- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാധീനമുപയോഗിച്ചു പലർക്കുവേണ്ടിയും ശിപാർശ ചെയ്തിട്ടുണ്ടെന്ന് സമ്മതിച്ച് ബിനീഷ്; അതിന്റെ പേരിൽ ലഭിക്കുന്ന വമ്പൻ കമ്മിഷനാണു കോടിയേരിയുടെ മകന്റ് സാമ്പത്തിക സ്രോതസെന്ന് വിലയിരുത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; സഹായം കിട്ടിയവരിൽ ഭരണപക്ഷക്കാരും പ്രതിപക്ഷക്കാരും; കടമായും ബിസിനസ് പങ്കാളിയെന്ന നിലയിലും ബിനാമിയായും പലർക്കും പണം നൽകിയെന്നും കണ്ടെത്തൽ; നടന്നത് ആവേശം ചോർത്തിയ 12 മണിക്കൂർ ചോദ്യം ചെയ്യൽ; ബിനീഷിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അന്വേഷണം
കൊച്ചി: വിവിധ ആവശ്യങ്ങൾക്കായി ബിനീഷ് കോടിയേരിയുടെ പണവും സ്വാധീനവും ഉപയോഗിച്ചവർ നിരവധിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തിയതെന്ന് റിപ്പോർട്ട്. ഇവരിൽ ഭരണപക്ഷക്കാരും പ്രതിപക്ഷക്കാരുമുണ്ട്. ബിനീഷുമായി ഇവർ ഇടപെട്ടതിന്റെ ഫോൺ വിവരങ്ങളും സാക്ഷിമൊഴികളും ഇ.ഡിക്കു ലഭിച്ചു. ഇതുസംബന്ധിച്ച് ചോദ്യംചെയ്യലിൽ ബിനീഷ് നൽകിയ മൊഴികൾ വിശദമായി പരിശോധിച്ചശേഷമാകും തുടർനടപടികൾ.
കക്ഷിഭേദമെന്യേ ബിനീഷിന്റെ സഹായം എല്ലാവർക്കും ലഭിച്ചിട്ടുള്ളതിനാലാണ് ഏതു മുന്നണി ഭരിച്ചാലും അദ്ദേഹത്തിന്റെ സ്വാധീനശേഷി കുറയാതിരുന്നത്. ഉന്നതർക്കു ചെയ്തുകൊടുത്ത സഹായങ്ങൾ ചോദ്യം ചെയ്യലിൽ ബിനീഷ് സമ്മതിച്ചുവെന്ന് സൂചനയുള്ളതായി മംഗളം പത്രമാണ് റിപ്പോർട്ട് ചെയ്തത്. സ്വർണം-ലഹരിക്കടത്ത് കേസുകളിൽ ബിനീഷിനു നേരിട്ടു പങ്കുള്ളതായി വിവരം ലഭിച്ചില്ല. എന്നാൽ രണ്ട് കേസിലെയും പ്രതികളുമായുള്ള ബന്ധം ബിനീഷ് നിഷേധിച്ചില്ലെന്നും മംഗളം വിശദീകരിക്കുന്നു. രണ്ടാഴ്ചകൊണ്ട് ബിനീഷിന്റെ മൊഴി പരിശോധിച്ചശേഷം ഇ.ഡി. വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിക്കും. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെയും വീണ്ടും ചോദ്യംചെയ്യാനാണു തീരുമാനമെന്നും റിപ്പോർട്ട് ചെയ്യുന്നു.
ഏറെ ആത്മവിശ്വാസത്തോടെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസിലേക്ക് ബിനീഷ് കോടിയേരി എത്തിയത്. അതും വിളിപ്പിച്ചതിലും രണ്ടുമണിക്കൂർ മുന്നേ. ആവേശവും ആത്മവിശ്വാസവും ചോദ്യം ചെയ്യലിന്റെ ആദ്യ മണിക്കൂറുകളിൽത്തന്നെ ബിനീഷിൽ നിന്ന് ചോർന്നുപോയിരുന്നു. സിനിമയിലേക്കോ മയക്കുമരുന്നു കേസ് ബന്ധങ്ങളിലേക്കോ കടക്കാതെ സ്വർണക്കടത്ത് കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങളായിരുന്നു ഏറെയും. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള സെക്ഷൻ 50 അനുസരിച്ചുള്ള മൊഴിയാണ് ബിനീഷിൽനിന്ന് എടുത്തത്. കോടതിയിൽ തെളിവുമൂല്യമുള്ളതാണ് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ നൽകുന്ന ഈ മൊഴി. പിന്നീട് മാറ്റിപ്പറയാനാകില്ല.
