ബെംഗളൂരു: നാരങ്ങയും മണത്ത് കോടതിയിൽ എത്തിയിട്ടും ബിനീഷ് കോടിയേരിക്ക് ആശ്വാസമെത്തിയില്ല. എങ്ങനേയും ഇഡി കസ്റ്റഡി ഒഴിവാക്കാനായിരുന്നു ശ്രമം. നിരന്തര ചോദ്യം ചെയ്യലും അതിന് ശേഷം പൊലീസ് സ്‌റ്റേഷനിലെ ലോക്കപ്പിലെ കിടപ്പും ബിനീഷിനെ തളർത്തിയിട്ടുണ്ട്. ഇതിന് അപ്പുറത്തേക്ക് ഗുരുതര ആരോഗ്യ പ്രശ്‌നമൊന്നും ബിനീഷിനില്ല എന്നതാണ് വസ്തുത.

കഴിഞ്ഞ 5 ദിവസത്തിനിടെ ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്തത് 38 മണിക്കൂറാണ്. ഇന്നലെ രാവിലെ 8.15ന് വിൽസൻ ഗാർഡൻ പൊലീസ് സ്റ്റേഷനിൽ നിന്ന് ശാന്തിനഗറിലെ ഇഡി സോണൽ ഓഫിസിലെത്തിച്ചു. ലിഫ്റ്റ് പ്രവർത്തിക്കാത്തതിനാൽ 2 നിലകൾ നടന്നു കയറേണ്ടിവന്ന ബിനീഷ് അവശനിലയിലായിരുന്നു. ക്ഷീണിതനാണോ, ഇഡി ബുദ്ധിമുട്ടിക്കുന്നുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അതെ എന്നു തലയാട്ടി. ഈ പ്രതികരണത്തെ ഗൗരവത്തോടെയാണ് ഇഡി കാണുന്നത്. ഇനിയുള്ള അഞ്ച് ദിവസത്തെ ചോദ്യം ചെയ്യൽ ഇഡി നടത്തുന്നത് അവസാന ഘട്ട തെളിവ് ശേഖരണമാണ്.

രാവിലത്തെ ഭക്ഷണത്തിനു ശേഷം മാറ്റി ധരിക്കാനുള്ള വസ്ത്രങ്ങളുമെത്തിച്ചു. 10 മണിയോടെയാണു ചോദ്യം ചെയ്യൽ തുടങ്ങിയത്. 12ന് അവസാനിച്ചു. ഭക്ഷണം കഴിച്ച ശേഷം 12.48ന് ഇഡി ഓഫിസിനു പുറത്തേക്ക്. ഛർദിയെ തുടർന്ന് നാരങ്ങ മണത്തുകൊണ്ടാണു ബിനീഷ് പുറത്തേക്കു വന്നത്. കോടതിയിലും ഇത് കൈയിൽ വച്ചു. എന്നിട്ടും ജഡ്ജി കനിഞ്ഞില്ല. വീണ്ടും ജ്യൂഡീഷ്യൽ കസ്റ്റഡി. അങ്ങനെ പീഡന ദിനങ്ങളിലൂടെ കടന്നു പോകുകയാണ് കോടിയേരിയുടെ മകൻ. ഇത് സിപിഎമ്മിനും കോടിയേരിക്കും തിരിച്ചടിയാണ്.

കോടതിയിൽ ഹാജരാക്കുന്നതിനു മുന്നോടിയായി ഉച്ചയ്ക്ക് 1.20ന് കോവിഡ് ഉൾപ്പെടെയുള്ള പരിശോധനയ്ക്ക് ബൗറിങ് ആശുപത്രിയിലെത്തിച്ചു. ഇതിനിടെ ബിനീഷിനെ വിഡിയോ കോൺഫറൻസിങ്ങിലൂടെ ഹാജരാക്കാൻ ഇഡി ശ്രമം നടത്തി. എന്നാൽ, നേരിട്ടു ഹാജരാക്കാനായിരുന്നു കോടതി നിർദ്ദേശം.

