കൊല്ലം: ചവറ എംഎൽഎ വിജയൻ പിള്ളയുടെ മകൻ ശ്രീജിത്തിനെ ഇന്റർപോളിന്റെ സഹായത്തോടെ അറസ്റ്റു ചെയ്ത് ദുബായിൽ എത്തിക്കാൻ പരാതിക്കാർ നീക്കം ശക്തമാക്കി. ബിനോയ് കോടിയേരിക്കെതിരായ ആരോപണം കേരളത്തിൽ രാഷ്ട്രീയ വിവാദമായി ഉന്നയിച്ചതിന് ശേഷം പണം ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ജാസ് ടൂറിസം കമ്പനിയുടെ വിലയിരുത്തൽ, എന്നാൽ എല്ലാവരും ബിനോയിക്ക് പിന്നാലെ പോയതോടെ ശ്രീജിത്തിന്റെ കാര്യത്തിൽ ഒരു സമ്മർദ്ദവും ഏൽക്കുന്നില്ല. ഇതിനിടെയാണ് ഇന്റർപോൾ സഹായത്തോടെ ശ്രീജിത്തിനെ അറസ്റ്റു ചെയ്ത് ദുബായിൽ എത്തിക്കാൻ ടൂറിസം കമ്പനി ശ്രമം തുടങ്ങിയത്.

ചെക്ക് മടങ്ങിയ കേസിൽ ദുബായ് കോടതി ശ്രീജിത്തിനെ രണ്ട് വർഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. ഈ വിധി ശരിവച്ച പബ്ലിക് പ്രോസിക്യൂഷൻ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.ജാസ് ടൂറിസം കമ്പനി വഴിയാണ് ശ്രീജിത്ത് പണം കൈപ്പറ്റിയത്. 2017 മെയ് 25 നാണ് ശ്രീജിത്ത് വിജയൻ പിള്ളക്ക് രണ്ട് വർഷത്തെ തടവ് ശിക്ഷ ദുബായ് കോടതി വിധിച്ചത്. ചെക്ക് മടങ്ങിയതിന്റെ പേരിൽ ജാസ് ടൂറിസം കമ്പനിയുടെ മാനേജിങ് പാർട്നർ ഹസൻ അബ്ദുള്ള അൽ മർസൂഖി നൽകിയ കേസിലാണ് വിധി വന്നത്.

ശിക്ഷ നടപ്പാക്കാൻ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. പിടികിട്ടാപ്പുള്ളിയെന്ന വിശേഷണമാണ് പ്രോസിക്യുഷൻ ശ്രീജിത്തിന് നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച രേഖകൾ പുറത്തുവന്നിട്ടുണണ്ട്. വിവാദമായപ്പോൾ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു ശ്രീജിത്ത്. അദ്ദേഹത്തെ ഇന്റർപോളിന്റെ സഹായത്തോടെ തിരിച്ച് ദുബായിൽ എത്തിക്കാനാണ് ശ്രമം ശക്തമാക്കിയിരിക്കുന്നത്.

കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറിൽ ഇന്ത്യയും യുഎഇയും ഒപ്പുവച്ചിട്ടുണ്ട്. ഈ സാധ്യത മുതലെടുത്ത് ശ്രീജിത്തിനെ ഇന്റർപോൾ സഹായത്തോടെ അറസ്റ്റ് ചെയ്യാനുള്ള ശ്രമവും അനുകൂല വിധി സമ്പാധിച്ച ഹസൻ അബ്ദുള്ള അൽ മർസൂഖിയും ഇടനിലക്കാരൻ രാകുൽ കൃഷ്ണയും ശ്രമിക്കുന്നുണ്ട്. അതിനിടെ മകന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിയില്ലെന്ന് ചവറ എംഎൽഎ വിജയൻ പിള്ള പ്രതികരിച്ചു. പ്രശ്നങ്ങളെക്കുറിച്ച് ചോദിച്ചെങ്കിലും അച്ഛൻ ഇടപെടേണ്ടെന്ന മറുപടിയാണ് നൽകിയത്. രാകുൽ കൃഷ്ണയുമായി ബന്ധപ്പെട്ടവർ ഒരുതവണ തന്നെ വന്നുകണ്ടിരുന്നു. തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകാതിരിക്കാൻ 10 കോടിയുടെ ചെക്ക് നൽകിയെന്ന വാർത്ത ശരിയല്ലെന്നും വിജയൻ പിള്ള വ്യക്തമാക്കി.

