- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠനത്തിൽ മിടുമിടുക്കി; ബി.എസ്.സിക്ക് നേടിയത് 90 ശതമാനത്തിലേറെ മാർക്ക്; സ്വാശ്രയ മുതലാളിമാർക്ക് ലക്ഷങ്ങൾ ഫീസ് നൽകാൻ ഇല്ലാത്തതിനാൽ പഠനം നിർത്താനൊരുങ്ങി ശിഖ; സർക്കാർ കോളജുകളിൽ എം.എസ്.സി ബയോകെമിസ്ട്രി ഇല്ലാത്തതിനാൽ ഭാവി അനിശ്ചിതത്വത്തിലായ നിരവധി പേർ വേറെയും
പത്തനംതിട്ട: ബി.എസ്.സിക്ക് തൊണ്ണൂറ് ശതമാനത്തിന് മുകളിൽ മാർക്ക് നേടിയിട്ടും ഉപരിപഠനത്തിന് സാധ്യത ഇല്ലാത്തതിനാൽ പഠനം നിർത്താനൊരുങ്ങി ഒരു പെൺകുട്ടി. പത്തനംതിട്ട ജില്ലയിലെ തെങ്ങമം ഗീതാലയത്തിൽ ശിഖ എന്ന പെൺകുട്ടിയാണ് സംസ്ഥാനത്ത് കോഴ്സിന്റെ അപര്യാപ്തത മൂലം പഠനം തന്നെ ഉപേക്ഷിക്കുന്നത്. സംസ്ഥാനത്തെ സർക്കാർ മേഖലയിൽ ബയകെമിസ്ട്രിക്ക് പിജി കോഴ്സുകൾ ഇല്ലാത്തതാണ് ശിഖയുടെ വിദ്യാഭ്യാസം തന്നെ വഴിമുട്ടി നിൽക്കാൻ കാരണം.
പത്താം ക്ലാസിലും പ്ലസ് ടുവിനും മികച്ച വിജയം നേടിയാണ് ശിഖ പത്തനംതിട്ട ജില്ലയിലെ ഒരു പ്രമുഖ കോളജിൽ ബിരുദ പഠനത്തിന് ചേരുന്നത്. ബയോകെമിസ്ട്രി മെയിൻ എടുത്തായിരുന്നു ബിരുദ പഠനം. ലോകത്തിന്റെ ഭാവി ബയോകെമിസ്ട്രിയെ ചുറ്റിപ്പറ്റിയാണ് എന്ന തിരിച്ചറിവും ലോകമെമ്പാടും അനന്തമായ ജോലി സാധ്യതകളുമായിരുന്നു ശിഖയെ ഈ വിഷയം തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ, സംസ്ഥാനത്തെ ഒരൊറ്റ സർക്കാർ കോളജിലും ബയോകെമിസ്ട്രിയിൽ എം.എസ്.സി കോഴ്സ് ഇല്ലായെന്ന് ഈ പെൺകുട്ടി തിരിച്ചറിയുന്നത് ഡിഗ്രിക്ക് 90 ശതമാനത്തിലേറെ മാർക്ക് വാങ്ങി പാസായതിന് പിന്നാലെയാണ്.
