- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വർഷത്തിന് ശേഷം പ്രിയപ്പെട്ടവനുമായി കുറച്ചു നിമിഷങ്ങൾ.....! ജയിലിൽ നിന്ന് പുറത്തിറങ്ങിയ കോടിയേരിയുടെ മകൻ ഒടുവിൽ കണ്ണൂരിലെ കൂട്ടുകാർക്ക് നടുക്കെത്തി; ടിപി കേസിലെ പ്രതി മുഹമ്മദ് ഷാഫി വീണ്ടും ചിരിച്ചു; പിജെ ആർമ്മിക്കൊപ്പം ബിനീഷ് കോടിയേരി വാർത്ത സൃഷ്ടിക്കുമ്പോൾ
കണ്ണൂർ: കഴിഞ്ഞ ദിവസം കണ്ണൂരിൽ ചിലർ ഒത്തുകൂടി. ആരേയും ഭയക്കാതെ അതെല്ലാം ഫെയ്സ് ബുക്കിൽ ചിത്രമായി പോസ്റ്റ് ചെയ്യുകയും ചെയ്തു. ടിപി കേസിലെ പ്രധാന പ്രതി മുഹമ്മദ് ഷാഫിക്കൊപ്പം ബിനീഷ് കോടിയേരി. മയക്കുമരുന്ന് കേസിൽ ബംഗളുരു ജയിലിലായിരുന്ന ബിനീഷ് ഒരു വർഷത്തെ ജയിൽ വാസത്തിന് ശേഷമാണ് കണ്ണൂരിലെത്തിയത്. ടിപി കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് ഷാഫി പരോളിലാണുള്ളത്. കരിപ്പൂർ സ്വർണ്ണ കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ അറസ്റ്റിനിടേയും ഷാഫിയുടെ പേര് ചർച്ചകളിൽ എത്തി. ഷാഫിയെ കസ്റ്റംസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ബിനീഷുമായി ടിപി കേസിലെ പ്രതികൾക്ക് അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ ചർച്ചകളുയർന്നിരുന്നു. കേസിൽ ശിക്ഷപ്പെട്ട് ജയിലിലായിരുന്ന കുഞ്ഞനന്തൻ മരിച്ചപ്പോൾ മൃതദേഹത്തിനൊപ്പം തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് ആംബുലൻസിൽ യാത്ര ചെയ്തവരിൽ ഒരാളായിരുന്നു ബിനീഷ്. ഈയിടെ ടിപി കേസ് പ്രതികളുമായി അകലം പാലിക്കാൻ സിപിഎം തീരുമാനിച്ചിരുന്നു. പിജെ ആർമ്മിയുടെ പേരിൽ പാർട്ടിയിൽ ഇവർ വിഭാഗീയതയുണ്ടാക്കുന്നുവെന്നായിരുന്നു സിപിഎം വിലയിരുത്തൽ. അർജുൻ ആയങ്കിയുടെ കേസിന് ശേഷം ക്വട്ടേഷൻകാർക്കെതിരെ സിപിഎം നിലപാട് കടുപ്പിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് കണ്ണൂരിൽ എത്തുമ്പോഴും സുഹൃത്തുക്കളുടെ അടുത്തേക്ക് ബിനീഷ് എത്തുന്നത്. ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് നിലവിൽ പരോളിൽ കഴിയുന്ന മുഹമ്മദ് ഷാഫി സ്വർണക്കടത്തു ക്വട്ടേഷൻ സംഘത്തിനു നേതൃത്വം നൽകുന്നതായുള്ള മൊഴികളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. സ്വർണക്കടത്ത്, കവർച്ച സംഘങ്ങൾക്കു വേണ്ടി ഷാഫി നേരിട്ട് പലരെയും ഭീഷണിപ്പെടുത്തിയതായി കസ്റ്റംസ് സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയ്ക്കൊപ്പമാണ് ബിനീഷ് നിൽക്കുന്നത്.
