കൊച്ചി: നോട്ട് നിരോധനും ബിനീഷ് കോടിയേരി അനുകൂലമാക്കിയോ? ക്രിക്കറ്റ് അസോസിയേഷനിലെ ബന്ധങ്ങൾ ഉപയോഗിച്ച് എസ് ബി ഐയിലെ ചില മാനേജർമാരെ കൂട്ടുപിടിച്ച് ചിലർ കള്ളപ്പണം വെളിപ്പിച്ചെന്ന വാർത്തയായിരുന്നു അത്. തിരുവനന്തപുരത്തെ ചില ബ്രാഞ്ചുകളെയാണ് ഇതിന് സമർത്ഥമായി ഉപയോഗിച്ചതെന്നാണ് കേരളാ ക്രിക്കറ്റിലെ അടക്കം പറച്ചിൽ. ഇപ്പോഴിതാ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും സമാന സംശയങ്ങൾ. ക്രിക്കറ്റിലും സിനിമയിലും രാഷ്ട്രീയത്തിലും ചുവടുറപ്പിച്ച ബിനീഷിന്റെ നീക്കങ്ങളിൽ ദുരൂഹത കാണുകയാണ് എൻഫോഴ്‌സ്‌മെന്റ്.

കള്ളപ്പണക്കേസിൽ സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരേ ഇ.ഡി. അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബിനീഷിന്റെ ഇടപാടുകളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ കണ്ടെത്തിയ ഇ.ഡി. കൊൽക്കത്തയിലെ കമ്പനികളിലെ ബിനീഷിന്റെ നിക്ഷേപമാണ് പരിശോധിക്കുന്നത്. 2016ൽ നോട്ടു നിരോധനകാലത്ത് ബിനീഷും പങ്കാളികളും പല തവണ കൊൽക്കത്തയിൽ പോയിരുന്നതായി കണ്ടെത്തിയ ഇ.ഡി. നഷ്ടത്തിലായ കമ്പനികളിൽ കള്ളപ്പണം നിക്ഷേപിക്കാനായിരുന്നോ ആ യാത്രകൾ എന്നു സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ്. ബിനീഷ് കോടിയേരിയുടേയും കുടുംബത്തിന്റേയും സ്വത്തുക്കൾ മരവിപ്പിക്കാനും നീക്കമുണ്ട്.

തിരുവനന്തപുരത്തെ ചില ബാങ്കുകളിൽ ബിനീഷിന് നിർണ്ണായക സ്വാധീനമുണ്ട്. ക്രിക്കറ്റ് കളിക്കാരാണ് പലരും ഈ ബ്രാഞ്ചിനെ നയിച്ചിരുന്നത്. ക്രിക്കറ്റിൽ എല്ലാം നിയന്ത്രിക്കുന്നത് ബിനീഷാണ്. ഇതു കാരണം പലരും പലതും ചെയ്തു കൊടുത്തു. അവർക്ക് അർഹിക്കാത്ത പല പദവികളും ക്രിക്കറ്റ് അസോസിയേഷനിൽ കിട്ടിയെന്നാണ് അനുമാനം. ക്രിക്കറ്റ് കേന്ദ്രീകരിച്ച് വലിയ അഴിമതികൾക്കും ബിനീഷ് നേതൃത്വം കൊടുത്തു. ഇതെല്ലാം ഇഡി വിശദമായി പരിശോധിക്കുന്നുണ്ട്. അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് ക്രിക്കറ്റ് ഉന്നതരുടെ പണമെത്തിയെന്നും സൂചനയുണ്ട്. ക്രിക്കറ്റ് താരം ജാഫർ ജമാലിന്റെ ബൈക്ക് അനൂപ് മുഹമ്മദിന്റെ ഹോട്ടലിൽ നിന്ന് പിടിച്ചെടുത്തിരുന്നു.

ബംഗളുരുവിൽ കസ്റ്റഡിയിലിരിക്കേ ബിനീഷ് മൊെബെൽ ഫോൺ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വിൽസൽ ഗാർഡൻ പൊലീസ് സ്റ്റേഷനിൽനിന്ന് കബോൺ പാർക്ക് പൊലീസ് സ്റ്റേഷനിലേക്കു മാറ്റുകയും ചെയ്തു. നാളെ വരെയാണ് ബിനീഷിന്റെ കസ്റ്റഡി കാലാവധി. ബിനീഷിന്റെ മൂന്നു കമ്പനികളെക്കുറിച്ചും ബിനാമികളാണെന്നു കണ്ടെത്തിയ മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രൻ എന്നിവർ ഡയറക്ടർമായുള്ള രണ്ടു കമ്പനികളെക്കുറിച്ചും അന്വേഷണം നടക്കുന്നതിനിടെയാണു കൊൽക്കത്ത കമ്പനികളെപ്പറ്റി സൂചന ലഭിച്ചത്. ഇത് ഏറെ നിർണ്ണായകമാണ്.

വ്യാജമേൽവിലാസത്തിലാണ് ഇവ പ്രവർത്തിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവയുമായി ചേർന്നു പ്രവർത്തിച്ചവരെ കണ്ടെത്തി വിവരങ്ങൾ ശേഖരിക്കാനാണ് നീക്കം. കസ്റ്റഡി റിപ്പോർട്ടിൽ കോടതിയെ അറിയിച്ചിരുന്നു. കണക്കിൽ നഷ്ടം കാണിച്ചശേഷം കമ്പനികളുടെ അക്കൗണ്ടുകൾ വഴി വലിയ തോതിൽ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇ.ഡിയുടെ നിഗമനം. ഇതിന് പുറമേയാണ് എസ് ബി ഐ ബ്രാഞ്ചുകളിലേക്കുള്ള സംശയങ്ങളും. എല്ലാം ഗൗരവത്തോടെ ഇഡി പരിശോധിക്കും.

കൊൽക്കത്തയിലെ കമ്പനികളുമായി സാമ്പത്തിക ഇടപാട് നടത്തിയ ബാങ്കുകളിൽനിന്നും ഇ.ഡി. വിശദീകരണം തേടിയിട്ടുണ്ട്. കൊൽക്കത്ത കമ്പനികളുടെ ഓഡിറ്റ് വിവരങ്ങളും ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ പത്തു കമ്പനികളിൽ ബിനീഷ് പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണു ഇ.ഡിയുടെ നിഗമനം. കമ്പനി എം.ഡി. എന്ന നിലയിൽ അനൂപ് മുഹമ്മദിന്റെ പേരിലുള്ള ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഇ.ഡി. പിടിച്ചെടുത്തിട്ടുണ്ട്. ഈ കാർഡുകൾ ബിനീഷും മറ്റു പലരും ഉപയോഗിച്ചിട്ടുണ്ടെന്നാണു സംശയം,

നഷ്ടത്തിലായ കമ്പനിയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചശേഷം അതിൽ പണം നിക്ഷേപിക്കുന്നതും കള്ളപ്പണം വെളുപ്പിക്കലിന്റെ പരിധിയിൽ വരും. ഇവിടെയും ബിനീഷിന്റെ വിശദീകരണം തൃപ്തികരല്ലെന്നാണു ഇ.ഡി. പറയുന്നത്. ബിനീഷിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ വഴി 5.5 കോടി രൂപ കൈമാറ്റം ചെയ്തിട്ടുണ്ട്.