- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാളെ ആ ഡിഎൻഎ ഫലം പുറത്തു വരാൻ സാധ്യത; ഒത്തുതീർപ്പ് സാധ്യതകൾ തള്ളി അതിശക്ത നിലപാടുമായി ബീഹാറുകാരി വീണ്ടും കോടതിയിൽ; പ്രോസിക്യൂട്ടറും പ്രതിയും ഒരുമിച്ച് ഹാജരാകാത്തതും ചർച്ചകളിൽ; കോടിയേരി കുടുംബത്തിന് ഇനിയുള്ള ദിവസങ്ങൾ അതിനിർണ്ണായകം; കുട്ടിയുടെ അച്ഛൻ ബിനോയി ആണോ എന്ന് ഉടൻ അറിയാം
മുംബൈ: ആ ഡി എൻ എ പരിശോധനാ ഫലം നാളെ പുറത്തു വരും. ബിഹാർ സ്വദേശിനി നൽകിയ ബലാത്സംഗകേസിൽ മുംബൈ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിന്മേൽ ബിനോയ് കോടിയേരിക്കെതിരേ കോടതി കുറ്റം ചുമത്തുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. ദിൻദോഷി കോടതി കേസ് തിങ്കളാഴ്ച പരിഗണിച്ചിരുന്നു.
കോടതിയിൽ ബിനോയിയും യുവതിക്ക് വേണ്ടി ഹാജരാകേണ്ടിയിരുന്ന പബ്ലിക് പ്രോസിക്യൂട്ടറും ഹാജരായിരുന്നില്ല. ഇതിനെ തുടർന്ന് ബിനോയ്‌ക്കെതിരേ കുറ്റം ചുമത്തുന്ന നടപടി ക്രമങ്ങൾ ബുധനാഴ്ച പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. കേസ് നടപടികൾ നീട്ടിക്കൊണ്ടു പോകാനും ഡി എൻ എ പരിശോധനാ ഫലം പുറത്തു വരാതിരിക്കാനുമാണ് ഇതെന്നാണ് സൂചന. ഇതിനിടയിൽ വ്യാവസായികാവശ്യത്തിന് തനിക്ക് വിദേശയാത്രയ്ക്ക് അനുമതി നൽകണമെന്ന അപേക്ഷ ബിനോയ് കോടതിയിൽ സമർപ്പിച്ചു. ഈ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിച്ചില്ല.
യുവതിക്ക് വേണ്ടി പി.എം.എച്ച്. ലോയുടെ പ്രശാന്ത് പോപ്ലെ എന്ന അഭിഭാഷകൻ കോടതിയിൽ തിങ്കളാഴ്ച വക്കാലത്ത് നൽകി. യുവതിക്കും കുട്ടിക്കും നീതി ലഭിക്കുന്നതുവരെ കോടതിയിൽ പോരാട്ടം തുടരുമെന്ന് അഭിഭാഷകൻ പ്രശാന്ത് പോപ്ലെ പറഞ്ഞു. പേരൂർക്കടയിലെ ദത്ത് കേസാണ് ഇതിനെല്ലാം കാരണം. അനുപമയുടേയും അജിത്തിന്റേയും കുട്ടിയുടെ പിതൃത്വ പരിശോധന ഒരു ദിവസം കൊണ്ട് പൂർത്തിയായി. അതിവേഗ ഫലം വന്നു. എന്നാൽ ബിനോയ് കേസിൽ വർഷങ്ങളെടുക്കുന്നു. ഈ സാഹചര്യത്തിലാണ് ബിഹാർ യുവതി ഹൈക്കോടതിയിൽ വീണ്ടും എത്തിയത്.
ഡി.എൻ.എ. ഫലം പൊലീസ് മുദ്രവെച്ച കവറിൽ കഴിഞ്ഞ വർഷം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. 2020 ഡിസംബർ ഒൻപതിനാണ് ഓഷിവാര പൊലീസ് ഫലം സമർപ്പിച്ചത്. കോവിഡ് രോഗവ്യാപനം രൂക്ഷമായതിനെത്തുടർന്ന് കേസുകൾ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചിരുന്നു. ഇപ്പോൾ കേസുകൾ പരിഗണിക്കാൻ തുടങ്ങിയ സാഹചര്യത്തിലാണ് ഡി.എൻ.എ. ഫലം തുറക്കണമെന്നാവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചത്. ഈ ഫലം കേരള രാഷ്ട്രീയത്തേയും നിർണ്ണായകമായി സ്വാധീനിക്കും. അനുപമാ കേസിൽ അജിത്തിനെതിരെ സദാചാര കടന്നാക്രമണം നടത്തിയ സൈബർ സഖാക്കളും ഭീതിയിലാണ്.
തനിക്കെതിരേ ബിഹാർ യുവതി ഓഷിവാര പൊലീസ് സ്റ്റേഷനിൽ നൽകിയ ബലാത്സംഗക്കേസ് തള്ളണമെന്നാവശ്യപ്പെട്ട് 2019 ജൂലായ് മാസത്തിലാണ് ബിനോയ് ഹൈക്കോടതിയെ സമീപിക്കുന്നത്. ജൂലായ് 29-ന് കേസ് പരിഗണിച്ച കോടതി ഡി.എൻ.എ. പരിശോധന നടത്താൻ ബിനോയിയോട് നിർദ്ദേശിക്കുകയായിരുന്നു. ബിനോയ് തൊട്ടടുത്ത ദിവസമായ ജൂലായ് 30-ന് ജെ.ജെ.ആശുപത്രിയിൽ രക്തസാംപിളുകൾ നൽകുകയും ചെയ്തു.
