സൂപ്പർതാരമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. സിനിമയില്ലാത്തപ്പോൾ ടൈൽസ് പണിക്ക് പോകും. വീട്ടിലെ കാര്യങ്ങൾ നടക്കണമെങ്കിൽ ജോലിക്ക് പോയേ പറ്റൂ- ഇത് പറയുന്നത് ഇളയ ദളപതി വിജയുടെ പുതിയ സിനിമയിലൂടെ വില്ലനായി തളങ്ങിയ തോപ്പുംപടിക്കാരൻ ബിനീഷ് ബാസ്റ്റിനാണ്. ചെറിയ ഗുണ്ടയായി വെള്ളിത്തിരയിൽ ജീവിതം തുടങ്ങിയ ബിനീഷ് ബാസ്റ്റിൻ ഇന്ന് അറിയപ്പെടുന്ന വലിയ ഗുണ്ടയാണ്. എന്നിട്ടും ജീവിത പ്രാരാബ്ദങ്ങൾ തീരുന്നില്ല.

തെരിയെന്ന വിജയ് സിനിമ റിലീസ് ചെയ്യുന്നതു വരെ ബിനീഷ് ടൈൽസ് പണിക്ക് പോയിരുന്നു. ടൈൽസ് പണിക്കിടെയാണ് അഭിനയിക്കാനുള്ള വിളി വന്നത്. ഉടനെ ജോലി മതിയാക്കി സെറ്റിലെത്തി. പന്നെ സംഭവിച്ചതെല്ലാം അൽഭുതം. വിജയ് അവതരിപ്പിക്കുന്ന ജോസഫ് കുരുവിള എന്ന കഥാപാത്രത്തിന്റെ കേരളത്തിലുള്ള സീനിലെ വില്ലനായിട്ടാണ് ബിനീഷ് തകർത്ത് അഭിനയിച്ചത്. തെരിയുടെ വിജയത്തിന് ശേഷം സിനിമയിൽ തിരക്ക് കൂടി. ഇതോടെ ടൈൽ പണിയും തൽകാലത്തേക്ക് നിന്നു. പക്ഷേ സിനിമയിൽ ഇടവേളയുണ്ടായാൽ ബിനീഷ് ബാസ്റ്റിന് വീണ്ടും പഴയ പണിയിലേക്ക് പോകാൻ ഒരു മടിയുമില്ല.

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയുമൊക്കെ ഇടികൊണ്ടിട്ടുണ്ടെങ്കിലും വിജയ്യുടെ ഇടികൊണ്ടപ്പോഴാണ് എന്റെ ഭാഗ്യം തെളിഞ്ഞത്. വിജയ്യോടുള്ള ആരാധനയാണ് എന്നോട് പലരും കാണിക്കുന്നത്. വിജയ്യോടൊപ്പം അഭിനയിച്ചയാൾ എന്ന നിലയ്ക്ക് വിജയ് ഫാൻസ് എന്നെ വന്ന് കാണാറുണ്ട്. തെരിയിൽ അഭിനയിക്കുന്നതുവരെ സിനിമ മുഴുവൻസമയമാക്കുന്ന കാര്യം ആലോചിച്ചിരുന്നില്ല. ജീവിതസാഹചര്യംതന്നെ കാരണം. സിനിമയിൽനിന്ന് സ്ഥിരംവരുമാനമില്ലാത്തതിനാൽ ടൈൽസ് ജോലിചെയ്താണ് ജീവിച്ചത്. പണിക്കിടയിലായിരിക്കും ഷൂട്ടിങ്ങിന് വിളിക്കുക. ഒരു മണിക്കൂറിൽ എത്തണമെന്നായിരിക്കും നിർദ്ദേശം. പണി പാതിവഴിയിലിട്ട് പോകേണ്ടിവന്നിട്ടുണ്ട്. കൂടെയുള്ള പണിക്കാരുടെ സഹകരണംകൊണ്ടാണ് ഇതിന് സാധിച്ചത്. ഇപ്പോഴും ടൈൽസ് പണി ഏറ്റെടുത്ത് പണിക്കാരെക്കൊണ്ട് ചെയ്യിക്കുന്നുണ്ട്. സാമ്പത്തികബുദ്ധിമുട്ട് ഇപ്പോഴുമുണ്ട്-ബിനീഷിന്റെ പ്രതികരണം ഇങ്ങനെയാണ്.

