- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നോട്ട് നിരോധന സമയത്ത് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ എച്ച്.ഡി.എഫ്.സി ബാങ്കിലടച്ചത് 38 ലക്ഷം രൂപ; ബിനോയ് കോടിയേരി വാങ്ങിയ ബെൻസ് കാറിന്റെ ലോൺ ക്ലോസ് ചെയ്തത് അമ്മ വിനോദിനി ബാലകൃഷ്ണൻ നേരിട്ടെത്തി; കാറിന്റെ ഉടമയുടെ പേര് മാറ്റിയെങ്കിലും ഫോൺ നമ്പർ ഇപ്പോഴും കോടിയേരി പുത്രന്റേത് തന്നെ
തിരുവനന്തപുരം: സ്ഥാനമൊഴിഞ്ഞ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ നോട്ട് നിരോധന സമയത്ത് കാർ ലോൺ ക്ലോസ് ചെയ്യാനായി ബാങ്കിലടച്ചത് ലക്ഷങ്ങൾ. കോടിയേരിയുടെ മൂത്തമകൻ ബിനോയ് കോടിയേരി വാങ്ങിയ ബെൻസ് കാറിന്റെ ഇഎംഐ മുടങ്ങിയതോടെയാണ് അമ്മ വിനോദിനി ബാലകൃഷ്ണൻ മുഴുവൻ തുകയും അടച്ച് ലോൺ ക്ലോസ് ചെയ്തത്. 38 ലക്ഷം രുപയാണ് വിനോദിനി ബാലകൃഷ്ണൻ ബാങ്കിൽ പണമായി അടച്ചത്. കോടിയേരി ബാലകൃഷ്ണന്റെ ഇളയ മകൻ ബീനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകളുടെ അന്വേഷണത്തിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരാണ് ഇക്കാര്യവും കണ്ടെത്തിയത്.
എച്ച് ഡി എഫ് സി ബാങ്കിന്റെ തിരുവനന്തപുരം ആയുർവേദ കോളേജ് ജംഗ്ഷനിലെ ബ്രാഞ്ചിൽ നിന്നാണ് 72ലക്ഷം രൂപ ലോണെടുത്ത് ബിനോയ് കോടിയേരി ആഡംബര കാർ വാങ്ങുന്നത്. കെഎൽ 01 ബിഎസ് 727 എന്ന നമ്പരിലുള്ള മെഴ്സിഡസ് ബെൻസാണ് ബിനോയ് സ്വന്തമാക്കിയത്. 2014 നവംബർ 20നാണ് ബിനോയ് ഈ കാർ വാങ്ങുന്നത്. കാറുടമ ബിനോയ് ബാലകൃഷ്ണൻ എന്നാണ് രജിസ്ട്രേഷൻ രേഖകളും. 2017ലാണ് ഈ കാറിന്റെ ഇഎംഐ മുടങ്ങുന്നത്. മൂന്ന് മാസം തിരിച്ചടവ് മുടങ്ങി. എച്ച് ഡി എഫ് സി ബാങ്ക് ഇതിന്റെ മേൽ നിയമനടപടികൾ ആരംഭിച്ചു. 50ലക്ഷം രൂപയിൽ മുകളിലുള്ള വായ്പകളിൽ കൊച്ചി ഓഫീസുമായി ബന്ധപ്പെട്ടാണ് നിയമനടപടികൾ ആരംഭിക്കുന്നത്.
ബാങ്കിന്റെ നിയമനടപടികൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, നോട്ട് നിരോധന കാലഘട്ടത്തിലാണ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ ബാങ്കിലെത്തി 38 ലക്ഷം രൂപ അടച്ച് ലോൺ ക്ലോസ് ചെയ്യുന്നത്. ഈ 38 ലക്ഷം രൂപയുടെ ഉറവിടമാണ് ഇഡി തേടുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി എന്നതിനപ്പുറം മറ്റ് തൊഴിലുകളോ ബിസിനസോ ഭൂമിയിൽ നിന്നുള്ള വരുമാനമോ കോടിയേരി ബാലകൃഷ്ണനില്ല. തന്റെ രണ്ട് ആൺമക്കളും തൊഴിൽ രഹിതരാണ് എന്ന് കോടിയേരി ബാലകൃഷ്ണന്റെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുമുണ്ട്. അപ്പോൾ ഇത്രയും പണം വിനോദിനി ബാലകൃഷ്ണന് എവിടെ നിന്നും ലഭിച്ചു എന്ന ചോദ്യത്തിന് കോടിയേകി കുടുംബം ഉത്തരം നൽകേണ്ടി വരും.
