- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2012-19 വർഷത്തെ കാലയളവിൽ ബിനീഷിന്റെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിയത് വൻ നിക്ഷേപം; എടുത്തു പറയാൻ കാര്യമായ ജോലിയോ ബിസിനസോ ഇല്ലാത്ത ബിനീഷിന് പണം ലഭിച്ചത് എവിടെ നിന്ന്? ഏഴു വർഷത്തെ വരുമാനമായി 1.22 കോടി കാണിച്ചപ്പോൾ അക്കൗണ്ടുകളിലെത്തിയത് 5.17 കോടി! കള്ളത്തരം കൈയോടെ പൊക്കാൻ ഇഡിയുടെ കളികൾ ഇനി കേരളത്തിൽ
തിരുവനന്തപുരം: ബംഗളുരു മയക്കുമരുന്നു കേസിലെ അന്വേഷണം പുരോഗമിക്കുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പുത്രൻ ബിനീഷ് കോടിയേരി അടിമുടി വെട്ടിൽ. ലഹരി ഇടപാടിനു കൊച്ചി സ്വദേശി അനൂപ് മുഹമ്മദിനു ബിനീഷ് കോടിയേരി കോടികൾ തന്നെ കൈമാറിയിരുന്നു എന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. അതേസമയം ഇത് കൂടാതെ കേരളത്തിൽ ബിനീഷ് നടത്തിയ ബിനാമി ഇടപാടുകളും കൈയോടെ പൊക്കാൻ തന്നെയാണ് ഇഡിയുടെ തീരുമാനം.
പണത്തിന്റെ ഉറവിടം കണ്ടെത്താൻ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം കേരളത്തിലെ ബാങ്ക് അക്കൗണ്ടുകളിലേക്കും ബെനാമി സ്ഥാപനങ്ങളിലേക്കും നീളുന്നു. 3 ബാങ്കുകളിലെ ബിനീഷിന്റെ ഇടപാടുകളാണ് പരിശോധിക്കുന്നത്. ഈ അക്കൗണ്ടുകളിൽ വന്നടിഞ്ഞത് കോടികളാണെന്നും കണ്ടെത്തിയിട്ടുണ്ട്. കാര്യമായ ജോലിയോ എടുത്തുപറയാൻ ബിസിനസോ ഇല്ലാത്ത സിപിഎം നേതാവിന്റെ മകന് എവിടെ നിന്നാണ് ഇത്രയും കോടികൾ ലഭിച്ചതെന്ന ചോദ്യം അധികാര കേന്ദ്രമായ കോടിയേരിയെയും വെട്ടിലാക്കുന്നതാണ്.
2012-19 ൽ ബിനീഷിന്റെ അക്കൗണ്ടുകളിലെ വൻ നിക്ഷേപവും ആദായനികുതി റിട്ടേണും തമ്മിൽ ഗുരുതര പൊരുത്തക്കേടുകളെന്ന് ബെംഗളൂരു പ്രത്യേക കോടതിയിൽ ഇഡി സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ചില വർഷങ്ങളിൽ റിട്ടേണിൽ കാണിച്ച വരുമാനത്തിന്റെ പത്തിരട്ടിയോളം അക്കൗണ്ടുകളിലെത്തി. 7 വർഷത്തിനിടെ വരുമാനമായി കാണിച്ചിരിക്കുന്നത് 1,22,12,233 രൂപയാണ് (1.22 കോടി). എന്നാൽ അക്കൗണ്ടുകളിലെത്തിയത് 5,17,36,600 രൂപയും (5.17 കോടി). ചോദ്യങ്ങൾക്കു ബിനീഷ് വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നും അറിയിച്ചു.
ബിനീഷിന്റെ അക്കൗണ്ടുകളിലെ നിക്ഷേപവും ആദായനികുതി റിട്ടേണുകളിൽ വെളിപ്പെടുത്തിയ തുകയും. ഇഡി റിപ്പോർട്ടിൽ നിന്ന്. അനൂപിനു കൈമാറിയ പണം തിരുവനന്തപുരത്തു നിന്നു ബാങ്ക് വായ്പയെടുത്തതാണെന്നാണ് ബിനീഷ് നൽകിയ മൊഴി. അബ്ദുൽ ലത്തീഫ് എന്നയാൾക്കൊപ്പം ശംഖുംമുഖത്തു നടത്തുന്ന ഓൾഡ് കോഫി ഹൗസിന്റെ പേരിലാണ് വായ്പയെടുത്തതെന്നും പറഞ്ഞിരുന്നു. അതേസമയം, അക്കൗണ്ടുകളിൽ പണമെത്തിയ സമയം നോക്കുമ്പോൾ ഈ വാദത്തിൽ സംശയമുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു.
തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ വീസ സ്റ്റാംപിങ് കരാർ ലഭിച്ച യുഎഎഫ്എക്സ് സൊല്യൂഷൻസ്, കാർ പാലസ്, കാപ്പിറ്റോ ലൈറ്റ്സ്, കെ കെ റോക്ക്സ് ക്വാറി തുടങ്ങിയവയെക്കുറിച്ചും സംശയമുണ്ട്. ബിനീഷ് കോടിയേരിക്ക് കേരളത്തിലും ബിനാമി ഇടപാടുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ഇന്നലെ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇവയുടെ ഉറവിടം വ്യക്തമാക്കാൻ ബിനീഷിന് കഴിഞ്ഞിട്ടില്ലെന്നും ബെംഗളൂരു പ്രത്യേക കോടതിയിൽ ഇ.ഡി. നൽകിയ കസ്റ്റഡി റിപ്പോർട്ടിൽ പറയുന്നു. ഇതിനായാണ് അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്.
