ദുബായ് : കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് അങ്ങനെ ദുബായിൽ കുടുങ്ങി. നേരത്തെ കേസ് വന്നപ്പോൾ 60,000 ദിർഹം പിഴയായി ബിനോയ് ദുബായ് കോടതിയിൽ അടച്ചു. അങ്ങനെ ക്രിമിനൽ കേസ് ഒഴിവായി. ഇതോടെ ദുബായിൽ നിന്ന് ബിനോയ് മുങ്ങി. ബാക്കി പണം കൊടുക്കാതിരിക്കാനാണ് ഇതെന്നാണ് സൂചന. പക്ഷേ ആരും അറിയില്ലെന്ന് കരുതിയ സാമ്പത്തിക തട്ടിപ്പ് വാർത്തയായി. സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ലഭിച്ച പരാതി മാധ്യമങ്ങൾ ചർച്ചയാക്കി. ഒന്നുമില്ലെന്ന് പറഞ്ഞ് കോടിയേരി തടിയൂരാൻ ശ്രമിച്ചു. അതിന്റെ ഭാഗമായി നടത്തി നീക്കമാണ് ബിനോയിയെ ദുബായിൽ കുടുക്കിയത്.

കേസില്ലെന്നും യാത്രവിലക്കില്ലെന്നും വാദിച്ചാണ് കോടിയേരി വിമർശന മുന ഒടിച്ചത്. ദുബായ് പൊലീസിന്റേയും കോടതിയുടേയും ചില രേഖകളും കാണിച്ചു. ഇതിനായി മകനെ ദുബായിൽ അയക്കുകയാണ് കോടിയേരി ചെയ്തത്. ഈ നീക്കം തീർത്തും ബുദ്ധി ശൂന്യമായെന്നാണ് വിലയിരുത്തൽ. ഇതോടെ വീണ്ടും നിയമനടപടികൾ കടുപ്പിച്ചു. ദുബായിൽ തന്നെ ബിനോയിയെ തളച്ചിടാൻ പരാതിക്കാർക്കായി. യാത്രവിലക്കില്ലെന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തി വാർത്തകൾ നിരാകരിക്കുകയെന്നതായിരുന്നു കോടിയേരി ഉദ്ദേശിച്ചത്. ഈ തന്ത്രമാണ് പൊളിയുന്നതും കൂടുതൽ വിവാദങ്ങളിലേക്ക് ചെന്നു പെട്ടതും. ഇനി കൊടുത്ത് തീർക്കാനുള്ള പണം നൽകാതെ ബിനോയിക്ക് തിരിച്ചു വരാനും കഴിയില്ല.

വിവാദം ഉണ്ടായപ്പോൾ കോടതിയിൽ പിഴയടച്ച് ക്രിമിനലിനെ സിവിൽ കേസാക്കി ബിനോയ് മാറ്റിയത് ദുബായ് വിടാൻ കൂടി വേണ്ടിയായിരുന്നു. തിരികെ ദുബായിൽ ഇനി പോകില്ലെന്ന് ഉറപ്പിച്ചായിരുന്നു മടക്കം. ഇതാണ് വിവാദങ്ങൾ പൊളിച്ചത്. നിലവിലെ സാഹചര്യത്തിൽ പത്ത് ലക്ഷം ദിർഹം കൊടുത്തു തീർക്കാനാണ് ബിനോയ് ശ്രമിക്കുന്നത്. ചില പ്രവാസികൾ സഹായിക്കുമെന്ന പ്രതീക്ഷ ബിനോയിക്കുണ്ട്. ഇത് മനസ്സിൽ വച്ചുള്ള നീക്കം നടക്കുകയാണ്. അതു പൊളിഞ്ഞാൽ ബിനോയിക്ക് മൂന്ന് വർഷം ജയിലിൽ കഴിയേണ്ടി വരും.

ബിനോയ് കോടിയേരിക്ക് യാത്രാവിലക്ക് വരാൻ കാരണമായ കേസിൽ ഏതുതരം ചെക്കാണ് നൽകിയത് എന്ന കാര്യം സുപ്രധാനമാണ്. 30 ലക്ഷം ദിർഹം സംബന്ധിച്ച് ജാസ് ടൂറിസം നേരത്തെ ഹാജരാക്കിയ രേഖകൾ പ്രകാരം ചെക്കുകളിൽ രണ്ടെണ്ണം ബിനോയിയുടെ കമ്പനിയുടേതും ഒന്ന് സ്വന്തം പേരിലുള്ളതുമാണ്. കമ്പനിയുടെ ചെക്ക് മടങ്ങിയതിനാണു കേസെങ്കിൽ കമ്പനിയുടെ ഇപ്പോഴത്തെ അവസ്ഥയനുസരിച്ചായിരിക്കും വിധി.

പൂട്ടിപ്പോകുകയോ, ട്രേഡ് ലൈസൻസ് കാലഹരണപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ കമ്പനിയിൽനിന്ന് പണം ഈടാക്കിയെടുക്കാനുള്ള സാധ്യത കുറവാണ്. സ്വന്തം പേരിലുള്ള ചെക്കാണ് കേസിന് കാരണമായതെങ്കിൽ തുക അടയ്ക്കാതെ യുഎഇയിൽനിന്നു മടങ്ങാനാവില്ല. അല്ലെങ്കിൽ, മൂന്നുവർഷംവരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്. അതിനിടെ ബിനോയ് കോടിയേരിയുടെ ദുബായിലെ യാത്രാ വിലക്കിനെതിരെ ഒരാഴ്ചയ്ക്കകം അപ്പീൽ നൽകുമെന്നു സഹോദരൻ ബിനീഷ് കോടിയേരി വ്യക്തമാക്കിയിട്ടുണ്ട്.

പണം കെട്ടിവയ്ക്കുകയോ കേസ് ഒത്തുതീർപ്പാക്കുകയോ ചെയ്യാതെ ഉടൻ വിലക്കു നീക്കൽ ബുദ്ധിമുട്ടാണ്. രണ്ടായാലും പണത്തിന്റെ ഉറവിടം വെളിപ്പെടുത്തേണ്ടിവരും. ഈ സാഹചര്യത്തിലാണ് അപ്പീൽ നൽകുന്നത്. 13 കോടി രൂപ നൽകാനുണ്ടെന്നതു ശരിയല്ല. 1.72 കോടി രൂപ മാത്രമേ നൽകാനുള്ളൂ. ബിനോയ് വന്നിട്ട് ഉടൻ കാര്യമൊന്നുമില്ല. കുറച്ചു നാൾ കൂടി അവിടെ നിൽക്കട്ടെ. മക്കൾ ചെയ്തതിന് അച്ഛനെ വലിച്ചിഴയ്‌ക്കേണ്ട ബിനീഷ് പറഞ്ഞു.