കോടിയേരി ബാലകൃഷ്ണൻെ ഭാര്യയും ബിനോയ് കോടിയേരിയുടെ അമ്മയുമായ വിനോദിനി ബാലകൃഷ്ണനാണ് ബാങ്കിലെത്തി പണം അടച്ചതെന്നതിന്റെ തെളിവുകൾ ഇഡി ശേഖരിച്ച് കഴിഞ്ഞു. ഈ ലോൺ പാസാക്കിയ മാനേജർ തന്നെയാണ് ഇപ്പോഴും ഈ ബ്രാഞ്ചിൽ മാനേജരായി സേവനം അനുഷ്ടിക്കുന്നത്. മറുനാടൻ മലയാളി ഇദ്ദേഹത്തെ ബന്ധപ്പെട്ടെങ്കിലും ഇത്രയും വർഷങ്ങൾ പിന്നിലുള്ള സംഭവമായതിനാൽ രേഖകൾ പരിശോധിച്ച ശേഷം മാത്രമോ ഇത് സംബന്ധിച്ച് പ്രതികരിക്കാൻ സാധിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ഇപ്പോൾ ഈ കാറിന്റെ ഉടമ ബിനോയ് കോടിയേരി അല്ല എന്നതാണ് ഏറെ രസകരം. തിരുവനന്തപുരം കവടിയാർ നന്തൻകോട് സ്വദേശിയായ വി ബാബുരാജ് എന്നയാളുടെ പേരിലാണ് ഇപ്പോൾ ഈ ബെൻസ് കാർ ഉള്ളത്. ഇത് ബിനോയ് കോടിയേരി ബാബുരാജിന് വിറ്റതാണോ അതോ ഇയാൾ ബിനോയ് കോടിയേരിയുടെ ബിനാമിയാണോ എന്ന കാര്യവും ഇഡി പരിശോധിക്കും. ബാബുരാജ് എന്നയാൾ ബിനോയുടെ ബിനാമി ആകാനുള്ള സാധ്യതകളിലേക്കാണ് തെളിവുകളും വിരൽചൂണ്ടുന്നത്. കാറിന്റെ ഉടമയുടെ പേര് ബാബുരാജ് എന്നാണെങ്കിലും അതിനൊപ്പം നൽകിയിട്ടുള്ള ഫോൺ നമ്പർ ബിനോയ് കോടിയേരിയുടേതാണ്. 9447297777 എന്ന നമ്പരാണ് ബാബുരാജിന്റേതായി രജിസ്ട്രേഷൻ രേഖകളിൽ ഉള്ളത്. എന്നാൽ, ഈ നമ്പർ ബിനോയ് കോടിയേരിയുടേതാണ് എന്നത് ബിനാമി ഇടപാടിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്.
വിവാദങ്ങൾ ആരംഭിച്ചതോടെ കാറിന്റെ ഉടമസ്ഥാവകാശം പെട്ടെന്ന് മറ്റൊരാളിലേക്ക് മാറ്റിയതാകാനാണ് സാധ്യത. അതുകൊണ്ട് തന്നെ ബാബുരാജിനെയും കണ്ടെത്തി ഇഡി ചോദ്യം ചെയ്യേണ്ടി വരും. ഇഡിയുടെ അന്വേഷണം അനുജൻ ബിനീഷ് കോടിയേരിയെ കുറിച്ചാണെങ്കിലും സ്വാഭാവികമായും സഹോദരങ്ങളെ കുറിച്ചും അവരുടെ ബിനാമികളെ കുറിച്ചുമുള്ള അന്വേഷണത്തിനിടെയാണ് ഈ ഇടപാടും ഇഡിയുടെ ശ്രദ്ധയിൽപെടുന്നത്. ബാബുരാജ് ബിനോയ് കോടിയേരിയുടെ ബിനാമിയാണോ അതോ ബിനീഷ് കോടിയേരിയുടെ ബിനാമിയാണോ എന്ന കാര്യത്തിലും അന്വേഷണമുണ്ടാകും.
കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളിലേക്കും അന്വേഷണം എത്തുന്ന ഘട്ടമെത്തിയതോടെയാണ് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാൻ തയ്യാറായത്. അമേരിക്കയിൽ ചികിത്സക്ക് പോയവേളയിൽ പോലും ചുമതല ഒഴിയാതിരുന്ന കോടിയേരി ബാലകൃഷ്ണൻ ഇപ്പോൾ സ്ഥാനം ഒഴിഞ്ഞത് തനിക്കും ഭാര്യക്കും മക്കൾക്കും നേരെ വരുന്ന അന്വേഷണം കണ്ട് തന്നെയാകണം എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. ബിനോയ് കോടിയേരിയുടെ പേരിൽ നേരത്തേ ഉണ്ടായിരുന്നത് പെണ്ണുകേസ് മാത്രമായിരുന്നു, ഇഡി അന്വേഷിച്ചത് ബിനീഷ് കോടിയേരിയുടെ ഇടപാടുകൾ ആയിരുന്നു. അന്വേഷണം ബിനോയ് കോടിയേരിയിലേക്കും അമ്മ വിനോദിനി ബാലകൃഷ്ണനിലേക്കും എത്തിയതോടെ സിപിഎമ്മും കോടിയേരിടെ കൈവിടാൻ നിർബന്ധിതമാകുകയാണ്.
മറുനാടന് ഡെസ്ക്