ലഹരിമരുന്നുകേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) തുടർച്ചയായ ചോദ്യംചെയ്യലിലാണ് ഇന്നലെ ബിനീഷിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. കടുത്ത നടുവേദനയും ക്ഷീണവും അനുഭവപ്പെട്ടതിനാൽ വൈകീട്ട് 4.15 ന് ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയിലെത്തിച്ചത്. രാത്രി 9.15 ഓടെ തിരിച്ച് വിൽസൺ ഗാർഡൻ പൊലീസ് സ്റ്റേഷനിലെത്തിച്ചു. തിങ്കളാഴ്ച രാവിലെ ഇ.ഡി ഓഫീസിലെത്തിച്ചപ്പോഴും ബിനീഷ് ശാരീരിക അവശതകൾ നേരിടുന്നതായി പ്രകടമാണ്. കൊച്ചിയിലെ റിയാൻഹ ഇവന്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ബെംഗളൂരുവിലെ യൗഷ് ഇവന്റ് മാനേജ്‌മെന്റ് പ്രൊഡക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കന്പനികൾ വഴി വലിയ തുകകൾ വെളിപ്പിച്ചെടുത്തെന്നാണ് ഇഡി കണ്ടെത്തൽ.

മുഹമ്മദ് അനൂപിനെ ഉപയോഗിച്ച് ബിനീഷ് ലഹരി വിൽപന നടത്തിയെന്ന് കർണാടക സ്വദേശികളായ സുഹാസ് കൃഷ്ണ ഗൗഡയും സോണറ്റ് ലോബോയും മൊഴി നൽകിയിട്ടുണ്ട്. ബിനീഷ് ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാനാണെന്ന വിലയിരുത്തലിലാണ് ഇഡി. 2012 മുതൽ 19 വരെ വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് കൈമാറിയത് 5,17,36,600 രൂപയാണെന്ന് ഇഡി റിപ്പോർട്ട് നൽകി. ഇത് ലഹരിമരുന്ന് കച്ചവടത്തിലൂടെ സമാഹരിച്ചതാണെന്നാണ് നിഗമനം.

ഈ കണക്ക് ബിനീഷ് ആദായ നികുതി വകുപ്പിന് നൽകിയ കണക്കുമായി ഒത്തു പോകുന്നില്ലെന്നും ഇഡി കോടതിയിൽ ഇന്ന് റിപ്പോർട്ട് നൽകി. അനൂപ് മുഹമ്മദ്, റിജേഷ് എന്നിവർ ഡയറക്ടർമാരായ ഇവന്റ് മാനേജ്മെന്റ് കമ്പനികൾ ബിനീഷിന്റെ ഉടമസ്ഥതയിലുള്ളതെന്നും ഇതിനെ പറ്റി അന്വേഷണം വേണമെന്നും ഇഡി പറയുന്നു. ബിനീഷ് കൊക്കെയിൻ ഉപയോഗിച്ചെന്നും സുഹൃത്തുക്കളോടൊപ്പം ചേർന്ന് അനധികൃത ലഹരി വ്യാപാരം നടത്തിയെന്നും കർണാടക സ്വദേശിയായ ഒരാൾ മൊഴി നൽകിയിട്ടുണ്ട്.

നേരത്തെ ദുബായിൽ ബിനീഷ് പ്രതിയായ ബാങ്ക് തട്ടിപ്പ് കേസിനെ കുറിച്ചും അന്വേഷിക്കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വർണക്കടത്തു കേസിൽ പ്രതിചേർത്ത അബ്ദുൽ ലത്തീഫ് ബിനീഷിന്റെ ബിനാമിയാണെന്നും , ഇത്തരത്തിൽ നിരവധി പേരെ ബിനാമിയാക്കി നിരവധി സ്വത്തുക്കൾ ബിനീഷ് മറച്ചു വച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.