നുമാണ് അന്വേഷണ സംഘങ്ങൾക്കു ലഭിച്ചിരിക്കുന്ന മൊഴി. എന്നാൽ ബിനീഷ് കഴിഞ്ഞ ദിവസം ഇഡിക്കു നൽകിയ മൊഴികളിൽ ഇതേക്കുറിച്ചു പറഞ്ഞിട്ടില്ല.

സംസ്ഥാനത്തിനു പുറത്തെ ഭൂമി ഇടപാടുകളിൽ ഇടനിലക്കാരനായിട്ടുണ്ടെന്നു ബിനീഷ് സമ്മതിച്ചിട്ടുണ്ട്. സ്വന്തം ബിസിനസിന്റെ രേഖകൾ ഹാജാരാക്കാമെന്നും അറിയിച്ചു. ഈ സാഹചര്യത്തിലാണു മൂന്നാറിലെ ഹോട്ടലുടമയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയ്യാറെടുക്കുന്നത്. മലയാള സിനിമാനിർമ്മാണ രംഗത്തെ കള്ളപ്പണ നിക്ഷേപങ്ങൾ, ലഹരിമരുന്ന് ഇടപാടുകൾ എന്നിവ സംബന്ധിച്ചു ബിനീഷ് നൽകിയ മൊഴികളുടെ വിശ്വാസ്യതയും ഇഡി പരിശോധിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഇടുക്കിയിലെ തോട്ടം മേഖലയിൽ 200 ഏക്കർ ഭൂമി ലഹരിസംഘത്തിനുണ്ടെന്ന വിവരമാണ് അനൂപ് നൽകിയത്.

എന്നാൽ നോട്ടു പിൻവലിക്കലിനെത്തുടർന്നു ചിലർ പണം മുടക്കാൻ വിസമ്മതിച്ചതോടെ ഭൂമിയുടെ റജിസ്‌ട്രേഷൻ പൂർത്തിയാക്കിയിട്ടില്ലെന്നാണു സൂചനയെന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു. സ്വർണക്കടത്ത് കേസിൽ കെടി ജലീലിനെയും ബിനീഷ് കോടിയേരിയെയും ചോദ്യം ചെയ്തത്തോടെ കേസിൽ നിർണായക അന്വേഷണ ഘട്ടത്തിലേയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കടന്നു. ഇരുവരിൽ നിന്നും പ്രാഥമിക വിവരങ്ങൾ മാത്രമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തേടിയട്ടുള്ളത്. മന്ത്രി ജലീലിനേയും, ബിനീഷിനേയും വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണസംഘം വിളിപ്പിക്കും.

മത ഗ്രന്ഥങ്ങൾ ഇടപ്പാളിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ സി-ഡാക്കിന്റെ വാഹനത്തിലെ ജിപിഎസ് അപ്രത്യക്ഷമായതിൽ ദുരൂഹത നിലനിൽക്കുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംശയിക്കുന്നു. ഇക്കാര്യത്തിൽ മന്ത്രിക്ക് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ല. ഇതിൽ വ്യക്തത വരുത്തിയ ശേഷമാവും ജലീലിനെ വീണ്ടും ചോദ്യം ചെയ്യുക. ഇന്നലെ രാവിലെ കൊച്ചിയിലെ ഓഫീസിൽ വച്ചാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റഅ മന്ത്രിയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ അതീവ രഹസ്യമായിട്ടായിരുന്നു. കള്ളപ്പണ, ബിനാമി, സ്വർണക്കടത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ റിയൽ എസ്റ്റേറ്റ് ബന്ധങ്ങളെ കുറിച്ച് എൻഫോഴ്‌സ്മെന്റ് അന്വേഷണം വിപുലീകരിക്കും.

സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ഇ.ഡി ചോദിച്ചെങ്കിലും റിയൽ എസ്റ്റേറ്റ് ബ്രോക്കറെന്ന നിലയിൽ ലഭിച്ച പണമാണിതെന്നാണ് ബിനീഷ് ഇ.ഡിയോട് പറഞ്ഞത്. എന്നാൽ ഇ.ഡി ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. റിയൽ എസ്റ്റേറ്റ് ബ്രോക്കറാണെന്ന കാര്യം സമ്മതിച്ചതിനാൽ ഇനി ഇതു സംബന്ധിച്ച കണക്കുകൾ ബിനീഷ് ബോധിപ്പിക്കേണ്ടി വരും. ബിനീഷിന് നിരവധി ബിനാമി ഇടപാടുകൾ ഉണ്ടെന്നാണ് ഇ.ഡി ഉറച്ചുവിശ്വസിക്കുന്നത്. അതിലൊന്നു മാത്രമാണ് യു.എ.ഇ കോൺസുലേറ്റിൽ വിസ സ്റ്റാമ്പിംഗിന് കരാർ ലഭിച്ച യു.എ.എഫ്.എക്സ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡെന്ന് ഇ.ഡി പറയുന്നു.

ഇതുകൂടാതെ ബി കാപ്പിറ്റൽ ഫിനാൻസ് സർവീസസ്, ബി.ഇ കാപ്പിറ്റൽ ഫോറെക്സ് ട്രേഡിങ്, ടോറസ് റെമഡീസ്, ബുൾസ് ഐ കോൺസെപ്റ്റ്‌സ് എന്നീ കമ്പനികളുമായി ബന്ധമുണ്ടെന്നും ഇ.ഡി കരുതുന്നു. അതേസമയം, യു.എ.എഫ്.എക്സ് എം.ഡിയുമായി സൗഹൃദമുണ്ടെന്ന് ബിനീഷ് ഇ.ഡിയോട് സമ്മതിച്ചു. ഇരുവർക്കും തലസ്ഥാനത്തെ ഒരു ഹോട്ടൽ ബിസിനസിൽ പങ്കാളിത്തമുള്ളതായും ഇ.ഡിക്ക് വിവരം ലഭിച്ചു. എം.ഡി തിരുവനന്തപുരത്ത് വരുമ്പോൾ അദ്ദേഹത്തിന്റെ കാർ ഉപയോഗിക്കാറുണ്ടെന്നും ബിനീഷ് മൊഴി നൽകി.

സ്വർണക്കടത്ത് കേസന്വേഷണവുമായി ബന്ധപ്പെട്ട് ബിനീഷും രാഷ്ട്രീയ ബന്ധങ്ങളുള്ള മറ്റ് അഞ്ചുപേരും തുടക്കം മുതൽ തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇവരെ കുറിച്ചുള്ള കസ്റ്റംസിന്റെ നിഗമനങ്ങൾ വെറും അഭ്യൂഹങ്ങൾ മാത്രമായിരുന്നില്ല, മറിച്ച് പൂർണമായും വിശ്വസനീയമായ വിവരങ്ങളായിരുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അഞ്ച് രാഷ്ട്രീയക്കാർക്ക് ബന്ധമുണ്ടെന്നാണ് കസ്റ്റംസ് അന്വേഷണത്തിൽ തെളിയുന്നതത്രേ.

ബംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി ബിനീഷിന് അടുത്ത ബന്ധമാണുള്ളത്. പലതവണയായി അനൂപിന് ആറ് ലക്ഷം രൂപാ വരെ ബിനീഷ് നൽകിയിരുന്നു. എന്നാൽ ഈ പണം ഇതുവരെ അനൂപ് മടക്കി നൽകിയതായി രേഖകൾ ഒന്നുമില്ല.