തിരുവനന്തപുരം: സാമ്പത്തികതട്ടിപ്പുകേസിൽ മകൻ ബിനോയ് കോടിയേരിക്ക് ദുബായിൽ യാത്രാവിലക്കെന്ന വാർത്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിഞ്ഞത് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനിടെയാണ്. ബിനോയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച ജാസ് ടൂറിസത്തിന്റെ പരാതിയിൽ ഈമാസം ഒന്നിന് എടുത്ത സിവിൽ കേസിലാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഇതോടെ ദുബായിലുള്ള ബിനോയ്ക്ക് നാട്ടിലേക്ക് മടങ്ങാനാകില്ല. കേസ് ഒത്തുതീർക്കാതെ ബിനോയ്ക്ക് ദുബായിൽ നിന്ന് മടങ്ങാനാവില്ല. പണം നൽകുകയോ കേസ് തീർപ്പാക്കുകയോ വേണം. നേരത്തെ തന്റെ മകനെതിരെ കേസൊന്നുമില്ലെന്ന് കോടിയേരി നിലപാട് എടുത്തിരുന്നു. ഇതാണ് ഇന്നത്തെ വാർത്തയോടെ പൊളിഞ്ഞത്.

തിരുവനന്തപുരം ജില്ലാ സമ്മേളന വേദിയിൽ വാർത്ത എത്തിയതോടെ കോടിയേരി തളർന്നു. ആർക്കും ഇതേ കുറിച്ച് അദ്ദേഹത്തോട് സംസാരിക്കാനും വയ്യ. തൊട്ടടുത്തിരുന്നത് കണ്ണൂരിൽ നിന്ന് തന്നെയുള്ള സെക്രട്ടറിയേറ്റ് അംഗം ഇപി ജയരാജൻ. വാർത്ത ജയരാജന്റെ ശ്രദ്ധയിലും പെട്ടു. ഇതോടെ അദ്ദേഹം കോടിയേരിയെ നോക്കിയതു പോലുമില്ല. സമ്മേളന ഹാളിൽ ആകെ നിരാശ. സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു ചർച്ച ഇന്നലെ കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ബിനോയ് വിഷയം ഇന്ന് ചർച്ചയായി ഉയർന്നില്ല. ജില്ലാ കമ്മറ്റി അംഗങ്ങളുടെ നടപടി ക്രമങ്ങൾക്കിടെയാണ് വാർത്തയെത്തിയത്. ദുഃഖം തളം കെട്ടിയ കോടിയേരിയെ ആശ്വസിപ്പിക്കാൻ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെത്തി. അദ്ദേഹവും വെറുതെ എന്തൊക്കെയോ പറഞ്ഞ് കോടിയേരിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അപ്പോഴും കോടിയേരിയുടെ മുഖത്ത് നിറഞ്ഞത് ദുഃഖം മാത്രമായിരുന്നു.

തൊട്ടടുത്ത് കടകംപള്ളി സുരേന്ദ്രനും ഉണ്ടായിരുന്നു. മന്ത്രിയുടെ മുഖത്തും മ്ലാനത ശക്തമായിരുന്നു. മകനെതിരെ യാത്രാവിലക്കില്ലെന്നും അവൻ ദുബായിലുണ്ടെന്നും കോടിയേരി തന്നെ തുറന്നു പറഞ്ഞിരുന്നു. ഇതെല്ലാം വിശദീകരിച്ച് സിപിഎം പത്രക്കുറിപ്പ് പോലും ഇറക്കി. പക്ഷേ പരാതിക്കാരുമായി ഒത്തുതീർപ്പൊന്നും നടന്നില്ല. ഇതോടെയാണ് പ്രശ്‌നം വഷളായത്. പാർട്ടി സമ്മേളന വേദിക്കുള്ളിൽ തന്നെ ഇരിക്കുമ്പോൾ ഈ ദുഃഖ വാർത്ത കോടിയേരിയെ തേടിയെത്തി. ബിനോയ്‌ക്കെതിരെ ക്രിമിനൽ കേസ് എടുക്കുമെന്ന സൂചനയും ഉണ്ട്. അങ്ങനെ ഗുരുതരമായ കുരുക്കിലാണ് ബിനോയ് പെട്ടത്. പണം അടച്ച് കേസ് ഒഴിവാക്കാനുള്ള നടപടികൾ അട്ടിമറിക്കപ്പെട്ടതായിരുന്നു ഇതിന് കാരണം. മകനെതിരെ ആരോപണം ശ്ക്തമായപ്പോൾ കോടിയേരിയുടെ കൂടെ നിർദ്ദേശ പ്രകാരമാണ് ബിനോയ് ദുബായിൽ പോയത്.

കേസില്ലെന്ന് കേരളീയ പൊതു സമൂഹത്തെ ധരിപ്പിക്കാനായിരുന്നു ഈ നീക്കം. എന്നാൽ കള്ളപ്പണ ഭീതിയെ തുടർന്ന് പല പ്രമുഖരും ഒത്തുതീർപ്പിന് പണം നൽകാൻ മുന്നോട്ട് വന്നില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണം. കാശ് കിട്ടാത്തതോടെ അറബി നിയമനടപടി തുടങ്ങുകയും ചെയ്തു. ബിനോയ് കോടിയേരിക്കെതിരെ സാമ്പത്തിക ക്രമക്കേടാരോപിച്ച യുഎഇ പൗരൻ ഇസ്മയിൽ അബ്ദുല്ല അൽ മർസൂഖി ഇന്ന് തിരുവനന്തപുരത്ത് നടത്താൻ നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനം ഇന്നലെ മാറ്റിവച്ചിരുന്നു. ബിനോയ്‌ക്കൊപ്പം ആരോപണം നേരിട്ട ശ്രീജിത്ത് വിജയനെക്കുറിച്ച് പരാമർശങ്ങൾ പാടില്ലെന്ന കോടതി ഉത്തരവിന്റെ പേരിലാണ് ഈ തീരുമാനം പുറത്തുവന്നത്. ഇത് പരാതിക്കാരെ ചൊടിപ്പിച്ചു. ഇതാണ് ബിനോയ്‌ക്കെതിരെ പെട്ടെന്നുള്ള നിയമനടപടിക്ക് കാരണം.