ബോഡി ബിൽഡിംഗിന് പോയപ്പോൾ സമ്മാനമായി ലഭിച്ചതാണ് ബിനീഷിന് സിനിമ. 2005ൽ മിസ്റ്റർ എറണാകുളം ആകുന്നവർക്ക് റാഫി മെക്കാർട്ടിന്റെ പാണ്ടിപ്പട എന്ന സിനിമയിൽ അഭിനയിക്കാൻ അവസരമുണ്ടായിരുന്നു. അങ്ങനെയാണ് അഭിനയ രംഗത്തേക്ക് ബാസ്റ്റിന്റെ കടന്നുവരവ്. ദിലീപ് നായകനായ പാണ്ടിപ്പടയിലൂടെയായിരുന്നു ബിനീഷിന്റെ വെള്ളിത്തിരയിലേക്കുള്ള രംഗപ്രവേശം. തുടർന്ന് പോക്കിരിരാജ, പാസഞ്ചർ, അണ്ണൻതമ്പി, എയ്ഞ്ചൽ ജോൺ, ഹോളിവുഡ് ചിത്രമായ ഡാം 999 തുടങ്ങി 80 ഓളം ചിത്രങ്ങളിൽ ഗുണ്ടയായി അഭിനയിച്ചു. ഈ സിനിമകളിലെല്ലാം പേരില്ലാത്ത ഗുണ്ടയായാണ് ബാസ്റ്റിൻ അഭിനയിച്ചിരുന്നത്.

പൃഥിരാജ് നായകനായ പാവാട മുതൽ അറിയപ്പെടുന്ന വേഷങ്ങളിൽ ബിനീഷ് അഭിനയിക്കാൻ തുടങ്ങി. നിവിൻ പോളിയുടെ ആക്ഷൻ ഹീറോ ബിജുവിലൂടെ മട്ടാഞ്ചേരി മാർട്ടിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. തെരിയിൽ ഒരു മലയാളി വില്ലനെ സംവിധായകൻ ആറ്റ്‌ലി തേടുന്നുണ്ടായിരുന്നു. ഒട്ടേറെപേരുടെ ഫോട്ടോകൾ കണ്ടെങ്കിലും പറ്റിയ ആളെ കണ്ടില്ല. ചെന്നൈയിലെ സ്‌ക്രീൻ ടച്ച് എന്ന ഏജൻസിവഴി ലഭിച്ച ഫോട്ടോ കണ്ടാണ് ബാസ്റ്റിനെ വില്ലനാകാൻ സിനിമയിലേക്ക് വിളിച്ചത്. മോഹനൻലാലിനൊപ്പം അഭിനയിച്ച എയ്ഞ്ചൽ ജോണിന്റെയും കാട്ടുമാക്കാൻ എന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോയും കണ്ട് സംവിധായകൻ വില്ലനായി നിശ്ചയിക്കുകയായിരുന്നു.

ഇളയദളപതി വിജയിനോടൊപ്പമുള്ള അഭിനയം തന്റെ ജീവിതത്തിൽ മറക്കാനാവാത്ത അനുഭവമാണെന്ന് ബാസ്റ്റിൻ പറയുന്നു. പരേതനായ സെബാസ്റ്റ്യൻചിന്നമ്മ ദമ്പതികളുടെ മകനായ ബാസ്റ്റിന്റെ സഹോദരങ്ങൾ ജോസഫ് സ്റ്റാൻലി, രാജേഷ്, രാജിനി എന്നിവരാണ്.