തിരുവനന്തപുരം: ബിനീഷ് കോടിയേരിയ്‌ക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി ഇഡി പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ പരിശോധന അതിനിർണ്ണായകമാകും. ഡിലീറ്റ് ചെയ്ത ചാറ്റുകളും മറ്റും കണ്ടെത്താനാണ് ഇത്. ബിനീഷിന്റെ സുഹൃത്തും ദുബായിൽ ബിസിനസുകാരനുമായ അൽജസാമിന്റെ ബാങ്ക് ലോക്കറിൽ നിന്ന് ഇഡി സ്ഥലത്തിന്റെ പ്രമാണങ്ങളും മറ്റു രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. അൽജസാമിന്റെ ഫോണും പിടിച്ചെടുത്തു. ബിനാമി സ്വത്തിന്റെ രേഖകൾ കിട്ടിയെന്നാണ് സൂചന.

നെടുമങ്ങാട്ടെ യൂണിയൻ ബാങ്കിൽ അൽജസാമിന്റെ പേരിലുള്ള ലോക്കറാണ് ഇഡി തുറന്നത്. ബുധനാഴ്ച അൽജസാമിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. അരുവിക്കര വട്ടംകുളം സ്വദേശിയായ അൽജസാമിന്റെ പിതാവ് നേരത്തേ ഗൾഫിലായിരുന്നു. സഹോദരങ്ങളും ഗൾഫിലാണ്. ബിനോയ് ഗൾഫിലുണ്ടായിരുന്നപ്പോഴാണ അൽജസാമുമായി അടുത്തതെന്നാണ് സൂചന. മാൻപവർ കൺസൽറ്റൻസി ഉൾപ്പെടെ ബിസിനസുകൾ അൽജസാമിനുണ്ടെന്നാണ് ഇഡിക്കു ലഭിച്ച വിവരം.

ബിനീഷുമായുള്ള സൗഹൃദത്തിനു പിന്നാലെ ജസാം വലിയ സാമ്പത്തിക ഇടപെടലുകൾ നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഹിമാചൽപ്രദേശ്, ജാർഖണ്ഡ്, പുതുച്ചേരി സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത പല ആഡംബര കാറുകളും അൽജസാം ഉപയോഗിച്ചിരുന്നു. ഇവ ബിനീഷിന്റെ ബെനാമി സ്വത്ത് ആണോ എന്നും അന്വേഷിക്കുന്നുണ്ട്. ഈ കാറുകളിലേക്കുള്ള അന്വേഷണം കൂടുതൽ വിവരങ്ങൾ നൽകുമെന്നാണ് ഇഡിയുടെ വിലയിരുത്തൽ.

ബിനീഷ് കോടിയേരിയുമായി അടുപ്പമുള്ള അരുവിക്കര വട്ടക്കുളം സ്വദേശി അബ്ദുൽ ജബ്ബാറിന്റെ നെടുമങ്ങാട് യൂണിയൻ ബാങ്കിലെ ലോക്കറും ഇഡി സംഘം പരിശോധിച്ചു. 70 പവൻ സ്വർണവും വസ്തുക്കളുടെ പ്രമാണവും എടുത്ത് പരിശോധിച്ചു പകർപ്പെടുത്ത് തിരികെ വച്ചു. അബ്ദുൽ ജബ്ബാറിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. പ്രമാണങ്ങൾ വിശദമായി പരിശോധിച്ച് ബിനാമി സ്വത്തിൽ തീരുമാനം ഉണ്ടാക്കാനാണ് നീക്കം.

കാർ പാലസ് ഉടമ ലത്തീഫിന്റെ കവടിയാറിലെ വീട്, ലത്തീഫിന്റെ കേശവദാസപുരത്തെ കട, സ്റ്റാച്യു ചിറക്കളം റോഡിലെ അനന്തപത്മനാഭൻ എന്നയാളുടെ ടോറസ് റമഡീസ് എന്ന സ്ഥാപനം, അരുൺ വർഗീസ് എന്നയാളുടെ പട്ടം സെന്റ് മേരീസ് സ്‌കൂളിന് സമീപത്തെ ഓഫീസ്, അൽജസാം എന്നയാളുടെ അരുവിക്കരയിലെ വീട് എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഇതിൽ അൽജസാമും കാർപാലസ് ഉടമയും കേസിൽ പ്രതിയാകാൻ സാധ്യത ഏറെയാണ്.

അതിനിടെ ബിനീഷ് കോടിയേരിയുടെ വീട്ടിൽ നടന്ന റെയ്ഡിൽ കണ്ടത്തിൽ അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാർഡ് വിവാദവിഷയ മാറുകയാണ്. ബിനീഷിന്റെ മരുതുംകുഴിയിലെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിനിടെയാണ് ലഹരിക്കടത്ത് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാർഡ് കണ്ടെടുത്തത്. എന്നാൽ ഇത് ബിനീഷിന്റെ കുടുംബം നിരസിക്കുകയാണ്. അത്തരത്തിൽ ഒന്നു വീട്ടിലുണ്ടായിരുന്നെങ്കിൽ ഞങ്ങൾ അത് കത്തിച്ചുകളയുമായിരുന്നില്ലേ എന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യാമാതാവ് മിനി ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കവെ പറഞ്ഞു.

റെയ്ഡ് ഉണ്ടാകുമെന്ന് മുൻപ് തന്നെ അവർ അറിയിച്ചിരുന്നതാണെന്നും അത്തരത്തിൽ ഒരു കാർഡ് വീട്ടിൽ നിന്നും കണ്ടെടുത്തല്ലെന്നും അവർ പറഞ്ഞു. കൂടാതെ, ബിനീഷിനു വസ്തു പണയപ്പെടുത്തി 50 ലക്ഷം രൂപ ബിസിനസ് ചെയ്യാൻ സഹായിച്ചത് താനാണെന്നും മിനി പറഞ്ഞു.