- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗളൂരുവിൽ സ്വപ്നയ്ക്ക് ഒളിത്താവളം ഒരുക്കിയത് തന്റെ അറിവോടെയല്ല; കർണാടകയിലെ ഒരു എംഎൽഎയുടെ പേരും വെളിപ്പെടുത്തി; തിരുവനന്തപുരത്തെ പാരഗൺ ഹോട്ടലിലെ പങ്കാളിത്തം വിനയായി; ചോദിച്ചറിഞ്ഞത് കോൺസുലേറ്റിലെ വിസ സ്റ്റാംപിങ് കരാർ ലഭിച്ച യുഎഎഫ്എക്സ് സൊലൂഷൻസുമായുള്ള ബന്ധം; അബ്ദുൾ ലത്തീഫിലും വെളിപ്പെടുത്തലുകൾ; വിശദ ചോദ്യം ചെയ്യലുമായി പൂർണ്ണ സഹകരണം; തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മൊഴി നൽകൽ; ബിനീഷ് കോടിയേരി പറഞ്ഞത് പൂർണ്ണമായും വിശ്വസിക്കാതെ ഇഡി
കൊച്ചി: ദേശീയ അന്വേഷണ ഏജൻസിക്കും (എൻഐഎ) ലഹരിമരുന്നു കേസ് അന്വേഷിക്കുന്ന നർകോട്ടിക് കൺട്രോൾ ബ്യൂറോയ്ക്കും വേണ്ടിയുള്ള വിവരങ്ങൾ ബിനീഷ് കോടിയേരിയിൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിരക്കിയതായി സൂചന. ചോദ്യം ചെയ്യലിന് ബിനീഷ് കോടിയേരിയെ വിളിച്ചുവരുത്തിയത് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റാണെങ്കിലും ചോദ്യാവലി തയ്യാറാക്കുന്നതിൽ മറ്റ് രണ്ട് കേന്ദ്ര ഏജൻസികളും നിർണ്ണായക പങ്കു വഹിച്ചു. വിശദമായ ചോദ്യം ചെയ്യലാണ് നടന്നത്. അതുകൊണ്ടാണ് ചോദ്യം ചെയ്യൽ മണിക്കൂറുകൾ നീണ്ടത്.
സ്വപ്നയുടെ കള്ളപ്പണ ഇടപാടുകൾ, അനൂപ് മുഹമ്മദിന്റെ സംഘത്തിന്റെ കേരളത്തിലേക്കുള്ള ലഹരിക്കടത്ത്, മലയാള ചലച്ചിത്രരംഗത്തെ കള്ളപ്പണ ബന്ധങ്ങൾ, ചലച്ചിത്ര പ്രവർത്തകർക്കിടയിലെ ലഹരിമരുന്ന് ഉപയോഗം എന്നിവ സംബന്ധിച്ചും വിശദമായി തന്നെ കാര്യങ്ങൾ ചോദിച്ച് അറിഞ്ഞു. സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും ബെംഗളൂരുവിൽ ഒളിത്താവളം ഒരുക്കിയത് തന്റെ അറിവോടെയല്ലെന്നു പറഞ്ഞ ബിനീഷ്, കർണാടകയിലെ ഒരു എംഎൽഎയുടെ പേരു പറഞ്ഞതായാണു സൂചനയെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം തുടരും.
