- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത്തരത്തിൽ ഒന്നു വീട്ടിലുണ്ടായിരുന്നെങ്കിൽ ഞങ്ങൾ അത് കത്തിച്ചുകളയില്ലേ.....; മനോരമ ചാനൽ ചർച്ചയിലെ ബിനീഷ് കോടിയേരിയുടെ ഭാര്യാ മാതാവിന്റെ വാക്കുകളിലുള്ളത് തെളിവ് നശിപ്പിച്ചതിന്റെ സൂചനയോ? ഓൾഡ് കോഫീ ഹൗസിലെ 50 ലക്ഷത്തിന്റെ വായ്പയും പരിശോധനയിൽ; മിനിയുടെ വെളിപ്പെടുത്തൽ ഗൗരവത്തോടെ എടുത്ത് കേന്ദ്ര ഏജൻസി; അമ്മായി അമ്മയും ഇഡിയുടെ സംശയത്തിലേക്ക്
തിരുവനന്തപുരം: അത്തരത്തിൽ ഒന്നു വീട്ടിലുണ്ടായിരുന്നെങ്കിൽ ഞങ്ങൾ അത് കത്തിച്ചുകളയില്ലേ എന്ന് മിനി. മനോരമ ചാനലിന്റെ അഭിമുഖത്തിലാണ് മിനിയുടെ ഈ പ്രതികരണം. ബിനീഷ് കോടിയേരിയുടെ ഭാര്യാ മാതാവാണ് മിനി. ബിനീഷിന്റെ മരുതംകുഴിയിലെ വീട്ടിൽ എൻഫോഴ്‌സ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനിടെ ക്രെഡിറ്റ് കാർഡ് കണ്ടെടുത്തുവെന്നാണ് ഇഡിയുടെ വാദം. ഇതിനെയാണ് മിനി അത്തരത്തിൽ ഒന്നു വീട്ടിലുണ്ടായിരുന്നെങ്കിൽ ഞങ്ങൾ അത് കത്തിച്ചുകളയില്ലേ എന്ന ചോദ്യത്തിലൂടെ പ്രതിരോധിക്കുന്നത്. എന്നാൽ ഇത് ബിനീഷിന് കുരുക്കായി മാറും. തെളിവുകൾ കത്തിച്ചു കളഞ്ഞതിന്റെ സൂചനയായി മിനിയുടെ വാക്കുകളെ ഇഡി കണക്കിലെടുക്കുന്നുണ്ട്.
ഏതൊരാളും തെളിവ് നശിപ്പിക്കാൻ ശ്രമിക്കും. അങ്ങനെ ഒരു കാർഡ് അവിടെ ഉണ്ടെങ്കിൽ ഞങ്ങൾ അതെടുത്ത് കത്തിച്ചുകളഞ്ഞേനെ. റെയ്ഡ് ഉണ്ടാകുമെന്ന് മുൻപ് തന്നെ അവർ അറിയിച്ചിരുന്നതാണ്. അതുകൊണ്ടാണ് പറയുന്നത് ഇത് അവർ െകാണ്ടുവന്നതാണെന്ന് മിനി വ്യക്തമാക്കി. ബിനീഷിന് വസ്തു പണയപ്പെടുത്തി 50 ലക്ഷം രൂപ ബിസിനസ് ചെയ്യാൻ സഹായിച്ചത് താനാണെന്നും മിനി വിശദീകരിച്ചു. കഞ്ചാവ് ബിസിനസ് ചെയ്യാൻ ഏതേലും ഒരു മരുമകന് അമ്മായിയമ്മ പണം നൽകുമോ എന്ന് അവർ ചോദിച്ചു. ശംഖുമുഖത്തെ ഓൾഡ് കോഫീ ഹൗസിന്റെ പ്രവർത്തനം ലോണെടുത്തായിരുന്നു. ഈ ലോൺ മിനിയുടെ പേരിലാണ് എടുത്തിരുന്നത് എന്ന് ഇഡി കണ്ടെത്തിയിരുന്നു.
ബിനീഷിന്റെ വീട്ടിലെ റെയ്ഡിൽ ആകെ ഒരു ക്രെഡിറ്റ് കാർഡ് മാത്രമാണ് കിട്ടിയത്. ഇത് അനൂപ് മുഹമ്മദിന്റേതുമായി. ഇതാണ് സംശയങ്ങളുണ്ടാക്കുന്നത്. എന്നാൽ തെളിവുകൾ കത്തിച്ചു കളഞ്ഞു എന്ന സൂചനകൾ മിനിയുടെ ചാനൽ അഭിമുഖത്തിൽ നിറയുന്നുണ്ട്. അതുകൊണ്ട് തന്നെ മിനിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നതും പരിഗണനയിലാണ്. ഓൾഡ് കോഫീ ഹൗസിന് വായ്പ് എടുത്ത സംഭവത്തിലും മിനിയെ ചോദ്യം ചെയ്യാം. ഇതും ഇഡിയുടെ സജീവ പരിഗണനയിലാണ്.
