- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരാന്തയിലെ കസേരയിൽ കാത്തിരുന്ന് കോടിയേരി; ഒപ്പം കൊച്ചുമക്കളും; മകനെ കണ്ടെയുടൻ കെട്ടിപ്പിടിച്ച് സ്വീകരണം; പൊട്ടിക്കരഞ്ഞ് സന്തോഷം പ്രകടിപ്പിച്ച് അമ്മയും; 'കോടിയേരി ഹൗസ്' സാക്ഷിയായത് മകനെ തിരിച്ചു കിട്ടിയ വികാര പ്രകടനങ്ങൾക്ക്; ബിനീഷ് വീട്ടിൽ മടങ്ങി എത്തുമ്പോൾ
തിരുവനന്തപുരം: ലഹരി മരുന്ന് കേസിലെ കള്ളപ്പണ ബിനാമി ഇടപാടിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതനായ ബിനീഷ് കോടിയേരി തിരുവനന്തപുരത്തെ കോടിയേരി ഹൗസിൽ എത്തി. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ മകനെ വികാരപരമായി തന്നെ സ്വീകരിച്ചു. ഒരു വർഷത്തിന് ശേഷമാണ് മടക്കം. ബിനീഷിന്റെ അടുത്ത ബന്ധുക്കളെല്ലാം വീട്ടിലുണ്ടായിരുന്നു. വിമാനത്താവളത്തിൽ സുഹൃത്തുക്കളും പാർട്ടി പ്രവർത്തകരും സ്വീകരണം നൽകിയിരുന്നു ബിനീഷിന്.
പതിനൊന്ന് മണിയോടെയാണ് മരുതംകുഴിയിലെ വീട്ടിൽ ബിനീഷ് എത്തിയത്. അച്ഛൻ കോടിയേരി ബാലകൃഷ്ണന്റെ കാലിൽ തൊട്ട് വന്ദിച്ച് വീട്ടിലേക്ക് കയറി. പിന്നെ കെട്ടിപുണർന്നു. അതിന് ശേഷം മക്കളെ എടുത്ത് സന്തോഷം പ്രകടിപ്പിച്ചു. പിന്നെ വീട്ടിനുള്ളിലേക്ക്. അമ്മ വിനോദിനിയും പൊട്ടിക്കരഞ്ഞാണ് മകനെ വരവേറ്റത്. ലഡ്ഡുവും വിതരണം ചെയ്തു. അങ്ങനെ ആ വീട്ടിൽ വീണ്ടും സന്തോഷം എത്തി. ഒരു വർഷത്തിന് ശേഷമാണ് ഞാൻ വരുന്നത്. ആദ്യം ഞാൻ അച്ഛനേയും അമ്മയേയും ഭാര്യയേയും മക്കളേയും കാണട്ടെ. ഒരുപാട് കാര്യങ്ങൾൾ പറയാനുണ്ടെന്ന് ബിനീഷ് വിമാനത്താവളത്തിൽ പ്രതികരിച്ചിരുന്നു.
രക്തഹാരം അണിയിച്ച് പുഷ്പവൃഷ്ടിയുമായി വിമാനത്താവളത്തിൽ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന് സ്വീകരണം നൽകി. വിമാനത്താവളത്തിൽ നേതാവിന്റെ മകനെ കാത്തിരുന്നത് വീരോചിത വരവേൽപ്പായിരുന്നു. സഹോദരൻ ബിനോയിയും ബിനീഷിനൊപ്പം ഉണ്ടായിരുന്നു. അമ്പതോളം പേരാണ് സ്വീകരണത്തിന് എത്തിയത്. അതിന് ശേഷം ബിനീഷ് കോടിയേരി മരുതൻകുഴിയിലെ വീട്ടിലേക്ക് പോയി.
ബിനീഷിനെ വരവേൽക്കാൻ നിരവധി സുഹൃത്തുകളാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. പൂമാലയിട്ടാണ് ബിനീഷിനെ ഇവർ വരവേറ്റത്. ഇപ്പോൾ നന്ദി പറയാനുള്ളത് കോടതിയോടാണെന്നും സത്യത്തെ മൂടിവയ്ക്കാൻ കാലത്തിനാവില്ലെന്നും ബിനീഷ് കോടിയേരി പറഞ്ഞു. വൈകിയാണെങ്കിലും തനിക്ക് നീതി കിട്ടി. സത്യത്തെ മൂടിവയ്ക്കാനും വികൃതമാക്കാനും സാധിക്കും. പക്ഷേ കാലം സത്യത്തെ ചേർത്തു പിടിക്കും. ഭീഷണിക്ക് വഴങ്ങിക്കൊടുക്കാത്തതിന്റെ പേരിൽ സംഭവിച്ചതാണ് ഈ കേസെന്നും ബിനീഷ് പറഞ്ഞു. തന്നെ പിന്തുണച്ചവരോടെല്ലാം നന്ദിയുണ്ടെന്നും ഒരു വർഷത്തിന് ശേഷമാണ് താൻ ജയിൽ മോചിതനായതെന്നും ആദ്യം അച്ഛനേയും ഭാര്യയേയും മക്കളേയും കാണാണമെന്നും പറഞ്ഞു. തനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും പറയാനുള്ളതെല്ലാം പറയുമെന്നും വ്യക്തമാക്കിയ ശേഷമാണ് വിമാനത്താവളത്തിൽ നിന്നും മരുതംകുഴിയിലെ വീട്ടിലേക്ക് പോയത്.