നേരത്തെ സിപിഎം വിഷയം ചർച്ച ചെയ്തിരുന്നു. ബിനോയ്‌ക്കെതിരെ പരാതി ആദ്യം കിട്ടിയത് ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിക്കായിരുന്നു. ഈ പരാതിയാണ് ചോർന്ന് വാർത്തയായത്. ഇതോടെ സംസ്ഥാന നേതൃത്വം കോടിയേരിയെ പിന്തുണച്ചു. മകനെതിരെ കേസില്ലെന്ന് പിബിയോട് കോടിയേരി വിശദീകരിക്കുകയും ചെയ്തു. ഇത് പാർട്ടി മുഖവിലയ്‌ക്കെടുത്താണ് കോടിയേരിയുടെ മകനെ പിന്തുണച്ച് പത്രക്കുറിപ്പ് ഇറക്കിയത്. കേസില്ലെന്നും വിശദീകരിച്ചു. പുതിയ സംഭവവികാസങ്ങൾ അതുകൊണ്ട് തന്നെ പാർട്ടിക്കും കടുത്ത വെല്ലുവിളിയാണ്. സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ ഉൾപ്പെടെ കോടിയേരിയുടെ മകനെതിരായ വിവാദം ചർച്ചയാവുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് കോടിയേരിക്ക് ഈ കേസ് രാഷ്ട്രീയ തലവേദന കൂടിയാകുന്നത്.

തിരുവനന്തപുരത്ത് എകെജി സെന്ററിനുള്ളിലാണ് ജില്ല സമ്മേളനം പുരോഗമിക്കുന്നത്. അതുകൊണ്ട് തന്നെ വിവാദം അപ്പപ്പോൾ കോടിയേരി മനസ്സിലാക്കുന്നുണ്ടായിരുന്നു. ഇന്ന് രാവിലെ തന്നെ പ്രശ്‌നം വഷളാകുമെന്ന സൂചന കോടിയേരിയുടെ കുടുംബത്തിന് കിട്ടിയിരുന്നു. അതുകൊണ്ട് തന്നെ സമ്മേളന വേദിയിൽ തീർത്തും ദുഃഖിതനായാണ് കോടിയേരിയെ കണ്ടത്. രണ്ടാമത്തെ മകൻ ബിനീഷും സമ്മേളന വേദിക്ക് പുറത്തു തന്നെ ഉണ്ടായിരുന്നു. വിവാദം വാർത്തയായപ്പോൾ തന്നെ അച്ഛനെ ന്യായീകരിച്ച് മാധ്യമങ്ങളെ കാണുകയും ചെയ്തു. ചേട്ടൻ ചെയ്ത കുറ്റത്തിന് അച്ഛനെ ആരും മോശക്കാരനാക്കരുതെന്നായിരുന്നു ബിനീഷ്‌ പറഞ്ഞത്. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ നിറം കെടുത്തുന്നതു കൂടിയായി ഈ നടപടികൾ.

മാധ്യമങ്ങളെ കാണുന്നത് മാറ്റിവച്ചെങ്കിലും മർസൂഖി ഇന്ത്യയിൽത്തന്നെ തുടരുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനായ ബിനോയ് കോടിയേരി 13ഉം ശ്രീജിത്ത് 11 കോടിയും നല്കാനുണ്ടെന്നാണ് പരാതിക്കാരനായ ജാസ് ടൂറിസം കമ്പനിയുടെ ആരോപണം. ബിനോയ് കൊടിയേറിക്കോപ്പം സാമ്പത്തിക ആരോപണം നേരിടുന്ന ചവറ എംഎൽഎ വിജയന്പിള്ളയുടെ മകൻ ശ്രീജിത്തുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്നതിനാണ് കരുനാഗപ്പള്ളി കോടതി വിലക്കേർപ്പെടുത്തിയത്. രണ്ടു കേസുകളും തമ്മിൽ ബന്ധമുള്ളതിനാൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും വാർത്താസമ്മേളനത്തിൽ സൂചിപ്പിക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് പിന്മാറ്റമെന്ന പരാതിക്കാരാനായ യു എ ഇ പൗരൻ മർസുഖി അറിയിച്ചു.

ശ്രീജിത്തിനെതിരായ കേസുകൾ കോടതിയുടെ പരിഗണയിലുള്ളതിനാലാണ് വിലക്ക് ഏർപ്പെടുത്തിയത്. കോടതി ഉത്തരവിന്റെ പകർപ്പ് പ്രസ് ക്ലബ്ബ്കളിലും മാധ്യമ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കുകയും ചെയ്തു. ബിനോയ് കോടിയേരി സാമ്പത്തിക തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും വാർത്താ സമ്മേളനത്തിൽ പുറത്തു വിടുമെന്നായിരുന്നു നേരത്തെ മർസുഖി അറിയിച്ചത്.