ബിനീഷ് കോടിയേരിയുടെ തലസ്ഥാനത്തെ വീട്ടിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടത്തിയ 26 മണിക്കൂർ പരിശോധനയ്ക്കിടെ നാടകീയരംഗങ്ങൾ ഉണ്ടായിരുന്നു. ശക്തമായ എതിർപ്പുമായി കുടുംബാംഗങ്ങളെത്തി. ഇ.ഡി.ക്കെതിരായ പരാതിയെത്തുടർന്ന് പൊലീസും ബാലാവാകാശ കമ്മിഷനും ഇടപെട്ടു. നിയമപ്രകാരമുള്ള റെയ്ഡ് എന്ന നിലപാടിൽ ഇ.ഡി.യും ഉറച്ചുനിന്നു. റെയ്ഡ് അന്വേഷണത്തിന്റെ ഭാഗമാണെന്നും നിജസ്ഥിതി അറിയാതെ പ്രതികരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വൈകീട്ട് പത്രസമ്മേളനത്തിൽ വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മിനിയുടെ കത്തിച്ചു കളയൽ പ്രസ്താവന.
മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ പേരിലുള്ള ഡെബിറ്റ് കാർഡ് വീട്ടിൽനിന്ന് പിടിച്ചെടുത്തു എന്നതുൾപ്പടെ രേഖകളിൽ ഒപ്പുെവക്കാൻ ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന് ബിനീഷിന്റെ ഭാര്യ റെനീറ്റ ആരോപിച്ചു. പരിശോധനയുടെ മറവിൽ കുടുംബത്തെ തടങ്കലിലാക്കിയെന്ന് ബന്ധുക്കൾ പൊലീസിലും ബാലാവകാശ കമ്മിഷനിലും പരാതിപ്പെട്ടു. വീട്ടിലുണ്ടായിരുന്ന കുഞ്ഞിനെ മോചിപ്പിക്കാൻ ബാലാവകാശകമ്മിഷനും രംഗത്തെത്തി. പരിശോധനകഴിഞ്ഞിറങ്ങിയ ഇ.ഡി. സംഘത്തിന്റെ വാഹനം പൂജപ്പുര പൊലീസ് തടഞ്ഞ് പരാതിയെക്കുറിച്ച് സൂചിപ്പിച്ചു. നിയമപരമായ പരിശോധനയാണ് പൂർത്തിയാക്കിയതെന്നും ഇതേക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാമെന്നും ഇ.ഡി. ഉദ്യോഗസ്ഥർ അറിയിച്ചു.
ബുധനാഴ്ച രാവിലെ 9.45-ന് ആരംഭിച്ച പരിശോധന വ്യാഴാഴ്ച രാവിലെ 10.54-നാണ് പൂർത്തിയായത്. ബുധനാഴ്ച രാത്രി മുഴുവൻ 12 ഇ.ഡി. ഉദ്യോഗസ്ഥർ ബിനീഷിന്റെ വീട്ടിൽ തങ്ങി. ഭാര്യ റെനീറ്റയും ഇളയമകളും അമ്മയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ബാലാവകാശ കമ്മിഷൻ അധ്യക്ഷൻ കെ.വി. മനോജ്കുമാറും അംഗങ്ങളും വ്യാഴാഴ്ച നേരിട്ടെത്തി ഇ.ഡി. ഉദ്യോഗസ്ഥരിൽനിന്നും വിശദീകരണം തേടി. കുട്ടിയെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് കൈമാറി. ഇതേത്തുടർന്ന് റെനീറ്റയെയും മകളെയും അമ്മയെയും വീടിന് പുറത്തിറങ്ങാൻ ഉദ്യോഗസ്ഥർ അനുവദിച്ചു. പുറമേനിന്നും രണ്ട് ഉദ്യോഗസ്ഥരെത്തിയ ശേഷം കാർഡ് കണ്ടെത്തിയകാര്യം നിക്ഷ്പക്ഷ സാക്ഷിയെക്കൊണ്ട് സാക്ഷ്യപ്പെടുത്തി രേഖകളിൽ ചേർത്തു.
വീട്ടിൽ പരിശോധനയ്‌ക്കെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ഒരു ക്രെഡിറ്റ് കാർഡ് വീട്ടിൽ കൊണ്ടുവെച്ച് അതവിടുന്ന് കിട്ടിയതായി വരുത്താൻ ശ്രമിച്ചെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ റെനീറ്റ ആരോപിച്ചു. കാർഡ് കണ്ടെടുക്കുന്നത് തങ്ങളാരും കണ്ടിട്ടില്ലെന്നും അതിനാൽ രേഖയിൽ ഒപ്പിടില്ലെന്നും അറിയിച്ചു. ഒപ്പിട്ടില്ലെങ്കിൽ ബിനീഷ് പുറത്തിറങ്ങാൻ പോകുന്നില്ലെന്നും ബിനീഷ് ഇനിയും കുടുങ്ങുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞെന്നും ആരോപിച്ചു. ബിനീഷ് ഒരു ബോസും ഡോണും അല്ലെന്നും സാധാരണ മനുഷ്യൻ മാത്രമാണെന്നും പറഞ്ഞ് അവർ വിങ്ങിപ്പൊട്ടി.
ഇ.ഡി.ക്ക് പൊലീസിന്റെ നോട്ടീസ് പരിശോധനയുടെ പേരിൽ ബിനീഷിന്റെ ഭാര്യയെയും മകളെയും ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചെന്ന പരാതിയിൽ ഇ.ഡി.ക്ക് പൊലീസിന്റെ നോട്ടീസ്. നേരിട്ടെത്തി ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ വിശദീകരണം നൽകാൻ തയ്യാറായില്ലെന്നു ചൂണ്ടിക്കാട്ടി എൻഫോഴ്‌സ്മെന്റ് ഡയറക്ടർക്ക് പൊലീസ് ഇ-മെയിൽ അയച്ചു. അങ്ങനെ അതിനാടകീയ സംഭവങ്ങളാണ് ഉണ്ടായത്.
മറുനാടന് മലയാളി ബ്യൂറോ