തിരുവനന്തപുരം: സിവിൽ കേസിനെ തുടർന്ന് ദുബായ് പൊലീസ് യാത്രാവിലക്ക് ഏർപ്പെടുത്തി ബിനോയി കോടിയേരി വിലക്ക് നീക്കി കിട്ടാൻ വേണ്ടി മേൽക്കോടതിയെ സമീപിക്കും. നിലവിലെ ഉത്തരവ് പ്രകാരം ഒന്നുകിൽ പത്ത് ലക്ഷം ദിർഹം പണമിടപാട് തീർക്കണം. അല്ലാത്ത പക്ഷം വിലക്കു നീക്കി കിട്ടാൽ നിശ്ചിതമായ തുക ബാങ്കിൽ കെട്ടിവെക്കുകയും ചെയ്യണമെന്നാണ് ഉത്തരവുള്ളത്. ഇത് പ്രകാരമുള്ള നടപടികൾ തുടരാനാണ് ബിനോയി ഒരുങ്ങുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ വിലക്ക് നീക്കാൻ മേൽക്കോടതിയെ സമീപിക്കാനാണ് ബിനോയിയുടെ തീരുമാനം.

ഉത്തരവ് പ്രകാരം പാസ്‌പോർട്ട് കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിക്കാൻ നിർദ്ദേശിക്കുന്നുണ്ടെങ്കിലും തന്റെ പാസ്പോർട്ട് ദുബായ് പൊലീസ് തടഞ്ഞുവെച്ചിട്ടില്ലെന്ന് ബിനോയ് കോടിയേരി പറയുന്നത്. അത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും ബിനോയി പ്രതികരിച്ചു. ഒരു മില്യൺ ദിർഹം നൽകാനുണ്ടെന്ന പരാതിയിലാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ പേരിൽ പാസ്പോർട്ട് പിടിച്ചുവെച്ചിട്ടില്ല. പാസ്പോർട്ട് എന്റെ കൈയിൽ തന്നെയുണ്ട്. യാത്രാവിലക്കിനെതിരെ ഫെബ്രുവരി ഏഴിന് മേൽക്കോടതിയെ സമീപിക്കും. ബിനോയ് വ്യക്തമാക്കി.

10 ലക്ഷം ദിർഹം കെട്ടിവെക്കാനോ അതിന് തുല്യമായ ബാങ്ക് ഗ്യാരന്റി നൽകാനോ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. മേൽക്കോടതി നിർദ്ദേശിക്കുന്ന പ്രകാരം ചെയ്യും. 60,000 ദിർഹം പിഴയടച്ച നേരത്തെയുള്ള കേസിലാണ് ഇപ്പോൾ യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. എതിർകക്ഷികൾ ആവശ്യപ്പെട്ട പ്രകാരമാണ് യാത്രാവിലക്ക്. അതിനെതിരെ അപ്പീൽ പോവുക എന്നതാണ് നടപടി ക്രമം. ബിനോയ് പറഞ്ഞു.

ദുബായിലെ ജാസ് ടൂറിസം കമ്പനി ഉടമ ഹസൻ ഇസ്മയിൽ അബ്ദുള്ള അൽ മർസൂഖി നൽകിയ ചെക്ക് കേസിലാണ് ബിനോയിക്ക് ദുബായ് പൊലീസ് യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് മർസൂഖി പരാതി നൽകിയത്. മൂന്ന് മില്യൺ ദിർഹമാണ് കമ്പനി വായ്പയായി നൽകിയത്. ഇതിൽ രണ്ട് മില്യൺ തിരികെ നൽകി. ബാക്കിയുള്ള ഒരു മില്യൺ തിരിച്ച് നൽകിയിട്ടില്ലെന്ന് കാട്ടിയാണ് കമ്പനി പരാതി നൽകിയിരിക്കുന്നത്. വായ്പയ്ക്ക് ഈടായി നൽകിയ ചെക്ക് മടങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്.

പൊലീസിന്റെ നിർദ്ദേശത്തെ തുടർന്ന് തിങ്കളാഴ്ച ബിനോയിയെ ദുബായ് വിമാനത്താവളത്തിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. ഇനി മേൽക്കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിക്കുകയോ കേസ് ഒത്തുതീർപ്പ് ആവുകയോ ചെയ്യാതെ ബിനോയിക്ക് ഇന്ത്യയിലേക്ക് മടങ്ങാനാകില്ല. അതേസമയം വിഷയം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് എതിരായ രാഷ്ട്രീയ വിവാദമാക്കി മാറ്റാനാണ് കോൺഗ്രസിന്റെ ഉദ്ദേശ്യം.

ബിനോയ് കോടിയേരിയുടെ സാമ്പത്തിക ഇടപാട് കേസിൽ തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ച കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്ന് കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ. മകന് യാത്രാവിലക്ക് ഇല്ലെന്ന കോടിയേരിയുടെ പ്രസ്താവന ബിനോയിയെ വിമാനത്താവളത്തിൽ തടഞ്ഞതോടെ പൊളിഞ്ഞെന്നും ബഹനാൻ ഫേസ്‌ബുക്കിൽ കുറിച്ചു. ധാർമ്മികതയുടെ പേരിലാണ് സിപിഎം കോടിയേരി ബാലകൃഷ്ണന്റെ രാജി ആവശ്യപ്പെടുന്നത്.


അതിനിടെ ബിനോയ് കോടിയേരിക്കെതിരായ യാത്രാവിലക്ക് പരിഹരിക്കാൻ സിപിഎം ഇടപെടില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള വ്യക്തമാക്കി. യാത്രാവിലക്ക് ബിനോയ് കോടിയേരിയുടെ സ്വകാര്യപ്രശ്‌നമാണ്. കോടതിക്ക് അകത്തോ പുറത്തോ പ്രശ്‌നം പരിഹരിക്കാൻ ബിനോയ് കോടിയേരി തന്നെയാണു ശ്രമിക്കേണ്ടതെന്നും എസ്.രാമചന്ദ്രൻ പിള്ള വ്യക്തമാക്കി.

അതേസമയം, ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പാർട്ടിയേയോ കോടിയേരിയെയോ വഴിച്ചിഴയ്‌ക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു. ഇതിനിടെ ബിനോയ് കോടിയേരി, വിജയൻപിള്ള എംഎ‍ൽഎയുടെ മകൻ ശ്രീജിത്ത് എന്നിവരുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് സംബന്ധിച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച വാർത്തസമ്മേളന വിഷയത്തിൽ വിശദീകരണവുമായി തിരുവനന്തപുരം പ്രസ്‌ക്ലബ്.

വിദേശപൗരൻ ഹസൻ ഇസ്മയിൽ അബ്ദുല്ല അൽ മർസൂഖിയുടെ അഭിഭാഷകനു വേണ്ടി തിരുവനന്തപുരം പ്രസ്‌ക്ലബിൽ തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ച വാർത്തസമ്മേളനം റദ്ദാക്കിയതായി പ്രസ്‌ക്ലബിനെ അറിയിച്ചു എന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് പ്രസ്‌ക്ലബ് ഭാരവാഹികൾ വ്യക്തമാക്കി. പത്രസമ്മേളനം ബുക്ക് ചെയ്തവർ ഇത് വരെ ബന്ധപ്പെടുകയോ അങ്ങോട്ട് ബന്ധപ്പെടാനോ സാധിക്കുന്നില്ലെന്നും പ്രസ് ക്ലബ് അധികൃതർ വ്യക്തമാക്കി.