കേരളത്തിലെത്തിയ ശേഷം ബിനീഷ് കോടിയേരി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്നു സൂചന നൽകിയിരുന്നു. ഇഡിയുടേത് രാഷ്ട്രീയ വേട്ടയാടലാണെന്നും, പിന്നിൽ ബിജെപിയാണെന്നും ബിനീഷ് കോടിയേരി ഇന്നലെ ആരോപിച്ചിരുന്നു. കേരളത്തിലെ ഒരു കേസുമായി ബന്ധപ്പെട്ട് ചില പേരുകൾ പറയാൻ തയാറാകാത്തതാണ് ഇഡി കേസിന് കാരണമെന്ന് ബിനീഷ് ആരോപിച്ചിരുന്നു. വിശദമായ വാർത്താസമ്മേളനത്തിനും ആലോചനയുണ്ട്. തന്നെ കൊണ്ട് പലരുടെയും പേര് പറയിപ്പിക്കാൻ ശ്രമിച്ചു. പിടിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല ചോദിച്ചതെന്നും ഭരണകൂടത്തിന് അനഭിമാതമായതുകൊണ്ട് വേട്ടയാടുന്നതെന്നും ബിനീഷ് പറഞ്ഞിരുന്നു.
ഇഡി പറഞ്ഞത് കേട്ടിരുന്നെങ്കിൽ 10 ദിവസത്തിന് ഉള്ളിൽ ഇറങ്ങിയേനെ എന്നും കേരളത്തിൽ എത്തിയതിന് ശേഷം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താമെന്നും ബിനീഷ് പ്രതികരിച്ചിരുന്നു. ജാമ്യക്കാരെ ഹാജരാക്കാൻ വൈകിയതുകൊണ്ടാണ് ബിനീഷിന് വെള്ളിയാഴ്ച പുറത്തിറങ്ങാൻ കഴിയാതിരുന്നത്. അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം ഉൾപ്പെടെ കർശന ഉപാധികളോടെയായിരുന്നു ബിനീഷിന് ജാമ്യം ലഭിച്ചത്. നിബന്ധനകൾ കർശനമാണെന്ന് മനസിലാക്കിയതോടെ ജാമ്യം നിൽക്കാൻ ഏറ്റവർ പിന്മാറി. പുതിയ ജാമ്യക്കാരെ ഹാജരാക്കാൻ എത്തിയപ്പോഴേക്കും കോടതി സമയം കഴിഞ്ഞിരുന്നു.
ജാമ്യം ലഭിച്ചെങ്കിലും ബിനീഷിന് പൂർണമായും ആശ്വസിക്കാനായിട്ടില്ല. നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ അന്വേഷണം ഏതെങ്കിലും സാഹചര്യത്തിൽ ബിനീഷിലേക്കെത്തിയാൽ വീണ്ടും കുരുക്ക് മുറുകും. ബിനീഷിന് ജാമ്യം നൽകിയതിനെതിരെ ഇഡി സുപ്രീം കോടതിയെ സമീപിച്ചേക്കും. കോടതിയിൽ രണ്ട് കേന്ദ്ര ഏജൻസികളും ഇനി സ്വീകരിക്കുന്ന നിലപാടും നിർണായകമാണ്.
ശനിയാഴ്ച രാത്രി എട്ടോടെയാണ് പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ബിനീഷ് പുറത്തിറങ്ങിയത്. സഹോദരൻ ബിനോയിയും സുഹൃത്തുക്കളും ബിനീഷിനെ സ്വീകരിക്കാൻ എത്തിയിരുന്നു. ഒക്ടോബർ 28നാണ് ബിനീഷ് കോടിയേരിക്ക് കർണാടക ഹൈക്കോടതി ജാമ്യം നൽകിയത്. അറസ്റ്റിലായി ഒരു വർഷത്തിനു ശേഷമാണ് ജയിൽ മോചിതനായത്.
മറുനാടന് മലയാളി ബ്യൂറോ