കലീന ഫൊറൻസിക് ലബോറട്ടറിയിൽ സമർപ്പിച്ച സാപിളുകളുടെ ഡി.എൻ.എ. ഫലം 17 മാസത്തിനുശേഷമാണ് മുംബൈ പൊലീസിന് ലഭിക്കുന്നത്. അത് പൊലീസ് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ബിനോയിക്കെതിരേ മുംബൈ പൊലീസ് സമർപ്പിച്ച കുറ്റപത്രം തന്നെ ഡിഎൻഎ ഫലം ബിനോയിക്ക് എതിരാണെന്നതിന് സൂചനയാണ്. മുംബൈയിലെ കേസിൽ അറസ്റ്റൊഴിവാക്കാൻ ബിനോയിക്ക് കഴിഞ്ഞിരുന്നു. എന്നാൽ കേസ് ഇനിയും ഒത്തുതീർപ്പിലായില്ലെന്നാണ് ബിഹാറി യുവതിയുടെ ഹർജിയോടെ തെളിയുന്നത്.
കുട്ടിയുടെ അച്ഛൻ ബിനോയി ആണെന്നാണ് ആരോപണം. ഇതിൽ സ്ഥിരീകരണത്തിനാണ് ഡി എൻ എ പരിശോധന നടത്തിയത്. ഇതിൽ ബിനോയിക്കെതിരെ റിപ്പോർട്ട് വന്നാൽ മാത്രമേ കുറ്റപത്രം നൽകാൻ കഴിയൂ. ഈ സാഹചര്യത്തിലാണ് ഡി എൻ എ ഫലം ബിനീഷിന് എതിരെന്ന സൂചന വരുന്നത്. എന്നാൽ പരിശോധന സത്യം പുറത്തു കൊണ്ടു വരുമെന്ന നിലപാടിൽ തന്നെയാണ് ബിനോയ് ഇപ്പോഴും. കുട്ടിയെ വളർത്താൻ ബിനോയ് കോടിയേരി ജീവനാംശം നൽകണമെന്നാവശ്യപ്പെട്ട് ബിഹാർ സ്വദേശി യുവതി അയച്ച കത്തിന്റെ പകർപ്പ് നേരത്തെ പുറത്തു വന്നിരുന്നു . 2018 ഡിസംബറിൽ അഭിഭാഷകൻ മുഖേനയാണ് യുവതി ബിനോയ്ക്ക് കത്ത് അയച്ചത് .കുട്ടിയെ വളർത്താനുള്ള ചെലവിനുള്ള തുക എന്ന നിലയിലാണ് യുവതി ബിനോയ് കോടിയേരിയോട് അഞ്ച് കോടി രൂപ ആവശ്യപ്പെടുന്നത്.
ഇതെ തുടർന്നാണ് ബിനോയ് കോടിയേരി കണ്ണൂർ റേഞ്ച് ഐജിക്ക് യുവതിക്കെതിരെ പരാതി നൽകുന്നത്. ഇതോടെ യുവതി മുംബൈ പൊലീസിനെ സമീപിച്ചു. ഇതോടെ വിവാദം പുതിയ തലത്തിലെത്തി. 2008ലായിരുന്നു ബിനോയ് കോടിയേരിയുടെ വിവാഹം. എല്ലാവരേയും അറിയിച്ച് നടത്തിയ അടിപൊളി കല്ല്യാണം. പണക്കാർ മുതൽ പാവപ്പെട്ട സഖാക്കൾ വരെ പങ്കെടുത്ത തിരുവനന്തപുരത്തെ കല്യാണം. കോടിയേരിയുടെ ആദ്യ മരുമകൾ എംബിബിഎസുകാരിയുമായിരുന്നു.
വിവാഹ സമയത്ത് പഠിക്കുകയായിരുന്നു മരുമകൾ. ഇതോടെയാണ് കൂടുതൽ ഉത്തരവാദിത്തം വരാൻ മൂത്തമകനെ കോടിയേരി ദുബായിലേക്ക് അയയ്ക്കുന്നത്. ആഭ്യന്തരമന്ത്രിയെന്ന ഗ്ലാമറിൽ അച്ഛൻ കേരളം ഭരിക്കുമ്പോൾ മകൻ ദുബായിലെത്തി. അവിടെ ഉന്നത ബന്ധങ്ങളിലേക്ക് മകൻ വഴുതി വീണു. കേരളത്തിൽ നടക്കുന്ന പല ഡീലുകളുടേയും പ്രധാന ഇടനിലക്കാരനായി ബിനോയ് മാറി. ഇതോടെ ദുബായ് മലായളികളിലെ പ്രമുഖനായി മാറി. ഇതിനിടെയാണ് ഡാൻസ് ബാറുകളിൽ ബിനോയ് എത്തിയത്. ഇതിനിടെയാണ് ബീഹാറുകാരി മനസ്സിൽ ഉടക്കുന്നത്. എല്ലാ അർത്ഥത്തിലും പ്രണയ പരവശനായ ബിനോയ് യുവതിയുടെ പിന്നാലെയായി. ഇതാണ് ഇപ്പോൾ വിവാദമായി മാറുന്നതും.
മറുനാടന് മലയാളി ബ്യൂറോ