പി ജി പ്രവേശനത്തിനുള്ള ഇൻഡക്സ് മാർക്ക് 902.476 ആണ് ശിഖക്ക് ഉള്ളത്. എന്നാൽ, കേരള, എംജി സർവകലാശാലകളിൽ എം.എസ്.സി ബയോകെമിസ്ട്രിയിൽ സർക്കാർ സീറ്റുകൾ ഇല്ലാത്തതാണ് ഈ മിടുക്കിയുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നത്. ഇഷ്ട വിഷയമായ ബയോകെമിസ്ട്രിയിൽ ഉപരിപഠനത്തിന് ഇനി ആശ്രയിക്കേണ്ടത് സ്വാശ്രയ കോളജുകളെയാണ്. അതിന് ലക്ഷങ്ങൾ ഫീസ് വേണ്ടിവരും. സെയിൽസ് മാനായ ശിഖയുടെ അച്ഛന് അത്രയധികം പണം കണ്ടെത്താനാകില്ല. അതിനാൽ പഠനം ഉപേക്ഷിക്കുക മാത്രമാണ് മുന്നിലുള്ള ഏകവഴിയെന്ന് ഈ പെൺകുട്ടി പറയുന്നു. നിരവധി കുട്ടികൾ ബയോകെമിസ്ട്രി പഠിച്ച ശേഷം ലക്ഷങ്ങൾ ഫീസ് നൽകാൻ ഇല്ലാത്തതിനാൽ പഠനം അവസാനിപ്പിക്കേണ്ട ഗതികേടിലാണെന്നും ഈ പെൺകുട്ടി പറയുന്നു. തങ്ങളുടെ കോളജിൽ നിന്നും മാത്രം ഈ വർഷം 35 പേർ മികച്ച വിജയം നേടിയെന്ന് ശിഖ ചൂണ്ടിക്കാട്ടുന്നു. ഇതിൽ ഭൂരിപക്ഷം വിദ്യാർത്ഥികളും 85 ശതമാനത്തിൽ അധികം മാർക്ക് വാങ്ങിയാണ് പാസായത്. എന്നാൽ, വെറും അഞ്ച് പേർക്ക് മാത്രമാണ് എം.എസ്.സി ബയോകെമിസ്ട്രിക്ക് അഡ്മിഷൻ ലഭിച്ചതെന്നും ശിഖ പറയുന്നു.
വളരെ ഇഷ്ടപ്പെട്ടാണ് ബയോകെമിസ്ട്രി തിരഞ്ഞെടുത്തത് എന്ന് ശിഖ പറയുന്നു. അനന്ത സാധ്യതകളുള്ള വിഷയം എന്ന നിലയിലും ലോകത്ത് മെഡിക്കൽ ഗവേഷണ രംഗത്ത് നിസ്തൂലമായ സേവനം നൽകുന്ന ശാസ്ത്രശാഖ എന്ന നിലയിലും വളരെ പ്രതീക്ഷയോടെയാണ് പഠിച്ചത്. എന്നാൽ,ബി.എസ്.സിയിൽ മികച്ച വിജയം നേടിയിട്ടും കേരളത്തിൽ ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദ പഠനത്തിന് അവസരം വളരെ കുറവാണെന്ന് ശിഖ പറയുന്നു.
ബി.എസ്.സി ഇഷ്ടം പോലെ; പിജി സീറ്റുകൾ വിരലിലെണ്ണാവുന്നവ
കേരള യൂണിവേഴ്സിറ്റിയുടെ ഗവൺമെന്റ്- എയ്ഡഡ്- സെൽഫ് ഫിനാൻസിങ് കോളജുകളിൽ നിന്ന് മാത്രം പ്രതിവർഷം 360ഓളം കുട്ടികൾ ബയോകെമിസ്ട്രിയിൽ ബിരുദ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നു എന്നാണ് കണക്ക്. ഇതിൽ തുടർപഠനത്തിന് യോഗ്യത നേടുന്ന കുട്ടികൾക്ക് 15 ഗവൺമെന്റ് സീറ്റും 15 എയ്ഡഡ് സീറ്റുകളുമാണ് നിലവിലുള്ളത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എട്ട് കോളജുകളിലായി 300 ബിരുദ സീറ്റുകൾ ഉള്ളപ്പോൾ ബിരുദാനന്തരബിരുദത്തിന് യൂണിവേഴ്സിറ്റിയിൽ ഉൾപ്പെടെ 32 സീറ്റുകൾ മാത്രമാണ് ഉള്ളത്. കണ്ണൂർ സർവകലാശാലയിലാകട്ടെ ബിരുദ കോഴ്സുകളോ പിജി കോഴ്സുകളോ ഈ വിഷയത്തിൽ സർക്കാർ-എയ്ഡഡ് കോളജുകളിൽ ഇല്ല. ഇത്രയും പ്രാധാന്യമുള്ള ഒരു കോഴ്സ് സെൽഫ് ഫിനാൻസിങ് മേഖലയിലാണ് മാറിമാറി വന്ന സർക്കാരുകൾ ബയോകെമിസ്ട്രിയെ പരിഗണിക്കുന്നത്.