യുഎഇ കോൺസുലേറ്റിലെ വീസ സ്റ്റാംപിങ് കേന്ദ്രത്തിന്റെ കരാർ ലഭിച്ച യുഎഎഫ്എക്സ് സൊലൂഷൻസ്, ലൈഫ് മിഷൻ ഭവന നിർമ്മാണ പദ്ധതിയുടെ കരാർ ലഭിച്ച യൂണിടാക് ബിൽഡേഴ്സ് എന്നിവയുമായുള്ള ബന്ധത്തെക്കുറിച്ചും ഇഡി ചോദിച്ചു. ഇതിനെ കുറിച്ചൊന്നും തനിക്ക് അറിയില്ലെന്ന മൊഴിയാണ് നൽകിയത്. ബിനീഷിന്റെ കമ്പനികളായ ബി കാപ്പിറ്റൽ ഫിനാൻസ് സർവീസസ്, ബിഇ കാപ്പിറ്റൽ ഫോറക്സ് ട്രേഡിങ്, ടോറസ് റെമഡീസ്, ബുൾസ് ഐ കോൺസെപ്റ്റ്സ് തുടങ്ങിയവയുടെ പ്രവർത്തനത്തെ പറ്റിയും അന്വേഷിച്ചു. ഇതിൽ ദുരൂഹത ഇല്ലെന്നും ബിനീഷ് കൂട്ടിച്ചേർത്തു. ഈ മൊഴികൾ പൂർണ്ണമായും ഇഡി വിശ്വസിച്ചിട്ടില്ല.
ചോദ്യം ചെയ്യലുമായി സഹകരിച്ച ബിനീഷിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചെന്ന് ഇ.ഡിയിലെ ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചിട്ടുണ്ട്. സ്വർണ്ണ കടത്തിലേയും മയക്കുമരുന്ന് കേസിലേയും പ്രതികളുമായി ബിനീഷിനുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് രേഖകൾ നിരത്തി ഇ.ഡി ചോദിച്ചത്. തിരുവനന്തപുരത്ത് യു.എ.ഇ കോൺസുലേറ്റിന് സമീപം തുടങ്ങിയ യു.എ. എഫ്.എക്സ് സൊലൂഷൻസിന്റെ ഡയറക്ടറായ അബ്ദുൾ ലത്തീഫുമായുള്ള ബിനീഷിന്റെ സാമ്പത്തിക ഇടപാടുകൾ ഇ.ഡി ചോദിച്ചറിഞ്ഞു. വിസ സ്റ്റാമ്പിങ് ദിർഹത്തിൽ സ്വീകരിക്കുന്ന ഈ സ്ഥാപനം വഴിയാണ് യു.എ.ഇ ഏജൻസികൾ കേരളത്തിൽ നടപ്പാക്കിയ പദ്ധതിയുടെ കമ്മിഷൻ ലഭിച്ചതെന്ന് സ്വർണക്കടത്ത് പ്രതി സ്വപ്നാ സുരേഷ് വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരം കേശവദാസപുരത്തുള്ള അബ്ദുൾ ലത്തീഫിന്റെ പാരഗൺ ഹോട്ടലിൽ ബിനീഷും പങ്കാളിയാണെന്നും സൂചനയുണ്ട്.
കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിൽ ഇ.ഡി ജോയിന്റ് ഡയറക്ടർ ജയ്ഗണേശിന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യൽ നടന്നത്. രാവിലെ 10 മണിയോടെ ആരംഭിച്ച ചോദ്യംചെയ്യലിനു ശേഷം രാത്രി 10 മണിയോടെയാണ് ബിനീഷിനെ പുറത്തുവിട്ടത്. ബിനീഷ് കോടിയേരിയെ ചോദ്യംചെയ്യാനായി ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ജോയിന്റ് ഡയറക്ടർ ചെന്നൈയിൽ നിന്നും ഇ.ഡിയുടെ കൊച്ചി ഓഫീസിലേക്കെത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആറ് ദിവസത്തെ സാവകാശം വേണമെന്ന ആവശ്യം ഇഡി തള്ളിയതോടെയാണ് ബിനീഷ് ബുധനാഴ്ച രാവിലെ ഇ.ഡിക്ക് മുന്നിൽ ഹാജരായത്.
