സംസ്ഥാനത്ത് ടാറ്റ നിർമ്മിച്ച് നൽകുന്ന ആദ്യ കോവിഡ് ആശുപത്രിയുടെ പിതൃത്വവും സിപിഎം ഏറ്റെടുത്തു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയാണ് കാസർകോട് ജില്ലയിലെ ചട്ടഞ്ചാൽ പുതിയവളപ്പിൽ നിർമ്മിക്കുന്ന കോവിഡ് ആശുപത്രിയെയും സംസ്ഥാന സർക്കാരിന്റെ മികവായി കാട്ടി ഫേസ്‌ബുക്ക് പോസ്റ്റുമായി രം​ഗത്തെത്തിയത്. ഇടത് സർക്കാരിനെ വാഴ്‌ത്തുന്ന പോസ്റ്റിൽ ഇതിനായി പണം മുടക്കുന്ന ടാറ്റയുടെ പേര് പരാമർശിക്കുന്നുപോലും ഇല്ല.

‘124 ദിവസത്തിനുള്ളിൽ 541 കിടക്കകളുമായി കോവിഡ്‌ ആശുപത്രി തയ്യാർ.. ചരിത്രമായ്‌ ഇടതുപക്ഷസർക്കാർ, അഭിവാദ്യങ്ങൾ.' എന്നാണ് ബിനീഷ് കുറിച്ചത്. ഇതിൽ ടാറ്റയുടെ പേര് എങ്ങും പരാമർശിച്ചില്ല എന്ന ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നു. പിന്നാലെ ട്രോളുകളും നിറയുകയാണ്.

ടാറ്റ ഒരുക്കി കേരളത്തിന് കോവിഡ് ആശുപത്രി അഞ്ചേക്കർ ഭൂമിയിൽ 541 കിടക്കകളുമായി സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി കാസർകോട് ജില്ലയിലെ ചട്ടഞ്ചാൽ പുതിയവളപ്പിൽ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും. നിർമ്മാണം അന്തിമഘട്ടത്തിൽ എത്തിയതായും കൈമാറാൻ ഒരുക്കമാണെന്നും ടാറ്റ ഗ്രൂപ്പ് ജില്ലാ ഭരണകൂടത്തെ അറിയിച്ചു. 60 കോടി രൂപ ചെലവിൽ 51200 ചതുരശ്ര അടി വിസ്തീർണത്തിലാണ് ടാറ്റ ആശുപത്രി നിർമ്മിച്ചത്. 30 വർഷം വരെ കേടുപാടില്ലാതെ ഉപയോഗിക്കാം. അറ്റകുറ്റപ്പണി കൃത്യമായി നടത്തിയാൽ 50 വർഷം വരെ ഉപയോഗിക്കാം.ടാറ്റയുടെ വിവിധ പ്ലാന്റുകളിൽ നിർമ്മിച്ച യൂണിറ്റുകൾ കണ്ടെയ്നർ ലോറികളിൽ എത്തിച്ചു ചട്ടഞ്ചാലിലെ സൈറ്റിൽ ഒരുക്കിയ കോൺക്രീറ്റ് തറയിൽ ഉറപ്പിച്ചാണ് ആശുപത്രി നിർമ്മിച്ചത്. ചണ്ഡീഗഡ്, ഗുജറാത്ത്, ഫരീദാബാദ്, ഹൈദരാബാദ്, ഹൗറ എന്നിവിടങ്ങളിലെ പ്ലാന്റുകളിൽ നിന്നാണു യൂണിറ്റ് എത്തിച്ചത്.

കോവിഡിന്റെ രണ്ടാം ഘട്ടത്തിൽ ജില്ലയിൽ കോവിഡ് പോസിറ്റീവുകാരുടെ എണ്ണം കുത്തനെ ഉയരുകയും കാസർകോട്ടെ ചികിത്സാ പരിമിതികൾ ചർച്ചയാവുകയും ചെയ്തപ്പോഴാണ്, ടാറ്റ ഗ്രൂപ്പ് വാഗ്ദാനം ചെയ്ത കോവിഡ് ആശുപത്രി കാസർകോട്ട് അനുവദിച്ചത്. ഏപ്രിൽ 11ന് നിർമ്മാണം തുടങ്ങി 124 ദിവസം കൊണ്ട് പൂർത്തിയാക്കി. ആശുപത്രി നിർമ്മിച്ചു കൈമാറുന്നതോടെ ടാറ്റയുടെ ഉത്തരവാദിത്തം കഴിഞ്ഞു. കട്ടിലിൽ കിടക്കകൾ സ്ഥാപിക്കുന്നതു മുതൽ ആശുപത്രിക്കാവശ്യമുള്ള ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരെ നിയമിക്കേണ്ടതും മറ്റു സംവിധാനങ്ങളൊരുക്കേണ്ടതും സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ജില്ലയിലെ മണ്ണുമാന്തി യന്ത്രങ്ങളുടെ ഉടമസ്ഥരുടെ സംഘടനയും കരാറുകാരും ഭൂമി നിരപ്പാക്കുന്നതിനായി അവരവരുടെ വാഹനങ്ങൾ സൗജന്യമായി വിട്ടുനൽകിയിരുന്നു. അൻപതിലേറെ മണ്ണുമാന്തി യന്ത്രങ്ങൾ രണ്ടാഴ്ചയോളം തുടർച്ചയായി ജോലി ചെയ്താണു നിലം നിരപ്പാക്കി എടുത്തത്.

കേരളത്തിനായി ടാറ്റ നിർമ്മിച്ച് നൽകുന്ന സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രിയുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. അതിവേഗതയിലാണ് ടാറ്റ നിർമ്മാണം പൂർത്തിയാക്കി ആശുപത്രി കേരളത്തിന് സമർപ്പിക്കുന്നത്. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് ഇതിന്റെ പിതൃത്വം ഏറ്റെടുത്തുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റാണ്.

 

124 ദിവസത്തിനുള്ളിൽ 541 കിടക്കകളുമായി കോവിഡ്‌ ആശുപത്രി തയ്യാർ.. ചരിത്രമായ്‌ ഇടതുപക്ഷസർക്കാർ, അഭിവാദ്യങ്ങൾ

Posted by Bineesh Kodiyeri on Friday, August 14, 2020