മുംബൈ: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ മകനുണ്ടെന്നുമാരോപിച്ചുള്ള ബിഹാർ സ്വദേശിനിയുടെ പരാതിയിൽ ഡിഎൻഎ പരിശോധനാ ഫലം പുറത്തുവിടുന്നതിൽ ആശങ്കയില്ലെന്ന് ബിനോയ് കോടിയേരി. ഫലം പരസ്യപ്പെടുത്തണമെന്ന യുവതിയുടെ അപേക്ഷ ജനുവരി 4നു ബോംബെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഡാൻസ് ബാർ നർത്തകിയായിരുന്ന യുവതി 2019 ജൂണിലാണു മുംബൈ ഓഷിവാര പൊലീസിൽ പരാതി നൽകിയത്.

8 വയസ്സുള്ള മകനു നീതി ലഭിക്കണമെന്നും ഡിഎൻഎ റിപ്പോർട്ട് തുറന്നാൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമാകുമെന്നുമാണു യുവതിയുടെ നിലപാട്. ഈ കേസിലാണ് ഭയമില്ലെന്ന് ബിനോയ് വിശദീകരിക്കുന്നത്. പീഡനക്കേസ് റദ്ദാക്കണമെന്ന് അഭ്യർത്ഥിച്ചുള്ള ഹർജി ഹൈക്കോടതിയിലുണ്ടെന്നും നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ബിനോയ് പറഞ്ഞു. പീഡനക്കേസിൽ അന്ധേരി ദിൻഡോഷി സെഷൻസ് കോടതിയിൽ ഈ മാസം 13ന് വിചാരണ ആരംഭിക്കും. ഇക്കൊല്ലം ജനുവരിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.

കേസ് റദ്ദാക്കണമെന്ന് അഭ്യർത്ഥിച്ച് 2019 ജൂലൈയിൽ ബിനോയ് സമീപിച്ചപ്പോൾ ഹൈക്കോടതിയാണു ഡിഎൻഎ പരിശോധനയ്ക്കു നിർദേശിച്ചത്. ജൂലൈ 30നു രക്തസാംപിൾ ശേഖരിച്ചു. കലീന ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയുടെ ഫലം 17 മാസത്തിനു ശേഷമാണ് ഹൈക്കോടതി രജിസ്റ്റ്രാർക്ക് രഹസ്യരേഖയായി മുംബൈ പൊലീസ് കൈമാറിയത്.

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് കഴിഞ്ഞ ദിവസം മടങ്ങിയെത്തിയിരുന്നു. 2020 നവംബർ 13 ന് ആയിരുന്നു കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയിൽ പ്രവേശിച്ചത്. ആരോഗ്യപ്രശ്നങ്ങൾ മുൻനിർത്തിയായിരുന്നു ഈ മാറിനിൽക്കൽ എന്നായിരുന്നു അന്ന് നൽകിയ വിശദീകരണം. എന്നാൽ മകൻ ബിനീഷ് കോടിയേരി (നാർകോട്ടിക് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടതും ആ മാറി നിൽക്കലിന് കാരണമായിരുന്നു എന്ന് കോടിയേരി ബാലകൃഷ്ണൻ തന്നെ പിന്നീട് തുറന്ന് പറഞ്ഞിരുന്നു.

നാർകോട്ടിക് കേസിൽ ബിനീഷ് പ്രതിയല്ലെന്ന് വ്യക്തമാക്കപ്പെട്ടപ്പോൾ തന്നെ കോടിയേരി, തിരികെ സെക്രട്ടസ്ഥാനത്തേക്ക് എത്തുമെന്ന് വാർത്തകളുണ്ടായിരുന്നു. ഇപ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസിൽ ബിനീഷിന് ജാമ്യം ലഭിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് കാലം മുതലേ കോടിയേരി പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി തുടങ്ങുകയും ചെയ്തിരുന്നു.

കാര്യങ്ങൾ ഈ വിധം മുന്നോട്ട് പോകുമ്പോൾ ആണ് മകൻ ബിനോയ് കോടിയേരിക്കെതിരെ യുവതി നൽകിയ കേസുമായി ബന്ധപ്പെട്ട മറ്റ് ചില വാർത്തകൾ പുറത്ത് വരുന്നത്. യുവതിയെ വിവാദ വാഗ്ദാനം നൽകി പറ്റിച്ചു എന്നാണ് കേസ്. ഈ കേസിലെ വിധിയും കോടിയേരിക്ക് ഏറെ നിർണ്ണായകമാണ്.