ഒരു വർഷത്തിന്ു ശേഷം പ്രിയപ്പെട്ടവനുമായി കുറച്ചു നിമിഷങ്ങൾ എന്നാണ് കരിപ്പൂരിലും ടിപി കേസിലും കുടുങ്ങിയ ഷാഫിയുടെ പോസ്റ്റ്. കരിപ്പൂരിൽ 2.33 കിലോഗ്രാം സ്വർണവുമായി ജൂൺ 21 നു പുലർച്ചെ പിടിക്കപ്പെട്ട കാരിയർ മുഹമ്മദ് ഷഫീഖാണു കുറ്റകൃത്യത്തിൽ മുഹമ്മദ് ഷാഫി, ടിപി കേസിലെ മറ്റൊരു പ്രതി കൊടി സുനി എന്നിവരുടെ പങ്കാളിത്തം ആദ്യം വെളിപ്പെടുത്തിയത്. പിന്നീട് അറസ്റ്റിലായ അർജുൻ ആയങ്കിയും ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും റിപ്പോർട്ടുണ്ടായിരുന്നു. കൊടി സുനിയുടെ അടുത്ത അനുയായിയാണ് കെകെ മുഹമ്മദ് ഷാഫി.
വിയ്യൂർ ജയിലിലും മറ്റും ഷാഫിക്ക് സുഖ ജീവിതമായിരുന്നു. പ്രതി മുഹമ്മദ് ഷാഫി ആറു മാസത്തോളം വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ സ്വന്തം 'സഹായി' ആയത് സിപിഎം സ്വാധീന തണലിലാണെന്നും ആരോപണം ഉയർന്നിരുന്നു. കുപ്രസിദ്ധ കേസുകളിലെ തടവുകാരെ ഓഫിസ് ജോലികൾക്കു നിയോഗിക്കരുതെന്ന ജയിൽ ഡിജിപിയുടെ സർക്കുലർ നിലവിലുള്ളപ്പോഴായിരുന്നു സൂപ്രണ്ടിന്റെ അനൗദ്യോഗിക 'ഓർഡർലി' എന്ന നിലയിൽ ഷാഫിയുടെ 'നിയമനം'. സ്വന്തം അപേക്ഷയിൽ കണ്ണൂർ ജയിലിലേക്കു മാറുന്നതുവരെ ഷാഫി ഈ ജോലിയിൽ തുടർന്നു. കോവിഡുകാലമെത്തിയതോടെ പരോളും കിട്ടി.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി മൂന്നാഴ്ച മുമ്പാണ് ജയിൽമോചിതനായത്. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ നിന്ന് അറസ്റ്റിലായി ഒരുവർഷത്തിന് ശേഷമാണ് ബിനീഷിന്റെ ജയിൽ മോചനം. സത്യം ജയിക്കുമെന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ബിനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നുമല്ലായിരുന്നു ഇ.ഡി ഉദ്യോഗസ്ഥർക്ക് അറിയേണ്ടത്. കേരളത്തിൽ നടന്ന കേസുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളും പേരുകളും അവർ പറയുന്നതുപോലെ പറയാൻ തയ്യാറാകാത്തതാണ് തന്നെ കേസിൽ പെടുത്താൻ കാരണമെന്നും ബിനീഷ് ആരോപിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞുതന്ന കാര്യങ്ങൾ അതുപോലെ പറഞ്ഞിരുന്നെങ്കിൽ 10 ദിവസത്തിനകം തന്നെ തനിക്ക് പുറത്തിറങ്ങാമായിരുന്നു. കേസ് കെട്ടിച്ചമച്ചതാണ്. ഇന്ത്യയിലുള്ള ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയാണ് ഇതിനുപിന്നിൽ. ഗൂഢാലോചന ഉൾപ്പെടെയുള്ള മുഴുവൻ കാര്യങ്ങളും കേരളത്തിൽ എത്തിയശേഷം വിശദീകരിക്കുമെന്നും ബിനീഷ് വിശദീകരിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