ബിനീഷിന്റെ സാമ്പത്തികസഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് തീരുമാനം. സ്വർണക്കടത്തുകേസിലെ പ്രതി അബ്ദുൽ ലത്തീഫ്, ബിനീഷിന്റെ ബിനാമിയും ബസിനസ് പങ്കാളിയുമാണെന്ന് ഇ.ഡി. പറയുന്നു. സാമ്പത്തിക ഇടപാട് പിടിക്കപ്പെടാതിരിക്കാൻ ബിനാമികളുടെപേരിലാണ് സ്ഥാപനങ്ങൾ തുടങ്ങിയത്. ലഹരിമരുന്നുകച്ചവടത്തിലൂടെ ബിനീഷ് സ്വരൂപിച്ച ആസ്തികൾ കൈവശംവെച്ചത് അബ്ദുൽ ലത്തീഫായിരുന്നുവെന്നും ഇയാളുടെ ഓൾഡ് കോഫി ഹൗസിൽ ബിനീഷിന് പങ്കാളത്തമുണ്ടെന്നും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യണമെന്നും പറയുന്നു.
റെസ്റ്റോറന്റിനുവേണ്ടി മുഹമ്മദ് അനൂപ് സാമ്പത്തിക ഇടപാട് നടത്തിയത് ബിനീഷിനുവേണ്ടിയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ബിനീഷിന്റെ ബിനാമിയായി കൊച്ചിയിലും ബെംഗളൂരുവിലും ഇവന്റ് മാനേജമെന്റ് കമ്പനികളുണ്ടെന്നും മുഹമ്മദ് അനൂപും റിജേഷ് രവീന്ദ്രനുമാണ് നിലവിൽ ഇവയുടെ ഡയറക്ടർമാരെന്നും ഇ.ഡി ആരോപിക്കുന്നു. ഈ രണ്ട് കമ്പനികൾവഴി വലിയ തോതിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്നും ഇവയെക്കുറിച്ചുള്ള വിവരങ്ങൾ തേടിയിട്ടുണ്ടെന്നും ഇ.ഡി. വ്യക്തമാക്കി. ബിനീഷ് കോടിയേരി ലഹരിമരുന്ന് ഉപയോഗിച്ചതിനും മുഹമ്മദ് അനൂപിന്റെ ലഹരിമരുന്ന് ഇടപാടിൽ സഹായിച്ചതിനുമുള്ള മൊഴി ലഭിച്ചിട്ടുണ്ടെന്നും ഇ.ഡി. പറയുന്നു.
മയക്കുമരുന്നുകേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ബിനീഷ് കോടിയേരിയുടെ മരുതംകുഴി കൂട്ടാൻവിളയിലുള്ള വീട്ടിൽ പരിശോധനയ്ക്കെത്തുമെന്ന സന്ദേശം തലസ്ഥാനത്ത് അഭ്യൂഹത്തിന് കാരണമായി. കേസിൽ ഇ.ഡി. അറസ്റ്റുചെയ്തിട്ടുള്ള ബിനീഷിന്റെ പേരിലാണ് 'കോടിയേരി' എന്ന വീടെങ്കിലും ഇവിടെ അദ്ദേഹത്തിന്റെ അച്ഛനും സിപിഎം. സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനും താമസിക്കുന്നുണ്ടെന്നതാണ് രാഷ്ട്രീയശ്രദ്ധ ആകർഷിച്ചത്.
ചൊവ്വാഴ്ച വൈകീട്ടോടെയാണ് വീട് പരിശോധിക്കുമെന്ന വിവരം ചാനലുകളിൽ വാർത്തയായത്. സ്വത്തുവകകളുടെ കൂട്ടത്തിൽ ഈ വീടിനെക്കുറിച്ചുള്ള വിവരം ബിനീഷ് ഇ.ഡി.യോട് വ്യക്തമാക്കിയിരുന്നു. ബിനീഷിന്റെ പേരിലുള്ള കെ.എൽ. 01 ബി.കെ. 55 രജിസ്ട്രേഷനിലുള്ള ഇന്നോവ കാർ വീട്ടുമുറ്റത്തുണ്ടായിരുന്നു. കോടിയേരി ബാലകൃഷ്ണന് അനുവദിച്ചിരുന്ന നിയമസഭാ ഹോസ്റ്റൽ വിലാസത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഈ കാറാണ് ബിനീഷ് സ്ഥിരമായി ഉപയോഗിച്ചിരുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി തലസ്ഥാനത്ത് എത്തിയ എട്ടംഗ ഇ.ഡി. ഉദ്യോഗസ്ഥസംഘത്തിൽ മൂന്നുപേർ അട്ടക്കുളങ്ങര വനിതാ ജയിലിൽ സ്വപ്നയെ ചോദ്യംചെയ്യാനെത്തി. ശേഷിക്കുന്ന ഉദ്യോഗസ്ഥർ ബിനീഷുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പരിശോധനയ്ക്കെത്തുമെന്നായിരുന്നു സന്ദേശം.
മറുനാടന് മലയാളി ബ്യൂറോ