ബിനീഷിനോട് ചോദിക്കുന്നതെല്ലാം കംപ്യൂട്ടറിൽ ടൈപ്പ് ചെയ്ത് രേഖപ്പെടുത്തുകയാണു ചെയ്തത്. ഓരോ ചോദ്യവും ഉത്തരവും ബിനീഷിനെ കാണിച്ച് ഒടുവിൽ ഒപ്പുവെച്ച് വാങ്ങുകയായിരുന്നു. ഈ രേഖ അന്വേഷണസംഘം ആവശ്യമെന്നു തോന്നുമ്പോൾ കോടതിയിൽ നൽകും. പണമിടപാടിന്റെ രേഖകളിൽ നിന്നായിരുന്നു ചോദ്യങ്ങളിലേറെയും. പലപ്പോഴും കൃത്യമായ മറുപടികളില്ലായിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിയമമനുസരിച്ച് മൊഴി രേഖാമൂലം എടുക്കുന്നത് പിന്നീട് കള്ളമെന്നു തെളിഞ്ഞാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പും ചോദ്യംചെയ്യലിനു മുൻപുതന്നെ അന്വേഷണസംഘം ബിനീഷിനോടു പറഞ്ഞിരുന്നു.
ബിനീഷ് കോടിയേരിയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ. എൻഫോഴ്സ്മെന്റാണ് അന്വേഷണം നടത്തുക. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷങ്ങളിലെ സാമ്പത്തിക ഇടപാടുകളിലെ വിശദാംശങ്ങൾ പരിശോധിക്കും. ബിനീഷിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോൾ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് പരിശോധന. ബിനീഷിന്റെ കമ്പനികളുമായി ബന്ധപ്പെട്ട കൂടുതൽ രേഖകളും അന്വേഷിക്കും. ബനീഷിന്റെ വരുമാനം സംബന്ധിച്ച കണക്കെടുപ്പും ഇ.ഡി നടത്തും. അതിന് ശേഷമാകും ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യുക.
ചോദ്യം ചെയ്യലിൽ സ്വാധീനമുപയോഗിച്ചു പലർക്കുവേണ്ടിയും ശിപാർശ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതിന്റെ പേരിൽ ലഭിക്കുന്ന വമ്പൻ കമ്മിഷനാണു ബിനീഷിന്റെ സാമ്പത്തിക സ്രോതസെന്നും ഇ.ഡി. കരുതുന്നു. കടമായും ബിസിനസ് പങ്കാളിയെന്ന നിലയിലും ബിനാമിയായും ബിനീഷ് പലർക്കും പണം നൽകിയതിനെക്കുറിച്ചു വ്യക്തത വരാനുണ്ട്. കഴിഞ്ഞ രണ്ടുവർഷത്തെ ഫോൺ രേഖകളിൽനിന്നു ബിനീഷിന്റെ ബന്ധങ്ങൾ വെളിപ്പെട്ടു. സ്വർണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷ് കേരളം വിട്ട ജൂെലെ 10-ന് ബംഗളുരു മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദും ബിനീഷും 23 തവണ ഫോണിൽ ബന്ധപ്പെട്ടുവെന്നും കണ്ടെത്തിയതായാണ് വാർത്ത.
അന്നു ബിനീഷും ബംഗളുരുവിൽ ഉണ്ടായിരുന്നെന്നാണു സൂചന. സ്വർണക്കടത്തിനു ബിനീഷും പണം മുടക്കിയിട്ടുണ്ടെന്ന് ഇ.ഡി. സംശയിക്കുന്നു. എന്നാൽ ഇക്കാര്യം കെ.ടി. റമീസ് ഉൾപ്പെടെയുള്ള പ്രതികൾ സമ്മതിച്ചിട്ടില്ല. പിടിയിലായവർ 50 ലക്ഷത്തിൽ താഴെ മാത്രം പണം മുടക്കിയവരാണെന്നാണു മൊഴി. നയതന്ത്രമാർഗത്തിൽ കടത്തിയ 14 കോടി രൂപയുടെ 30 കിലോ സ്വർണം വാങ്ങാൻ ഉന്നതർ പണം മുടക്കിയെന്നാണു നിഗമനമെന്നാണഅ മംഗളം വാർത്ത.
സൗഹൃദത്തിന്റെ പേരിലാണു സഹായങ്ങൾ നൽകിയതെന്നാണു ബിനീഷിന്റെ മൊഴി. പ്രമാദമായ പല കേസുകളിലും ബിനീഷ് ഇടനിലക്കാരനായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. സ്വർണം-ലഹരിക്കടത്ത് പ്രതികൾക്കു കേരളത്തിലെ ലഹരി-സിനിമ-ഹവാല ഇടപാടുകളുമായി ബന്ധമുണ്ടെന്നു മൊഴികളും രേഖകളും വ്യക്തമാക്കുന്നു. പിടിയിലായവരുടെ റിമാൻഡ് റിപ്പോർട്ടിലും ഇത്തരം ബന്ധങ്ങൾ ചൂണ്ടിക്കാട്ടുന്നു. പല സിനിമകളിലും ബിനീഷ് നേരിട്ടല്ലാതെ പണം മുടക്കിയിട്ടുണ്ടെന്നാണു സൂചനയെന്നും മംഗളം വിശദീകരിക്കുന്നു.
ബിനീഷ്, സ്വപ്ന, റമീസ്, മയക്കുമരുന്ന് കേസിലെ പ്രതി റിജേഷ് രവീന്ദ്രൻ എന്നിവരുമായി അടുത്ത സൗഹൃദമുണ്ടെന്ന് അനൂപ് മുഹമ്മദ് അന്വേഷണ ഏജൻസിക്കു മൊഴിനൽകി.
മറുനാടന് മലയാളി ബ്യൂറോ