ഇത് കേരളത്തിലെ മാത്രം അവസ്ഥയാണെന്നാണ് ബയോകെമിസ്ട്രി വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്. ലോകമെങ്ങും ഇന്ന് വളരെയധികം ശ്രദ്ധ നൽകുന്ന ഒരു ശാസ്ത്ര ശാഖയാണ് ബയോകെമിസ്ട്രി. കേരളത്തിലെ നിരവധി സർക്കാർ-എയ്ഡഡ് കോളജുകളിൽ ബി.എസ്.സി ബയോകെമിസ്ട്രി കോഴ്സുകൾ ഉണ്ട്. ഇത് കണ്ട് മിടുക്കരായ നിരവധി പേർ പ്ലസ്ടുവിന് ശേഷം ബയോകെമിസ്ട്രി തിരഞ്ഞെടുക്കും. അപ്പോൾ കേരളത്തിലെ ഇതിന്റെ ഉപരിപഠന സാധ്യതയെ കുറിച്ച് ആരും അന്വേഷിക്കാറില്ല. എന്നാൽ, കേരളത്തിലെ ഒരൊറ്റ സർക്കാർ കോളജിലും എം.എസ്.സി ബയോകെമിസ്ട്രി ഇല്ല എന്നതാണ് യാഥാർത്ഥ്യം. ഇതുവഴി മിടുക്കരായ ഒട്ടനവധി വിദ്യാർത്ഥികളാണ് ഓരോ വർഷവും തങ്ങളുടെ സ്വപ്നങ്ങൾ സ്വയം ഇല്ലാതാകുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വരുന്നത്.
അനന്തമായ തൊഴിൽ- ഗവേഷണ സാധ്യതകളുള്ള ഒരു ശാസ്ത്ര ശാഖയിൽ ബിരുദമെടുത്ത ശേഷം, മതിയായ തുടർപഠന സാധ്യതകളില്ലാതെ പഠനം പാതിയിൽ ഉപേക്ഷിക്കേണ്ടി വരുന്നത് ഓരോ വർഷവും നൂറുകണക്കിന് വിദ്യാർത്ഥികളാണ്. ലോകത്തിൽ ജൈവരസന്ത്ര മേഖലയിൽ കേരളത്തിന്റെ സംഭാവനകളായി ഉയർന്ന് വരേണ്ടിയിരുന്ന അനവധി പ്രതിഭകൾ ഇത്തരത്തിൽ അവസരം നിഷേധിക്കപ്പെട്ട് പോയിട്ടുണ്ട്.
