- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിനീഷ് ജയിലിൽ കിടന്നപ്പോൾ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് പോലും യാതൊരു സഹായവും കിട്ടിയില്ല; ഇടപെട്ടിരുന്നുവെങ്കിൽ ഒരു വർഷം ജയിലിൽ കിടക്കേണ്ടി വരില്ലായിരുന്നു; കോടിയേരി നിസ്സഹായനായിരുന്നു; ഇഡി പലരുടെയും പേരുപറയാൻ നിർബന്ധിച്ചു; ബിനീഷിന്റെ ഭാര്യ റെനീറ്റയുടെ പ്രതികരണം
തിരുവനന്തപുരം: ബിനീഷ് കോടിയേരി ജയിലിൽ കിടന്നപ്പോൾ സിപിഎമ്മിന്റെ ഭാഗത്ത് നിന്നും യാതൊരു പിന്തുണയും ലഭിച്ചിട്ടില്ലെന്ന് ഭാര്യ റെനീറ്റ. അച്ഛൻ കോടിയേരി ബാലകൃഷ്ണനും യാതൊരു ഇടപെടലും നടത്താൻ കഴിഞ്ഞിട്ടില്ല, അദ്ദേഹം നിൽക്കുന്ന സ്ഥാനത്ത് നിന്നും ഇടപെടാൻ കഴിയില്ലെന്ന ബോധ്യം തനിക്കുണ്ടെന്നും റെനീറ്റ പറഞ്ഞു. റിപ്പോർട്ടർ ടിവിയോടാണ് അവർ ഇക്കാര്യം പറഞ്ഞത്.
ജയിൽ മോചിതനായ ശേഷം ബിനീഷ് കോടിയേരി ഉന്നയിച്ച ആരോപണങ്ങൾ നേരത്തെ ആകാമായിരുന്നുവെന്നും ഭാര്യ റെനീറ്റ പറഞ്ഞു. അവർ ആവശ്യപ്പെട്ടതിനോടൊന്നും വഴങ്ങാത്തതുകൊണ്ട് ഒരു വർഷം കൂടി ജയിലിൽ കിടക്കേണ്ടി വന്നു. ബിനീഷിനെതിരായ അന്വേഷണം രാഷ്ട്രീയമാണ്. ഇതിൽ വാസ്തവമില്ലെന്നും റെനീറ്റ വ്യക്തമാക്കി.
'ജയിലിൽ കിടന്നപ്പോൾ പാർട്ടിയുടെ ഭാഗത്ത് നിന്ന് പോലും ഞങ്ങൾക്ക് യാതൊരു സഹായവും ലഭിച്ചിട്ടില്ല. ഇടപെട്ടിരുന്നുവെങ്കിൽ ഒരു വർഷം ജയിലിൽ കിടക്കേണ്ടി വരില്ലായിരുന്നു. ഇഡി ആരുടെയൊക്കെയോ പേരുപറയാൻ നിർബന്ധിച്ചിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന് യാതൊരു തരത്തിലും ഇടപെടാൻ സാധിച്ചിട്ടില്ല. അതുഎന്തുകൊണ്ടാണെന്ന് മനസിലാക്കാനുള്ള ബുദ്ധി എനിക്കുണ്ട്. അച്ഛൻ നിൽക്കുന്ന സ്ഥാനത്ത് നിന്നുകൊണ്ട് ഇടപെടാൻ കഴിയില്ല.' റെനീറ്റ പറഞ്ഞു. ഇത്തരം ആരോപണം ഉയർന്നപ്പോഴും ബിനീഷിനെ ഒരിക്കൽ പോലും സംശയിച്ചിട്ടില്ലെന്നും കോടിയേരിയെന്നുള്ള പേര് കൊണ്ട് മാത്രമാണ് വേട്ടയാടുന്നതെന്നും റെനീറ്റ പറഞ്ഞു.
അതേസമയം, ബിനീഷ് കോടിയേരി തിരിച്ചു വന്ന സാഹചര്യത്തിൽ ഈ ആഴ്ച തന്നെ സിപിഎം സെക്രട്ടറി സ്ഥാനത്ത് കോടിയേരി തിരിച്ചെത്തും. അടുത്ത സംസ്ഥാന സമിതി യോഗത്തിലാകും ചുമതല ഏൽക്കൽ. മുഖ്യമന്ത്രി പിണറായി വിജയനും ഇതിനെ അനുകൂലിക്കുന്നുണ്ട്. അടുത്ത പാർട്ടി സമ്മേളനത്തിൽ സെക്രട്ടറിയായി കോടിയേരിയുണ്ടാകും. വീണ്ടും സംസ്ഥാന സെക്രട്ടറിയാവുകയും ചെയ്യും. നിലവിൽ ദേശാഭിമാനിയുടെ എഡിറ്ററാണ് കോടിയേരി. സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കുമ്പോഴും കോടിയേരി തന്നെയാണ് ഇപ്പോഴും എകെജി സെന്ററിലെ പ്രധാനി.
ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ബിനീഷ് പുറത്തിറങ്ങിയത്. അറസ്റ്റിലായി ഒരുവർഷത്തിന് ശേഷമാണ് ബിനീഷിന്റെ ജയിൽ മോചനം. സഹോദരൻ ബിനോയ് കോടിയേരി, സുഹൃത്തുക്കൾ എന്നിവർ ബിനീഷിനെ സ്വീകരിക്കാൻ എത്തിയിരുന്നു. സത്യം ജയിക്കുമെന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ബിനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നുമല്ലായിരുന്നു ഇ.ഡി ഉദ്യോഗസ്ഥർക്ക് അറിയേണ്ടത്. കേരളത്തിൽ നടന്ന കേസുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളും പേരുകളും അവർ പറയുന്നതുപോലെ പറയാൻ തയ്യാറാകാത്തതാണ് തന്നെ കേസിൽ പെടുത്താൻ കാരണമെന്നും ബിനീഷ് ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞുതന്ന കാര്യങ്ങൾ അതുപോലെ പറഞ്ഞിരുന്നെങ്കിൽ 10 ദിവസത്തിനകം തന്നെ തനിക്ക് പുറത്തിറങ്ങാമായിരുന്നുവെന്നും ബിനീഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിനീഷിന്റെ സഹോദരൻ ബിനോയിയും അടുത്ത സുഹൃത്തുക്കളും ഇന്നലെ പരപ്പന അഗ്രഹാര ജയിലിലേക്ക് ബിനീഷിനെ സ്വീകരിക്കാനെത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