- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ്ണ കടത്തിൽ ബിനീഷ് കോടിയേരിയേയും എൻഐഎ ചോദ്യം ചെയ്യും; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കോടിയേരിയുടെ മകൻ നൽകിയ മൊഴി വിശകലനം ചെയ്ത ശേഷം ചോദ്യം ചെയ്യൽ; ബംഗളൂരു മയക്കുമരുന്ന് കേസിലേക്കും ചോദ്യങ്ങൾ നീളും; നർക്കോട്ടിക് കൺട്രോൾ ബ്യൂറോയിൽ നിന്ന് മൊഴികൾ ശേഖരിച്ചും വിലയിരുത്തലുകൾ; സ്വന്തം അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ അനൂപ് മുഹമ്മദിന് കൈമാറിയതിൽ ദുരൂഹത കണ്ട് എൻഐഎ
കൊച്ചി: സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻ.ഐ.എ. ചോദ്യംചെയ്യും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിവരങ്ങൾ ഇ.ഡി.യിൽനിന്ന് എൻ.ഐ.എ. ശേഖരിച്ചിട്ടുണ്ട്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.
ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടും ചോദ്യങ്ങൾ ഉണ്ടാകും. നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുമായി ബന്ധപ്പെട്ട് എൻ.ഐ.എ.യുടെ ദക്ഷിണമേഖല ഓഫീസ് ഇതുസംബന്ധിച്ച മൊഴികളടക്കം ശേഖരിച്ചിട്ടുണ്ട്. ബെംഗളൂരു മയക്കുമരുന്ന് കേസ് നിലവിൽ എൻ.ഐ.എ. ഔദ്യോഗികമായി അന്വേഷിക്കുന്നില്ല. ഏതെങ്കിലും രീതിയിലുള്ള ദേശവിരുദ്ധപ്രവർത്തനങ്ങൾ നടന്നിട്ടുണ്ടോ എന്നതിൽ പ്രാഥമിക അവലോകനം നടന്നിട്ടുണ്ട്. ബംഗളൂരു മയക്കുമരുന്ന് കേസ് പ്രതിയും കൊച്ചി സ്വദേശിയുമായ അനൂപ് മുഹമ്മദിന് പലതവണ ബിനീഷ് സ്വന്തം അക്കൗണ്ടിൽനിന്നും ലക്ഷക്കണക്കിനു രൂപ നൽകിയതായി തെളിഞ്ഞിരുന്നു.
ഈ പണം വിദേശികളിൽനിന്ന് മയക്കുമരുന്ന് വാങ്ങുന്നതിന് അനൂപ് മുഹമ്മദ് ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് എൻ.ഐ.എ. സംശയിക്കുന്നത്. എന്നാൽ അനൂപിന്റെ മയക്കുമരുന്ന് കച്ചവടത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് ബിനീഷിന്റെ വാദം. ദിവസങ്ങൾക്ക് മുമ്പ് 12 മണിക്കൂറാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത്. ഇതിന് ശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിൽ പൊതു അവലോകനം നടത്തിയിരുന്നു. ബിനീഷിന്റെ സ്ഥാപനങ്ങളുടെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് നൽകിയ വിവരങ്ങളിൽ പൊരുത്തക്കേടുകളും വ്യക്തതക്കുറവുമുണ്ടെന്നാണ് ഇഡി മനസിലാക്കിയിരിക്കുന്നത്.
നേരത്തെ യു.എ.എഫ്.എക്സ്. സൊലൂഷൻസ് ഉടമ അബ്ദുൾ ലത്തീഫിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. അബ്ദുൾ ലത്തിഫ് നൽകിയ മൊഴിയും ബിനീഷ് കോടിയേരി നൽകിയ മൊഴിയും തമ്മിൽ ചില വൈരുധ്യങ്ങളുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് എൻഐഎയും ചോദ്യം ചെയ്യുന്നത്. ബിനീഷുമായി ബന്ധപ്പെട്ട് കൂടുതൽ രേഖകൾ പരിശോധിക്കുന്നതിനൊപ്പം മറ്റ് ചിലരെക്കൂടി ചോദ്യം ചെയ്ത ശേഷം ബിനീഷ് കോടിയേരിയെ വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്യും. ഒരു വട്ടം കൂടു ചോദ്യം ചെയ്ത ശേഷമാകും മറ്റ് നടപടികളിലേക്ക് ഇഡി കടക്കുക. ഇതിനിടെയാണ് എൻഐഎയും ബിനീഷിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.
സ്വർണ്ണക്കടത്തു, ലഹരിമരുന്നു കടത്ത് കേസുകളിൽ ബിനീഷിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് ഉദ്യോഗസ്ഥർ.ഇതിന്റെ ഭാഗമായി ബംഗളൂരു നാർക്കോട്ടിക്സ് ബ്യൂറോയിൽ നിന്ന് എൻഫോഴ്സ്മെന്റ് വിവരങ്ങൾ തേടിയിട്ടുണ്ട്. ലഹരിമരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ മൊഴി അടക്കം ലഭ്യമായ തെളിവുകൾ കൈമാറണം എന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് നാർക്കോട്ടിക്സ് ബ്യൂറോയ്ക്ക് കത്തു നൽകിയിരുന്നു. ഈ രേഖകൾ കൂടി ലഭ്യമായതിന് ശേഷം ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിക്കുമെന്നാണ് സൂചന. ഈ രേഖകൾ എൻഐഎയ്ക്ക് കിട്ടിയിട്ടുണ്ടെന്നാണ് സൂചന.