അവഗണിക്കപ്പെടുന്നത് അനന്ത സാധ്യതകളുള്ള വിഷയം
ലോകമെമ്പാടും അനന്ത സാധ്യതകളുള്ള വിഷയമാണ് ബയോകെമിസ്ട്രി എന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. ആധുനിക വൈദ്യശാസ്ത്ര രംഗത്ത് ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെ കണ്ടുപിടിക്കുന്നതിന് ഈ ശാസ്ത്രശാഖ നൽകുന്ന പങ്ക് വളരെ വലുതാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി രസന്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹമാകുന്നതും ബയോകെമിസ്ട്രി ഗവേഷകരാണെന്നും ഇവർ പറയുന്നു. നൊബേൽ സമ്മാന ജേതാക്കളിൽ രണ്ട് പ്രാവശ്യം നൊബേൽ സമ്മാനം നേടിയ ഫ്രെഡറിക് സാംഗർ മുതൽ 2020ൽ നൊബേൽ സമ്മാനത്തിന് അർഹയായ ജെന്നിഫർ ഡൂഡ്ന വരെ ബയോകെമിസ്ട്രി ഗവേഷകർ ആയിരുന്നു. ഇന്ത്യയുടെ മുൻനിര ഗവേഷകരിൽ കേരളത്തിലെ ബയോകെമിസ്റ്റുകളായ ഡോ. കെ ടി അഗസ്റ്റിനും ഡോ. വേണുഗോപാൽ പി മേനോനും മാത്രമാണ് ഇടംപിടിച്ചിട്ടുള്ളത്. ഇതിൽ ഡോ. കെ ടി അഗസ്റ്റിൻ, ലോക ഗവേഷകരുടെ റാങ്കിങ് പട്ടികയിൽ 434-ാം സ്ഥാനത്താണെന്നും ബയോകെമിസ്ട്രി വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.
കേരളം ഒഴികെ ലോകമെമ്പാടും ഇന്ന് ബയോകെമിസ്ട്രി എന്ന ശാസ്ത്ര ശാഖയെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു. വർത്തമാനകാല ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളായ വിവിധതരം സൂക്ഷ്മാണുക്കളുടെ ആക്രമണം, പരിസ്ഥിതി മലിനീകരണം, ആഗോള താപനം എന്നിവക്കെല്ലാം ഉള്ള മറുപടിയും പ്രതീക്ഷയും ബയോകെമിസ്ട്രി മാത്രമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് വൈറസിന്റെ ജനിതകഘടന, വ്യാപനം, ഇല്ലായ്മ ചെയ്യൽ എന്നീ അടിസ്ഥാന തലത്തിലുള്ള പഠനങ്ങൾക്ക് ജൈവരസതന്ത്രത്തിനുള്ള സ്ഥാനം വിലപ്പെട്ടതാണെന്നും ഇവർ പറയുന്നു. ഗവേഷണ സ്ഥാപനങ്ങൾ, ഫാർമസ്യൂട്ടിക്കൽ ലാബുകൾ, പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെല്ലാം തന്നെ ബയോകെമിസ്റ്റുകൾ വലിയ പങ്കാണ് വഹിക്കുന്നത് എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
തൊഴിൽ സാധ്യതയും വളരെയേറെ
ലോകമെമ്പാടും വലിയ തൊഴിൽ സാധ്യതയാണ് ഈ വിഷയം തുറന്നിടുന്നത്. എന്നാൽ, കേരളം ഇപ്പോഴും ഈ ശാസ്ത്ര മേഖലയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നില്ല. ബയോകെമിസ്ട്രി വിദഗ്ദ്ധർക്ക് ഗവേഷണ സ്ഥാപനങ്ങളുടെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് വിഭാഗത്തിൽ പ്രവർത്തിക്കാൻ സാധിക്കും. ഫാർമസ്യൂട്ടിക്കൽ, ബയോടെക് കമ്പനികളിലും തൊഴിലവസരങ്ങളുണ്ട്. കേരളത്തിലെ പ്രധാന ഗവേഷണ സ്ഥാപനങ്ങളായ ഐസർ, ടിബിജിആർഐ, സിടിസിആർഐ, എൻഐഐഎസ്ടി, ആർജിസിബി, പുതുതായി നിലവിൽ വന്ന ബയോളജിക്കൽ പാർക്ക് എന്നീ സ്ഥാപനങ്ങളിൽ ബയോകെമിസ്ട്രി ഗവേഷകർ വഹിക്കുന്ന പങ്ക് നിസ്തൂലമാണ്. മലിനീകരണ നിയന്ത്രണ ബോർഡ്, വിവിധ രോഗനിർണയ ലാബുകൾ, മരുന്ന് നിർമ്മാണ കമ്പനികൾ, ക്വാളിറ്റി കൺട്രോൾ ലാബുകൾ, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, മിൽമ തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ ഒട്ടനവധി തൊഴിലവസങ്ങളാണ് ഈ മേഖലയിൽ ഉള്ളത്. കാൻസർ റിസർച്ച്, എയ്ഡ്സ് കൺട്രോൾ, ജീവിത ശൈലീരോഗനിവാരണം തുടങ്ങിയവയിലും ബയോകെമിസ്ട്രി വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
പിജി കോഴ്സ് എന്ന ആവശ്യം വനരോദനമാകുന്നു
സംസ്ഥാനത്തെ സർക്കാർ കോളജുകളിൽ ബയോകെമിസ്ട്രിയിൽ എം.എസ്.സി വേണമെന്ന ആവശ്യം കാലങ്ങളായി ഈ സബ്ജക്ട് പഠിക്കുന്ന വിദ്യാർത്ഥികൾ ഉയർത്തുന്നുണ്ട്. എന്നാൽ പലപ്പോഴും ഈ വിഷയത്തെ തഴയുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. 1999ൽ തിരുവനന്തപുരം വിമൻസ് കോളജിൽ ബയോകെമിസ്ട്രിയിൽ ബിരുദ കോഴ്സ് ആരംഭിച്ചിട്ടും പിജി കോഴ്സിന് അനുവാദം നൽകിയിട്ടില്ല. ഈ കോളജ് ഉൾപ്പെടെ തിരുവനന്തപുരത്ത് മാത്രം നാല് കോളജുകളിൽ ബയോകെമിസ്ട്രിയിൽ ബിരുദ പഠനം നടക്കുന്നുണ്ട്. എന്നാൽ, ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദ പഠനത്തിന് കേരളത്തിൽ ഒരു സർക്കാർ കോളജിലും അവസരമില്ല. ഇതിന് മാറ്റമുണ്ടാകണം എന്നാണ് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്. ഈ വിഷയത്തിൽ അധികൃതരുടെ ശ്രദ്ധ എത്രയും വേഗം എത്തിച്ചേരണമെന്നാണ് ഇവരുടെ ആവശ്യം.
സെൽഫ് ഫിനാൻസിങ് കോളജുകളിൽ പ്രവേശനം നേടാനാകുക ഭീമമായ തുക ഫീസ് നൽകാൻ ശേഷിയുള്ള വിദ്യാർത്ഥികൾക്ക് മാത്രമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. അതിന് കഴിയാത്തവർ പഠനം അവസാനിപ്പിക്കുകയോ മറ്റ് കോഴ്സുകളിലേക്ക് തിരിയുകയോ ആണ് പതിവ്. 85 ശതമാനം മാർക്ക് വാങ്ങുന്നവർക്ക് പോലും ഗവൺമെന്റ് കോളജുകളിൽ പഠിക്കാനാകാതെ പഠനം വഴിമുട്ടി നിൽക്കുന്ന അവസ്ഥയാണ് ഉള്ളത്. കേരളത്തിൽ ശാസ്ത്ര മേഖലയെ പ്രമോട്ട് ചെയ്യുന്ന ഇടത് പക്ഷ സർക്കാർ പോലും എന്തുകൊണ്ടാണ് ഈ ശാസ്ത്ര മേഖലയോട് ഇങ്ങനെ മുഖം തിരിക്കുന്നതെന്ന് വിദ്യാർത്ഥികൾ ചോദിക്കുന്നു. ഇത് സംബന്ധിച്ച് സർക്കാരിന് നിവേദനം അയച്ചിട്ടുണ്ടെന്നും പുതിയ പിജി കോഴ്സ് സർക്കാർ മേഖലയിൽ അനുവദിക്കും എന്നാണ് പ്രതീക്ഷയെന്നും വിദ്യാർത്ഥികൾ പറയുന്നു.
മറുനാടന് ഡെസ്ക്