മകൻ 11 കോടിയുടെ വായ്പ തിരിച്ചടയ്ക്കാൻ ഉണ്ടെന്ന പരാതി അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ കൃഷ്ണയെ താൻ ഒരു തവണ നേരിട്ട് കണ്ടിട്ടുണ്ട്. രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാൻ ചിലർ ശ്രമിക്കുന്നതായും നിയമപരമായി വിഷയത്തെ മകൻ നേരിടുമെന്നും വിജയൻപിള്ള പറഞ്ഞു. മകനെതിരായ ആരോപണം കോടതിയിൽ തെളിയട്ടെയെന്ന് പറഞ്ഞ വിജയൻപിള്ള, തന്റെ പൊതുപ്രവർത്തന ജീവിതത്തിൽ ആരുടെ കയ്യിൽ നിന്നും ഒന്നും തന്നെ കൈപ്പറ്റിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു. പത്ത് കോടിരൂപയുടെ വണ്ടിച്ചെക്ക് നൽകി ശ്രീജിത്ത് കബളിപ്പിച്ചെന്ന ജാസ് ടൂറിസം കമ്പനിയുടെ പരാതിയിലാണ് വിജയൻപിള്ള എംഎൽഎയുടെ മകൻ ശ്രീജിത്തിനെ ദുബായ് കോടതി രണ്ട് വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചത്.

അതേസമയം, താൻ പണം വാങ്ങിയിട്ടുണ്ടെന്ന ആരോപണം ശ്രീജിത്ത് നിഷേധിച്ചിരുന്നു. രാഹുൽ കൃഷ്ണയിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്നും, ശിക്ഷയ്ക്കെതിരെ ദുബായ് കോടതിയെ സമീപിക്കുമെന്നും ശ്രീജിത്ത് വ്യക്തമാക്കി. കേസിൽ യാത്രാവിലക്ക് നേരിടുന്നതിനാൽ ശ്രീജിത്തിന് ഇനി യുഎഇയിൽ പ്രവേശിക്കാനാകില്ല.

ജാസ് ടൂറിസം കമ്പനിയുടെ ഉടമയായിരുന്ന രാഹുൽ കൃഷ്ണയുടെ പരാതിയിലാണ് ശ്രീജിത്തിന് തടവുശിക്ഷ ലഭിച്ചത്. 11 കോടിയുടെ ചെക്ക് മതിയായ പണമില്ലാത്തതിനെ തുടർന്ന് മടങ്ങിയെന്ന് കാണിച്ചാണ് മലയാളി വ്യവസായി രാഹുൽ കൃഷ്ണ പരാതി നൽകിയത്. എന്നാൽ ജാസ് ടൂറിസത്തിന്റെ പാർട്ട്ണറായ രാഹുൽ കൃഷ്ണയിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്നാണ് ശ്രീജിത്തിന്റെ അടുത്ത വൃത്തങ്ങൾ പറയുന്നത്.

അതേസമയം, തന്റെ വാദം കേൾക്കാതെയാണ് ശിക്ഷവിധിച്ചതെന്ന് ശ്രീജിത്ത് പറഞ്ഞു. ഇക്കാര്യം ദുബായ് കോടതിയെ ബോധ്യപ്പെടുത്താനാണ് ശ്രീജിത്തിന്റെ ശ്രമം. 2017 മെയ്‌ 25 നാണ് ശ്രീജിത്തിന് രണ്ടുവർഷം തടവുശിക്ഷ വിധിച്ചത്. അതിന് മുൻപേ ഇയാൾ ദുബായിൽനിന്ന് മടങ്ങിയെന്നാണ് വാദം. ശ്രീജിത്തിനെതിരെ മാവേലിക്കര കോടതിയിലും കേസ് നിലവിലുണ്ട്.