ബിനീഷ് കോടിയേരിയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷങ്ങളിലെ സാമ്പത്തിക ഇടപാടുകളിലെ വിശദാംശങ്ങൾ പരിശോധിക്കും. ബിനീഷിനെ ആദ്യം ചോദ്യം ചെയ്തപ്പോൾ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് പരിശോധന. ബിനീഷിന്റെ കമ്പനികളുമായി ബന്ധപ്പെട്ട കൂടുതൽ രേഖകളും അന്വേഷിക്കും. ബനീഷിന്റെ വരുമാനം സംബന്ധിച്ച കണക്കെടുപ്പും ഇ.ഡി നടത്തും. ബെംഗളൂരു മയക്കുമരുന്ന് കേസ് പ്രതിക്ക് ബിനീഷ് കോടിയേരി കൈമാറിയത് ലക്ഷങ്ങളാണ്. ബിനീഷിന്റെ നാലുവർഷത്തെ ബാങ്കിടപാടുകൾ പരിശോധിച്ചതിൽനിന്നാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഇതു കണ്ടെത്തിയത്.
ബിനീഷിന്റെ അക്കൗണ്ടുകളിലേക്ക് ലക്ഷക്കണക്കിനു രൂപ എത്തുകയും വിവിധ അക്കൗണ്ടുകളിലേക്കു മാറ്റുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് ചോദിച്ചപ്പോൾ, താൻ ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആണെന്നും അത്തരത്തിലാണ് പണം ലഭിക്കുന്നതെന്നുമായിരുന്നു ഉത്തരം. ഇത് പൂർണമായി ഇ.ഡി. വിശ്വസിച്ചിട്ടില്ല. റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഏതൊക്കെയെന്നും എത്ര തുക കിട്ടിയെന്നും ഉൾപ്പെടെയുള്ള കണക്കുകൾ ബിനീഷ് ഇനി വ്യക്തമാക്കേണ്ടിവരും. മയക്കുമരുന്ന് കേസിൽ ബെംഗളൂരു നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി.)യുടെ പിടിയിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദിന് ബിനീഷ് തന്റെ അക്കൗണ്ടിൽനിന്ന് ഓരോതവണയും ലക്ഷണക്കണക്കിനു രൂപ കൈമാറിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ബിനീഷിന്റെ ബാങ്കിടപാട് രേഖകൾ മുന്നിൽവച്ചായിരുന്നു ഇ.ഡി.യുടെ 12 മണിക്കൂർ ചോദ്യംചെയ്യൽ.
ബെംഗളൂരുവിൽ ഹോട്ടൽ തുടങ്ങാൻ ബിനീഷ് പണം നൽകിയതായി എൻ.സി.ബി.ക്ക് അനൂപ് മുഹമ്മദ് മൊഴിനൽകിയിരുന്നു. രണ്ടുതവണയായി ആറുലക്ഷം രൂപ നൽകിയിരുന്നുവെന്ന് ബിനീഷും നേരത്തേ പറഞ്ഞിരുന്നു. അനൂപ് സുഹൃത്താണെന്നും ആ രീതിയിലാണ് പണം നൽകിയതെന്നുമായിരുന്നു ബിനീഷിന്റെ ഉത്തരം. കടമായാണു കൈമാറിയതെന്നും അന്വേഷണസംഘത്തോട് വ്യക്തമാക്കി. പക്ഷേ, പണം അനൂപ് തിരികെനൽകിയതിനു രേഖകളില്ല.
തിരുവനന്തപുരം സ്വർണ്ണ കള്ളക്കടത്ത് സംഘം ഫണ്ട് കണ്ടെത്താൻ ബംഗളൂരുവിലെ മയക്ക് മരുന്ന് മാഫിയയുടെ സഹായം തേടിയതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. മുഖ്യ സൂത്രധാരനായ കെ.ടി റമീസ് വഴിയായിരുന്നു ഈ മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ടത്. കൊച്ചി സ്വദേശിയായ അനൂപ് മുഹമ്മദ് ഉൾപ്പെട്ട മയക്ക് മരുന്ന് റാക്കറ്റ് ബെംഗളൂരുവിൽ പിടിയിലായ ശേഷമുള്ള ചോദ്യം ചെയ്യലിൽ കെ ടി റമീസുമായും ബിനീഷ് കോടിയേരിയുമായും അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾക്ക് മനസ്സിലായി.
ബിനീഷ് തന്റെ ഹോട്ടൽ തുടങ്ങാൻ 6 ലക്ഷം രൂപ സഹായിച്ചിട്ടുണ്ടെന്നും അനൂപ് മൊഴി നൽകി. പിന്നീട് ബെംഗളൂരു കേന്ദ്രീകരിച്ച് ബിനീഷ് രണ്ട് ബിസിനസ് സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്ത വിവരവും പുറത്ത് വന്നു. എന്നാൽ വാർഷിക റീട്ടേണുകൾ സമർപ്പിക്കാത്തതിനെ തുടർന്ന് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം കമ്പനിയുടെ രജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്തു. യുഎഇ കോൺസുലേറ്റിലെ വിസ സ്റ്റാംപിങ് പേയ്‌മെന്റുകൾക്കായി ചുമതലപ്പെടുത്തിയിരുന്ന യുഎഎഫ്എക്‌സ് എന്ന സ്ഥാപനത്തിന് പിന്നിലും ബിനീഷിന് പങ്കുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. ഈ കമ്പനിയെ കോൺസുലേറ്റിന് പരിചയപ്പെടുത്തിയത് താനാണെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിനീഷിനെ ഇ.ഡി ചോദ്യംചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