ചോദ്യം ചെയ്യലിന് ശേഷം പുറത്തേക്കിറങ്ങിയ ബിനീഷ് മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. ബിനീഷുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് പ്രധാനമായും ഇ.ഡി അന്വേഷിക്കുന്നത്. തിരുവനന്തപുരത്തെ യുഎഎഫ് എക്സ് സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിൽ നിന്ന് തനിക്ക് കമ്മീഷൻ ലഭിച്ചുവെന്ന് നേരത്തെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പറഞ്ഞിരുന്നു. സ്ഥാപനത്തിലെ ഡയറക്ടർമാരിൽ ഒരാളായിട്ടുള്ള അബ്ദുൾ ലത്തീഫും ബിനീഷ് കോടിയേരിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപെടലുകൾ നടത്തിയെന്ന വിവരവും ഇ.ഡിക്ക് ലഭിച്ചിരുന്നു. ഇതടക്കമുള്ള കാര്യങ്ങളിലാണ് ഇ.ഡി ബിനീഷിനെ വിശദമായി ചോദ്യം ചെയ്തത്.
2015 നുശേഷം രജിസ്റ്റർചെയ്ത രണ്ട് കമ്പനികളിൽ ബിനീഷിന് പങ്കാളിത്തമുണ്ടെന്നും വ്യക്തമായിരുന്നു. എന്നാൽ, കമ്പനികൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. അനധികൃത ഇടപാടുകൾ നടത്തുന്നതിനു വേണ്ടിയാണോ ഇവ രൂപവത്കരിച്ചത് എന്നകാര്യം എൻഫോഴ്സ്മെന്റ് അന്വേഷിക്കുന്നുണ്ട്. കമ്പനികളുടെ വരവുചെലവ് കണക്കുകൾ സമർപ്പിച്ചിട്ടില്ല. അവയുടെ ലൈസൻസും മറ്റും റദ്ദായിരുന്നു. സംശയ നിഴലിലുള്ള കമ്പനികളുടെ യഥാർഥ ലക്ഷ്യം എന്തായിരുന്നു എന്നതുൾപ്പെടെയുള്ള കാര്യങ്ങളും എൻഫോഴ്സ്മെന്റ് ബിനീഷിൽ നിന്ന് ചോദിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം.
കമ്പനികളുടെ മറവിൽ നടത്തിയ ഇടപാടുകളും ഇ.ഡി അന്വേഷിക്കും. അതേസമയം മയക്കുമരുന്ന് സംഘങ്ങളുമായി സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് ബന്ധമുണ്ടെന്ന വിവരവുമുണ്ട്. മയക്കുമരുന്ന് കേസിൽ ബെംഗളൂരുവിൽ അറസ്റ്റിലായ മുഹമ്മദ് അനൂപ് നൽകിയ മൊഴിയിലും ബിനീഷിന്റെ പേര് വെളിപ്പെടുത്തിയിരുന്നു. ബിസിനസ് തുടങ്ങുന്നതിന് അനൂപിന് സാമ്പത്തിക സഹായം നൽകിയത് സംബന്ധിച്ച വെളിപ്പെടുത്തലടക്കം പുറത്തുവന്നിരുന്നു. ഇക്കാര്യങ്ങളെല്ലാം ഇ.ഡി വിശദമായി പരിശോധിക്കും.
ബംഗളൂരു ലഹരിമരുന്നുകേസിലെ പ്രതി എറണാകുളം വെണ്ണല സ്വദേശി അനൂപ് മുഹമ്മദുമായി ബിനീഷിന് അടുത്ത ബന്ധമുണ്ട്. ലഹരിക്കേസിലെ 20 പ്രതികളെ ചോദ്യം ചെയ്യണമെന്നും ഇ.ഡി. വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ രാവിലെ 11 ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനായിരുന്നു ബിനീഷിന് നോട്ടീസ്. ഒമ്പതരയോടെ ബിനീഷ് എത്തി. പത്തുമണിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ അസി.ഡയറക്ടർ പി. രാധാകൃഷ്ണൻ എത്തിയതോടെ ചോദ്യംചെയ്യൽ തുടങ്ങി.
മറുനാടന് മലയാളി ബ്യൂറോ