തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇൻഫോസിസ് തിരുവനന്തപുരം ക്യാംപസിൽ ഹരിത സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു.
ക്യാംപസിന്റെ പശ്ചാത്തലം മെച്ചപ്പെടുത്തുന്നതിന്റെയും ക്യാംപസുകളിൽ മാലിന്യ നിർമ്മാർജ്ജനം ഉറപ്പാക്കുന്നതിന്റെയും ഭാഗമായി തിരുവനന്തപുരം ക്യാംപസിൽ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു കഴിഞ്ഞു. ഭക്ഷണാവശിഷ്ടങ്ങൾ പ്ലാന്റിൽ ബയോഗ്യാസായി മാറ്റപ്പെടും. ഇത് ഫുഡ് കോർട്ട് കിച്ചണിൽ പാചകത്തിനായി ഉപയോഗിക്കും. അടുത്തിടെ പുറത്തിറങ്ങിയ ഇൻഫോസിസിന്റെ സസ്റ്റൈനബിൾ റിപ്പോർട്ട് 2014-15 ൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

ഊർജ്ജ സംരക്ഷണത്തിന്റെ ഭാഗമായി ക്യാംപസിലെ ടി5 ലാമ്പുകൾക്ക് പകരം സെൻസറുകളോട് കൂടിയ എൽഇഡി ലൈറ്റുകളാണ് ഇൻഫോസിസ് ഉപയോഗിക്കുന്നത്. പാസ്സീവ് ഇൻഫ്രാറെഡ് ടെക്‌നോളജിയിൽ പ്രവർത്തിക്കുന്ന ഈ സെൻസറുകൾ പരിധിക്കകത്തുള്ള ചലനങ്ങൾ മനസിലാക്കി പ്രകാശത്തിന്റെ തോത് ക്രമീകരിക്കുകയും ആളുകൾ ഇല്ലാത്ത സമയത്ത് സ്വയം ലൈറ്റുകൾ അണയ്ക്കുകയും ചെയ്യുന്നു. പരമ്പരാഗത ടി5 ലാമ്പുകൾ ഉപയോഗിച്ചിരുന്ന കാലവുമായി താരതമ്യം ചെയ്യുമ്പോൾ എൽഇഡി സംവിധാനം വഴി വൈദ്യുതി ഉപഭോഗത്തിൽ 40 ശതമാനത്തോളം കുറവാണ് ഇൻഫോസിസിന് ഉണ്ടായിരിക്കുന്നത്.

ഗ്ലോബൽ റിപ്പോർട്ടിങ് സംരംഭമായ ജി4 മാർഗ്ഗ നിർദ്ദേശങ്ങൾക്ക് അനുസൃതമായിട്ടാണ് ഇൻഫോസിസിന്റെ നിലവിലെ സസ്റ്റൈനബിലിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇക്കണോമിക്, സോഷ്യൽ, എൻവയോൺമെന്റൽ മേഖലകളിലെ ഇൻഫോസിസിന്റെ ബിസിനസ്സ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അടങ്ങിയതാണ് റിപ്പോർട്ട്.
2014 ൽ ജി4 മാർഗ്ഗ നിർദ്ദേശങ്ങൾക്ക് അനുസൃതമായി സസ്റ്റൈനബിലിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിച്ച ലോകത്തിലെ ആദ്യ ഐ.ടി കമ്പനിയായിരുന്നു ഇൻഫോസിസ്. ഇൻഫോസിസിലെ സസ്റ്റൈനബിലിറ്റി മാനേജ്‌മെന്റ് സിസ്റ്റം, റിപ്പോർട്ടിങ് പ്രാക്ടീസ് എന്നിവയിലെ മികവ് തുറന്ന് കാട്ടുന്ന റിപ്പോർട്ടിൽ ആഗോള ഷെയർ ഹോൾഡേഴ്‌സിന് കമ്പനിയോട് വർദ്ധിച്ച് വരുന്ന താത്പര്യവും കമ്പനിയെ കുറിച്ചുള്ള ഉയർന്ന പ്രതീക്ഷകളും പങ്കുവെക്കുന്നു.