അടിമാലി; പാമ്പാടി ചെമ്പൻകുഴിയിൽ നിന്നും കാണാതായ കരുവിക്കാട്ടിൽ ബനീഷിന്റെയും മകൾ പാർവ്വതിയുടെയും മൃതദേഹം കല്ലാറുകൂട്ടി ഡാമിൽ നിന്നും കണ്ടെടുത്തു. ആദ്യം ബിനീഷിന്റെ മൃതദേഹമാണ് ലഭിച്ചത്. അരമണിക്കൂർ പിന്നിട്ടപ്പോൾ മകളുടെയും മൃതദേഹം ലഭിച്ചു. ഇവർ ഇരുവരെയും കണ്ടെത്താൻ ഫയർഫോഴ്സ് ടീമിലെ മുങ്ങൽ വിദഗ്ദ്ധർ ഇന്ന് രാവിലെ മുതൽ കാല്ലാറുകൂട്ടി പാലത്തിന് താഴെ കയമുള്ള പ്രദേശത്ത് തിരച്ചിൽ നടത്തിവരുകയായിരുന്നു.

ഫയർഫോഴ്‌സ് അടിമാലി യൂണിറ്റും മൂവാറ്റുപുഴയിൽ നിന്നുള്ള സ്‌കൂബടീമുമാണ് രാവിലെ 10.30 തോടെ തിരച്ചിലിന് ഇറങ്ങിയത്. ചെമ്പൻകുഴി കരുവിക്കാട്ടിൽ ബനീഷിനെയും പ്ലസ് വൺ വിദ്യാർത്ഥിനിയായ മകൾ പാർവ്വതിയെയും ഇന്നലെ രാവിലെ 11 .30 തോടെ വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു. വൈകുന്നേരം വരെ വീട്ടുകാർ പലസ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്തെനായില്ല.തുടർന്നാണ് ബന്ധു ബിജു പാമ്പാടി സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചത്.

പൊലീസ് ബിനീഷിന്റെ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഇവർ അടിമാലക്ക് സമീപം എത്തിയതായി കണ്ടെത്തി.തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് ബൈക്ക് കണ്ടെടുത്തത്. ഇവർ പുഴയിൽ ചാടിയിട്ടുണ്ടാവും എന്ന നിഗമനത്തിലാണ് ഇന്ന് രാവിലെ ഫയർഫോഴ്സ് സംഘം തിരച്ചിൽ ആരംഭിച്ചത്.